





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (മുഅ്മിനുകളായ) എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരമുള്ളതിൽ (അത് പ്രവർത്തിക്കാൻ) നീ താത്പര്യം കാണിക്കുക. നീ അല്ലാഹുവിനോട് സഹായം തേടുക. നീ കഴിവുകെട്ടവനാകരുത്. നിനക്ക് (പ്രയാസകരമായ) വല്ലതും ബാധിച്ചാൽ 'ഞാൻ അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിച്ചേനെ' എന്ന് നീ പറയരുത്. മറിച്ച്, നീ പറയുക: 'അല്ലാഹുവിന്റെ വിധി! അവനുദ്ദേശിച്ചത് അവൻ പ്രവർത്തിക്കുന്നു.' കാരണം 'എങ്കിൽ' എന്ന വാക്ക് പിശാചിന് പ്രവർത്തിക്കാനുള്ള വാതിൽ തുറക്കും."
رواه مسلمസത്യവിശ്വാസി അവൻ മുഴുവൻ നന്മയാണ്; എന്നാൽ തൻ്റെ വിശ്വാസത്തിലും തീരുമാനങ്ങളിലും സമ്പത്തിലും മറ്റു മേഖലകളിലും ശക്തനായ ഒരാളാണ് ദുർബലനായ ഒരു വിശ്വാസിയേക്കാൾ അല്ലാഹുവിന് പ്രിയങ്കരനായിട്ടുള്ളത് എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു. ശേഷം അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുന്നവർ തങ്ങളുടെ ഇഹലോകത്തിനും പരലോകത്തിനും പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ മുറുകെ പിടിക്കണമെന്നും, അതിലെല്ലാം അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുകയും അവനോട് സഹായം തേടുകയും അവനിൽ തവക്കുൽ ചെയ്യുകയും വേണമെന്നും നബി -ﷺ- ഗുണദോഷിക്കുന്നു. ദുർബലതയും മടിയും ഇരുലോകങ്ങളിലേക്കും പ്രയോജനം ചെയ്യുന്ന കാര്യങ്ങളിൽ അലസത കാണിക്കുന്നതും ഉപേക്ഷിക്കാനും അവിടുന്ന് കൽപ്പിക്കുന്നു. അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുന്ന ഒരു വ്യക്തി തൻ്റെ ലക്ഷ്യം സാധിക്കാൻ വേണ്ടി പരിശ്രമിക്കുകയും, അതിന് വേണ്ട മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം അല്ലാഹുവിനോട് സഹായം തേടുകയും അവനോട് നന്മകൾ ചോദിക്കുകയും ചെയ്താൽ പിന്നീട് അവൻ്റെ മേൽ ബാക്കിയുള്ളത് കാര്യങ്ങളെല്ലാം അല്ലാഹുവിൻ്റെ മേൽ ഏൽപ്പിക്കുക എന്നത് മാത്രമാണ്. ഇനിയങ്ങോട്ടുള്ളതിൽ അല്ലാഹു അവന് എന്താണോ തിരഞ്ഞെടുക്കുന്നത്, അതാണ് അവന് ഉത്തമമായിട്ടുള്ളത് എന്ന് അവൻ മനസ്സിലാക്കട്ടെ. ഇനിയെന്തെങ്കിലും പ്രയാസം അവനെ ബാധിക്കുകയാണെങ്കിൽ തന്നെയും അവനൊരിക്കലും ഇപ്രകാരം പറയരുത്: 'ഞാൻ ഇങ്ങനെയിങ്ങനെയെല്ലാം ചെയ്തിരുന്നെങ്കിൽ (എത്ര നല്ലതാകുമായിരുന്നു).' "'കാരണം ഇങ്ങനെ ചെയ്തിരുന്നെങ്കിൽ' എന്ന വാക്ക് പിശാചിൻ്റെ പ്രവർത്തനത്തിന് വാതിൽ തുറന്നു നൽകുന്നതാണ്." അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിന് എതിരെ നിൽക്കുന്ന തരത്തിലുള്ളതും, തനിക്ക് നഷ്ടപ്പെട്ടതിൽ കഠിനമായ നിരാശ പ്രകടിപ്പിക്കുന്നതുമായ വാക്കാണത്. അതിനാൽ അല്ലാഹുവിൻ്റെ വിധിക്ക് കീഴൊതുങ്ങിക്കൊണ്ടും അതിൽ തൃപ്തിയടഞ്ഞു കൊണ്ടും അവൻ പറയട്ടെ; "അല്ലാഹു നിശ്ചയിച്ച കാര്യമാണിത്. അവൻ ഉദ്ദേശിക്കുന്നത് അവൻ പ്രവർത്തിക്കുന്നു." അല്ലാഹു ഉദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് എല്ലാം സംഭവിച്ചിരിക്കുന്നത് എന്നും, താൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നവനാണ് അവനെന്നും, അല്ലാഹുവിൻ്റെ വിധിയെ തടുക്കാൻ ഒരാൾക്കും സാധ്യമല്ലെന്നും, അവൻ്റെ തീരുമാനത്തിന് എതിരു പറയാൻ ഒരാളുമില്ലെന്നുമുള്ള ഏറ്റുപറച്ചിലാണ് ആ വാക്കുകളിലുള്ളത്.
