





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
സ്വഫ്വാൻ ബ്നു മുഹ്രിസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- യോട് ചോദിച്ചു: "(അല്ലാഹുവും അവൻ്റെ അടിമയുമായുള്ള) രഹസ്യസംഭാഷണത്തിൻ്റെ വിഷയത്തിൽ നബി -ﷺ- യിൽ നിന്ന് താങ്കൾ എന്താണ് കേട്ടിട്ടുള്ളത്?" ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: "നബി -ﷺ- ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "ഖിയാമത് നാളിൽ മുഅ്മിൻ തൻ്റെ റബ്ബിൻ്റെ അടുത്തേക്ക് നിർത്തപ്പെടും. എത്രത്തോളമെന്നാൽ അല്ലാഹു അവൻ്റെ മേൽ തൻ്റെ മറ വെക്കുകയും, അവൻ്റെ തിന്മകൾ അവനെ ബോധ്യപ്പെടുത്തുകയും ചെയ്യും. അല്ലാഹു അവനോട് ചോദിക്കും: "ഇന്ന തിന്മ (നീ ചെയ്തത്) നിനക്കറിയുമോ?! ഇന്ന തിന്മ നിനക്കറിയുമോ?" അവൻ പറയും: "എൻ്റെ റബ്ബേ! എനിക്കറിയാം." അല്ലാഹു അവനോട് പറയും: " ദുനിയാവിൽ ഞാൻ അവയെല്ലാം നിനക്കായി മറച്ചു വെച്ചു. ഇന്നേ ദിവസം ഞാൻ അവയെല്ലാം നിനക്ക് പൊറുത്തു തന്നിരിക്കുന്നു." അങ്ങനെ അവൻ്റെ നന്മകളുടെ ഏടുകൾ അവൻ്റെ കയ്യിൽ നൽകപ്പെടും. എന്നാൽ (അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും) നിഷേധിച്ചവരും കപടവിശ്വാസികളുമാകട്ടെ, സർവ്വ സൃഷ്ടികൾക്കും മുൻപിൽ വെച്ച് അവരെ കുറിച്ച് വിളിച്ചു പറയപ്പെടും: ഇക്കൂട്ടരാകുന്നു അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചവർ."
متفق عليهഅന്ത്യനാളിൽ അല്ലാഹു തൻ്റെ അടിമയോട് നടത്തുന്ന രഹസ്യസംഭാഷണത്തെ കുറിച്ചാണ് നബിയുടെ -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അവിടുന്ന് പറയുന്നു: ഖിയാമത് നാളിൽ മുഅ്മിൻ തൻ്റെ റബ്ബിൻ്റെ അടുത്തേക്ക് നിർത്തപ്പെടും. അങ്ങനെ അല്ലാഹു മഹ്ശറിലെ ജനങ്ങൾ അവൻ്റെ രഹസ്യങ്ങൾ അറിയാതിരിക്കുന്നതിന് വേണ്ടി അവൻ്റെ മേൽ മറ വെക്കുകയും, അവനോട് ഇപ്രകാരം പറയുകയും ചെയ്യും: "ഇന്നയിന്ന തിന്മകളെല്ലാം നീ ചെയ്തത് നിനക്കറിയുമോ?!" - അങ്ങനെ അല്ലാഹുവിനും അവൻ്റെ അടിമക്കും ഇടയിലുള്ള തിന്മകൾ അവനെ അല്ലാഹു ബോധ്യപ്പെടുത്തും. അയാൾ പറയും: അതെ, എൻ്റെ രക്ഷിതാവേ! അങ്ങനെ മുഅ്മിനായ ആ വ്യക്തിയെ ഭയം പിടികൂടുകയും, ഭീതിതനാവുകയും ചെയ്താൽ അല്ലാഹു അവനോട് പറയും: ഈ തിന്മകളെല്ലാം ഇഹലോകത്ത് ഞാൻ നിനക്കായി മറച്ചു വെച്ചു. ഇന്നേ ദിവസം അവ നിനക്ക് ഞാൻ പൊറുത്തു നൽകുന്നു. ശേഷം അവൻ്റെ നന്മയുടെ ഏടുകൾ അവന് നൽകപ്പെടുന്നതാണ്. എന്നാൽ അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചവരെയും കപടവിശ്വാസികളെയും എല്ലാ സൃഷ്ടികൾക്കും മുൻപിൽ നിർത്തി കൊണ്ട് ഇപ്രകാരം വിളിച്ചു പറയപ്പെടും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിൻ്റെ മേൽ കളവു കെട്ടിച്ചമച്ചവർ. അതിനാൽ അതിക്രമികളുടെ മേൽ അല്ലാഹുവിൻ്റെ ശാപമുണ്ടാകട്ടെ!
മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്ന ഒരു പ്രവർത്തനം എനിക്ക് അറിയിച്ചു തന്നാലും." നബി -ﷺ- പറഞ്ഞു: "നീ ചോദിച്ചിരിക്കുന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. എന്നാൽ അല്ലാഹു എളുപ്പമാക്കി നൽകിയവർക്ക് അത് ലളിതവുമാണ്. നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. നിസ്കാരം നിലനിർത്തുക. സകാത്ത് നൽകുക. റമദാൻ മാസം നോമ്പെടുക്കുക. ഹജ്ജ് നിർവ്വഹിക്കുക." ശേഷം നബി -ﷺ- ചോദിച്ചു: "നന്മയുടെ കവാടങ്ങൾ ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ?! നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്നത് പോലെ, ദാനധർമ്മം തിന്മകളെ കെടുത്തുന്നതാണ്. രാത്രിയുടെ മധ്യ വേളയിലുള്ള നിസ്കാരവും. ശേഷം അവിടുന്ന് പാരായണം ചെയ്തു: "ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ റബ്ബിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നല്കിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല." ശേഷം നബി -ﷺ- പറഞ്ഞു: "സർവ്വ നന്മയുടെയും ശിരസ്സും സ്തംഭവും അതിൻ്റെ ഉയർച്ചയും ഏതിലെല്ലാമാണെന്ന് ഞാൻ പറഞ്ഞു തരട്ടെയോ?!" ഞാൻ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "കാര്യങ്ങളുടെ ശിരസ്സ് ഇസ്ലാമാണ്. അതിൻ്റെ സ്തംഭം നിസ്കാരവും, അതിൻ്റെ ഉയർച്ച ജിഹാദുമാണ്." ശേഷം നബി -ﷺ- ചോദിച്ചു: "ഇതെല്ലാം ഉടമപ്പെടുത്തുന്ന കാര്യം എന്താണെന്ന് ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ?!" ഞാൻ പറഞ്ഞു: "അറിയിച്ചാലും! അല്ലാഹുവിൻ്റെ റസൂലേ!" അവിടുന്ന് തൻ്റെ നാവ് പിടിച്ചു കൊണ്ടു പറഞ്ഞു: "ഇത് നീ പിടിച്ചു വെക്കുക." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! നാം സംസാരിക്കുന്നതിൻ്റെ പേരിൽ നമ്മൾ പിടികൂടപ്പെടുമോ?!" അവിടുന്ന് പറഞ്ഞു: "ജനങ്ങൾ നരകത്തിലേക്ക് തങ്ങളുടെ മുഖങ്ങൾ കുത്തിയ നിലയിൽ -അല്ലെങ്കിൽ മൂക്കു കുത്തിയ നിലയിൽ- വീഴുന്നത് അവരുടെ നാവുകൾ കൊയ്തെടുത്തത് കൊണ്ടല്ലാതെ മറ്റെന്താണ്?!"
رواه الترمذي وابن ماجه وأحمدമുആദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. ഒരു ദിവസം യാത്രക്കിടയിൽ ഞാൻ അവിടുത്തോട് ഏറെ സമീപത്തായി തീർന്നു. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകത്തിൽ നിന്ന് എന്നെ അകറ്റുകയും ചെയ്യുന്ന ഒരു പ്രവൃത്തിയെ കുറിച്ച് എനിക്ക് പറഞ്ഞു തന്നാലും." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ ചോദിച്ചിരിക്കുന്നത് ഏറെ മഹത്തരമായ ഒരു കാര്യത്തെ കുറിച്ചാണ്; അത് പ്രവർത്തിച്ചു തീർക്കാൻ മനസ്സ് ലഭിക്കുക എന്നത് പ്രയാസകരം തന്നെ. എന്നാൽ അല്ലാഹു എളുപ്പമാക്കി നൽകിയവർക്ക് അത് വളരെ ലളിതമായ കാര്യവുമാണ്. ഇസ്ലാമിലെ ഈ നിർബന്ധ ബാധ്യതകൾ നീ നിറവേറ്റുക. ഒന്ന്: നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. രണ്ട്: അഞ്ചു നേരത്തെ നിർബന്ധമായ നിസ്കാരങ്ങൾ -സുബ്ഹ്, ദ്വുഹ്ർ, അസ്വർ, മഗ്രിബ്, ഇശാഅ് എന്നിവ- അവയുടെ നിബന്ധനകളും സ്തംഭങ്ങളും നിർബന്ധ ഘടകങ്ങളും പാലിച്ചു കൊണ്ട് നിർവ്വഹിക്കുക എന്നതാണ്. മൂന്ന്: നിർബന്ധ ദാനമായ സകാത്ത് നൽകലാണ്. നിശ്ചിത അളവെത്തിയ നിർണ്ണിത സമ്പത്തിൽ നിന്ന് നിർബന്ധമായും നൽകേണ്ട ദാനമാണ് സകാത്ത്. അതിനർഹതയുള്ള അവകാശികൾക്കാണ് ആ വിഹിതം നൽകേണ്ടത്. നാല്: റമദാനിൽ നോമ്പെടുക്കലാണ്. അല്ലാഹുവിനുള്ള ഇബാദത്താണെന്ന ഉദ്ദേശ്യത്തോടെ ഭക്ഷണപാനീയങ്ങളും മറ്റും ഉപേക്ഷിച്ചു കൊണ്ട്, പുലരി മുതൽ സൂര്യാസ്തമയം വരെ കഴിച്ചു കൂട്ടുക എന്നതാണ് ഇസ്ലാമിലെ നോമ്പ്. അഞ്ച്: ഹജ്ജ് നിർവഹിക്കുക. അതായത് ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെയും അല്ലാഹുവിനുള്ള ആരാധനയുടെ ഭാഗമായും മക്കയിലെ കഅ്ബയിലേക്ക് യാത്ര ചെയ്യുക. ശേഷം നബി -ﷺ- പറഞ്ഞു: നന്മയുടെ വാതിലുകളിലേക്ക് നിന്നെ എത്തിക്കുന്ന ഒരു വഴിയെ കുറിച്ച് ഞാൻ നിന്നെ അറിയിക്കട്ടെയോ?! ഇതുവരെ പറഞ്ഞ നിർബന്ധ കർമ്മങ്ങൾക്കൊപ്പം ഐഛികമായ (സുന്നത്തായ) കർമ്മങ്ങൾ കൂടെ നീ നിർവ്വഹിക്കുക എന്നതാണത്. ഒന്നാമത്തേത്; സുന്നത്തായ നോമ്പുകളാണ്. തിന്മകളിൽ വീണു