





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി -ﷺ- യോട് അന്ത്യനാളിനെ കുറിച്ച് ചോദിക്കുകയുണ്ടായി. അദ്ദേഹം ചോദിച്ചു: "എപ്പോഴാണ് അന്ത്യനാൾ?" നബി -ﷺ- പറഞ്ഞു: "നീ അതിനായി എന്താണ് ഒരുക്കി വെച്ചിട്ടുള്ളത്?" അദ്ദേഹം പറഞ്ഞു: "യാതൊന്നുമില്ല; അല്ലാഹുവിനെയും അവൻ്റെ ദൂതനെയും -ﷺ- ഞാൻ സ്നേഹിക്കുന്നുണ്ട് എന്നതല്ലാതെ." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും നീ ഉണ്ടായിരിക്കുക." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "നീ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും നീ ഉണ്ടായിരിക്കുക എന്ന നബി -ﷺ- യുടെ വാക്കിനാൽ ഞങ്ങൾ സന്തോഷിച്ചത്ര മറ്റൊരു കാര്യത്തിനും ഞങ്ങൾ സന്തോഷിച്ചിട്ടില്ല." അനസ് -رَضِيَ اللَّهُ عَنْهُ- തുടരുന്നു: "ഞാൻ നബി -ﷺ- യെയും അബൂബക്റിനെയും ഉമറിനെയും സ്നേഹിക്കുന്നുണ്ട്. അവരോടുള്ള എൻ്റെ സ്നേഹം കാരണത്താൽ ഞാനും അവരോടൊപ്പമുണ്ടായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു; അവരുടേത് പോലുള്ള പ്രവർത്തനം ഞാൻ ചെയ്തിട്ടില്ലെങ്കിലും."
متفق عليهഗ്രാമീണ അറബികളിൽ പെട്ട, അഅ്റാബിയായ ഒരാൾ നബി -ﷺ- യോട് അന്ത്യനാൾ സംഭവിക്കുന്നത് എപ്പോഴായിരിക്കുമെന്ന് ചോദിച്ചു. നബി -ﷺ- അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: "അന്ത്യനാളിനായി എന്തെല്ലാം സൽകർമ്മങ്ങളാണ് നീ ഒരുക്കി വെച്ചിട്ടുള്ളത്?" ചോദ്യകർത്താവ് പറഞ്ഞു: "ഞാൻ അന്നേക്കായി വലിയ പ്രവർത്തനങ്ങളൊന്നും കരുതി വെച്ചിട്ടില്ല; അല്ലാഹുവിനെയും അവൻ്റെ ദൂതനെയും ഞാൻ സ്നേഹിക്കുന്നുണ്ട് എന്നതല്ലാതെ." ശരീരം കൊണ്ട് ചെയ്യുന്നതോ, ഹൃദയം കൊണ്ട് ചെയ്യുന്നതോ സമ്പത്ത് കൊണ്ടുള്ളതോ ആയ മറ്റൊരു പ്രവർത്തനവും അദ്ദേഹം പറയാതിരുന്നത് അവയെല്ലാം സ്നേഹത്തിൻ്റെ ബാക്കിപത്രങ്ങളായത് കൊണ്ടാണ്. കാരണം അല്ലാഹുവിനോടും റസൂലിനോടുമുള്ള യഥാർത്ഥ സ്നേഹം സൽകർമ്മങ്ങളിൽ കൂടുതൽ പരിശ്രമിക്കാൻ പ്രേരിപ്പിക്കുന്നതാണ്. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: സ്വർഗത്തിൽ നീ സ്നേഹിക്കുന്നവരോടൊപ്പമാണ് നീ ഉണ്ടായിരിക്കുക. നബി -ﷺ- യുടെ സ്വഹാബിമാർ ഈ സന്തോഷവാർത്ത കേട്ട് അതിയായി ആഹ്ളാദിക്കുകയുണ്ടായി. താൻ നബി -ﷺ- യെയും അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വിനെയും ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിനെയും സ്നേഹിക്കുണ്ടെന്നും, അവരെ പോലെ താൻ പ്രവർത്തിച്ചിട്ടില്ലെങ്കിലും അവരോടൊപ്പം താൻ ഉണ്ടായിരിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും പിന്നീട് അനസ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: ഒരു നബിയും തൻ്റെ ജനതക്ക് അറിയിച്ചു നൽകിയിട്ടില്ലാത്ത, ദജ്ജാലിനെ കുറിച്ചുള്ള ഒരു വാർത്ത ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? അവൻ ഒറ്റക്കണ്ണനാകുന്നു (എന്നതാണത്); തന്നോടൊപ്പം സ്വർഗവും നരകവും പോലുള്ളതുമായാണ് അവൻ വന്നെത്തുക. അവൻ സ്വർഗമെന്ന് പറയുന്നത് യഥാർത്ഥത്തിൽ നരകമാകുന്നു. നൂഹ് -عَلَيْهِ السَّلَامُ- തൻ്റെ ജനതയെ താക്കീത് ചെയ്തതു പോലെ, അവനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് താക്കീത് നൽകുന്നു."