അബൂ വാഖിദ് അല്ലയ്ഥി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഹുനൈനിലേക്ക് പുറപ്പെട്ടപ്പോൾ ബഹുദൈവാരാധകരുടെ ഒരു വൃക്ഷത്തിനരികിലൂടെ സഞ്ചരിച്ചു. ദാതു അൻവാത് എന്നായിരുന്നു അതിൻ്റെ പേര്; (ബഹുദൈവാരാധകർ) തങ്ങളുടെ ആയുധങ്ങൾ അതിൽ തൂക്കിയിടാറുണ്ടായിരുന്നു. അപ്പോൾ (ചിലർ) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് ഒരു ദാതു അൻവാത്വ് ഉള്ളത് പോലെ, ഞങ്ങൾക്കും ഒരു ദാതു അൻവാത്വ് നിശ്ചയിച്ചു തരൂ." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹു എത്ര പരിശുദ്ധൻ! മൂസായുടെ ജനത പറഞ്ഞതു പോലെത്തന്നെയുണ്ട് ഇത്; "അവർക്കൊരു ദൈവമുള്ളത് പോലെ ഞങ്ങൾക്കും ഒരു ദൈവത്തെ നിശ്ചയിച്ചു തരൂ." (അഅ്റാഫ്: 138) എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങൾ മുൻപുള്ളവരുടെ ചര്യയെ പിൻപറ്റുക തന്നെ ചെയ്യുന്നതാണ്."
رواه الترمذي وأحمدനബി -ﷺ- ഹുനൈനിലേക്ക് പുറപ്പെട്ടു; ത്വാഇഫിനും മക്കക്കും ഇടയിലുണ്ടായിരുന്ന ഒരു താഴ്വാരമായിരുന്നു അത്. അടുത്ത കാലത്തായി മാത്രം ഇസ്ലാം സ്വീകരിച്ച ചില സ്വഹാബിമാരും നബി -ﷺ- യോടൊപ്പം ഉണ്ടായിരുന്നു. അങ്ങനെ 'ദാതു അൻവാത്വ്' എന്ന് ബഹുദൈവാരാധകർ വിളിച്ചിരുന്ന ഒരു വൃക്ഷത്തിന് അരികിലൂടെ അവർ കടന്നുപോയി. ബഹുദൈവാരാധകർ ആദരവോടെ കാണുകയും, തങ്ങളുടെ ആയുധങ്ങൾ അനുഗ്രഹവും ബറകത്തും തേടിക്കൊണ്ട് തൂക്കിയിടുകയും ചെയ്യാറുണ്ടായിരുന്ന ഒരു മരമായിരുന്നു അത്. നബി -ﷺ- യുടെ അനുചരന്മാരിൽ ചിലർ തങ്ങൾക്കും അതു പോലെയൊരു വൃക്ഷം നിശ്ചയിച്ചു തരാൻ ആവശ്യപ്പെട്ടു. തങ്ങളുടെ ആയുധങ്ങളും പുണ്യം പ്രതീക്ഷിച്ചു കൊണ്ട് അതിൽ തൂക്കിയിടാൻ വേണ്ടിയായിരുന്നു അവരത് ആവശ്യപ്പെട്ടത്; അത് അനുവദനീയമായ ഒരു കാര്യമായിട്ടായിരുന്നു അവർ മനസ്സിലാക്കിയത്. എന്നാൽ അവരുടെ ഈ ആവശ്യത്തോട് കടുത്ത അനിഷ്ടത്തോടെയാണ് നബി -ﷺ- പ്രതികരിച്ചത്. അല്ലാഹുവിനെ മഹത്വപ്പെടുത്തി കൊണ്ട് അവിടുന്ന് 'സുബ്ഹാനല്ലാഹ്' എന്ന് പറയുകയും, ഈ ആവശ്യം മൂസായുടെ ജനത അവരുടെ നബിയോട് 'ബഹുദൈവാരാധകർക്ക് ദൈവങ്ങളുള്ളത് പോലെ തങ്ങൾക്കും ഒരു ദൈവത്തെ നിശ്ചയിച്ചു തരൂ' എന്ന് ചോദിച്ചതിന് സമാനമാണെന്ന് അറിയിക്കുകയും ചെയ്തു. വിഗ്രഹങ്ങളെ ആരാധിക്കുന്ന ജനങ്ങളെ കണ്ടപ്പോൾ തങ്ങൾക്കും ബഹുദൈവാരാധകർക്കുള്ളത് പോലെ ഒരു വിഗ്രഹം വേണമെന്നായിരുന്നു മൂസായുടെ ജനത ചോദിച്ചത്. ദാത്വു അൻവാത്വ് പോലൊരു വൃക്ഷം വേണമെന്ന ആവശ്യം അവരുടെ മാർഗത്തെ പിൻപറ്റലാണ്. ഈ ഉമ്മത്ത് യഹൂദരുടെയും നസ്വാറാക്കളുടെയും മാർഗം പിൻപറ്റുകയും, അവർ ചെയ്തത് ആവർത്തിക്കുകയും ചെയ്യുമെന്ന് നബി -ﷺ- അറിയിച്ചു; ഈ അബദ്ധത്തിൽ ചെന്നുപെടാതിരിക്കാനുള്ള താക്കീതായിരുന്നു അത്.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഒരാൾ നബി -ﷺ- യുടെ അടുക്കൽ വരികയും ചില കാര്യങ്ങൾ അവിടുത്തോട് സംസാരിക്കുകയും ചെയ്തു. അങ്ങനെ അയാൾ പറഞ്ഞു: "അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാൽ." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ എന്നെ അല്ലാഹുവിന് തുല്യനാക്കുകയാണോ?? 'അല്ലാഹു; അവനൊരുവൻ മാത്രം ഉദ്ദേശിച്ചാൽ' എന്ന് നീ പറയുക."
