





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്." മൂന്നു തവണ നബി -ﷺ- അക്കാര്യം പറഞ്ഞു. (ശേഷം ഇബ്നു മസ്ഊദ് പറയുന്നു) നമ്മിൽ ഒരാളും അത് വന്നു പോകാത്തവരായില്ല; എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിലൂടെ അവൻ അതിനെ ഇല്ലാതെയാക്കുന്നതാണ്.
رواه أبو داود والترمذي وابن ماجه وأحمدശകുനം നോക്കുന്നതിൽ നിന്ന് നബി -ﷺ- ഈ ഹദീഥിലൂടെ നമ്മെ താക്കീത് ചെയ്യുന്നു. എന്തെങ്കിലും കാഴ്ചയോ ശബ്ദമോ ദുശ്ശകുനമാണെന്ന് വിശ്വസിക്കലാണത്. ചില പക്ഷികളെയോ മൃഗങ്ങളെയോ ശാരീരിക ശേഷിക്കുറവുള്ളവരെയോ കാണുന്നത്, അല്ലെങ്കിൽ നിശ്ചിത എണ്ണങ്ങളോ ദിവസങ്ങളോ ശകുനമുള്ളവയാണെന്ന് വിശ്വസിക്കുന്നത് എല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും. പക്ഷികളിലേക്ക് സൂചന നൽകുന്ന 'ത്വിയറ' എന്ന പദമാണ് ശകുനം നോക്കുന്നതിനെ വിവരിക്കാൻ നബി -ﷺ- പ്രയോഗിച്ചത്. അതിന് കാരണം ജാഹിലിയ്യഃ കാലഘട്ടത്തിലെ ബഹുദൈവാരാധകരുടെ വിശ്വാസമാണ്. അവർ ഒരു യാത്രക്കോ കച്ചവടത്തിനോ മറ്റോ തുനിഞ്ഞാൻ പക്ഷികളെ പറത്തുകയും, അവ വലത്തു ഭാഗത്തേക്ക് പറന്നാൽ അത് ശുഭ സൂചനയായി കണക്കാക്കുകയും ഉദ്ദേശിച്ച കാര്യത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുകയും, ഇടത്തുഭാഗത്തേക്കാണ് പറക്കുന്നത് എങ്കിൽ അത് ദുശ്ശകുനമായി കണക്കാക്കുകയും ഉദ്ദേശിക്കുന്ന കാര്യത്തിൽ നിന്ന് പിൻമാറുകയും ചെയ്യുമായിരുന്നു. ശകുനം നോക്കുക എന്നത് ബഹുദൈവാരാധനയിൽ പെട്ടതാണെന്ന് നബി -ﷺ- അറിയിച്ചു. കാരണം അല്ലാഹുവാണ് നന്മകൾ നൽകുന്നത് എന്നും, അവനാണ് തിന്മകളെ തടുക്കുന്നത് എന്നും, അതിൽ അവന് യാതൊരു പങ്കുകാരനുമില്ല എന്നുമുള്ള വിശ്വാസത്തിന് വിരുദ്ധമാണ് ശകുനം നോക്കൽ. ശേഷം ഇബ്നു മസ്ഊദ് പറയുന്നു: മുസ്ലിമായ ഏതൊരു മനുഷ്യൻ്റെ മനസ്സിലും ചിലപ്പോൾ എന്തെങ്കിലും ശകുനത്തിൻ്റെ ചിന്തകൾ വന്നെത്തിയേക്കാം. എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിച്ചു കൊണ്ടും, തൻ്റെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളും കാരണങ്ങളും സ്വീകരിച്ചു കൊണ്ടും അതിനെ പ്രതിരോധിക്കാനാണ് അവൻ ശ്രമിക്കേണ്ടത്.