متفق عليهനബി -ﷺ- ക്ക് മുൻപ് ഒരു നബിയും തൻ്റെ ജനതക്ക് അറിയിച്ചു നൽകിയിട്ടില്ലാത്ത ദജ്ജാലിനെ കുറിച്ചുള്ള ഒരു അടയാളവും വിശേഷണവുമാണ് ഈ ഹദീഥിൽ നബി -ﷺ- സ്വഹാബികളെ അറിയിക്കുന്നത്. അതിൽ പെട്ടതാണ്: ദജ്ജാൽ ഒറ്റക്കണ്ണനാണ് എന്നതും, അവനോടൊപ്പം -കണ്ണു കൊണ്ട് നോക്കിയാൽ സ്വർഗവും നരകവും പോലെ തോന്നിക്കുന്ന ഒന്ന്- അല്ലാഹു അവന് നൽകുന്നതാണെന്നതും. എന്നാൽ ദജ്ജാലിനോടൊപ്പമുള്ള സ്വർഗം യഥാർത്ഥത്തിൽ നരകവും, അവനോടൊപ്പമുള്ള നരകം യഥാർത്ഥത്തിൽ സ്വർഗവുമായിരിക്കും. ആരെങ്കിലും അവനെ അനുസരിച്ചാൽ, ജനങ്ങൾക്ക് സ്വർഗമാണ് എന്ന് തോന്നിക്കപ്പെടുന്ന സ്ഥലത്തേക്ക് അവൻ അവരെ നയിക്കും; എന്നാൽ അത് യഥാർത്ഥത്തിൽ കരിച്ചു കളയുന്ന നരകമായിരിക്കും. ആരെങ്കിലും അവനെ ധിക്കരിച്ചാലാകട്ടെ, അവരെ അവൻ ജനങ്ങൾക്ക് നരകമാണെന്ന് തോന്നിക്കുന്ന സ്ഥലത്തേക്ക് പ്രവേശിപ്പിക്കും; എന്നാൽ അത് യഥാർത്ഥത്തിൽ മനോഹരമായ സ്വർഗവുമായിരിക്കും. ശേഷം നൂഹ് നബി -عَلَيْهِ السَّلَامُ- തൻ്റെ ജനതയെ ദജ്ജാലിൽ നിന്ന് താക്കീത് ചെയ്തതു പോലെ, നബി -ﷺ- നമുക്ക് അവനിൽ നിന്ന് താക്കീത് നൽകുകയും ചെയ്തു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ ഉറ്റമിത്രത്തിൻ്റെ മതത്തിലായിരിക്കും. അതിനാൽ ഓരോരുത്തരും താൻ ഉറ്റസുഹൃത്തായി സ്വീകരിക്കുന്നത് ആരെയാണെന്ന് നോക്കട്ടെ."
