





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
സുഫ്യാൻ ബ്നു അബ്ദില്ല അസ്സഖഫി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയോടല്ലാതെ മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത ഒരു വാചകം എനിക്ക് ഇസ്ലാമിൻ്റെ കാര്യത്തിൽ പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "നീ 'ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുകയും, ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക."
رواه مسلم وأحمدസുഫ്യാൻ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- ഇസ്ലാമിൻ്റെ ആശയത്തെ സമഗ്രമായി ഉൾക്കൊള്ളുന്ന ഒരു വാചകം തനിക്ക് പഠിപ്പിച്ചു തരാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ആ വാചകം ജീവിതത്തിൽ മുറുകെ പിടിക്കാനും, മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത വിധത്തിൽ അതിൽ വ്യക്തതയുണ്ടായിരിക്കാനും അദ്ദേഹം ആഗ്രഹിച്ചു. നബി -ﷺ- അദ്ദേഹത്തിൻ്റെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു: "ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു എന്ന് നീ പറയുക." അതായത് ഞാൻ അല്ലാഹുവിനെ ഏകനാക്കിയിരിക്കുന്നു എന്നും, അവനാണ് എൻ്റെ രക്ഷിതാവും എൻ്റെ ആരാധ്യനും എൻ്റെ സ്രഷ്ടാവും ഞാൻ ആരാധനകൾ നൽകുന്ന -ഒരു പങ്കുകാരനുമില്ലാത്ത- യഥാർത്ഥ ആരാധ്യനും എന്ന് പറയുക. "ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക." അതായത് അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് -നിർബന്ധ കർമ്മങ്ങൾ നിറവേറ്റിയും നിഷിദ്ധവൃത്തികൾ ഉപേക്ഷിച്ചും- തുടർന്നു പോവുകയും ചെയ്യുക.
അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ അല്ലാഹു സർവ്വ സൃഷ്ടികൾക്കും ഇടയിൽ നിന്ന് എൻ്റെ ഉമ്മത്തിൽ പെട്ട ഒരാളെ തിരഞ്ഞെടുക്കുന്നതാണ്; (അയാളുടെ തിന്മകൾ രേഖപ്പെടുത്തിയ) തൊണ്ണൂറ്റി ഒൻപത് ഏടുകൾ അയാൾക്ക് മുൻപിൽ നിരത്തപ്പെടും. അതിലെ ഓരോ ഏടും കണ്ണെത്തുംദൂരം വരെയുണ്ട്. ശേഷം അയാളോട് ചോദിക്കും: "ഇതിൽ എന്തെങ്കിലുമൊന്ന് നീ നിഷേധിക്കുന്നുണ്ടോ? (പ്രവർത്തനങ്ങൾ) രേഖപ്പെടുത്തി സൂക്ഷിക്കുന്ന എൻ്റെ മലക്കുകൾ നിന്നോട് അനീതി കാണിച്ചിട്ടുണ്ടോ?" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അല്ലാഹു ചോദിക്കും: "നിനക്ക് എന്തെങ്കിലും ന്യായമുണ്ടോ?" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അപ്പോൾ അല്ലാഹു പറയും: "എങ്കിൽ നിനക്കായി എൻ്റെ പക്കൽ ഒരു നന്മയുണ്ട്. ഇന്നേ ദിവസം നിന്നോട് അതിക്രമം കാണിക്കപ്പെടുന്നതല്ല." അങ്ങനെ ഒരു 'കാർഡ്' (ചീട്ട്) പുറത്തെടുക്കപ്പെടും. 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്നാണ് അതിലുള്ളത്." ശേഷം (അല്ലാഹു) പറയും: നിൻ്റെ (കർമ്മങ്ങളുടെ) ഭാരം തൂക്കി നോക്കൂ. അപ്പോൾ അയാൾ പറയും: "എൻ്റെ രക്ഷിതാവേ! ഈ ഏടുകൾക്ക് മുൻപിൽ ഈ 'കാർഡ്' എന്താകാനാണ്?" അല്ലാഹു പറയും: "നിന്നോട് അതിക്രമം ചെയ്യപ്പെടുന്നതല്ല." നബി -ﷺ- പറയുന്നു: "അങ്ങനെ ഈ ഏടുകൾ ഒരു തട്ടിലും, 'കാർഡ്' മറ്റൊരു തട്ടിലും വെക്കപ്പെടും. അതോടെ ഏടുകൾ കനം കുറഞ്ഞു പോവുകയും, 'കാർഡ്' കനം തൂങ്ങുകയും ചെയ്യും. (കാരണം) അല്ലാഹുവിൻ്റെ നാമത്തോടൊപ്പം യാതൊന്നും കനം തൂങ്ങുകയില്ല."
رواه الترمذي وابن ماجهനബി -ﷺ- യുടെ ഉമ്മത്തിൽ നിന്ന് അല്ലാഹു ഒരാളെ തിരഞ്ഞെടുക്കുന്നതാണ്. എല്ലാ സൃഷ്ടികൾക്കും മുൻപിൽ വെച്ച് അയാൾ വിചാരണക്കായി വിളിക്കപ്പെടും. ഇഹലോകത്ത് അയാൾ പ്രവർത്തിച്ചു കൂട്ടിയ അയാളുടെ തിന്മകൾ രേഖപ്പെടുത്തപ്പെട്ട തൊണ്ണൂറ്റിഒൻപത് ഏടുകൾ അയാൾക്ക് മുൻപിൽ വെക്കപ്പെടും. അതിലെ ഓരോ ഏടുകളും കണ്ണെത്തുന്ന ദൂരത്തോളം ഉണ്ടായിരിക്കും. ശേഷം ഈ വ്യക്തിയോട് അല്ലാഹു പറയും: "ഈ രേഖകളിൽ എഴുതപ്പെട്ട ഏതെങ്കിലും തിന്മ നീ നിഷേധിക്കുന്നുണ്ടോ? പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന എൻ്റെ മലക്കുകൾ നിന്നോട് അതിക്രമം പ്രവർത്തിച്ചിട്ടുണ്ടോ?!" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അപ്പോൾ അല്ലാഹു പറയും: നീ ഇഹലോകത്ത് പ്രവർത്തിച്ച ഈ തിന്മകളുടെ കാര്യത്തിൽ എന്തെങ്കിലും ന്യായം നിനക്ക് ബോധിപ്പിക്കാനുണ്ടോ? മറന്നു കൊണ്ട് ചെയ്തതാണെന്നോ അബദ്ധം സംഭവിച്ചതാണെന്നോ അറിയാതെ പ്രവർത്തിച്ചതാണേന്നോ മറ്റോ..? അയാൾ പറയും: ഇല്ല, എൻ്റെ രക്ഷിതാവേ! എനിക്ക് യാതൊരു ന്യായവും പറയാനില്ല. അപ്പോൾ അല്ലാഹു പറയും: എന്നാൽ നിനക്ക് എൻ്റെ പക്കൽ ഒരു നന്മയുണ്ട്. ഇന്നേ ദിവസം നിന്നോട് അതിക്രമം ചെയ്യപ്പെടുന്നതല്ല. ശേഷം 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന് രേഖപ്പെടുത്തിയ ഒരു കാർഡ് പുറത്തെടുക്കപ്പെടും. അയാളുടെ തുലാസ് കൊണ്ടുവരാൻ അല്ലാഹു കൽപ്പിക്കും. അപ്പോൾ ഈ മനുഷ്യൻ അത്ഭുതത്തോടെ പറയും: എൻ്റെ രക്ഷിതാവേ! ഈ ഏടുകൾക്ക് മുൻപിൽ ഈ ഒരൊറ്റ ചീട്ടിൻ്റെ ഭാരം എന്തായിരിക്കും? അല്ലാഹു പറയും: നിന്നോട് ഒരു അനീതിയും ചെയ്യപ്പെടുന്നതല്ല. അങ്ങനെ ഏടുകൾ തുലാസിൻ്റെ ഒരു തട്ടിലും, കാർഡ് മറ്റൊരു തട്ടിലും വെക്കപ്പെടും. അതോടെ ഏടുകൾ വെച്ച തട്ടിൻ്റെ ഭാരം കുറയുകയും, കാർഡ് വെച്ച തട്ടിൻ്റെ ഭാരം കനമുള്ളതാവുകയും ചെയ്യും. അതോടെ അല്ലാഹു അവൻ്റെ തിന്മകൾ അവന് പൊറുത്തു കൊടുക്കുകയും ചെയ്യും.