





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ഹാരിഥ ബ്നു വഹബ് അൽഖുസാഈ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "സ്വർഗക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! ദുർബലനും അടിച്ചമർത്തപ്പെട്ടവനുമായ എല്ലാവരും (ആണവർ). അല്ലാഹുവിൻ്റെ മേൽ അവൻ ശപഥം ചെയ്തു പറഞ്ഞാൽ അല്ലാഹു അത് സത്യമായി പുലർത്തുന്നതാണ്. നരകക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! പരുഷനും അതിക്രമിയും അഹങ്കാരിയുമായ എല്ലാവരും."
متفق عليهസ്വർഗക്കാരുടെയും നരകക്കാരുടെയും ചില വിശേഷണങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നത്. സ്വർഗക്കാരിൽ ബഹുഭൂരിപക്ഷവും "ദുർബലരും അടിച്ചമർത്തപ്പെട്ടവരും" ആയിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൻ്റെ മുൻപിൽ വിനയാന്വിതരും അവന് വേണ്ടി അങ്ങേയറ്റത്തെ താഴ്മ കാണിക്കുന്നവരുമാണവർ. ജനങ്ങൾ അവനെ അടിച്ചമർത്തുകയും നിസ്സാരവൽക്കരിക്കുകയും ചെയ്യുന്ന സ്ഥിതി വരെ അവന് വന്നെത്തിയേക്കാം. എന്നാൽ അല്ലാഹുവിന് വേണ്ടി വിനയം കാണിച്ച ഈ മനുഷ്യനാകട്ടെ, അല്ലാഹുവിൻ്റെ ഔദാര്യത്തിൽ പ്രതീക്ഷ വെച്ചു കൊണ്ട് ഒരു കാര്യം അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു പറഞ്ഞാൽ അല്ലാഹു അത് നിർവ്വഹിച്ചു നൽകുകയും, അവൻ്റെ പ്രാർത്ഥനക്കും തേട്ടത്തിനും ഉത്തരം നൽകുകയും ചെയ്യുന്നതാണ്. എന്നാൽ നരകക്കാരിൽ ബഹുഭൂരിപക്ഷവും 'പരുഷന്മാരാണ്'; അവർ കഠിനമായി തർക്കിക്കുന്നവരും യാതൊരു മയവും പുലർത്താത്തവരുമാണ്. നന്മകൾക്ക് കീഴൊതുങ്ങാത്ത മ്ലേഛരുമായിരിക്കും അക്കൂട്ടർ. അതിക്രമിയും അഹങ്കാരിയും തീറ്റക്കൊതിയനും, പൊണ്ണത്തടിയനും, തൻ്റെ നടത്തത്തിൽ അഹന്ത പുലർത്തുന്നവരും,മോശം സ്വഭാവമുള്ളവരുമായിരിക്കും അവർ. സത്യത്തെ നിഷേധിക്കുകയും, മറ്റുള്ളവരെ തരംതാണവരായി കാണുകയും ചെയ്യുന്ന അഹങ്കാരികളുമായിരിക്കും അക്കൂട്ടർ.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "അല്ലാഹു പറഞ്ഞിരിക്കുന്നു: "എൻ്റെ അടിമക്ക് എന്നെ കുറിച്ചുള്ള ധാരണയിലാണ് ഞാനുണ്ടാവുക. അവൻ എന്നെ സ്മരിക്കുമ്പോഴെല്ലാം ഞാൻ അവനോടൊപ്പമുണ്ടാകും. അവൻ്റെ മനസ്സിൽ അവൻ എന്നെ സ്മരിച്ചാൽ ഞാൻ അവനെയും സ്മരിക്കുന്നതാണ്. അവൻ ഒരു കൂട്ടമാളുകൾക്കിടയിൽ എന്നെ സ്മരിച്ചാൽ അതിനേക്കാൾ നല്ല ഒരു സംഘത്തിൽ ഞാൻ അവനെ സ്മരിക്കുന്നതാണ്. അവൻ എന്നിലേക്ക് ഒരു ചാൺ അടുത്താൽ ഞാൻ അവനിലേക്ക് ഒരു മുഴം അടുക്കുന്നതാണ്. അവൻ എന്നിലേക്ക് ഒരു മുഴം അടുത്താൽ ഞാൻ അവനിലേക്ക് ഒരു 'ബാഅ്' അടുക്കുന്നതാണ്. അവൻ എന്നിലേക്ക് നടന്നു വന്നാൽ ഞാൻ അവനിലേക്ക് ഓടിച്ചെല്ലുന്നതാണ്."