رواه ابن ماجه والنسائي في الكبرى وأحمدഒരിക്കൽ ഒരാൾ നബി -ﷺ- യുടെ അരികിൽ വരികയും, അവിടുത്തോട് തൻ്റെ എന്തോ ഒരു വിഷയം സംസാരിക്കുകയും ചെയ്തു. അങ്ങനെ അയാൾ പറഞ്ഞു: "അല്ലാഹുവും താങ്കളും ഉദ്ദേശിച്ചാൽ." നബി -ﷺ- ഈ വാക്ക് ശക്തമായി എതിർത്തു. സൃഷ്ടികളുടെ ഉദ്ദേശ്യത്തെ അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തോട് ചേർത്തു 'അല്ലാഹുവിൻ്റെയും ഇന്നയാളുടെയും ഉദ്ദേശ്യം' എന്ന് പറയൽ ചെറിയ ശിർക്കിൽ ഉൾപ്പെടുന്നതാണ് എന്ന് അറിയിക്കുകയും ചെയ്തു. അതിനാൽ അങ്ങനെ പറയൽ ഒരു മുസ്ലിമിന് അനുവദനീയമല്ല. ശേഷം പറയേണ്ട ശരിയായ രൂപം നബി -ﷺ- അയാൾക്ക് പഠിപ്പിച്ചു കൊടുത്തു. 'അല്ലാഹു; അവൻ മാത്രം ഉദ്ദേശിച്ചാൽ' എന്നാണ് പറയേണ്ടത്. അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിലും തീരുമാനത്തിലും അവൻ ഏകനാണ്. അതിൽ മറ്റൊരാളെയും യാതൊരു രൂപത്തിലും ഒരേ നിലയിൽ ചേർത്തു പറയാൻ പാടില്ല.
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരിക്കൽ നബി -ﷺ- എൻ്റെയരികിൽ പ്രവേശിച്ചു. ഞാൻ എൻ്റെ ചെറിയ പത്തായം ഒരു വിരിപ്പ് കൊണ്ട് മറച്ചിരുന്നു; അതിന്മേലാകട്ടെ ചില ചിത്രങ്ങളുമുണ്ടായിരുന്നു. നബി -ﷺ- അത് കണ്ടപ്പോൾ അവിടുന്ന് അത് എടുത്തു നീക്കുകയും, അവിടുത്തെ മുഖം വിവർണ്ണമാവുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "ആഇശാ! ജനങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടിപ്പുകളോട് സാദൃശ്യം പുലർത്താൻ ശ്രമിക്കുന്നവർക്കാണ്." ആഇശാ -رَضِيَ اللَّهُ عَنْهَا- പറയുന്നു: "ഞങ്ങൾ ആ വിരിപ്പ് മുറിക്കുകയും, അതിൽ നിന്ന് ഒന്നോ രണ്ടോ തലയിണകൾ ഉണ്ടാക്കുകയും ചെയ്തു."