رواه أبو داود والترمذي وأحمدഓരോ മനുഷ്യനും തൻ്റെ ഉറ്റസുഹൃത്തിൻ്റെയും ആത്മമിത്രത്തിൻ്റെയും മാർഗത്തിലും ചര്യയിലുമായിരിക്കുമുണ്ടാവുക എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം സൗഹൃദം ഒരാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഇടപാടുകളിലുമെല്ലാം വലിയ സ്വാധീനം ചെലുത്തും. അതിനാൽ കൂട്ടുകാരനെ നല്ലരൂപത്തിൽ തിരഞ്ഞെടുക്കാൻ നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. നല്ല കൂട്ടുകാരൻ അവനെ ഈമാനിലേക്കും സന്മാർഗത്തിലേക്കും നന്മകളിലേക്കും നയിക്കുകയും, അവനൊരു സഹായിയായി നിലകൊള്ളുകയും ചെയ്യും.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: ഇരുട്ടു നിറഞ്ഞ രാത്രിയുടെ കഷണങ്ങൾ പോലെ കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് സൽപ്രവർത്തനങ്ങൾക്ക് നിങ്ങൾ ധൃതി കൂട്ടുക. (അന്നേ ദിവസം) മുഅ്മിനായി നേരം പുലർന്നവൻ കാഫിറായി വൈകുന്നേരത്തിൽ പ്രവേശിക്കും. മുഅ്മിനായി വൈകുന്നേരത്തിലേക്ക് പ്രവേശിച്ചവൻ കാഫിറായി നേരം പുലരും. ദുനിയാവിൻ്റെ തുഛമായ വിഭവങ്ങൾക്ക് വേണ്ടി അവൻ തൻ്റെ ദീനിനെ വിറ്റുകളയും.
رواه مسلمഫിത്നകളും ആശയക്കുഴപ്പങ്ങളും നിറഞ്ഞു നിൽക്കുന്ന ദിവസങ്ങൾ വന്നെത്തുകയും അങ്ങനെ നന്മകൾ പ്രവർത്തിക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്ന ഒരു കാലം എത്തുന്നതിന് മുൻപ് സൽകർമങ്ങൾ അധികരിപ്പിക്കാനും അതിലേക്ക് ധൃതികൂട്ടാനും നബി -ﷺ- പ്രോത്സാഹനം നൽകുന്നു. ഫിത്നകൾ നിറഞ്ഞ ആ ദിനങ്ങൾ രാത്രിയുടെ കഷ്ണങ്ങൾ പോലെയുണ്ടായിരിക്കും; അന്നേ ദിവസം സത്യം അസത്യവുമായി കൂടിക്കലർന്നു കൊണ്ടായിരിക്കും ഉണ്ടാവുക. ജനങ്ങൾക്ക് സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കുന്നത് അന്ന് പ്രയാസകരമായിരിക്കും. അതിൻ്റെ കാഠിന്യത്താൽ ജനങ്ങൾ തങ്ങളുടെ വിശ്വാസത്തിൻ്റെ കാര്യത്തിൽ ആടിയുലഞ്ഞു കൊണ്ടിരിക്കും. ഒരാൾ രാവിലെ വിശ്വാസിയായി നേരംപുലരുകയും വൈകുന്നേരമെത്തുമ്പോൾ നിഷേധിയായി മാറുകയും, വൈകുന്നേരം വിശ്വാസിയായിരിക്കുകയും നേരംപുലരുമ്പോഴേക്ക് നിഷേധിയായി മാറുകയും ചെയ്യുന്ന വിധത്തിൽ ആ കുഴപ്പങ്ങൾ കഠിനമായിരിക്കും. നശ്വരമായ ഐഹികവിഭവങ്ങൾക്ക് വേണ്ടി മനുഷ്യർ തങ്ങളുടെ ദീൻ ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടാകും.