متفق عليهഖുദ്സിയായ ഈ ഹദീഥിൽ അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: ഞാൻ എൻ്റെ അടിമക്ക് അവന് എന്നെ കുറിച്ചുള്ള ധാരണ എങ്ങനെയാണോ അങ്ങനെയായിരിക്കും. അവന് എന്നെ കുറിച്ചുള്ള വിചാരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഞാൻ അവനെ പരിഗണിക്കുക. അല്ലാഹുവിലുള്ള പ്രതീക്ഷയും അവൻ മാപ്പു നൽകുമെന്ന വിചാരവുമാണ് അവനുള്ളത് എങ്കിൽ ആ പ്രതീക്ഷ പ്രകാരമായിരിക്കും ഞാൻ പ്രവർത്തിക്കുക. അതല്ലാത്തതാണെങ്കിൽ അങ്ങനെയും. അവൻ എന്നെ സ്മരിച്ചാൽ അവൻ്റെ മേൽ കരുണ ചൊരിഞ്ഞു കൊണ്ടും, അവനെ നേർവഴിയിലേക്ക് നയിച്ചു കൊണ്ടും, അവനെ കാത്തു കൊണ്ടും അവന് പിന്തുണ നൽകിക്കൊണ്ടും ഞാൻ അവനോടൊപ്പമുണ്ടായിരിക്കും. അവൻ ഏകാന്തനായി എന്നെ സ്മരിക്കുകയും, തസ്ബീഹും തഹ്ലീലും മറ്റുമായി എന്നെ ഓർക്കുകയും ചെയ്താൽ അവനെ ഞാനും സ്മരിക്കുന്നതാണ്. അവൻ ഒരു സംഘം ആളുകൾക്കിടയിൽ എന്നെ സ്മരിച്ചാൽ അവരേക്കാൾ എണ്ണത്തിൽ കൂടുതലും നന്മയുള്ളവരുമായ ഒരു സംഘത്തിൽ ഞാൻ അവനെ സ്മരിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിനോട് ഒരു ചാൺ അടുത്താൽ അല്ലാഹു അവന് വർദ്ധിപ്പിച്ചു നൽകുകയും, അവനിലേക്ക് ഒരു മുഴം അടുക്കുകയും ചെയ്യുന്നതാണ്. ആരെങ്കിലും ഒരു മുഴം അല്ലാഹുവിലേക്ക് അടുത്താൽ അല്ലാഹു അവനിലേക്ക് ഒരു 'ബാഅ്' അടുക്കുന്നതാണ്. ഒരാൾ രണ്ട് കൈകളും തന്റെ രണ്ടു ഭാഗത്തേക്ക് നീട്ടിപ്പിടിച്ചാൽ ഒരു കൈയിൻ്റെ അറ്റം മുതൽ മറ്റേ കൈയിൻ്റെ അറ്റം വരെയുള്ള അകലമാണ് ഒരു 'ബാഅ്'. അല്ലാഹുവിലേക്ക് നടന്നു കൊണ്ടാണ് അവൻ അടുക്കുന്നത് എങ്കിൽ അവനിലേക്ക് അല്ലാഹു ഓടിയടുക്കുന്നതാണ്. അല്ലാഹുവിനെ അനുസരിച്ചു കൊണ്ടും അവനിലേക്ക് തിരിഞ്ഞു കൊണ്ടും ഒരടിമ അവൻ്റെ സാമീപ്യം അന്വേഷിച്ചാൽ അല്ലാഹു അവൻ്റെ പ്രവർത്തനത്തിന് അതേ രീതിയിൽ പ്രതിഫലം നൽകുകയും, അവനിലേക്കുള്ള അടുപ്പം അധികരിപ്പിക്കുകയും ചെയ്യുന്നതാണ്. ഒരു മുഅ്മിനിന് അല്ലാഹുവിനോടുള്ള അടിമത്വത്തിൽ എത്രമാത്രം പൂർണ്ണതയുണ്ടാകുന്നോ, അത്രമാത്രം അല്ലാഹു അവനിലേക്ക് അടുക്കുന്നതാണ്. മനുഷ്യൻ്റെ പ്രവർത്തനത്തേക്കാളും പ്രയത്നത്തേക്കാളും അധികമാണ് അല്ലാഹുവിൻ്റെ ഔദാര്യവും പ്രതിഫലവും. ചുരുക്കത്തിൽ മനുഷ്യൻ്റെ നന്മകളേക്കാൾ എണ്ണത്തിലും കനത്തിലും മുന്നിട്ടുനിൽക്കുന്നത് അല്ലാഹുവിൻ്റെ പ്രതിഫലം തന്നെ! അല്ലാഹുവിൽ വിശ്വസിക്കുന്ന മുഅ്മിൻ -അല്ലാഹുവിനെ അവൻ കണ്ടുമുട്ടുന്നത് വരെ- അല്ലാഹുവിനെ കുറിച്ച് നല്ല വിചാരം പുലർത്തുകയും, നന്മ പ്രവർത്തിക്കുകയും, അതിലേക്ക് ധൃതി കൂട്ടുകയും ചെയ്തു കൊണ്ടിരിക്കും.
ത്വൽഹ ബ്നു ഉബൈദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നജ്ദുകാരിൽ പെട്ട -ചിതറിക്കിടക്കുന്ന മുടിയുള്ള- ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നു. അദ്ദേഹത്തിൻ്റെ ശബ്ദത്തിൻ്റെ മുഴക്കം ഞങ്ങൾ കേൾക്കുന്നുണ്ട്. എന്നാൽ പറയുന്നതെന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അങ്ങനെ നബി -ﷺ- യുടെ അരികിലേക്ക് അദ്ദേഹം എത്തി. ഇസ്ലാമിനെ കുറിച്ചായിരുന്നു അയാൾ ചോദിച്ചു കൊണ്ടിരുന്നത്. നബി -ﷺ- അതിനുള്ള ഉത്തരമായി പറഞ്ഞു: "രാത്രിയും പകലുമായി അഞ്ചു നേരത്തെ നിസ്കാരം (നിർവ്വഹിക്കണം)." അയാൾ ചോദിച്ചു: "അതല്ലാതെ മറ്റു വല്ലതും എൻ്റെ മേൽ ബാധ്യതയുണ്ടോ?!" നബി -ﷺ- പറഞ്ഞു: "ഇല്ല. നീ ഐഛികമായി (സുന്നത്തായി) വല്ലതും ചെയ്താലല്ലാതെ." ശേഷം നബി -ﷺ- പറഞ്ഞു: "റമദാൻ മാസത്തിലെ നോമ്പും (അനുഷ്ഠിക്കണം)." അയാൾ ചോദിച്ചു: "അതല്ലാതെ മറ്റു വല്ലതും എൻ്റെ മേൽ ബാധ്യതയുണ്ടോ?!" നബി -ﷺ- പറഞ്ഞു: "ഇല്ല. നീ ഐഛികമായി (സുന്നത്തായി) വല്ലതും ചെയ്താലല്ലാതെ." ശേഷം നബി -ﷺ- അദ്ദേഹത്തോട് സകാത്തിനെ കുറിച്ച് പറഞ്ഞു. അപ്പോൾ അയാൾ ചോദിച്ചു: "അതല്ലാതെ മറ്റു വല്ലതും എൻ്റെ മേൽ ബാധ്യതയുണ്ടോ?!" നബി -ﷺ- പറഞ്ഞു: "ഇല്ല. നീ ഐഛികമായി (സുന്നത്തായി) വല്ലതും ചെയ്താലല്ലാതെ." അങ്ങനെ ആ മനുഷ്യൻ തിരിച്ചു പോയി. അയാൾ പറയുന്നുണ്ടായിരുന്നു: "അല്ലാഹു സത്യം! ഈ പറഞ്ഞതിൽ ഞാൻ വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യില്ല." നബി -ﷺ- (അദ്ദേഹത്തെ കുറിച്ച്) പറഞ്ഞു: "അവൻ പറഞ്ഞത് സത്യമാണെങ്കിൽ അവൻ വിജയിച്ചിരിക്കുന്നു."