متفق عليهനബി -ﷺ- ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവരുടെ വസ്തുക്കളും മറ്റും ഇട്ടുവെക്കാറുണ്ടായിരുന്ന ഒരു ചെറിയ പത്തായപ്പുരയുടെ മുകളിൽ ഒരു വിരിപ്പ് ഇട്ടിരിക്കുന്നത് കണ്ടു. അതിലാകട്ടെ, ജീവനുള്ള വസ്തുക്കളുടെ ചിത്രങ്ങളുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ നബി -ﷺ- യുടെ മുഖം വിവർണ്ണമാവുകയും, അവിടുന്ന് ആ വിരിപ്പ് അവിടെ നിന്ന് എടുത്തു മാറ്റുകയും ചെയ്തു. ശേഷം നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ജനങ്ങളിൽ ഏറ്റവും കഠിനമായ ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ സൃഷ്ടികളോട് തങ്ങളുടെ ചിത്രപ്പണികളിലൂടെ സാദൃശ്യം വരുത്താൻ ശ്രമിക്കുന്നവർക്കായിരിക്കും." ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: "അങ്ങനെ ഞങ്ങൾ അത് ഒന്നോ രണ്ടോ തലയിണകളാക്കി മാറ്റി."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിൻ്റെ സന്തതി എന്നെ കളവാക്കിയിരിക്കുന്നു; അവന് യോജിച്ചതായിരുന്നില്ല അത്. അവൻ എന്നെ ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു; അതും അവന് യോജിച്ചതായിരുന്നില്ല. 'അല്ലാഹു എന്നെ ആരംഭത്തിൽ സൃഷ്ടിച്ചതു പോലെ, ഒരിക്കൽ കൂടി എന്നെ മടക്കിക്കൊണ്ടു വരില്ലെന്ന' അവൻ്റെ വാക്കിലൂടെയാണ് അവൻ എന്നെ കളവാക്കിയത്. ആദ്യമായി സൃഷ്ടിക്കുക എന്നത് സൃഷ്ടിപ്പ് ആവർത്തിക്കുക എന്നതിനേക്കാൾ എനിക്ക് നിസ്സാരമല്ല. 'അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു' എന്ന അവൻ്റെ വാക്കിലൂടെയാണ് അവൻ എന്നെ ആക്ഷേപിച്ചത്. സർവ്വനിലക്കും ഏകനും, പരാശ്രയമുക്തനുമാണ് ഞാൻ. ഞാൻ ജന്മം നൽകുകയോ ജനിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് തുല്യനായി ആരും തന്നെയില്ല."
رواه البخاريഅല്ലാഹു പറഞ്ഞു എന്ന് അറിയിച്ചു കൊണ്ട്, 'ഖുദ്സിയ്യായ' ഈ ഹദീഥിൽ നബി -ﷺ- പറയുന്നു: ബഹുദൈവാരാധകരും നിഷേധികളും അല്ലാഹുവിനെ കളവാക്കുകയും അവനെ കുറിച്ച് ആക്ഷേപങ്ങളും മോശം വാക്കുകളും പറയുകയും ചെയ്യുന്നു. അതാകട്ടെ, അവർക്ക് അനുവദനീയമോ യോജിച്ചതോ ആയ കാര്യമായിരുന്നില്ല. അവർ കളവാക്കി എന്നത് കൊണ്ട് ഉദ്ദേശ്യം; അല്ലാഹു സൃഷ്ടികളെ അവരുടെ മരണത്തിന് ശേഷം പുനരുജ്ജീവിപ്പിക്കുകയോ, ആദ്യതവണ അവരെ സൃഷ്ടിച്ചതു പോലെ മടക്കുകയോ ചെയ്യില്ല എന്നുള്ള അവരുടെ വാദമാണ്. ശൂന്യതയിൽ നിന്ന് സൃഷ്ടിപ്പ് ആരംഭിച്ചവന് ഒരിക്കൽ കൂടെ അവരുടെ സൃഷ്ടിപ്പ് ആവർത്തിക്കുക എന്നത് സാധ്യമാണെന്നും, ആവർത്തനം ആരംഭത്തേക്കാൾ നിസ്സാരമാണെന്നും അല്ലാഹു അവർക്ക് മറുപടി നൽകുന്നു. യഥാർത്ഥത്തിൽ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സൃഷ്ടിപ്പ് ആരംഭിക്കുന്നതും ആവർത്തിക്കുന്നതും അവന് ഒരു പോലെയാണ്. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനത്രെ. അവർ അല്ലാഹുവിനെ ആക്ഷേപിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം; അവനൊരു സന്താനമുണ്ട് എന്ന അവരുടെ ജൽപ്പനമാണ്. അല്ലാഹു എല്ലാ നിലക്കും ഏകനും, സർവ്വ പൂർണ്ണതകളിലും അവൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ഏകത്വമുള്ളവനാണെന്നും, ഒരു ന്യൂനതയോ കുറവോ ഉണ്ടാവുന്നതിൽ നിന്ന് അവൻ പരിശുദ്ധനാണ് എന്നും, ഒരാളുടെയും സഹായമോ ആശ്രയമോ വേണ്ടതില്ലാത്ത നിരാശ്രയനാണെന്നും, ഏവരും അവനിലേക്ക് ആവശ്യക്കാരാണെന്നും അല്ലാഹു അറിയിക്കുന്നു. അവനൊരിക്കലും ആരുടെയും പിതാവാകുകയോ, അവന് ഒരു സന്താനമുണ്ടാവുകയോ ചെയ്തിട്ടില്ല. അവന് തുല്യനോ സമനോ ആയ യാതൊരാളും ഉണ്ടായിട്ടില്ല.