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ചപ്പോൾ ജിബ്രീലിനെ -عَلَيْهِ السَّلَامُ- സ്വർഗത്തിലേക്ക് അയച്ചു. അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: "സ്വർഗം നോക്കുക; അതിൻ്റെ ആളുകൾക്കായി ഞാൻ ഒരുക്കി വെച്ചത് നോക്കിക്കാണുക." അദ്ദേഹം സ്വർഗം നോക്കിക്കാണുകയും തിരിച്ചു വരികയും ചെയ്തു. ജിബ്രീൽ പറഞ്ഞു: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! ഇതിനെ കുറിച്ച് കേട്ടറിഞ്ഞ ഒരാളും ഇതിൽ പ്രവേശിക്കാതിരിക്കില്ല." അപ്പോൾ അല്ലാഹു സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ട് വലയം ചെയ്യാൻ കൽപ്പിക്കും. ശേഷം ജിബ്രീലിനോട് പറയും: ഇനി പോയി നീ സ്വർഗം നോക്കൂ! അതിൻ്റെ ആളുകൾക്കായി ഞാൻ ഒരുക്കി വെച്ചതും നോക്കിക്കാണുക." ജിബ്രീൽ നോക്കുമ്പോൾ സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നതായി കാണും. അദ്ദേഹം പറഞ്ഞു: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! അതിൽ ഒരാൾ പോലും പ്രവേശിക്കുകയില്ലെന്ന് ഞാൻ ഭയക്കുന്നു." അല്ലാഹു ജിബ്രീലിനോട് പറയും: "നീ പോയി നരകം നോക്കുക! അതിലെ ആളുകൾക്ക് വേണ്ടി ഞാൻ ഒരുക്കി വെച്ചിരിക്കുന്നതും നോക്കുക." ജിബ്രീൽ നരകത്തെ വീക്ഷിക്കുമ്പോൾ അത് ഇളകിമറിയുന്നതായി കാണും. അദ്ദേഹം മടങ്ങിവന്നു കൊണ്ട് പറയും: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം. ഒരാളും ഇതിൽ പ്രവേശിക്കുന്നതല്ല." അപ്പോൾ നരകം ദേഹേഛകൾ കൊണ്ട് വലയം ചെയ്യാൻ അല്ലാഹു കൽപ്പിക്കും. ശേഷം ജിബ്രീലിനോട് പറയും: മടങ്ങിപ്പോവുക; എന്നിട്ട് നരകം വീക്ഷിക്കുക." അദ്ദേഹം നരകത്തിലേക്ക് നോക്കുമ്പോൾ അത് ദേഹേഛകൾ കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കും. മടങ്ങിവന്നു കൊണ്ട് അദ്ദേഹം പറയും: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! അതിൽ പ്രവേശിക്കാതെ ഒരാൾക്ക് പോലും രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ഞാൻ ഭയന്നു പോയി."
رواه أبو داود والترمذي والنسائيഅല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ച വേളയിൽ ജിബ്രീൽ -عَلَيْهِ السَّلَامُ- യോട് സ്വർഗം പോയി നോക്കാൻ കൽപ്പിച്ചു. അദ്ദേഹം സ്വർഗം വീക്ഷിച്ച ശേഷം മടങ്ങി വന്നു കൊണ്ട് പറഞ്ഞു: എൻ്റെ റബ്ബേ! നിൻ്റെ പ്രതാപം തന്നെയാണെ സത്യം! സ്വർഗവും അതിലുള്ള അനുഗ്രഹങ്ങളും ആദരവുകളും നന്മകളും