متفق عليهനജ്ദുകാരിൽ പെട്ട ഒരാൾ നബി -ﷺ- യുടെ അടുക്കൽ വന്നു. അയാളുടെ മുടി ചിതറിക്കിടക്കുന്ന നിലയിലും, ശബ്ദം വളരെ ഉച്ചത്തിലുമായിരുന്നു. അദ്ദേഹം സംസാരിക്കുന്നത് കേൾക്കുന്നവർക്ക് ഗ്രഹിക്കാൻ സാധിച്ചിരുന്നില്ല. അങ്ങനെ നബി -ﷺ- യുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം ഇസ്ലാമിലെ വിധിവിലക്കുകളെ കുറിച്ചും നിയമങ്ങളെ കുറിച്ചും ചോദിക്കാൻ ആരംഭിച്ചു. നബി -ﷺ- നിസ്കാരത്തെ കുറിച്ചാണ് അയാൾക്ക് ആദ്യം പറഞ്ഞു കൊടുത്തത്. എല്ലാ ദിവസവും, രാവിലെയും രാത്രിയുമായി അഞ്ചു നേരത്തെ നിസ്കാരം അല്ലാഹു അയാൾക്ക് മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവിടുന്ന് അറിയിച്ചു. അപ്പോൾ അയാൾ ചോദിച്ചു: ഈ അഞ്ചു നേരത്തെ നിസ്കാരങ്ങൾ അല്ലാതെ മറ്റേതെങ്കിലും നിസ്കാരം എൻ്റെ മേൽ നിർബന്ധമുണ്ടോ? നബി -ﷺ- പറഞ്ഞു: "ഇല്ല. ഐഛികമായ നിസ്കാരങ്ങൾ നിനക്ക് നിർവഹിക്കാം എന്നല്ലാതെ." ശേഷം നബി -ﷺ- പറഞ്ഞു: റമദാൻ മാസത്തിലെ നോമ്പും അല്ലാഹു നിനക്ക് മേൽ നിർബന്ധമാക്കിയ കാര്യങ്ങളിൽ പെട്ടതാണ്. അപ്പോൾ ആഗതൻ ചോദിച്ചു: "റമദാൻ മാസത്തിലെ ഈ നോമ്പല്ലാതെ മറ്റേതെങ്കിലും നോമ്പുകൾ എനിക്ക് മേൽ നിർബന്ധമുണ്ടോ?" നബി -ﷺ- പറഞ്ഞു: "ഇല്ല. നിനക്ക് ഐഛികമായ നോമ്പുകൾ എടുക്കാം എന്നല്ലാതെ." ശേഷം നബി -ﷺ- സകാത്തിനെ കുറിച്ച് പറഞ്ഞു. ആഗതൻ ചോദിച്ചു: നിർബന്ധമായ സകാത്ത് നൽകിയാൽ മറ്റേതെങ്കിലും ദാനധർമങ്ങൾ എനിക്ക് മേൽ നിർബന്ധമുണ്ടോ? നബി -ﷺ- പറഞ്ഞു: ഇല്ല. നീ ഐഛികമായി വല്ലതും ചെയ്യുന്നെങ്കിലല്ലാതെ. നബി -ﷺ- ഈ വിധിവിലക്കുകളും നിർബന്ധ ബാധ്യതകളും വിശദീകരിച്ചു നൽകുന്നത് കേട്ടതിന് ശേഷം ആഗതൻ തിരിഞ്ഞു നടന്നു. താൻ കേട്ട കാര്യത്തിൽ എന്തെങ്കിലുമൊന്ന് വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യുകയില്ല എന്ന് അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ടായിരുന്നു അയാളുടെ മടക്കം. ഇതു കണ്ടപ്പോൾ നബി -ﷺ- ഉടനെ പറയുകയുണ്ടായി: അയാൾ ശപഥം ചെയ്തു പറഞ്ഞ കാര്യം സത്യമായി അയാൾ പുലർത്തുകയാണെങ്കിൽ അവൻ വിജയികളിൽ പെടുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ്. അന്നാണ് ആദം സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. അന്നാണ് അവിടെ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതും."