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "ആരെങ്കിലും എൻ്റെ ഒരു വലിയ്യിനോട് (ഇഷ്ടദാസനോട്) ശത്രുത പുലർത്തിയാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എൻ്റെ ദാസന് മേൽ ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും അവൻ എന്നിലേക്ക് സാമീപ്യം നേടിയിട്ടില്ല. എൻ്റെ ദാസൻ എന്നിലേക്ക് സുന്നത്തുകൾ കൊണ്ട് സാമീപ്യം നേടിക്കൊണ്ടേയിരിക്കും... അവനെ ഞാൻ സ്നേഹിക്കുന്നത് വരെ. ഞാൻ അവനെ സ്നേഹിച്ചു കഴിഞ്ഞാൽ അവന് കേൾവി നൽകുന്ന അവൻ്റെ ചെവിയും, അവന് കാഴ്ച്ച നൽകുന്ന അവൻ്റെ കണ്ണും, അവന് (വസ്തുക്കളെ) പിടിക്കാനുള്ള അവൻ്റെ കരങ്ങളും, അവന് നടക്കാനുള്ള അവൻ്റെ കാലുകളും ഞാനാകും. അവൻ എന്നോട് ചോദിച്ചാൽ ഞാനവന് നൽകും. എന്നോടെങ്ങാനും അവൻ രക്ഷ ചോദിച്ചാൽ ഞാൻ ഉറപ്പായും അവന് രക്ഷ നൽകും. വിശ്വാസിയുടെ ജീവൻ എടുക്കുന്നതിൽ ഞാൻ ശങ്കിക്കുന്നത് പോലെ മറ്റൊരു കാര്യത്തിലും ഞാൻ ശങ്കിച്ചിട്ടില്ല; അവൻ മരണത്തെ ഇഷ്ടപ്പെടുന്നില്ല. ഞാനാകട്ടെ, അവന് അനിഷ്ടമുണ്ടാക്കുന്നത് വെറുക്കുകയും ചെയ്യുന്നു."
رواه البخاريഖുദ്സിയ്യായ ഈ ഹദീഥിൽ, അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു. ആരെങ്കിലും എൻ്റെ ഇഷ്ടദാസന്മാരിൽ പെട്ട ഒരാളെ ഉപദ്രവിക്കുകയോ അവനോട് കോപിക്കുകയോ അവനെ വെറുക്കുകയോ ചെയ്താൽ അവനോടുള്ള എൻ്റെ ശത്രുത ഞാൻ പ്രഖ്യാപിക്കുകയും പരസ്യമാക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിൻ്റെ ഇഷ്ടദാസൻ (വലിയ്യ് / ഔലിയ) എന്നത് കൊണ്ട് ഉദ്ദേശ്യം (അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും) വിശ്വസിക്കുകയും, (അല്ലാഹുവിൻ്റെ വിധിവിലക്കുകൾ പാലിക്കുന്ന) തഖ്വയോടെ ജീവിക്കുന്ന വ്യക്തിയാണ്. ഒരാൾക്ക് എത്രമാത്രം വിശ്വാസവും തഖ്വയും അധികരിക്കുന്നുവോ, അത്രയും അല്ലാഹുവിൻ്റെ പക്കൽ അയാൾക്കുള്ള സ്ഥാനവും ഇഷ്ടവും 'വലായത്തും' അധികരിക്കുന്നതാണ്. തൻ്റെ രക്ഷിതാവ് നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ -വാജിബുകൾ പ്രവർത്തിക്കുക എന്നതും ഹറാമുകൾ ഉപേക്ഷിക്കുക എന്നതും- അവന് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും ഒരു മുസ്ലിമും അവനിലേക്ക് സാമീപ്യം നേടിയിട്ടില്ല. നിർബന്ധകർമ്മങ്ങളോടൊപ്പം സുന്നത്തുകൾ കൂടെ പ്രവർത്തിച്ചു കൊണ്ട് അവൻ തൻ്റെ രക്ഷിതാവിലേക്ക് അടുത്തു കൊണ്ടിരിക്കും; അവൻ്റെ ഇഷ്ടം നേടിയെടുക്കുന്നത് വരെ. അങ്ങനെ അല്ലാഹു അവനെ സ്നേഹിച്ചാൽ പിന്നീട് അവൻ്റെ നാല് അവയവങ്ങളെയും നേരായ വഴിയിൽ തന്നെ നിലനിർത്തുന്നതാണ്. അവൻ്റെ കേൾവി അല്ലാഹു നേരായ വഴിയിലാക്കും; അവൻ പിന്നീട് അല്ലാഹുവിന് തൃപ്തിയുള്ളതല്ലാതെ കേൾക്കില്ല. അവൻ്റെ കാഴ്ചയെ അല്ലാഹു നേരായ വിധത്തിലാക്കും; പിന്നീട് അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ കാര്യത്തിലേക്കല്ലാതെ അവൻ്റെ നോട്ടം