കേട്ടറിയുന്ന ഒരാൾ പോലും അതിൽ പ്രവേശിക്കാൻ ആഗ്രഹിക്കാതിരിക്കില്ല. അതിനായുള്ള പ്രവർത്തനവും അവർ ചെയ്യാതിരിക്കില്ല. പിന്നീട് അല്ലാഹു സ്വർഗത്തെ പ്രയാസകരവും മനസ്സിന് അനിഷ്ടകരവുമായ കാര്യങ്ങളെ കൊണ്ട് പൊതിഞ്ഞു; സ്വർഗത്തിൽ പ്രവേശിക്കാൻ പ്രവർത്തിക്കേണ്ട കൽപ്പനകളും ഒഴിവാക്കേണ്ട വിലക്കുകളുമാണ് അത് കൊണ്ട് ഉദ്ദേശ്യം. ഈ പ്രയാസങ്ങൾ മറികടക്കാതെ സ്വർഗത്തിൽ ഒരാൾക്ക് പ്രവേശിക്കുക സാധ്യമല്ല. സ്വർഗത്തെ പ്രയാസങ്ങൾ കൊണ്ട് പൊതിഞ്ഞതിന് ശേഷം അല്ലാഹു പറഞ്ഞു: "ഹേ ജിബ്രീൽ! താങ്കൾ പോയി സ്വർഗം നോക്കുക." അദ്ദേഹം സ്വർഗം നോക്കിയ ശേഷം തിരിച്ചു വന്നു കൊണ്ടു പറഞ്ഞു: "എൻ്റെ രക്ഷിതാവേ! നിൻ്റെ പ്രതാപം തന്നെയാണെ സത്യം! സ്വർഗത്തിലേക്കുള്ള വഴിയിൽ മറികടക്കേണ്ട പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ടപ്പോൾ അതിലേക്ക് ഒരാൾ പോലും പ്രവേശിക്കില്ലെന്ന് ഞാൻ ഭയപ്പെട്ടു പോയി." നരകത്തെ സൃഷ്ടിച്ചപ്പോഴും അല്ലാഹു ജിബ്രീലിനോട് നരകം നോക്കിവരാൻ പറഞ്ഞു. അദ്ദേഹം നരകം നോക്കിക്കണ്ടു. തിരിച്ചു വന്നു കൊണ്ട് ജിബ്രീൽ പറഞ്ഞു: "എൻ്റെ രക്ഷിതാവേ! നിൻ്റെ പ്രതാപം തന്നെയാണെ സത്യം! നരകത്തിലുള്ള ശിക്ഷകളെ കുറിച്ചും പ്രയാസങ്ങളെ കുറിച്ചും കേട്ടറിയുന്ന ഒരാളും അതിൽ പ്രവേശിക്കാൻ ഭയക്കാതിരിക്കില്ല. നരകത്തിൽ നിന്ന് അകന്നു നിൽക്കാൻ വേണ്ട വഴികൾ അവൻ പ്രാവർത്തികമാക്കാതിരിക്കുകയുമില്ല. ശേഷം നരകത്തെ അല്ലാഹു ദേഹേഛകൾ കൊണ്ടും ആസ്വാദനങ്ങൾ കൊണ്ടും പൊതിഞ്ഞു. ശേഷം ജിബ്രീലിനോട് വീണ്ടും നരകം വീക്ഷിക്കാൻ പറഞ്ഞു. ജിബ്രീൽ നരകം വീക്ഷിച്ച ശേഷം പറഞ്ഞു: "എൻ്റെ രക്ഷിതാവേ! നിൻ്റെ പ്രതാപം തന്നെയാണെ സത്യം! നരകത്തിൽ നിന്ന് ഒരാൾ പോലും രക്ഷപ്പെടില്ലെന്ന പേടിയും പ്രയാസവും എനിക്കുണ്ടായി. കാരണം നരകം ആസ്വാദനങ്ങൾ കൊണ്ടും ദേഹേഛകൾ കൊണ്ടുമാണ് വലയം ചെയ്യപ്പെട്ടിരിക്കുന്നത്."
അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സർവ്വ സൃഷ്ടികളുടെയും വിധിനിർണ്ണയത്തിൻ്റെ കണക്കുകൾ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു." നബി -ﷺ- അതോടൊപ്പം പറഞ്ഞു: "അല്ലാഹുവിൻ്റെ സിംഹാസനം വെള്ളത്തിന് മുകളിലാണുള്ളത്."