പോകുന്നതിൽ നിന്ന് തടഞ്ഞു നിർത്തുന്ന നന്മയാണത്. ലൈംഗികതൃഷ്ണ കുറക്കുന്നതിലും ശക്തി കുറക്കുന്നതിലും നോമ്പിന് പങ്കുണ്ട്. രണ്ട്; സുന്നത്തായ ദാനധർമ്മങ്ങളാണ്. സംഭവിച്ചു പോയ തിന്മകളെ അണക്കാനും ഇല്ലാതെയാക്കാനും അതിൻ്റെ അനന്തര ഫലങ്ങളെ മായ്ച്ചു കളയാനും ദാനധർമ്മങ്ങൾ കൊണ്ട് സാധിക്കും. മൂന്ന്; രാത്രിയുടെ അവസാന മൂന്ന് യാമങ്ങളിൽ അവസാനത്തെതില് തഹജ്ജുദ് നിസ്കരിക്കുക എന്നതാണ്. ശേഷം നബി -ﷺ- സൂറ സജ്ദയിലെ വചനം പാരായണം ചെയ്തു: "ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നല്കിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല." അവർ തങ്ങളുടെ റബ്ബിനോട് പ്രാർത്ഥിക്കും എന്ന് പറഞ്ഞതിൽ നിസ്കാരവും ദിക്റുകളും ഖുർആൻ പാരായണവും പ്രാർത്ഥനകളുമെല്ലാം ഉൾപ്പെടുന്നതാണ്. അന്ത്യനാളിൽ സ്വർഗത്തിൽ അവർക്ക് കൺകുളിർമയേകുന്ന അനുഗ്രഹങ്ങൾ ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു. ശേഷം നബി -ﷺ- മുആദിനോട് ചോദിച്ചു: "ദീനിൻ്റെ അടിത്തറ ഏതെന്നും, അത് നിലകൊള്ളുന്ന സ്തംഭം ഏതാണെന്നും, അതിൻ്റെ ഉന്നതശിഖ ഏതാണെന്നും ഞാൻ നിനക്ക് വിവരിച്ചു തരട്ടെയോ?!" "അതെ! (പറഞ്ഞു തന്നാലും) അല്ലാഹുവിൻ്റെ റസൂലേ!" എന്നായിരുന്നു മുആദിൻ്റെ മറുപടി. നബി -ﷺ- പറഞ്ഞു: "കാര്യങ്ങളുടെ അടിത്തറയും ശിരസ്സുമെന്നു പറയാവുന്നത് രണ്ട് സാക്ഷ്യവചനങ്ങൾ അടങ്ങുന്ന ഇസ്ലാമാണ്. ആ രണ്ട് ശഹാദത്തുകളിലൂടെ ഒരാളുടെ പക്കൽ ഇസ്ലാമിൻ്റെ അടിത്തറ രൂപപ്പെട്ടു കഴിഞ്ഞു." അതിൻ്റെ സ്തംഭം എന്നു പറയുന്നത് നിസ്കാരമാണ്. തൂണുകളില്ലാതെ വീടുകൾക്ക് നിലനിൽക്കാൻ കഴിയില്ലെന്ന പോലെ, നിസ്കാരമില്ലാതെ ഇസ്ലാം ഒരാളിൽ നിലകൊള്ളുകയില്ല. അതിനാൽ ഒരാൾ നിസ്കരിച്ചാൽ അവൻ്റെ ദീൻ ശക്തമാവുകയും ഉന്നതമാവുകയും ചെയ്യും. അതിൻ്റെ ഉന്നതശിഖ എന്നു പറയാവുന്നത് -ഇസ്ലാമിൻ്റെ ഉന്നതിയും ഉയർച്ചയുമുണ്ടാകുന്നത്- അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിലൂടെയാണ്. അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി, ഇസ്ലാമിൻ്റെ ശത്രുക്കൾക്കെതിരെ പോരാടിക്കൊണ്ടാണ് അത് നിർവ്വഹിക്കേണ്ടത്. ശേഷം നബി -ﷺ- പറഞ്ഞു: "ഈ പറഞ്ഞതെല്ലാം നേരാവണ്ണം നിലനിർത്താനും കൃത്യത വരുത്താനുമുള്ള കാര്യം എന്താണെന്ന് ഞാൻ നിനക്ക് പറഞ്ഞു തരട്ടെയോ?!" തൻ്റെ നാവ് പിടിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: "ഇതിനെ നീ തടഞ്ഞു വെക്കുക! നിനക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കാതെ നിൻ്റെ നാവിനെ പിടിച്ചു വെക്കുക!" മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "നാം സംസാരിക്കുന്ന എല്ലാ കാര്യത്തിലും നമ്മുടെ റബ്ബ് നമ്മെ വിചാരണ ചെയ്യുകയും പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുന്നതാണോ?!" അപ്പോൾ നബി -ﷺ- പറഞ്ഞു: "നിൻ്റെ ഉമ്മയെ നിനക്ക് നഷ്ടമാകട്ടെ!" ഒരാൾ ഇന്നകാര്യം അറിയേണ്ടതായിരുന്നു എന്നോ ശ്രദ്ധിക്കേണ്ടതായിരുന്നു എന്നോ സൂചിപ്പിക്കുന്നതിനും ഉണർത്തുന്നതിനും വേണ്ടി അറബികൾ പ്രയോഗിക്കാറുള്ള, പദാനുപദ അർത്ഥം ഉദ്ദേശ്യമില്ലാത്ത ഒരു വാചകം മാത്രമാണിത്. ശേഷം നബി -ﷺ- പറഞ്ഞു: "ജനങ്ങളെ അവരുടെ മുഖം കുത്തി വീഴ്ത്തുകയും നരകത്തിൽ ആപതിപ്പിക്കുകയും ചെയ്യുന്നത് അവരുടെ നാവുകൾ കൊണ്ട് അവർ കൊയ്തെടുത്ത പ്രവർത്തികളല്ലാതെ മറ്റെന്താണ്?! അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്ന കുഫ്റും, പതിവ്രതകളെ മോശം പറയുക എന്നതും, ചീത്ത വാക്കുകൾ പറയുക എന്നതും, പരദൂഷണവും ഏഷണിയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുക എന്നതുമെല്ലാം നാവ് കൊണ്ടാണല്ലോ അവർ ചെയ്തു കൂട്ടുന്നത് എന്നർത്ഥം.