സൈനബ് ബിൻത് ജഹ്ശ് -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ഒരിക്കൽ അവരുടെ അരികിൽ ഭയവിഹ്വലനായി കൊണ്ട് കയറിവന്നു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല! സമീപസ്ഥമായിരിക്കുന്ന കുഴപ്പത്തിൽ നിന്ന് അറബികൾക്ക് നാശം. ഇന്നേ ദിവസം യഅ്ജൂജ് മഅ്ജൂജിൻ്റെ മതിലിൽ നിന്ന് ഇത്രത്തോളം വലുപ്പത്തിൽ വിടവുണ്ടായിരിക്കുന്നു." -ശേഷം അവിടുന്ന് തൻ്റെ ചൂണ്ടുവിരലും തള്ളവിരലും കൊണ്ട് ഒരു വളയമുണ്ടാക്കി കാണിച്ചു-. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിൽ സൽകർമ്മികൾ ഉണ്ടായിരിക്കെ ഞങ്ങൾ നശിക്കുന്നതാണോ?!" അവിടുന്ന് പറഞ്ഞു: "അതെ! മ്ലേഛത അധികരിച്ചു കഴിഞ്ഞാൽ."
متفق عليهനബി -ﷺ- സൈനബ് ബിൻത് ജഹ്ശ് -رَضِيَ اللَّهُ عَنْهَا- യുടെ അരികിലേക്ക് ഒരിക്കൽ ഭയവിഹ്വലനായി കൊണ്ട് കയറിവന്നു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: "ലാ ഇലാഹ ഇല്ലല്ലാഹ്." പ്രയാസകരമായ എന്തോ ഒരു കാര്യം സംഭവിക്കാനിരിക്കുന്നു എന്ന അറിയിപ്പും, അല്ലാഹുവിലേക്ക് അഭയം തേടാതെ അതിൽ നിന്ന് രക്ഷയില്ല എന്ന ഓർമ്മപ്പെടുത്തലുമാണ് അവിടുന്ന് ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. (ശേഷം അവിടുന്ന് പറഞ്ഞു): സമീപഭാവിയിൽ തന്നെ സംഭവിക്കാനിരിക്കുന്ന ഒരു വിപത്തിൽ നിന്ന് അറബികൾക്ക് നാശം. ഇന്നേ ദിവസം യഅ്ജൂജ് മഅ്ജൂജിൻ്റെ മതിലിൽ നിന്ന് ഇത്രയോളം തുറക്കപ്പെട്ടിരിക്കുന്നു. -തൻ്റെ തള്ളവിരലും അതിന് തൊട്ടടുത്തുള്ള വിരലും കൊണ്ട് അവിടുന്ന് ഒരു വൃത്തമുണ്ടാക്കി കൊണ്ട് അതിൻ്റെ വലുപ്പം സൂചിപ്പിച്ചു-. യഅ്ജൂജ് മഅ്ജൂജ് എന്ന അതിക്രമികളായ വിഭാഗത്തെ തടുത്തു നിർത്തുന്നതിനായി ദുൽ ഖർനൈൻ പടുത്തുയർത്തിയ മതിലാണ് അവിടുന്ന് ഉദ്ദേശിച്ചത്. അപ്പോൾ സൈനബ് -رَضِيَ اللَّهُ عَنْهَا- ചോദിച്ചു: "നമ്മുടെ കൂട്ടത്തിൽ സൽകർമ്മികളും വിശ്വാസികളുമായവർ ഉണ്ടായിരിക്കെ എങ്ങനെയാണ് അല്ലാഹു നമുക്ക് മേൽ നാശം വ്യാപിപ്പിക്കുക?!" നബി -ﷺ- പറഞ്ഞു: "വൃത്തികേടുകളും തിന്മകളും അശ്ലീലവൃത്തികളും വ്യഭിചാരവും മദ്യവും മറ്റുമെല്ലാം അധികരിച്ചു കൊണ്ട് മ്ലേഛത വ്യാപകമായാൽ എല്ലാവരെയും ബാധിക്കുന്ന വിധത്തിലുള്ള നാശം സംഭവിക്കുന്നതാണ്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും അവരുടെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണങ്ങൾ ബാധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവൻ്റെ മേൽ യാതൊരു തെറ്റുമുണ്ടായിരിക്കുകയില്ല."