رواه مسلمസൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ് എന്ന് നബി -ﷺ- പഠിപ്പിക്കുന്നു. വെള്ളിയാഴ്ച്ചയുടെ പ്രത്യേകതകളിൽ പെട്ടതാണ്: ആദം -عَلَيْهِ السَّلَامُ- സൃഷ്ടിക്കപ്പെട്ടതും, അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതും, അവിടെ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതും ആ ദിവസമായിരുന്നു എന്നത്. അന്ത്യനാൾ സംഭവിക്കുന്നതും ഒരു വെള്ളിയാഴ്ച്ചയായിരിക്കും.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഇഹലോകത്ത് ഒരാൾ മറ്റൊരാളെ മറച്ചു പിടിച്ചാൽ അല്ലാഹു പരലോകത്ത് അവനെയും മറച്ചു പിടിക്കാതിരിക്കില്ല."
رواه مسلمതൻ്റെ മുസ്ലിമായ സഹോദരൻ്റെ എന്തെങ്കിലും കാര്യം ഒരാൾ മറച്ചു പിടിക്കുകയാണെങ്കിൽ പരലോകത്ത് അല്ലാഹു അവന് മറ നൽകുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം പ്രവർത്തനങ്ങൾക്ക് അവയുടെ ഇനവും തരവും പോലെത്തന്നെയാണ് പ്രതിഫലമുണ്ടായിരിക്കുക. അല്ലാഹു ഒരാൾക്ക് മറ നൽകുക എന്നതിൻ്റെ ഉദ്ദേശ്യം അവൻ്റെ തിന്മകളും കുറവുകളും അല്ലാഹു മറച്ചു പിടിക്കുകയും, മഹ്ശറിൽ (പരലോക മഹാസഭ) ഒരുമിച്ചു കൂടുന്നവർക്കിടയിൽ അത് പരസ്യമാക്കാതിരിക്കുകയും ചെയ്യും എന്നാണ്. അവൻ്റെ തിന്മകളെ വിചാരണ ചെയ്യാതെ വിടുകയും അവനോട് അവയെ കുറിച്ച് പറയാതെയും അല്ലാഹു അവനെ സംരക്ഷിക്കുന്നതാണ് എന്ന അർഥവും ഇവിടെ ഉദ്ദേശിക്കപ്പെടാവുന്നതാണ്.
അബൂ മുസ്ലിം അൽ-ഖൗലാനീ -رَحِمَهُ اللَّهُ- നിവേദനം: എനിക്ക് പ്രിയങ്കരനായ, എൻ്റെ പക്കൽ വിശ്വസ്തനായ, ഔഫ് ബ്നു മാലിക് അൽഅശ്ജഇ -رَضِيَ اللَّهُ عَنْهُ- എന്നോട് പറഞ്ഞു: ഞങ്ങൾ നബി -ﷺ- യുടെ അടുക്കൽ ആയിരുന്ന ഒരു സന്ദർഭം; ഒൻപതോ എട്ടോ ഏഴോ പേരുണ്ടായിരുന്നു (ഞങ്ങൾ). അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൻ്റെ ദൂതരോട് കരാർ (ബയ്അത്ത്) ചെയ്യുന്നില്ലേ?!" ഞങ്ങൾ അടുത്ത സമയം നബി -ﷺ- ക്ക് ബയ്അത്ത് ചെയ്തവരായിരുന്നു എന്നതിനാൽ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അങ്ങേക്ക് ബയ്അത്ത് ചെയ്തവരാണ്." നബി -ﷺ- വീണ്ടും പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൻ്റെ ദൂതരോട് കരാർ (ബയ്അത്ത്) ചെയ്യുന്നില്ലേ?!" അപ്പോഴും ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അങ്ങേക്ക് ബയ്അത്ത് ചെയ്തവരാണ്." വീണ്ടും നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൻ്റെ ദൂതരോട് കരാർ (ബയ്അത്ത്) ചെയ്യുന്നില്ലേ?!" അപ്പോൾ ഞങ്ങൾ അവിടുത്തേക്ക് കൈകൾ നീട്ടിക്കൊണ്ട് പറഞ്ഞു: "ഞങ്ങൾ അങ്ങേക്ക് ബയ്അത്ത് ചെയ്തിരിക്കുന്നു. ഞങ്ങൾ എന്താണ് അങ്ങയോട് കരാർ ചെയ്യേണ്ടത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ എന്നും, അവനിൽ നിങ്ങൾ യാതൊന്നിനെയും പങ്കുചേർക്കില്ലെന്നും, അഞ്ചു നേരത്തെ നിസ്കാരം നിർവ്വഹിക്കുമെന്നും, നിങ്ങൾ (ഭരണാധികാരികളെ) അനുസരിക്കുമെന്നും, -ശേഷം ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു-: നിങ്ങൾ ജനങ്ങളോട് യാതൊന്നും ചോദിക്കില്ലെന്നും." അബൂ മുസ്ലിം പറയുന്നു: "അന്ന് നബി -ﷺ- ക്ക് ബയ്അത്ത് നൽകിയ അക്കൂട്ടരിൽ ചിലരെ ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ചിലരുടെ ചാട്ടവാർ താഴെ വീണാൽ അതൊന്ന് എടുത്തു നൽകാൻ പോലും അവർ മറ്റൊരാളോട് ആവശ്യപ്പെടില്ലായിരുന്നു."