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളേ! തീർച്ചയായും അല്ലാഹു അതീവ പരിശുദ്ധൻ (ത്വയ്യിബ്) ആകുന്നു. പരിശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല. തൻ്റെ ദൂതന്മാരോട് കൽപ്പിച്ച അതേ കാര്യം അല്ലാഹു എല്ലാ മുഅ്മിനീങ്ങളോടും കൽപ്പിച്ചിരിക്കുന്നു. അല്ലാഹു (അവൻ്റെ ദൂതന്മാരോടായി) പറഞ്ഞു: "ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു." (മുഅ്മിനൂൻ: 51) അല്ലാഹു (മുഅ്മിനീങ്ങളോടായി) പറഞ്ഞു: "സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക." (അൽ ബഖറ: 172) ശേഷം നബി -ﷺ- ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞു. അയാൾ ദീർഘദൂരം യാത്ര ചെയ്തിരിക്കുന്നു; അയാളുടെ മുടി ജഢ കുത്തുകയും, (ശരീരമാസകലം) പൊടിപുരളുകയും ചെയ്തിരിക്കുന്നു. ആകാശത്തേക്ക് കൈകളുയർത്തി കൊണ്ട് അയാൾ "എൻ്റെ രക്ഷിതാവേ! എൻ്റെ രക്ഷിതാവേ!" എന്ന് പറയുന്നുണ്ട്. എന്നാൽ അവൻ ഭക്ഷിച്ചത് നിഷിദ്ധമാണ്, അവൻ്റെ വസ്ത്രവും നിഷിദ്ധമാണ്; അവൻ്റെ പാനീയവും നിഷിദ്ധമാണ്. അവൻ നിഷിദ്ധമുണ്ട് വളർന്നവനാണ്. അപ്പോൾ എങ്ങനെയാണ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുക?!"
رواه مسلمഅല്ലാഹു പരമപരിശുദ്ധനും എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും മുക്തനും എല്ലാ പൂർണ്ണതകളും ഉള്ളവനുമാണെന്നും നബി -ﷺ- അറിയിക്കുന്നു. അതിനാൽ അല്ലാഹു പരിശുദ്ധമായ പ്രവർത്തനങ്ങളും വിശ്വാസങ്ങളും വാക്കുകളുമല്ലാതെ സ്വീകരിക്കുന്നതല്ല. അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചു കൊണ്ട് നിഷ്കളങ്കമായി പ്രവർത്തിക്കുകയും, നബി -ﷺ- യുടെ മാതൃകയോട് യോജിക്കുന്നതുമായ പ്രവൃത്തിയാണ് ഏറ്റവും ശുദ്ധമായ പ്രവൃത്തി. അതിനാൽ ഒരാൾ അല്ലാഹുവിലേക്ക് സാമീപ്യം ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതും ഈ രൂപത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് മാത്രമായിരിക്കണം. ഒരു മുഅ്മിനിന് തൻ്റെ പ്രവർത്തനങ്ങൾ പരിശുദ്ധമാക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അവൻ്റെ ഭക്ഷണം പരിശുദ്ധമാക്കുക എന്നതും, ഹലാലായ (അനുവദനീയമായ) മാർഗത്തിൽ നിന്നാവുക എന്നതുമാണ്. ഇതു കൊണ്ട് തന്നെ, അല്ലാഹു തൻ്റെ മുർസലുകളോട് കൽപ്പിച്ച അതേ കാര്യം മുഅ്മിനുകളായ എല്ലാ അടിമകളോടും കൽപ്പിച്ചതായി കാണാം. അല്ലാഹു (അവൻ്റെ റസൂലുകളോട്) പറഞ്ഞിരിക്കുന്നു: "വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു." (മുഅ്മിനൂൻ: 51) അല്ലാഹു (മുഅ്മിനീങ്ങളോടായി) പറഞ്ഞു: "നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക." (ബഖറ: 172) നബി ﷺ ഇത്രയും പറഞ്ഞതിന് ശേഷം പ്രവർത്തനങ്ങളെ നശിപ്പിക്കുകയും അവ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാൻ വേണ്ടി എത്ര ശ്രമിച്ചാലും അതിനെയെല്ലാം നിഷ്ഫലമാക്കുകയും ചെയ്യുന്ന തിന്മയിൽ നിന്ന് -ഹറാം ഭക്ഷിക്കുന്നതിൽ നിന്ന്- താക്കീത് നൽകുന്നു. (അവിടുന്ന് ഇത് ബോധ്യപ്പെടുത്താനായി പറഞ്ഞ ആ വ്യക്തിയുടെ ഉദാഹരണത്തിൽ നന്മ സ്വീകരിക്കാൻ കാരണമാകുന്ന ധാരാളം കാര്യങ്ങളുണ്ട്;) അവയിൽ പെട്ടതാണ്: ഒന്ന്: ഹജ്ജ്, ജിഹാദ്, കുടുംബബന്ധം ചേർക്കൽ എന്നിങ്ങനെയുള്ള ഉദ്ദേശ്യവുമായി വിദൂര യാത്രയിലായിരിക്കുക എന്നത്. രണ്ട്: അയാളുടെ മുടി ചീകാൻ കഴിയാത്തതിനാൽ ജട പിടിക്കുകയും, മണ്ണും പൊടിയുമേറ്റ് അയാളുടെ വസ്ത്രവും ശരീരവും നിറംമാറുകയും ചെയ്തിരിക്കുന്നു എന്നതിനാൽ അയാൾ അതീവ പ്രയാസത്തിൽ അകപ്പെട്ട വ്യക്തിയാണെന്ന് മനസ്സിലാക്കാം. (ഇതും നന്മ സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന കാരണമാണ്.) മൂന്ന്: തൻ്റെ പ്രാർത്ഥന സ്വീകരിക്കാനായി അയാൾ കൈകൾ ആകാശത്തേക്ക് ഉയർത്തിയിരിക്കുന്നു. നാല്: 'എൻ്റെ റബ്ബേ! എൻ്റെ റബ്ബേ!' എന്നു വിളിച്ചു കൊണ്ട്, അല്ലാഹുവിൻ്റെ നാമങ്ങൾ മുൻനിർത്തിയാണ് അയാൾ പ്രാർത്ഥിക്കുന്നത്. ഇത് പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന കാര്യമാണ്. എന്നാൽ പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന ഈ കാര്യങ്ങളെല്ലാം ഉണ്ടായിട്ടും അയാളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെട്ടില്ല. അതിൻ്റെ കാരണമായി നബി -ﷺ- പറഞ്ഞത്, അയാളുടെ ഭക്ഷണവും പാനീയവും വസ്ത്രവുമെല്ലാം ഹറാമായിരുന്നു എന്നതാണ്. ഹറാമിൽ മുങ്ങിക്കുളിച്ച നിലയിലുള്ള ഈ മനുഷ്യൻ്റെ പ്രാർത്ഥന സ്വീകരിക്കപ്പെടാനുള്ള സാധ്യത അതിവിദൂരമാണ് എന്നതിനാൽ, എങ്ങനെ അവൻ്റെ പ്രാർത്ഥന സ്വീകരിക്കപ്പെടും? എന്ന് നബി -ﷺ- ആശ്ചര്യത്തോടെ ചോദിക്കുന്നു.