رواه الترمذي وأحمدപരീക്ഷണങ്ങളും പ്രയാസങ്ങളും വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും ബാധിച്ചു കൊണ്ടിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ്റെ സ്വന്തത്തെ ബാധിക്കുന്ന ആരോഗ്യത്തിലും ശരീരത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങൾ, അവൻ്റെ സന്താനങ്ങൾക്ക് രോഗം ബാധിക്കുന്നതിലൂടെയോ അവരെ നഷ്ടപ്പെടുന്നതിലൂടെയോ അവരുടെ ഭാഗത്ത് നിന്ന് നേരിട്ടേക്കാവുന്ന ധിക്കാരത്തിലൂടെയോ ഉണ്ടാകുന്ന പരീക്ഷണങ്ങൾ, അവൻ്റെ സമ്പത്തിൽ ദാരിദ്ര്യം ബാധിക്കുകയോ കച്ചവടം നഷ്ടമാവുകയോ സമ്പത്ത് മോഷ്ടിക്കപ്പെടുകയോ ചെയ്യുന്നതിലൂടെയുണ്ടാകുന്ന പ്രയാസങ്ങൾ, ജീവിതത്തിൽ ബാധിക്കാവുന്ന ഞെരുക്കങ്ങളും ഉപജീവനത്തിലെ ഇടുക്കങ്ങളും... ഇങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെയെല്ലാം അല്ലാഹു അവൻ്റെ തിന്മകളും പാപങ്ങളും പൊറുത്തു കൊടുക്കുകയും അവസാനം അവൻ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ താൻ ചെയ്തു പോയ തിന്മകളെല്ലാം പൊറുക്കപ്പെടുകയും, ശുദ്ധീകരിക്കപ്പെടുകയും ചെയ്ത നിലയിൽ അവന് അല്ലാഹുവിനെ കണ്ടുമുട്ടാൻ സാധിക്കുകയും ചെയ്യും എന്നും അവിടുന്ന് അറിയിക്കുന്നു.
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറയരുത്. മറിച്ച്, 'അല്ലാഹുവും പിന്നെ ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുക."
رواه أبو داود والنسائي في الكبرى وأحمدമുസ്ലിമായ ഒരാൾ തൻ്റെ സംസാരത്തിൽ 'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചാൽ' എന്ന് പറയുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. 'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചത്' എന്നും പറയരുത്. കാരണം അല്ലാഹുവിൻ്റെ ഉദ്ദേശ്യവും തീരുമാനവും നിരുപാധികമായി നടപ്പിലാകുന്നതാണ്. അതിൽ അല്ലാഹുവിന് ഒരു പങ്കാളിയുമില്ല. എന്നാൽ കേവല സംസാരത്തിലാണെങ്കിൽ പോലും, 'അല്ലാഹുവും ഇന്നയാളും' എന്ന് ചേർത്തു പറയുമ്പോൾ അല്ലാഹുവിനോടൊപ്പം മറ്റൊരു സൃഷ്ടിയെ അക്കാര്യത്തിൽ സമപ്പെടുത്തുന്നത് പോലെയാണ് തോന്നിക്കപ്പെടുക. അതിനാൽ 'അല്ലാഹു ഉദ്ദേശിച്ചാൽ, ശേഷം ഇന്നയാളും ഉദ്ദേശിച്ചാൽ' എന്നാണ് നാം പറയേണ്ടത്. ഇതിലൂടെ സൃഷ്ടികളുടെ ഉദ്ദേശ്യങ്ങളും തീരുമാനങ്ങളും അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് കീഴൊതുങ്ങുന്നതും അതിനെ പിന്തുടരുന്നതുമാണെന്ന സൂചന സംസാരത്തിൽ വ്യക്തമാകുന്നു. 'അല്ലാഹുവും' എന്ന് പറഞ്ഞതിന് ശേഷം 'പിന്നെ' എന്ന വാക്ക് ചേർക്കുന്നതിൽ നിന്ന് ഈ തുടർച്ചയുടെ അർത്ഥം മനസ്സിലാക്കാവുന്നതാണ്.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മുൻപുള്ളവരുടെ ചര്യയെ നിങ്ങൾ പിൻപറ്റുക തന്നെ ചെയ്യും; ചാണിന് ചാണായും മുഴത്തിന് മുഴമായും. അവർ ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെന്നാണെങ്കിൽ നിങ്ങൾ അതിലും അവരെ പിന്തുടരുന്നതാണ്." ഞങ്ങൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! യഹൂദരേയും നസ്വാറാക്കളേയുമാണോ?" നബി -ﷺ- പറഞ്ഞു: "(അവരല്ലാതെ) മറ്റാരെയാണ്?"