അബ്ദുല്ലാഹി ബ്നു ശിഖീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ബനൂ ആമിറിൻ്റെ നിവേദക സംഘത്തോടൊപ്പം ഞാൻ നബി -ﷺ- യുടെ അരികിൽ ചെന്നു. ഞങ്ങൾ (അവിടുത്തോട്) പറഞ്ഞു: അങ്ങ് ഞങ്ങളുടെ 'സയ്യിദ്' (നേതാവ്) ആണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ 'സയ്യിദ്' (സർവ്വരുടെയും യജമാനൻ)." ഞങ്ങൾ പറഞ്ഞു: "ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, ഞങ്ങളിൽ ഏറ്റവും മഹത്തരമായ സ്ഥാനമുള്ളവരുമാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ ഈ വാക്കുകൾ -അല്ലെങ്കിൽ അവയിൽ ചിലത്- നിങ്ങൾ പറഞ്ഞോളൂ. എന്നാൽ പിശാച് നിങ്ങളെ (വഴികേടിലേക്ക്) നയിക്കാതിരിക്കട്ടെ."
رواه أبو داود وأحمدനബി -ﷺ- യുടെ അരികിൽ ഒരു കൂട്ടമാളുകൾ വന്നു. അവർ അവിടുത്തെ അരികിൽ വന്നെത്തിയപ്പോൾ അവിടുത്തെ പുകഴ്ത്തി കൊണ്ട് പറഞ്ഞ ചില വാക്കുകൾ നബി -ﷺ- ക്ക് ഇഷ്ടമായില്ല. അവർ പറഞ്ഞു: "താങ്കൾ ഞങ്ങളുടെ സയ്യിദാണ്." നേതാവ് എന്നാണ് സയ്യിദിൻ്റെ അർത്ഥം. അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: "അല്ലാഹുവാണ് യഥാർത്ഥ 'സയ്യിദ്." അതായത് അല്ലാഹുവിനാണ് എല്ലാ സൃഷ്ടികൾക്കും മേൽ സമ്പൂർണ്ണ അധികാരമുള്ളത്. സൃഷ്ടികളെല്ലാം അല്ലാഹുവിലേക്ക് ആവശ്യക്കാരായ അവൻ്റെ ദാസന്മാർ മാത്രമാണ്. അവർ വീണ്ടും പറഞ്ഞു: "താങ്കൾ ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും, ഏറ്റവും ഉന്നതമായ പദവിയും പ്രത്യേകതയും മഹത്വവുമുള്ളവരാണ്. ഞങ്ങളിൽ ഏറ്റവും ഔന്നത്യവും ഉദാരതയും ഉയർന്ന പദവിയും അങ്ങേക്ക് തന്നെയാണുള്ളത്." ഇത് കേട്ടപ്പോൾ നബി -ﷺ- അവരോട് അവിടുത്തെ കുറിച്ച് സാധാരണയായി പറയാറുള്ള വാക്കുകളിൽ ഒതുങ്ങി നിൽക്കാനും, വാക്കുകളിലെ കൃത്രിമത്വം ഒഴിവാക്കാനും നിർദേശിച്ചു. മതവിഷയത്തിൽ അതിരു കവിയുന്നതിലേക്കും അമിതമായ പുകഴ്ത്തലിലേക്കും, അതു വഴി ബഹുദൈവാരാധനയാകുന്ന ശിർക്കിലേക്കും അതിൻ്റെ മാർഗങ്ങളിലേക്കും പിശാച് നിങ്ങളെ എത്തിക്കാതിരിക്കട്ടെ എന്നും നബി -ﷺ- അവരെ ഓർമ്മപ്പെടുത്തി.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: അഖബഃ ദിവസത്തിൻ്റെ പ്രഭാതത്തിൽ നബി -ﷺ- തൻ്റെ ഒട്ടകപ്പുറത്തായിരിക്കെ പറഞ്ഞു: "എനിക്ക് വേണ്ടി ചരൽക്കല്ലുകൾ പെറുക്കിയെടുക്കൂ." അവിടുത്തേക്ക് വേണ്ടി ഞാൻ ഏഴു ചരൽക്കല്ലുകൾ പെറുക്കിയെടുത്തു. (തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് എറിയാൻ കഴിയുന്ന വിധത്തിലുള്ള ചെറിയ കല്ലുകളായിരുന്നു അവ). തൻ്റെ കൈയ്യിൽ അവ വിതറിക്കൊണ്ട് നബി -ﷺ- പറഞ്ഞു: "ഇതു പോലുള്ളത് കൊണ്ട് നിങ്ങൾ (ജംറയിൽ) എറിയുക." ശേഷം നബി -ﷺ- പറഞ്ഞു: "ജനങ്ങളേ! നിങ്ങൾ ദീനിൻ്റെ കാര്യത്തിൽ അതിരു കവിയുന്നതിനെ സൂക്ഷിക്കുക. നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത് ദീനിൻ്റെ കാര്യത്തിലുള്ള അതിരു കവിയൽ മാത്രമാണ്."