മിഖ്ദാദ് ബ്നു അംർ അൽ-കിൻദി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോട് ചോദിച്ചു: "കുഫ്ഫാറുകളിൽ പെട്ട ഒരാളെ ഞാൻ (യുദ്ധവേളയിൽ) കണ്ടുമുട്ടുകയും, ഞങ്ങൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെടുകയും, അവൻ എൻ്റെ കരങ്ങളിലൊന്നിൽ വെട്ടുകയും, എൻ്റെ കൈ ഛേദിക്കുകയും, ശേഷം ഒരു മരത്തിന് പിന്നിൽ നിന്നു കൊണ്ട് എന്നിൽ നിന്ന് രക്ഷ തേടുകയും, 'ഞാൻ മുസ്ലിമായിരിക്കുന്നു' എന്ന് പറയുകയും ചെയ്തു. അല്ലാഹുവിൻ്റെ റസൂലേ! അവൻ അങ്ങനെ പറഞ്ഞതിന് ശേഷം എനിക്ക് അവനെ വധിക്കാമോ?!" നബി -ﷺ- പറഞ്ഞു: "നീ അവനെ വധിക്കരുത്." ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവൻ എൻ്റെ കരങ്ങളിലൊന്ന് ഛേദിച്ചിരിക്കുന്നു. ശേഷമാണ് ഇങ്ങനെ പറഞ്ഞത്. (എന്നിട്ടും)?!" നബി -ﷺ- പറഞ്ഞു: "നീ അവനെ വധിക്കരുത്. നീ അവനെ വധിച്ചാൽ വധിക്കുന്നതിന് മുൻപുള്ള നിൻ്റെ സ്ഥാനത്ത് അവനും, അവൻ ആ വാക്ക് ഉച്ചരിക്കുന്നതിന് മുൻപുള്ള അവൻ്റെ സ്ഥാനത്ത് നീയും ആയിത്തീരുന്നതാണ്."
متفق عليهമിഖ്ദാദ് ബ്നു അസ്വദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് ചോദിച്ച ഒരു ചോദ്യമാണ് ഈ ഹദീഥിലുള്ളത്. യുദ്ധത്തിൽ കാഫിറുകളിൽ പെട്ട ഒരാളെ താൻ കണ്ടുമുട്ടുകയും, തങ്ങൾ തമ്മിൽ വാളുകൾ കൊണ്ട് പരസ്പരം സംഘട്ടനത്തിൽ ഏർപ്പെടുകയും, ശത്രു തൻ്റെ കൈകളിലൊന്ന് അവൻ്റെ വാളു കൊണ്ട് വെട്ടുകയും ശേഷം അവൻ രക്ഷപ്പെട്ടോടുകയും ഒരു മരത്തിൻ്റെ മറവിൽ സുരക്ഷ തേടുകയും, 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നു പറയുകയും ചെയ്താൽ -തൻ്റെ കൈ ഛേദിച്ചതിനു ശേഷം- തനിക്ക് അവനെ വധിക്കാൻ അനുവാദമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. നബി -ﷺ- അതിനുള്ള മറുപടിയായി പറഞ്ഞു: "നീ അവനെ വധിക്കരുത്." അപ്പോൾ മിഖ്ദാദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അവൻ എൻ്റെ കൈ ഛേദിച്ചിരിക്കുന്നു; എന്നിട്ടും ഞാൻ അവനെ വധിക്കരുതെന്നോ?!" നബി -ﷺ- പറഞ്ഞു: "നീ അവനെ വധിക്കരുത്. (കാരണം ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞതോടെ) അവൻ്റെ രക്തം ഹറാമായിരിക്കുന്നു. അവൻ ഇസ്ലാം സ്വീകരിച്ചതിന് ശേഷം നീ അവനെ വധിക്കുകയാണെങ്കിൽ മുസ്ലിമായ നിലയിൽ വധിക്കപ്പെട്ടതിനാൽ അവൻ്റെ രക്തം പവിത്രവും, അവനെ വധിച്ചതിനുള്ള പ്രതിക്രിയയായി നിന്നെ വധിക്കുന്നത് അനുവദനീയവുമായിത്തീരും.