നീളുകയില്ല. അവൻ്റെ കൈകളെയും അല്ലാഹു ശരിയാക്കുന്നതാണ്; ആ കരങ്ങൾ കൊണ്ട് അല്ലാഹുവിന് തൃപ്തിയുള്ളതല്ലാതെ അവൻ പ്രവർത്തിക്കുകയില്ല. അവൻ്റെ കാലുകളെയും അല്ലാഹു നേരെയാക്കുന്നതാണ്; അല്ലാഹുവിന് തൃപ്തിയുള്ളതിലേക്കല്ലാതെ അവൻ്റെ കാൽപ്പാദങ്ങൾ ചലിക്കുകയില്ല. ചുരുക്കത്തിൽ, നന്മകളിലേക്കല്ലാതെ അവൻ്റെ പരിശ്രമങ്ങൾ ഉണ്ടാവുകയില്ല. ഇതിനെല്ലാം പുറമെ, അല്ലാഹുവിനോട് ഈ അടിമ എന്തെങ്കിലുമൊരു കാര്യം ചോദിച്ചാൽ അല്ലാഹു അവന് അത് നൽകുന്നതാണ്. പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്നവനായി അവൻ മാറും. അല്ലാഹുവിനോട് അവൻ രക്ഷ തേടുകയും അവനിൽ അഭയം തേടുകയും ചെയ്താൽ അല്ലാഹൂ അവന് അഭയം നൽകുകയും അവൻ ഭയപ്പെടുന്നതിൽ നിന്ന് അല്ലാഹു അവനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതാണ്. ശേഷം അല്ലാഹു പറയുന്നു: വിശ്വാസിയുടെ ജീവൻ എടുക്കുന്നതിൽ ഞാൻ ശങ്കിക്കുന്നത് പോലെ മറ്റൊരു കാര്യത്തിലും ഞാൻ ശങ്കിച്ചിട്ടില്ല മുഅ്മിനിനോടുള്ള അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണത്; മരണം വേദനയുള്ള കാര്യമാണെന്നതിനാൽ അവൻ മരണത്തെ വെറുക്കുന്നു. അല്ലാഹുവാകട്ടെ, അവന് അനിഷ്ടമുണ്ടാക്കുന്നത് വെറുക്കുകയും ചെയ്യുന്നു."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളിലുള്ള രണ്ട് കാര്യങ്ങൾ; അവരിലുള്ള കുഫ്റാണ് അവ രണ്ടും. കുടുംബപരമ്പരയെ കുത്തിപ്പറയുക, മൃതദേഹത്തിനരികെ ആർത്തട്ടഹസിക്കുക എന്നിവയാണവ."
رواه مسلمഅല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്നവരുടെ പ്രവർത്തികളിൽ പെട്ട, (ഇസ്ലാമിന് മുൻപുള്ള വിവരമില്ലാത്ത) ജാഹിലിയ്യഃ കാലഘട്ടത്തിലെ സ്വഭാവങ്ങളിൽ പെടുന്ന രണ്ട് സ്വഭാവങ്ങളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിച്ചിരിക്കുന്നു: ഒന്ന്: ജനങ്ങളുടെ കുടുംബപരമ്പരയെ ആക്ഷേപിക്കുകയും കുറച്ചു കാണിക്കുകയും അവരുടെ മേൽ അഹങ്കാരം നടിക്കുകയും ചെയ്യൽ. രണ്ട്: പ്രയാസവും വിപത്തും ബാധിക്കുമ്പോൾ കഠിനമായ കോപം പ്രകടിപ്പിക്കുകയും, അല്ലാഹുവിൻ്റെ വിധിയെ പഴിക്കുകയും, വിലാപത്തിൻ്റെ പേരിൽ വസ്ത്രങ്ങൾ കീറിയെറിയുകയും ചെയ്യൽ.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരാണ് പാപ്പരായവൻ എന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: ‘ഞങ്ങളുടെ കൂട്ടത്തില് പാപ്പരായവന് പണവും സ്വത്തുമില്ലാത്തവനാണ്.’ അപ്പോള് നബി തിരുമേനി -ﷺ- പറഞ്ഞു: “എന്നാല് എൻ്റെ സമുദായത്തില് പാപ്പരായവന് ഖിയാമത്ത് നാളിൽ നിസ്കാരം, നോമ്പ്, സകാത്ത് തുടങ്ങിയ സല്ക്കര്മങ്ങളുമായി വരുന്നവനാണ്; അവൻ ഇന്നയാളെ ചീത്തപറഞ്ഞിട്ടുണ്ടാകും. മറ്റൊരാളെ സംബന്ധിച്ച് അവൻ അപവാദം പറഞ്ഞിട്ടുണ്ടാകും. ഇന്നയാളുടെ സമ്പത്ത് അവൻ അന്യായമായി ഭക്ഷിച്ചിട്ടുണ്ടാകും. ഇന്നയാളുടെ രക്തം അവൻ ചിന്തിയിട്ടുണ്ടാകും. ഇന്നയാളെ അവൻ അടിച്ചിട്ടുണ്ടാകും. അപ്പോള് അവരില് ഒരോരുത്തര്ക്കുമായി അവൻ്റെ സല്ക്കര്മങ്ങള് എടുത്തു നല്കപ്പെടും. അവൻ്റെ മേലുള്ള ബാധ്യത തീരുന്നതിനുമുമ്പ് അവൻ്റെ സല്ക്കര്മങ്ങള് തീര്ന്നുപോയാല് അവരുടെ പാപങ്ങളെടുത്ത് അവൻ്റെ മേല് ചാര്ത്തപ്പെടുകയും ചെയ്യും. പിന്നീടവന് നരകത്തില് എറിയപ്പെടുകയും ചെയ്യും."