رواه ابن ماجه والنسائي وأحمدഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: ഹജ്ജത്തുൽ വദാഇൽ (നബി -ﷺ- യുടെ വിടവാങ്ങൽ ഹജ്ജ്) യൗമുന്നഹ്റിൽ (ദുൽഹിജ്ജ പത്തിന്), ജംറത്തുൽ അഖബഃയിൽ കല്ലെറിയേണ്ട പകലിൽ നബി -ﷺ- യോടൊപ്പമായിരുന്നു അദ്ദേഹം. അപ്പോൾ നബി -ﷺ- ഇബ്നു അബ്ബാസിനോട് തനിക്ക് എറിയാൻ വേണ്ടി കുറച്ച് കല്ലുകൾ എടുത്തു കൊണ്ടുവരാൻ പറഞ്ഞു. അദ്ദേഹം ഏഴ് ചരൽക്കല്ലുകൾ നബി -ﷺ- ക്ക് എടുത്തു കൊടുത്തു. അതിൽ ഓരോന്നും കടലമണികളുടെയോ ചെമ്പക്കായകളുടെയോ (hazelnut) വലുപ്പമുള്ളവയായിരുന്നു. അങ്ങനെ നബി -ﷺ- അവ തൻ്റെ കൈകൾ വെച്ചു കൊണ്ട് ഇളക്കി നോക്കിയ ശേഷം പറഞ്ഞു: ഇതു പോലുള്ള കല്ലുകൾ കൊണ്ട് (നിങ്ങൾ ജംറയിൽ) എറിയുക. ശേഷം നബി -ﷺ- മതകാര്യങ്ങളിൽ അതിരു കവിയുകയും കഠിനത കൊണ്ടുവരികയും നിശ്ചയിക്കപ്പെട്ട പരിധി ലംഘിക്കുകയും ചെയ്യുന്നതിൽ നിന്ന് അവരെ താക്കീത് ചെയ്തു. മുൻകാല സമൂഹങ്ങളെ നശിപ്പിച്ചത് മതത്തിൽ നിശ്ചയിക്കപ്പെട്ട അതിരുകൾ ലംഘിക്കുക എന്നതും, അതിരുകവിയുക എന്നതും, ദീനിൻ്റെ കാര്യത്തിൽ കാഠിന്യം കാണിക്കുക എന്നതുമായിരുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "രോഗപ്പകർച്ചയോ, ശകുനമോ, മൂങ്ങയോ സ്വഫറോ ഇല്ല. സിംഹത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നത് പോലെ കുഷ്ഠരോഗിയിൽ നിന്ന് നീ ഓടിരക്ഷപ്പെടുകയും ചെയ്യുക."