അബൂ ബർസഃ അൽ അസ്ലമി -رَضِيَ اللَّهُ عَنْهُ- നിവേേദനം: നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ അത് സമ്പാദിച്ചതെന്നും എന്തിലാണ് അതവൻ ചെലവഴിച്ചതെന്നും, അവൻ്റെ ശരീരത്തെ കുറിച്ച് എന്തു കാര്യത്തിലാണ് അവനത് ഉപയോഗിച്ചതെന്നും ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല."
رواه الترمذيചില വിഷയങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെട്ടതിന് ശേഷമല്ലാതെ ഖിയാമത്ത് നാളിൽ ഒരാൾക്കും തൻ്റെ വിചാരണയുടെ സ്ഥാനം വിട്ട് -സ്വർഗത്തിലേക്കോ നരകത്തിലേക്കോ- നടത്തമാരംഭിക്കാൻ സാധിക്കില്ലെന്ന് നബി -ﷺ- അറിയിക്കുന്നു: ഒന്നാമത്തെ കാര്യം: അവൻ്റെ ജീവിതത്തെ കുറിച്ചാണ്; എന്തിലാണ് അതവൻ ചെലവഴിക്കുകയും ഉപയോഗിച്ചു തീർക്കുകയും ചെയ്തതെന്ന്? രണ്ടാമത്തെ കാര്യം: അവൻ്റെ വിജ്ഞാനത്തെ കുറിച്ചായിരിക്കും; അവൻ അല്ലാഹുവിന് വേണ്ടിയാണോ അത് തേടിയത്? ആ വിജ്ഞാനം അവൻ പ്രാവർത്തികമാക്കിയോ? അർഹതപ്പെട്ടവർക്ക് എത്തിച്ചു നൽകിയോ? മൂന്ന്: അവൻ്റെ സമ്പത്തിനെ കുറിച്ച്; അതവൻ ഹലാലായ (അനുവദനീയമായ) വഴിയിലൂടെയാണോ അതല്ല ഹറാമായ (നിഷിദ്ധമായ) വഴിയിലൂടെയാണോ സമ്പാദിച്ചത്? ഏതു മാർഗ്ഗത്തിലാണ് അത് ചെലവഴിച്ചത്; അല്ലാഹുവിന് തൃപ്തികരമായ മാർഗത്തിലാണോ അതല്ല, അവന് കോപമുണ്ടാക്കുന്ന മാർഗത്തിലാണോ?! നാല്: അവൻ്റെ ശരീരത്തെ കുറിച്ചും അതിന് നൽകപ്പെട്ട ആരോഗ്യത്തെ കുറിച്ചും സൗഖ്യത്തെ കുറിച്ചും യുവത്വത്തെ കുറിച്ചും; ഏതു കാര്യത്തിലാണ് അതവൻ ചെലവഴിച്ചത് എന്നും പ്രയോജനപ്പെടുത്തിയത് എന്നും?
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഖൈബർ യുദ്ധദിവസം നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഈ പതാക ഞാൻ നാളെ ഒരാളെ ഏൽപ്പിക്കുന്നതാണ്; അല്ലാഹുവിനെയും റസൂലിനെയും അദ്ദേഹം സ്നേഹിക്കുന്നു. അല്ലാഹു അദ്ദേഹത്തിനെ കൊണ്ട് വിജയം നൽകുന്നതാണ്." ഉമർ -رَضِيَ اللَّهُ عَنْهُ- പറയാറുണ്ടായിരുന്നു: "അന്നേ ദിവസമല്ലാതെ മറ്റൊരു ദിവസവും ഞാൻ അധികാരം ആഗ്രഹിച്ചിട്ടില്ല. എന്നെ അതിനായി വിളിക്കുന്നതിന് വേണ്ടി ഞാൻ തിരക്കിട്ടു പോയിട്ടുണ്ട്. എന്നാൽ നബി -ﷺ- അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- വിനെ വിളിക്കുകയും, അദ്ദേഹത്തിന് പതാക നൽകുകയും ചെയ്തു. ശേഷം അവിടുന്ന് അലിയോട് പറഞ്ഞു: "മുന്നോട്ടു നടക്കുക. അല്ലാഹു വിജയം നൽകുന്നത് വരെ തിരിഞ്ഞു നോക്കരുത്." അങ്ങനെ അലി -رَضِيَ اللَّهُ عَنْهُ- കുറച്ചു ദൂരം നടന്നതിന് ശേഷം ഒന്നു നിന്നു; തിരിഞ്ഞു നോക്കാതെ അദ്ദേഹം വിളിച്ചു ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്തിൻ്റെ പേരിലാണ് ഞാൻ ജനങ്ങളോട് യുദ്ധം ചെയ്യേണ്ടത്?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും അവർ സാക്ഷ്യം വഹിക്കുന്നത് വരെ അവരോട് യുദ്ധം ചെയ്യുക. അതവർ അംഗീകരിച്ചാൽ അവരുടെ രക്തവും സമ്പാദ്യവും നിന്നിൽ നിന്ന് അവർ സുരക്ഷിതമാക്കിയിരിക്കുന്നു; ഇസ്ലാമിൻ്റെ പേരിലുള്ള അവകാശങ്ങളൊഴികെ. അവരുടെ വിചാരണ അല്ലാഹുവിൻ്റെ മേലാകുന്നു."