رواه مسلمനബി -ﷺ- തൻ്റെ സ്വഹാബികളിൽ പെട്ട ചിലരോടൊപ്പമായിരുന്നു. അവിടുന്ന് അവരോട് ചില കാര്യങ്ങൾ തങ്ങൾ മുറുകെ പിടിച്ചു കൊള്ളാമെന്ന് തനിക്ക് കരാർ നൽകാനും ബയ്അത്ത് ചെയ്യാനും മൂന്ന് തവണ ആവശ്യപ്പെട്ടു. ഒന്നാമത്തെ കാര്യം: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് ചെയ്യേണ്ടത്. രണ്ട്: രാവിലെയും രാത്രിയുമുള്ള നിസ്കാരങ്ങൾ നിലനിർത്തുകയും നേരാവണ്ണം നിർവ്വഹിക്കുകയും ചെയ്യുക. മൂന്ന്: മുസ്ലിം സമൂഹത്തിൻ്റെ കൈകാര്യകർതൃത്വം നൽകപ്പെട്ട ഭരണാധികാരികളെ നന്മകളിൽ കേൾക്കുകയും അനുസരിക്കുകയും ചെയ്യണം. നാല്: തങ്ങളുടെ എല്ലാ ആവശ്യങ്ങളും അല്ലാഹുവിൻ്റെ മുന്നിൽ മാത്രം ഇറക്കി വെക്കാനും, ജനങ്ങളോട് യാതൊരു കാര്യവും ചോദിക്കാതിരിക്കാനും. ഇക്കാര്യം നബി -ﷺ- തൻ്റെ ശബ്ദം താഴ്ത്തി കൊണ്ടാണ് അവരോട് പറഞ്ഞത്. നബി -ﷺ- യോട് ഇക്കാര്യം കരാർ ചെയ്ത സ്വഹാബികൾ ഈ കൽപ്പനകൾ ജീവിതത്തിൽ മുറുകെ പിടിച്ചു. ഈ ഹദീഥ് നിവേദനം ചെയ്തവരിൽ ഒരാൾ ഇത്രവരെ പറഞ്ഞു: ആ സ്വഹാബിമാരിൽ ചിലരുടെ ചാട്ടവാർ കയ്യിൽ നിന്ന് താഴെ വീണാൽ അതൊന്ന് തനിക്ക് എടുത്തു തരാൻ പോലും അവർ മറ്റുള്ളവരോട് ആവശ്യപ്പെടാറുണ്ടായിരുന്നില്ല. മറിച്ച്, അദ്ദേഹം തന്നെ വാഹനപ്പുറത്ത് നിന്നിറങ്ങി സ്വയം അതെടുക്കുകയായിരുന്നു ചെയ്തിരുന്നത്.
ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു മുസ്ലിം അവൻ്റെ ഖബ്റിൽ ചോദ്യം ചെയ്യപ്പെട്ടാൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന കാര്യം സാക്ഷ്യം വഹിക്കുന്നതാണ്. അല്ലാഹു ഖുർആനിൽ ഇപ്രകാരം പറഞ്ഞതിൻ്റെ താൽപര്യം അതാണ്. "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവരെ അല്ലാഹു സ്ഥൈര്യമുള്ള വചനം കൊണ്ട് ഉറപ്പിച്ചു നിർത്തുന്നതാണ്; ഇഹലോകജീവിതത്തിലും പാരത്രിക ജീവിതത്തിലും." (ഇബ്രാഹീം: 27)
متفق عليهമുഅ്മിനായ ഓരോ വ്യക്തിയും ഖബ്റിൽ ചോദ്യം ചെയ്യപ്പെടുന്നതാണ്. ഈ ദൗത്യം ഏൽപ്പിക്കപ്പെട്ട രണ്ട് മലക്കുകൾ അവനോട് ഖബ്റിൽ ചോദ്യങ്ങൾ ചോദിക്കും. ഈ രണ്ട് മലക്കുകളുടെ പേരുകൾ മുൻകർ, നകീർ എന്നാണെന്ന് മറ്റനേകം ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ സന്ദർഭത്തിൽ മുഅ്മിനായ മനുഷ്യൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി ആരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 'സുസ്ഥിരമായ വാക്ക്' എന്ന് വിശുദ്ധ ഖുർആനിൽ അല്ലാഹു വിശേഷിപ്പിച്ചത് ഇതിനെ കുറിച്ചാണെന്ന് നബി -ﷺ- ഓർമപ്പെടുത്തുകയും ചെയ്തു. ''ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്ക് കൊണ്ട് അല്ലാഹു ഈമാനുള്ളവരെ ഉറപ്പിച്ചു നിറുത്തുന്നതാണ്.'' (ഇബ്റാഹീം: 27)
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും, നിസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അക്കാര്യം അവർ പ്രവർത്തിച്ചാൽ അവരുടെ രക്തവും സമ്പാദ്യവും എന്നിൽ നിന്ന് അവർ സുരക്ഷിതമാക്കിയിരിക്കുന്നു. ഇസ്ലാമിന്റെ അവകാശം ഒഴിച്ചുള്ള കാര്യങ്ങളിലാണിത്. അവരുടെ വിചാരണ അല്ലാഹുവിങ്കലായിരിക്കും."
متفق عليهബഹുദൈവാരാധകർ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും അവന് യാതൊരു പങ്കാളിയുമില്ല എന്നതും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൽ നിന്നുള്ള പ്രവാചകനാണ് എന്നതും സാക്ഷ്യം വഹിക്കുകയും, അതിൻ്റെ തേട്ടമനുസരിച്ച് ജീവിച്ചു കൊണ്ട് അഞ്ചു നേരത്തെ നിസ്കാരങ്ങൾ നിലനിർത്തുകയും, അർഹതപ്പെട്ടവർക്ക് സകാത്ത് നൽകുകയും ചെയ്യുന്നത് വരെ അവരോട് യുദ്ധം ചെയ്യാൻ അല്ലാഹു തന്നോട് കൽപ്പിച്ചിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. ഈ പറയപ്പെട്ട കാര്യങ്ങൾ അവർ പ്രാവർത്തികമാക്കിയാൽ അതോടെ ഇസ്ലാം അവരുടെ ജീവനും സമ്പത്തിനും സംരക്ഷണം നൽകുന്നതാണ്. അതോടെ അവരെ വധിക്കുക എന്നത് നിഷിദ്ധമാകുന്നതാണ്; എന്നാൽ ഇസ്ലാമിക ശിക്ഷാനിയമ പ്രകാരം വധശിക്ഷക്ക് അർഹമായ എന്തെങ്കിലും കുറ്റകൃത്യങ്ങളോ അതിക്രമങ്ങളോ അവർ പ്രവർത്തിച്ചാൽ ഇസ്ലാമിക വിധിവിലക്കുകളുടെ ഭാഗമായി പ്രസ്തുത ശിക്ഷാവിധി നടപ്പിലാക്കപ്പെടുന്നതാണ്. പരലോകത്ത് അവരുടെ വിചാരണ അല്ലാഹുവിങ്കലാണ്, കാരണം അവനാണല്ലോ അവരുടെ രഹസ്യങ്ങളെ കുറിച്ച് അറിവുള്ളവൻ.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു എൻ്റെ ഉമ്മത്തിന് അവരിൽ നിന്ന് സംഭവിക്കുന്ന അബദ്ധങ്ങളും മറവിയാൽ ഉണ്ടാകുന്നതും ഭീഷണിയാൽ ചെയ്തു പോകുന്നതും വിട്ടുപൊറുത്തു കൊടുത്തിരിക്കുന്നു."