متفق عليهതൻ്റെ വഫാത്തിന് ശേഷം മുസ്ലിം സമൂഹത്തിലെ ചിലർ എത്തിപ്പെടാനിരിക്കുന്ന അവസ്ഥയാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. യഹൂദരുടെയും നസ്വാറാക്കളുടെയും മാർഗം -അവരുടെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും ജീവിതശൈലികളും ആചാരങ്ങളും- അതിസൂക്ഷ്മമായ വിധത്തിൽ പിൻപറ്റുന്ന അവസ്ഥയിലേക്ക് അവർ എത്തിപ്പെടുമെന്നാണ് നബി -ﷺ- അറിയിക്കുന്നത്. ചാണിന് ചാണായും മുഴത്തിന് മുഴമായും അവരിൽ ഈ അനുകരണ സ്വഭാവം ഉടലെടുക്കും. അവർ ഒരു ഉടുമ്പിൻ്റെ മാളത്തിൽ പ്രവേശിച്ചുവെന്നാണെങ്കിൽ പോലും ഇക്കൂട്ടരും അവരെ പിന്തുടരുന്ന സ്ഥിതി വരെ കാര്യങ്ങളെത്തും.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: ''ആരെങ്കിലും സന്മാര്ഗത്തിലേക്ക് (ജനങ്ങളെ) ക്ഷണിച്ചാല് അതിനെ പിന്തുടരുന്നവരുടെതിന് സമാനമായ പ്രതിഫലം അവനുണ്ടാകും. അവരുടെ പ്രതിഫലത്തില് നിന്നും ഒട്ടും കുറയാതെതന്നെ. ആരെങ്കിലും വഴികേടിലേക്ക് ക്ഷണിച്ചാല് അതിനെ പിന്തുടരുന്നവരുടെതിന് സമാനമായ പാപവും അവനുണ്ടാകും. അവരുടെ പാപഭാരങ്ങളിൽ നിന്ന് ഒട്ടും കുറയാതെതന്നെ''
رواه مسلمആരെങ്കിലും ജനങ്ങളെ സത്യവും നന്മയുമുള്ള ഒരു വാക്കിലേക്കോ പ്രവർത്തിയിലേക്കോ നയിക്കുകയും അതിലേക്ക് അവർക്ക് വഴി കാണിച്ചു കൊടുക്കുകയും ചെയ്താൽ അവന് ആ നന്മയിൽ അവനെ പിൻപറ്റിയവരുടെ പ്രതിഫലമുണ്ടായിരിക്കുന്നതാണെന്നും, അവനെ പിൻപറ്റിയ വ്യക്തിയുടെ പ്രതിഫലത്തിൽ യാതൊരു കുറവുമുണ്ടാകാതെ തന്നെ അവനത് ലഭിക്കുന്നതാണെന്നും നബി -ﷺ- അറിയിക്കുന്നു. ഇനി ഒരാൾ തൻ്റെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ജനങ്ങളെ അസത്യത്തിൻ്റെയും തിന്മയുടെയും തെറ്റുകളുടെയും വഴികളിലേക്കാണ് നയിക്കുന്നത് എങ്കിൽ -അല്ലെങ്കിൽ അനുവദനീയമല്ലാത്ത ഒരു മാർഗമാണ് കാണിച്ചു നൽകുന്നത് എങ്കിൽ- അവനെ പിൻപറ്റിയവരുടെയെല്ലാം പാപഭാരവും അവന് ഉണ്ടായിരിക്കും. അവരുടെ പാപഭാരം ഒട്ടും കുറയാതെ തന്നെ.