رواه مسلمമദീനയുടെ അടുത്തുള്ള ഖയ്ബറിൽ താമസിച്ചിരുന്ന യഹൂദരുമായുള്ള യുദ്ധത്തിൽ അടുത്ത ദിവസം വിജയം ലഭിക്കുമെന്ന് നബി -ﷺ- സ്വഹാബികളെ അറിയിച്ചു. താൻ പതാക ഏൽപ്പിക്കുന്ന ഒരാളുടെ നേതൃത്വത്തിലായിരിക്കും അതെന്നും, അദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നയാളും, അല്ലാഹുവും റസൂലും സ്നേഹിക്കുന്ന വ്യക്തിയുമായിരിക്കുമെന്നും അവിടുന്ന് അറിയിച്ചു. അന്നേ ദിവസമല്ലാതെ മറ്റൊരു ദിവസവും താൻ നേതൃത്വത്തിനായി ആഗ്രഹിച്ചിട്ടില്ലെന്നും, അത് തൻ്റെ ലക്ഷ്യമായിട്ടില്ലെന്നും ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- പറയാറുണ്ടായിരുന്നു. അല്ലാഹുവും റസൂലും സ്നേഹിക്കുന്ന വ്യക്തി എന്ന പദവി ലഭിക്കുക എന്ന ആഗ്രഹമായിരുന്നു അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അന്നേ ദിവസം നബി -ﷺ- തന്നെ പതാകയേൽപ്പിക്കുന്നതിന് വേണ്ടിയും അവിടുന്ന് തന്നെ വിളിക്കുന്നതിന് വേണ്ടിയും അദ്ദേഹം തൻ്റെ ശരീരം ഉയർത്തിപ്പിടിക്കുക വരെ ചെയ്തു. പക്ഷേ നബി -ﷺ- അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- വിനെയാണ് വിളിച്ചതും, അദ്ദേഹത്തിനാണ് പതാക നൽകിയതും. സൈന്യവുമായി മുന്നോട്ട് ചലിക്കാനും, ശത്രുവുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചു കഴിഞ്ഞാൽ പിന്നീട് വിശ്രമത്തിനോ ഇടവേളക്കോ സന്ധിസംഭാഷണത്തിനോ വേണ്ടി യുദ്ധം നിർത്തി വെക്കരുതെന്നും പിന്തിരിയരുതെന്നും, യഹൂദരുടെ കോട്ടകൾക്ക് മേൽ അല്ലാഹു വിജയവും അധീശത്വവും നൽകുന്നത് വരെ യുദ്ധം തുടരണമെന്നും നബി -ﷺ- അദ്ദേഹത്തിന് നിർദേശം നൽകി. അങ്ങനെ അലി -رَضِيَ اللَّهُ عَنْهُ- മുന്നോട്ട് നടന്നു; പൊടുന്നനെ അദ്ദേഹം തൻ്റെ നടത്തം നിർത്തി. പിന്തിരിയരുത് എന്ന് നബി -ﷺ- കൽപ്പിച്ചതിന് എതിര് പ്രവർത്തിക്കാതിരിക്കാൻ വേണ്ടി അദ്ദേഹം തിരിഞ്ഞു നോക്കിയില്ല. മറിച്ച്, തൻ്റെ ശബ്ദം ഉയർത്തി കൊണ്ട് അദ്ദേഹം വിളിച്ചു പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഏതു കാര്യത്തിനാണ് ഞാൻ ജനങ്ങളോട് പോരാടേണ്ടത്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും അവർ സാക്ഷ്യം വഹിക്കുന്നത് വരെ നീ അവരോട് പോരാടുക. അവർ നിൻ്റെ ക്ഷണത്തിന് ഉത്തരം നൽകുകയും, ഇസ്ലാമിൽ പ്രവേശിക്കുകയുമാണെങ്കിൽ തങ്ങളുടെ ജീവനും സമ്പത്തും അവർ നിന്നിൽ നിന്ന് സംരക്ഷിച്ചിരിക്കുന്നു. പിന്നെ അവ ഹനിക്കുക എന്നത് നിനക്ക് മേൽ നിഷിദ്ധമാവുകയും ചെയ്തിരിക്കുന്നു. ഈ (സാക്ഷ്യവചനത്തിൻ്റെ) തേട്ടമനുസരിച്ചുള്ള കാര്യത്തിനല്ലാതെ അവരുടെ രക്തം പിന്നീട് ചിന്തപ്പെടുന്നതല്ല. അവർ വധശിക്ഷക്ക് അർഹരാകുന്ന വിധത്തിലുള്ള എന്തെങ്കിലും കുറ്റകൃത്യം ചെയ്യുകയോ അതിക്രമം പ്രവർത്തിക്കുകയോ ചെയ്താൽ ഇസ്ലാമിക ശിക്ഷാവിധികൾക്ക് വിധേയമായി അവർ വധിക്കപ്പെടുന്നതാണ്; അവരുടെ വിചാരണ അല്ലാഹുവിങ്കലായിരിക്കും.
നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുഅ്മിനുകളുടെ ഉപമ ഒരൊറ്റ ശരീരത്തിൻ്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ പങ്കുചേരും."
متفق عليهമുസ്ലിംകൾ പരസ്പരമുള്ള ബന്ധങ്ങളിൽ നിർബന്ധമായും നിലനിർത്തിയിരിക്കേണ്ട കാരുണ്യവും പരസ്പര സഹായവും സഹകരണവും അപരന് വേണ്ടി നന്മ ആഗ്രഹിക്കലും എപ്രകാരമായിരിക്കണമെന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. അവരിൽ ഒരാൾക്ക് ഉണ്ടാകുന്ന പ്രയാസം മറ്റുള്ളവർക്ക് കൂടി എപ്രകാരം ബാധിക്കുമെന്നും അവിടുന്ന് ഒരു ഉപമയിലൂടെ പഠിപ്പിക്കുന്നു. ഒരു ഏകശരീരം പോലെയാണ് അവരുടെ അവസ്ഥ; ശരീരത്തിൽ ഏതെങ്കിലുമൊരു അവയവത്തിന് രോഗം ബാധിച്ചാൽ ശരീരം മുഴുവൻ ഉറക്കം നഷ്ടപ്പെടുത്തിയും പനിയിലൂടെയും അതിൽ പങ്കുചേരുന്നത് കാണാം.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കവിളത്തടിക്കുന്നവനും കുപ്പായം വലിച്ചുകീറുന്നവനും ജാഹിലിയ്യത്തിലെ ആർത്തവിലാപം നടത്തുന്നവനും നമ്മിൽ പെട്ടവനല്ല."