رواه مسلمസൃഷ്ടികളുടെ ജീവിതത്തിൽ സംഭവിക്കാനിരിക്കുന്ന സംഭവങ്ങളെല്ലാം വിശദമായ രൂപത്തിൽ അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. അവരുടെ ജീവിതവും മരണവും ഉപജീവനവും മറ്റുമെല്ലാം 'ലൗഹുൽ മഹ്ഫൂദ്വിൽ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപ് തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ലാഹു വിധിച്ചതു പ്രകാരം മാത്രമാണ് ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നത്. സംഭവിക്കുന്ന ഏതൊരു കാര്യവും അല്ലാഹുവിൻ്റെ വിധിനിർണ്ണയം അനുസരിച്ചാണ് നടക്കുന്നത്. ഒരു വ്യക്തിയെ ബാധിച്ച യാതൊരു കാര്യവും അവനെ ബാധിക്കാതെ പോകേണ്ടതായിരുന്നില്ല. അവന് ലഭിക്കാതെ പോയതൊന്നും അവന് കിട്ടേണ്ടതുമായിരുന്നില്ല.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "ഒരു വ്യക്തിക്കും ശിർക്കിനും കുഫ്റിനും ഇടയിലുള്ളത് നിസ്കാരം ഉപേക്ഷിക്കലാണ്."
رواه مسلمനിർബന്ധ നിസ്കാരങ്ങൾ ഉപേക്ഷിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു ഈ ഹദീഥിൽ. ഒരു വ്യക്തിക്കും അയാൾ ശിർക്കിലും കുഫ്റിലും ആപതിക്കുന്നതിനും ഇടയിലുള്ളത് നിസ്കാരം ഉപേക്ഷിക്കലാണ് എന്ന് അവിടുന്ന് അറിയിക്കുന്നു. ഇസ്ലാമിക സ്തംഭങ്ങളിൽ രണ്ടാമത്തെ സ്തംഭമാണ് നിസ്കാരം. ഇസ്ലാമിൽ നിസ്കാരത്തിനുള്ള സ്ഥാനം അതിമഹത്തരമാണ്. ആരെങ്കിലും നിസ്കാരം നിർബന്ധമാണ് എന്ന കാര്യം നിഷേധിച്ചു കൊണ്ടാണ് അത് ഉപേക്ഷിക്കുന്നത് എങ്കിൽ അവൻ കാഫിറാകും എന്നതിൽ മുസ്ലിംകൾക്കിടയിൽ ഏകാഭിപ്രായമുണ്ട്. ഇനി ഒരാൾ മടിയും അലസതയും കാരണത്താൽ പരിപൂർണ്ണമായി നിസ്കാരം ഉപേക്ഷിച്ചാൽ അയാളും കാഫിർ തന്നെ. ഈ വിഷയത്തിൽ സ്വഹാബികൾക്കിടയിൽ ഏകാഭിപ്രായമുണ്ട് എന്ന് ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇടക്ക് നിസ്കാരം ഉപേക്ഷിക്കുകയും, ചിലപ്പോൾ നിസ്കരിക്കുകയും ചെയ്യുന്ന അവസ്ഥയിലുള്ള വ്യക്തി ഈ ഹദീഥിൽ വന്ന അതികഠിനമായ താക്കീതിന് അർഹതയുള്ളവനാണ്.
ബുറൈദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) തമ്മിലുള്ള കരാർ നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി."
رواه الترمذي والنسائي وابن ماجه وأحمدമുസ്ലിംകൾക്കും അവരിൽ പെടാത്ത കാഫിറുകൾക്കും (നിഷേധികൾ) മുനാഫിഖുകൾക്കും (കപടവിശ്വാസികൾ) ഇടയിലുള്ള കരാറും വേർതിരിവും നിസ്കാരത്തിൻ്റെ കാര്യത്തിലാണെന്ന് നബി -ﷺ- വിവരിക്കുന്നു. ആരെങ്കിൽ നിസ്കാരം ഉപേക്ഷിച്ചാൽ അതോടെ അവൻ കാഫിറായി.
ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു." ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹു തന്നെ സത്യം! നബി -ﷺ- അതിൽ നിന്ന് വിലക്കിയത് കേട്ടതിന് ശേഷം ഒരിക്കലും പിതാക്കളുടെ പേരിൽ ഞാൻ ശപഥം ചെയ്തിട്ടില്ല. മറ്റൊരാളുടെ ശപഥം ഉദ്ധരിച്ചു പറയുകയും ചെയ്തിട്ടില്ല."