متفق عليهജാഹിലിയ്യഃ കാലഘട്ടത്തിൽ നിലനിന്നിരുന്ന ചില അന്ധവിശ്വാസങ്ങളിൽ നിന്ന് താക്കീത് ചെയ്യുകയാണ് നബി -ﷺ- ഈ ഹദീഥിലൂടെ. കാര്യങ്ങളെല്ലാം അല്ലാഹുവിൻ്റെ നിയന്ത്രണത്തിലാണെന്നും, അവൻ്റെ കൽപ്പനയോടെയും വിധിയോടെയുമല്ലാതെ യാതൊന്നും സംഭവിക്കില്ലെന്നുമുള്ള വിവരണവും അതിനൊപ്പമുണ്ട്. അവിടുന്ന് താക്കീത് നൽകിയ കാര്യങ്ങൾ ഇവയാണ്: 1- രോഗം സ്വയം തന്നെ പകരുമെന്ന വിശ്വാസം ജാഹിലിയ്യത്തിലെ ജനങ്ങൾക്ക് ഉണ്ടായിരുന്നു. രോഗം സ്വയം തന്നെ ഒരു രോഗിയിൽ നിന്ന് മറ്റൊരു രോഗിയിലേക്ക് നീങ്ങുക എന്നത് ഉണ്ടാകില്ലെന്നും, അല്ലാഹുവാണ് പ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും നിയന്ത്രിക്കുന്നതെന്നും, അവനാണ് രോഗം ഇറക്കുന്നതും അതിനെ ഉയർത്തുന്നതെന്നും, അല്ലാഹുവിൻ്റെ ഉദ്ദേശ്യവും തീരുമാനവുമില്ലാതെ അത് സംഭവിക്കില്ലെന്നുമാണ് അവിടുന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം. 2- ജാഹിലിയ്യഃ കാലഘട്ടത്തിലുള്ളവർ വല്ല യാത്രക്കോ കച്ചവടത്തിനോ വേണ്ടി പുറപ്പെട്ടാൽ ഒരു പക്ഷിയെ പറത്തുകയും, അത് വലതു ഭാഗത്തേക്ക് പറന്നാൽ അതിൽ സന്തോഷിക്കുകയും, അത് ഇടതു ഭാഗത്തേക്ക് പറന്നാൽ അതൊരു ശകുനമായി കണ്ട് യാത്ര അവസാനിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇപ്രകാരം പക്ഷിയെ കൊണ്ട് ശകുനം നോക്കുന്ന രീതി നബി -ﷺ- വിലക്കുകയും, അതൊരു അന്ധവിശ്വാസം മാത്രമാണെന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നു. 3- ഏതെങ്കിലും വീടിൻ്റെ മുകളിൽ മൂങ്ങ (കൂമൻ) വന്നിരുന്നാൽ ആ വീട്ടുകാർക്ക് എന്തെങ്കിലും വിപത്ത് ബാധിക്കും എന്ന വിശ്വാസം ജാഹിലിയ്യത്തിലുള്ളവർ വെച്ചു പുലർത്തിയിരുന്നു. ഈ ശകുനത്തിലുള്ള വിശ്വാസവും നബി -ﷺ- വിലക്കുന്നു. 4- സ്വഫർ മാസം ശകുനമുള്ള മാസമായി ജാഹിലിയ്യത്തിലുള്ളവർ കണ്ടിരുന്നു. ചന്ദ്രവർഷത്തിൽ രണ്ടാമത്തെ മാസമായി പരിഗണിക്കുന്ന മാസമാണത്. കന്നുകാലികളുടെയും മനുഷ്യരുടെയും വയറ്റിൽ പ്രവേശിക്കുന്ന ഒരുതരം സർപ്പമുണ്ട് എന്നും, വരട്ടുചൊറിയേക്കാൾ വേഗത്തിൽ പകരുന്ന ഒരു രോഗമാണ് അത് എന്നും ജാഹിലിയ്യത്തിലുള്ളവർ വിശ്വസിച്ചിരുന്നു എന്നും, ആ വിശ്വാസമാണ് സ്വഫർ എന്നത് കൊണ്ട് ഉദ്ദേശ്യം എന്നും, അതിനെയാണ് നബി -ﷺ- ഇവിടെ വിലക്കിയത് എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 5- സിംഹത്തിൽ നിന്ന് അകലം പാലിക്കുന്നത് പോലെ, കുഷ്ഠ രോഗത്തിൽ നിന്ന് അകലം പാലിക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. ശരീരത്തിലെ അവയവങ്ങൾ നുരുമ്പിപ്പോകുന്ന രോഗമാണ് കുഷ്ഠം. രോഗത്തിൽ നിന്നുള്ള പ്രതിരോധം എന്ന നിലക്കും, പ്രയാസങ്ങളിൽ നിന്ന് രക്ഷ തേടുക എന്ന ഉദ്ദേശ്യത്തിലും, അല്ലാഹു പ്രാവർത്തികമാക്കാൻ കൽപ്പിച്ച ഭൗതിക കാരണങ്ങൾ സ്വീകരിക്കുക എന്ന അർത്ഥത്തിലുമാണ് ഈ കൽപ്പന.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "രോഗപ്പകർച്ചയോ, ശകുനം നോക്കലോ ഇല്ല, എന്നാൽ 'ഫഅ്ല്' ഞാൻ ഇഷ്ടപ്പെടുന്നു." അവർ ചോദിച്ചു: എന്താണ് 'ഫഅ്ല്'? നബി -ﷺ- പറഞ്ഞു: "ശുഭവാക്കുകൾ."