متفق عليهഇസ്ലാമിന് മുൻപുണ്ടായിരുന്ന അന്ധകാര നിബിഢമായ ജാഹിലിയ്യഃ കാലഘട്ടത്തിലെ വിവരദോഷികൾ ചെയ്തിരുന്ന ചില പ്രവൃത്തികൾ നബി -ﷺ- ഈ ഹദീഥിൽ വിലക്കിയിരിക്കുന്നു. അവ പ്രവർത്തിക്കുന്നവർ 'നമ്മിൽ പെട്ടവരല്ല' എന്നാണ് നബി -ﷺ- അറിയിക്കുന്നത്. പ്രസ്തുത തിന്മകൾ ഇവയാണ്. ഒന്ന്: കവിളത്തടിക്കൽ. പൊതുവെ കവിളത്താണ് ജനങ്ങൾ അടിക്കാറുള്ളത് എന്നതിനാലാണ് 'കവിൾ' എന്നത് പ്രത്യേകം എടുത്തു പറഞ്ഞത്. അതല്ലായെങ്കിൽ, മുഖത്ത് അടിക്കുക എന്നത് മുഴുവനായും വിരോധിക്കപ്പെട്ടതാണ്. രണ്ട്: ദുഃഖം കഠിനമാകുമ്പോൾ മനോനില തെറ്റി വസ്ത്ര ത്തിനകത്തേക്ക് തല പ്രവേശിപ്പിക്കാൻ വേണ്ടി വസ്ത്രത്തിൻ്റെ തലഭാഗം വലിച്ചു കീറുക. മൂന്ന്: ജാഹിലിയ്യഃ കാലഘട്ടത്തിലുള്ളവർ നടത്തിയിരുന്ന തരത്തിലുള്ള ആർത്തവിലാപങ്ങൾ; നാശത്തിനായി പ്രാർത്ഥിക്കുകയും, ഒച്ചവെക്കുകയും വിലപിക്കുകയും ചെയ്യുന്നത് ഉദാഹരണം.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹു -تَبَارَكَ وَتَعَالَى- പറഞ്ഞിരിക്കുന്നു: "ഹേ ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നിടത്തോളം -നിന്നിൽ എന്തെല്ലാം ഉണ്ടെങ്കിലും- ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; ഞാൻ (നിൻ്റെ പക്കലുള്ളതിനെ) കാര്യമാക്കുകയില്ല. ഹേ ആദമിൻ്റെ മകനേ! നിൻ്റെ തിന്മകൾ ആകാശത്തിൻ്റെ വിഹായസ്സിനോളം എത്തുകയും ശേഷം നീ എന്നോട് പാപമോചനം തേടുകയും ചെയ്താൽ ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; (നിൻ്റെ പക്കലുള്ള തിന്മയുടെ ആധിക്യം) ഞാൻ കാര്യമാക്കുകയില്ല. ആദമിൻ്റെ മകനേ! ഭൂമി നിറയെ പാപവുമായി നീ എന്നിലേക്ക് വരികയും, യാതൊന്നിനെയും എന്നിൽ പങ്കുചേർക്കാത്ത നിലയിൽ നീ എന്നെ കണ്ടുമുട്ടുകയും ചെയ്താൽ ഭൂമി നിറയെ പാപമോചനവുമായി ഞാൻ നിന്നിലേക്ക് വരുന്നതാണ്."
رواه الترمذيഅല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: "ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും എൻ്റെ കാരുണ്യം പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, എന്നിൽ നിരാശപ്പെടാതിരിക്കുകയും ചെയ്യുന്നിടത്തോളം നിൻ്റെ തിന്മകൾ ഞാൻ മറച്ചു വെക്കുകയും, അവ ഞാൻ മായ്ച്ചു കളയുകയും ചെയ്യുന്നതാണ്. അത് ഞാൻ കാര്യമാക്കുകയില്ല. നിൻ്റെ തിന്മകൾ വൻപാപങ്ങളിൽ പെട്ടതാണെങ്കിൽ പോലും. ആദമിൻ്റെ മകനേ! നിൻ്റെ തിന്മകൾ ധാരാളമായി അധികരിക്കുകയും, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം നിറക്കുന്നത്ര വർദ്ധിക്കുകയും ചെയ്താലും, നീ എന്നോട് പാപമോചനം തേടിയാൽ ഞാൻ നിൻ്റെ തിന്മകൾ പൊറുത്തു നൽകുകയും അവയുടെ ആധിക്യം കാര്യമാക്കാതെ ഞാൻ നിനക്ക് പൊറുത്തു നൽകുകയും ചെയ്യുന്നതാണ്. ആദമിൻ്റെ മകനേ! ഭൂമി നിറയെ പാപങ്ങളും തിന്മകളുമായാണ് മരണശേഷം നീ എന്നെ കണ്ടുമുട്ടുന്നത് എങ്കിൽ -എന്നിൽ യാതൊന്നും പങ്കുചേർക്കാത്ത നിലയിൽ തൗഹീദോടെയാണ് നീ മരിച്ചിട്ടുള്ളത് എങ്കിൽ- ഈ തിന്മകൾക്കും പാപങ്ങൾക്കും പകരം ഭൂമി നിറയെ പാപമോചനവുമായാണ് നീ എന്നെ കണ്ടെത്തുക. കാരണം ഞാൻ വിശാലമായി പൊറുക്കുന്നവനാണ്; ബഹുദൈവാരാധന എന്ന തിന്മയൊഴികെ എല്ലാ തിന്മകളും ഞാൻ പൊറുക്കുന്നതാണ്.