متفق عليهപിതാവിൻ്റെയോ പിതാമഹന്മാരുടെയോ പേരുകൾ കൊണ്ട് ശപഥം ചെയ്യുന്നതിൽ നിന്ന് അല്ലാഹു വിലക്കിയിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. അതിനാൽ ആരെങ്കിലും ശപഥം ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അല്ലാഹുവിൻ്റെ പേരിൽ മാത്രം ശപഥം ചെയ്യട്ടെ. ഒരിക്കലും അല്ലാഹുവല്ലാത്തവരുടെ പേരിൽ അവൻ ശപഥം ചെയ്യാതിരിക്കട്ടെ. ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- യിൽ നിന്ന് ഈ ഹദീഥ് കേട്ടതിന് ശേഷം, അവിടുന്ന് ഇക്കാര്യം വിലക്കിയത് അറിഞ്ഞതിന് ശേഷം ബോധപൂർവ്വമോ, മറ്റൊരാളുടെ സംസാരത്തിൽ അല്ലാഹുവല്ലാത്തവരെ കൊണ്ടുള്ള ശപഥമുണ്ടെങ്കിൽ അത് വിവരിക്കുന്നതിന് വേണ്ടിയോ പോലും അല്ലാഹുവല്ലാത്തവരുടെ പേരിൽ ശപഥം ചെയ്യുന്ന വാക്ക് അദ്ദേഹം പറഞ്ഞിട്ടില്ല.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും."
متفق عليهജനങ്ങൾ പരസ്പരം അതിക്രമം നടത്തുകയും, കൊലപാതകത്തിലൂടെയോ മുറിവേൽപ്പിക്കുന്നതിലൂടെയോ രക്തം ചൊരിയുകയും ചെയ്ത വിഷയങ്ങളിലായിരിക്കും അന്ത്യനാളിൽ ആദ്യമായി വിധികൽപ്പിക്കപ്പെടുക എന്ന് നബി -ﷺ- അറിയിക്കുന്നു.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രണ്ട് ഖബ്റുകൾക്ക് അരികിലൂടെ ഒരിക്കൽ നടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും ഈ രണ്ടു പേർ ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. (ജനങ്ങളുടെ കണ്ണിൽ) വലിയ ഒരു പാപം കാരണത്താലല്ല അവർ ശിക്ഷപ്പെടുന്നത്. അവരിൽ ഒന്നാമൻ: അവൻ മൂത്രത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്താത്തവനായിരുന്നു. അവരിൽ രണ്ടാമൻ, ഏഷണിയുമായി നടക്കുകയും ചെയ്യുമായിരുന്നു." ശേഷം നബി -ﷺ- ഒരു നനഞ്ഞ ഈന്തപ്പനയോലയുടെ കമ്പ് എടുക്കുകയും, അത് രണ്ടായി പിളർത്തിയ ശേഷം ഓരോന്നും ഓരോ ഖബ്റിന് മേൽ നട്ടുവെക്കുകയും ചെയ്തു. സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്തിനാണ് അങ്ങ് ഇപ്രകാരം ചെയ്തത്?" നബി -ﷺ- പറഞ്ഞു: "അവ രണ്ടും ഉണങ്ങുന്നത് വരെ അവരുടെ ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം"
متفق عليهനബി -ﷺ- ഒരിക്കൽ രണ്ട് ഖബ്റുകളുടെ അരികിലൂടെ നടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: ഈ ഖബ്റിലുള്ള രണ്ടു പേരും ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കാഴ്ച്ചപ്പാടിൽ വലിയ ഒരു കാര്യമായിട്ടുള്ള വിഷയത്തിലല്ല അവർ ശിക്ഷിക്കപ്പെടുന്നത്; എന്നാൽ ഈ രണ്ട് കാര്യങ്ങളും അല്ലാഹുവിങ്കൽ വളരെ ഗൗരവപ്പെട്ടത് തന്നെയാണ്. അവരിൽ ഒരാൾ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുമ്പോൾ തൻ്റെ ശരീരത്തിലോ വസ്ത്രത്തിലോ മൂത്രം തെറിക്കുന്നത് സൂക്ഷിക്കുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്നില്ല. രണ്ടാമത്തെ വ്യക്തി ജനങ്ങൾക്കിടയിൽ ഏഷണിയുമായി നടന്നിരുന്ന മനുഷ്യനായിരുന്നു. ജനങ്ങൾക്കിടയിൽ കുഴപ്പവും ഭിന്നതയും പ്രശ്നങ്ങളും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരെങ്കിലും പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്കിടയിൽ എത്തിച്ചു കൊടുക്കുകയായിരുന്നു അയാളുടെ പണി.