متفق عليهജാഹിലിയ്യാ കാലഘട്ടത്തിലുള്ളവർ വിശ്വസിച്ചിരുന്ന തരത്തിലുള്ള രോഗപകർച്ചയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൻ്റെ വിധിയോ തീരുമാനമോ ഇല്ലാതെ രോഗം സ്വയം തന്നെ മറ്റുള്ളവരിലേക്ക് പകരുമെന്ന് അവർക്കുണ്ടായിരുന്ന വിശ്വാസം നിരർത്ഥകമാണെന്ന് നബി -ﷺ- അറിയിക്കുന്നു. ശകുനം നോക്കൽ നിരർത്ഥകമായ കാര്യമാണ്. എന്തെങ്കിലും പ്രത്യേക ശബ്ദം കേൾക്കുകയോ കാഴ്ച്ച കാണുകയോ ചെയ്താൽ അത് മോശം സൂചനയാണ് എന്ന വിശ്വാസമാണ് ശകുനം നോക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷികൾ, മൃഗങ്ങൾ, വികലാംഗർ, പ്രത്യേക എണ്ണങ്ങളും ദിവസങ്ങളും മറ്റുമെല്ലാം ആളുകൾ ശകുനമായി കാണാറുണ്ട്. പക്ഷികളെ നോക്കുക എന്ന് സൂചിപ്പിക്കുന്ന 'ത്വയ്റഃ' എന്ന പദമാണ് ശകുനം നോക്കുന്നതിനെ വിവരിക്കാൻ നബി -ﷺ- പ്രയോഗിച്ചത്. കാരണം ജാഹിലിയ്യഃ കാലഘട്ടത്തിൽ പ്രസിദ്ധമായിരുന്ന ശകുനം നോക്കുന്ന രീതി അതായിരുന്നു. അവർ ഒരു യാത്രക്കോ കച്ചവടത്തിനോ മറ്റോ ഉദ്ദേശിച്ചാൽ പക്ഷികളെ പറത്തുകയും, അവ വലത്തു ഭാഗത്തേക്ക് പറന്നാൽ അത് ശുഭ സൂചനയായി കണക്കാക്കുകയും ഉദ്ദേശിച്ച കാര്യത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും, ഇടത്തുഭാഗത്തേക്കാണ് പറക്കുന്നത് എങ്കിൽ ദുശ്ശകുനമായി കണക്കാക്കുകയും ആ കാര്യത്തിൽ നിന്ന് പിന്മാറുകയും ചെയ്യുമായിരുന്നു. ശേഷം 'ശുഭവാക്കുകൾ' തനിക്ക് ഇഷ്ടമാണെന്ന് നബി -ﷺ- അറിയിക്കുന്നു. നല്ല വാക്ക് കേൾക്കുമ്പോൾ മനസ്സിൽ സന്തോഷവും ആഹ്ളാദവും ഉണ്ടാകുന്നതിനാണ് 'ശുഭവാക്കുകൾ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിനെ കുറിച്ച് നല്ലവിചാരമുണ്ടാക്കാൻ ഇത്തരം വാക്കുകൾ കാരണമാകുന്നതാണ്.
ബറാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- അൻസ്വാരികളെ കുറിച്ച് പറഞ്ഞു: "ഒരു മുഅ്മിനല്ലാതെ (വിശ്വാസിയല്ലാതെ) അവരെ സ്നേഹിക്കുകയില്ല. ഒരു കപടവിശ്വാസിയല്ലാതെ അവരെ വെറുക്കുകയുമില്ല. ആരെങ്കിലും അൻസ്വാരികളെ സ്നേഹിച്ചാൽ അല്ലാഹു അവനെ സ്നേഹിക്കുന്നതാണ്. ആരെങ്കിലും അവരെ വെറുത്താൽ അല്ലാഹു അവരെ വെറുക്കുന്നതാണ്."