رواه ابن ماجه والبيهقي وغيرهماഅല്ലാഹു തൻ്റെ സമുദായത്തിൻ്റെ തെറ്റുകൾ മൂന്ന് അവസ്ഥകളിലാണെങ്കിൽ മാപ്പ് നൽകിയിരിക്കുന്നു എന്ന് നബി (ﷺ) അറിയിക്കുന്നു: അബദ്ധത്തിൽ ചെയ്യുന്നത്: മനപ്പൂർവമല്ലാതെ ഒരാളിൽ നിന്ന് സംഭവിക്കുന്ന കാര്യമാണിത്. അതായത്, മുസ്ലിമായ വ്യക്തി ഒരു കാര്യം ചെയ്യാൻ ലക്ഷ്യം വെച്ചു കൊണ്ട് പ്രവർത്തിക്കുകയും, പിന്നീട് അവന്റെ പ്രവൃത്തി അവൻ ഉദ്ദേശിച്ചതല്ലാത്ത മറ്റൊരു തരത്തിലേക്ക് മാറിമറിയുകയും ചെയ്യുന്നു. (ഇത് അല്ലാഹു പൊറുത്തു നൽകുന്നതാണ്). മറവിയാൽ ചെയ്യുന്നത്: അതായത് ഒരാൾ ഒരു കാര്യം ഓർത്തു വെച്ചിട്ടുണ്ടായിരുന്നു എങ്കിലും, അവൻ പ്രവർത്തി ചെയ്തു തുടങ്ങിയപ്പോൾ അത് മറന്നുപോയി എങ്കിൽ അവൻ്റെ മേൽ അത് പാപമായി രേഖപ്പെടുത്തില്ല. നിർബന്ധിതാവസ്ഥ: ഒരു അടിമ താൻ ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു കാര്യം ചെയ്യാൻ നിർബന്ധിക്കപ്പെടുകയും, ആ ഭീഷണിയെ തടുക്കാൻ അവന് കഴിവില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഈ സാഹചര്യത്തിൽ അവൻ്റെ മേൽ ആ പ്രവർത്തി ഒരു പാപമോ തെറ്റോ ആയി ഗണിക്കപ്പെടുകയില്ല. ശ്രദ്ധിക്കുക: അല്ലാഹു നിഷിദ്ധമാക്കിയ കാര്യം, ഒരു വ്യക്തിക്കും അവൻ്റെ റബ്ബിനുമിടയിലുള്ള തെറ്റായി നിൽക്കുമ്പോൾ മാത്രമാണ് ഹദീഥിൽ പറയപ്പെട്ട ഇളവുകൾ ബാധകമാവുക. എന്നാൽ, അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ ഉപേക്ഷിക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല. അതുപോലെ, ഒരാളുടെ പ്രവൃത്തി കാരണം മറ്റുള്ളവർക്ക് വല്ല നാശനഷ്ടങ്ങളോ അന്യായമോ നേരിടേണ്ടി വന്നാൽ, അത് (അബദ്ധത്തിലോ മറന്നു കൊണ്ടോ ചെയ്തതാണ് എന്നതിൻ്റെ പേരിൽ) അവർക്കുള്ള അവകാശം ഇല്ലാതാവുകയില്ല. ഉദാഹരണത്തിന്, ഒരാൾ അബദ്ധത്തിൽ ഒരാളെ കൊന്നാൽ അയാൾക്ക് ദിയത്ത് (ദയാധനം) നൽകേണ്ടി വരും. അല്ലെങ്കിൽ അബദ്ധത്തിൽ ഒരു കാറിന് കേടുപാടുകൾ വരുത്തിയാൽ അതിന് നഷ്ടപരിഹാരം നൽകേണ്ടി വരും.