متفق عليهമദീനക്കാരായ അൻസ്വാരികളെ സ്നേഹിക്കുക എന്നത് ഈമാനിൻ്റെ പൂർണ്ണതയുടെ അടയാളമാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഇസ്ലാമിനെയും നബി -ﷺ- യെയും സഹായിക്കാൻ ആദ്യമായി മുന്നോട്ടു വന്നവരാണവർ. മുസ്ലിംകൾക്ക് അഭയം നൽകാൻ അവർ ഏറെ പരിശ്രമിക്കുകയും, തങ്ങളുടെ സമ്പത്തും ശരീരവും അല്ലാഹുവിൻ്റെ മാർഗത്തിൽ വിനിയോഗിക്കുകയും ചെയ്തു. അവരെ വെറുക്കുക എന്നത് കപടവിശ്വാസത്തിൻ്റെ ലക്ഷണമാണെന്നും നബി -ﷺ- അറിയിച്ചു. അൻസ്വാരികളെ സ്നേഹിച്ചവരെ അല്ലാഹു സ്നേഹിക്കുന്നതാണെന്നും, അവരോട് വെറുപ്പു വെക്കുന്നവരെ അല്ലാഹു വെറുക്കുന്നതാണെന്നും അതോടൊപ്പം നബി -ﷺ- അറിയിച്ചു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നിങ്ങൾ (ശരിയോട്) അടുത്തെത്തുകയും, നേരെ നിലകൊള്ളുകയും ചെയ്യുക. അറിയുക! നിങ്ങളിലൊരാളും തൻ്റെ പ്രവർത്തനം കൊണ്ട് രക്ഷപ്പെടുകയില്ല." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കളും രക്ഷപ്പെടുകയില്ല?!" നബി -ﷺ- പറഞ്ഞു: "ഞാനും രക്ഷപ്പെടില്ല. അല്ലാഹു അവൻ്റെ കാരുണ്യവും ഔദാര്യവും കൊണ്ട് എന്നെ മൂടിയാലല്ലാതെ."
متفق عليهസ്വഹാബികളോട് നന്മകൾ പ്രവർത്തിക്കാനും, സാധ്യമാകുന്നിടത്തോളം അല്ലാഹുവിനെ സൂക്ഷിക്കാനും, അതിൽ അതിരുകവിച്ചിലോ അലസതയോ ബാധിക്കാതിരിക്കാനും, തങ്ങളുടെ പ്രവർത്തനത്തിൽ അല്ലാഹുവിനുള്ള നിഷ്കളങ്കമായ ഉദ്ദേശ്യവും (ഇഖ്ലാസ്) നബി -ﷺ- യുടെ സുന്നത്ത് പിൻപറ്റുക എന്നതും ലക്ഷ്യം വെക്കുവാനും നബി -ﷺ- പ്രോത്സാഹനം നൽകുന്നു. എങ്കിലേ അവരുടെ പ്രവർത്തനങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുകയും, അവർക്ക് മേൽ അല്ലാഹുവിൻ്റെ കാരുണ്യം വർഷിക്കപ്പെടുകയുമുള്ളൂ. ഒരാളുടെയും പ്രവർത്തനങ്ങൾ അയാളെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുകയില്ല എന്നും, മറിച്ച് അതിന് ഏതൊരു വ്യക്തിക്കും അല്ലാഹുവിൽ നിന്നുള്ള കാരുണ്യത്തിൻ്റെ ആവശ്യമുണ്ട് എന്നും നബി -ﷺ- അവരെ അറിയിച്ചു. സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ കാര്യവും അപ്രകാരം തന്നെയാണോ?! ഉന്നതമായ സ്ഥാനമുള്ളവരായിട്ടും അങ്ങയുടെ പ്രവർത്തനങ്ങൾ അങ്ങയെ രക്ഷപ്പെടുത്തുകയില്ലേ?! അപ്പോൾ നബി -ﷺ- പറഞ്ഞു: "എൻ്റെ കാര്യം പോലും അങ്ങനെയാണ്. അല്ലാഹു അവൻ്റെ ഔദാര്യവും കാരുണ്യവും കൊണ്ട് എന്നെ മറച്ചു പിടിച്ചാലല്ലാതെ."
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എനിക്ക് മുൻപ് ഏതൊരു സമൂഹത്തിലേക്ക് അല്ലാഹു നിയോഗിച്ചിട്ടുള്ള നബിയുമാകട്ടെ, അവരുടെയെല്ലാം ജനതയിൽ ആ നബിമാരുടെ മാതൃക പിൻപറ്റുകയും കൽപ്പനകൾ പാലിക്കുകയും ചെയ്യുന്ന ഹവാരിയ്യുകളും (സഹായികളും) സ്വഹാബികളും (അനുചരന്മാരും) അവർക്കെല്ലാം ഉണ്ടായിട്ടുണ്ട്. പിന്നീട് അവർക്ക് ശേഷം ചില പിൻഗാമികൾ വന്നെത്തും. അവർ പ്രവർത്തിക്കാത്തത് പറയുകയും, കൽപ്പിക്കപ്പെടാത്തത് പ്രവർത്തിക്കുകയും ചെയ്യും. ആരെങ്കിലും തൻ്റെ കൈകൾ കൊണ്ട് അവരോട് പോരാടിയാൽ അവൻ മുഅ്മിനാണ് (യഥാർത്ഥ വിശ്വാസി). ആരെങ്കിലും തൻ്റെ നാവ് കൊണ്ട് അവരോട് പോരാടിയാൽ അവൻ മുഅ്മിനാണ്. ആരെങ്കിലും തൻ്റെ ഹൃദയം കൊണ്ട് അവരോട് പോരാടിയാൽ അവൻ മുഅ്മിനാണ്. അതിന് താഴെ ഒരു കടുകുമണിയോളം പോലും ഈമാൻ ബാക്കിയില്ല."
رواه مسلمതനിക്ക് മുൻപ് നിയോഗിക്കപ്പെട്ട ഏതൊരു നബിക്കും അദ്ദേഹത്തിൻ്റെ ജനതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചില സഹായികളും നിഷ്കളങ്കരായ പോരാളികളും നൽകപ്പെട്ടിട്ടുണ്ട് എന്നും, അവർ ആ നബിമാരുടെ കാലശേഷം അവരുടെ മാർഗത്തിൽ പിൻതലമുറയായി ചരിച്ചിട്ടുണ്ടെന്നും, തങ്ങളുടെ നബിയുടെ മാതൃക സ്വീകരിച്ചു കൊണ്ടും അദ്ദേഹത്തിൻ്റെ കൽപ്പനകൾ നിറവേറ്റിക്കൊണ്ടും അവർ ജീവിച്ചിട്ടുണ്ടെന്നും നബി -ﷺ- അറിയിക്കുന്നു. എന്നാൽ സച്ചരിതരായ ഈ തലമുറക്ക് ശേഷം ഒരു നന്മയുമില്ലാത്ത ചിലർ ഉടലെടുക്കുകയും, തങ്ങൾ പ്രവർത്തിക്കാത്തത് അവർ പറയുകയും, കൽപ്പിക്കപ്പെടാത്തത് അവർ പ്രവർത്തിക്കുകയും ചെയ്യും. അവരോട് ആരെങ്കിലും കൈ കൊണ്ട് പോരാടിയാൽ അവൻ യഥാർത്ഥ മുഅ്മിനാണ് . അവരോട് തൻ്റെ നാവ് കൊണ്ട് പോരാടുന്നവനും മുഅ്മിനാണ്. തൻ്റെ ഹൃദയം കൊണ്ട് അവരോട് പടപൊരുതുന്നവനും മുഅ്മിനാണ്. അതിനും താഴെ ഈമാനിൻ്റെ ഒരു കടുക് മണിത്തൂക്കം പോലും ഇനിയില്ലെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.
ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എനിക്ക് അഞ്ചു കാര്യങ്ങൾ നൽകപ്പെട്ടിരിക്കുന്നു. എനിക്ക് മുൻപുള്ള നബിമാരിൽ ഒരാൾക്കും അത് നൽകപ്പെട്ടിട്ടില്ല. ഒരു മാസം വഴിദൂരത്തേക്ക് (ശത്രുക്കളുടെ മനസ്സിൽ) ഭീതി നിറച്ചു കൊണ്ട് എനിക്ക് സഹായം നൽകപ്പെട്ടിരിക്കുന്നു. ഭൂമിയെ എനിക്ക് നിസ്കാരസ്ഥലവും ശുദ്ധീകരണത്തിനുള്ള മാർഗവുമായി നിശ്ചയിച്ചിരിക്കുന്നു. എൻ്റെ ഉമ്മത്തിൽ പെട്ട ഏതൊരു വ്യക്തിക്കും നിസ്കാര സമയമെത്തിയാൽ അവൻ നിസ്കരിക്കട്ടെ. എനിക്ക് യുദ്ധാർജ്ജിത സ്വത്തുകൾ അനുവദിക്കപ്പെട്ടിരിക്കുന്നു; എനിക്ക് മുൻപുള്ള ഒരാൾക്കും അത് അനുവദിക്കപ്പെട്ടിട്ടില്ല. എനിക്ക് ശഫാഅത് നൽകപ്പെട്ടിരിക്കുന്നു. (എനിക്ക് മുൻപ്) നബിമാർ അവരുടെ ജനതയിലേക്ക് മാത്രമായാണ് നിയോഗിക്കപ്പെട്ടിരുന്നത്. ഞാൻ സർവ്വ ജനങ്ങളിലേക്കുമായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്."
متفق عليهതനിക്ക് മുൻപുള്ള നബിമാർക്കൊന്നും നൽകപ്പെട്ടിട്ടില്ലാത്ത അഞ്ച് പ്രത്യേക കാര്യങ്ങൾ അല്ലാഹു തനിക്ക് നൽകിയിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. ഒന്ന്: എൻ്റെ ശത്രുക്കൾക്കും എനിക്കുമിടയിൽ ഒരു മാസത്തെ വഴിദൂരമുണ്ടെങ്കിലും, അവരുടെ മനസ്സിൽ എന്നെ കുറിച്ചുള്ള ഭയം ഇട്ടുനൽകിക്കൊണ്ട് ഞാൻ സഹായിക്കപ്പെട്ടിരിക്കുന്നു. രണ്ട്: ഭൂമി മുഴുവൻ നമുക്ക് മസ്ജിദായി -നിസ്കരിക്കാൻ അനുയോജ്യമായ സ്ഥലമായി- നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ എവിടെയാണെങ്കിലും നമുക്ക് നിസ്കരിക്കുന്നതിന് തടസ്സമില്ല. അതോടൊപ്പം വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സമയങ്ങളിൽ ശുദ്ധി വരുത്താൻ കഴിവുള്ള വസ്തുവായി ഭൂമിയെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. മൂന്ന്: യുദ്ധാർജ്ജിത സ്വത്തുകൾ (ഗനീമഃ) നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. കുഫ്ഫാറുകളോടുള്ള യുദ്ധത്തിലൂടെ പിടിച്ചെടുക്കുന്ന സമ്പത്താണ് ഗനീമഃ എന്നത് കൊണ്ട് ഉദ്ദേശ്യം. നാല്: എനിക്ക് ഏറ്റവും വലിയ ശുപാർശ (ശഫാഅഃ ഉദ്മാ) നൽകപ്പെട്ടിരിക്കുന്നു. ഖിയാമത്ത് നാളിലെ ഭീതിതമായ നിൽപ്പിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകപ്പെടുക ഈ ശഫാഅത്ത് മുഖേനയായിരിക്കും. അഞ്ച്: സർവ്വ സൃഷ്ടികളിലേക്കുമായി കൊണ്ടാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്; ജിന്നുകളിലേക്കും മനുഷ്യരിലേക്കുമായി. മുൻപുള്ള നബിമാർ അവരവരുടെ ജനതകളിലേക്ക് മാത്രമായിട്ടായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്.