رواه مسلمനബി -ﷺ- സ്വഹാബികളോട് ഒരിക്കൽ ചോദിച്ചു: "ആരാണ് പാപ്പരായവർ എന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "സമ്പത്തോ സമ്പാദ്യമോ ഇല്ലാത്തവരാണ് ഞങ്ങൾക്കിടയിൽ പാപ്പരായി പരിഗണിക്കപ്പെടുക." അപ്പോൾ നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിൽ പാപ്പരായവൻ എന്നാൽ അന്ത്യനാളിൽ നിസ്കാരവും നോമ്പും സകാത്തും പോലുള്ള ധാരാളം സൽകർമ്മങ്ങളുമായി വന്നെത്തുന്ന ഒരു വ്യക്തിയാണ്. എന്നാൽ അവൻ പലരെയും ചീത്തപറഞ്ഞും മോശം വാക്കുകളാൽ ആക്ഷേപിച്ചു കൊണ്ടുമാണ് വന്നിരിക്കുന്നത്. വേറെ ചിലരുടെ അഭിമാനത്തെ ആക്ഷേപിക്കുകയും, മറ്റു ചിലരുടെ സമ്പത്ത് ഭക്ഷിക്കുകയും അവകാശങ്ങളെ നിഷേധിക്കുകയും, ചിലരുടെ രക്തം ചൊരിയുകയും അവരോട് അതിക്രമം പ്രവർത്തിക്കുകയും, ഇനി ചിലരെ അടിക്കുകയും അപമാനിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. അങ്ങനെ അവൻ്റെ അതിക്രമത്തിന് ഇരയായവർക്ക് അവൻ്റെ നന്മകളിൽ നിന്ന് നൽകപ്പെടും. അവൻ്റെ അവകാശധംസ്വനങ്ങൾക്കും അതിക്രമങ്ങൾക്കും പകരമായി നൽകാൻ നന്മകൾ അവൻ്റെ പക്കൽ ഇല്ലാതെ വന്നാൽ അതോടെ അവൻ്റെ അതിക്രമത്തിന് ഇരയായവരുടെ തിന്മകൾ എടുക്കുകയും അതിക്രമിയുടെ മേൽ അത് ചാർത്തപ്പെടുകയും ചെയ്യും. ശേഷം ഒരു നന്മകളുമില്ലാത്ത നിലയിൽ, അവൻ നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സ്വർണ്ണമോ വെള്ളിയോ ഉടമപ്പെടുത്തിയ ഏതൊരാളാകട്ടെ, അതിൽ നിന്ന് തൻ്റെ ബാധ്യത അവൻ കൊടുത്തു വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ അവയെല്ലാം അഗ്നിയുടെ ഓരോ തളികയായി മാറ്റപ്പെടുകയും, അതിന് മേൽ നരകാഗ്നി കൊണ്ട് അവനെ തിളപ്പിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ അവൻ്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലുമെല്ലാം ചൂടു വെക്കപ്പെടും. ഓരോ തവണ അത് തണുക്കുമ്പോഴും അത് വീണ്ടും മടക്കപ്പെടും. (ഇങ്ങനെ) അൻപതിനായിരം വർഷം ദൈർഘ്യമുള്ള ഒരു ദിവസം മുഴുവൻ (ശിക്ഷ നൽകപ്പെടും). സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ ഒട്ടകത്തിൻ്റെ ഉടമയോ?!" നബി -ﷺ- പറഞ്ഞു: "ഒട്ടകത്തിൻ്റെ ഉടമയും; അതിലുള്ള ബാധ്യത കൊടുത്തു വീട്ടിയില്ലെങ്കിൽ (അവനും ശിക്ഷിക്കപ്പെടും.) അതിൻ്റെ ബാധ്യതയിൽ പെട്ടതാണ് ഒട്ടകത്തിന് വെള്ളം നൽകുന്ന ദിവസം അതിൻ്റെ പാൽ (ദരിദ്രർക്കും മറ്റും) നൽകുക എന്നത്. അതല്ലായെങ്കിൽ, അന്ത്യനാളിൽ ഏറ്റവുമധികം മിനുസമുള്ള ഒരു പ്രതലത്തിൽ അവനെ കിടത്തുകയും, ആ ഒട്ടകങ്ങളിൽ ഏറ്റവും ശക്തിയുള്ളവ അവയുടെ കുളമ്പുകൾ കൊണ്ട് അവനെ ചവിട്ടിമെതിക്കുകയും, പല്ലുകൾ കൊണ്ട് കടിച്ചുപറിക്കുകയും ചെയ്യുന്നതാണ്. അവൻ്റെ ഒട്ടകങ്ങളിലെ ഒരു കുഞ്ഞൊട്ടകം പോലും അവനെ വെറുതെ വിടുകയില്ല. ഒരൊട്ടകം അവന് മേലെ കൂടെ മറികടന്നു പോയാൽ മുൻപുള്ള ഒട്ടകം വീണ്ടും തിരിച്ചു വരും; (ഈ ശിക്ഷ) അൻപതിനായിരം വർഷം ദൈർഘ്യമുള്ള ദിവസം മുഴുവനുണ്ടായിരിക്കും. സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ പശുക്കളുടെയും ആടുകളുടെയും (ഉടമയോ)?" നബി -ﷺ- പറഞ്ഞു: "പശുക്കളുടെയും ആടുകളെയും ഉടമയും; അതിലുള്ള ബാധ്യത കൊടുത്തു വീട്ടിയില്ലെങ്കിൽ (അവനും ശിക്ഷിക്കപ്പെടും.) അന്ത്യനാളിൽ മിനുസമുള്ള ഒരു പ്രതലത്തിൽ അവനെ കിടത്തുന്നതാണ്. അവയുടെ (ശരീരത്തിലെ കൊമ്പുകളും മറ്റുമെല്ലാം) അതു പോലെത്തന്നെയുണ്ടായിരിക്കും. ഒട്ടിയ കൊമ്പുള്ളവയോ, കൊമ്പുകൾ ഇല്ലാത്തവയോ കൊമ്പൊടിഞ്ഞവയോ അക്കൂട്ടത്തിൽ ഉണ്ടാവുകയില്ല. അവയെല്ലാം തങ്ങളുടെ കൊമ്പുകൾ കൊണ്ട് അവനെ കുത്തുകയും, കുളമ്പുകൾ കൊണ്ട് ചവിട്ടുകയും ചെയ്തു കൊണ്ടിരിക്കും. അതിൽ ഒന്ന് അവന് മേലെ കൂടെ മറികടന്നു പോയാൽ അടുത്തുള്ളത് വീണ്ടും തിരിച്ചു വരും; (ഈ ശിക്ഷ) അൻപതിനായിരം വർഷം ദൈർഘ്യമുള്ള ദിവസം മുഴുവനുണ്ടായിരിക്കും. സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)." സ്വഹാബികൾ ചോദിച്ചു: "അപ്പോൾ കുതിരയോ?" നബി -ﷺ- പറഞ്ഞു: കുതിരകൾ മൂന്നു തരമുണ്ട്. ഉടമസ്ഥന് പാപഭാരമാകുന്നതും, മറയാകുന്നതും, പ്രതിഫലമേകുന്നതും. ഉടമസ്ഥന് പാപഭാരമാകുന്ന കുതിര അതിനെ ലോകമാന്യത്തിനും പൊങ്ങച്ചത്തിനും, ഇസ്ലാമിൻ്റെ ആളുകൾക്കെതിരെ അതിക്രമമായി കൊണ്ടും കെട്ടിയിട്ടവൻ്റെ കാര്യത്തിലാണ്. ആ കുതിര അവന് പാപഭാരമായിരിക്കും. എന്നാൽ ഉടമസ്ഥന് മറയാകുന്ന കുതിര അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ കെട്ടിയിട്ടിരിക്കുന്ന കുതിരയാണ്. അതിൻ്റെ മുതുകുകളിലും പിരടികളിലും അല്ലാഹുവിനോടുള്ള ബാധ്യത അവൻ മറന്നിട്ടില്ല. ആ കുതിര അവനൊരു മറയായിരിക്കും. ഇനി ഉടമസ്ഥന് പ്രതിഫലമായിത്തീരുന്ന കുതിര അല്ലാഹുവിൻ്റെ മാർഗത്തിൽ മുസ്ലിംകൾക്ക് വേണ്ടി മേച്ചിൽപ്പുറങ്ങളിലും തോട്ടങ്ങളിലും ബന്ധിക്കപ്പെട്ട കുതിരയാണ്. ആ മേച്ചിൽപുറത്തു നിന്നോ തോട്ടത്തിൽ നിന്നോ കുതിര എന്തൊന്ന് ഭക്ഷിച്ചാലും അത് ഭക്ഷിച്ച എണ്ണമത്രയും നന്മകൾ അവന് മേൽ രേഖപ്പെടുത്തുന്നതാണ്. അതിൻ്റെ വിസർജ്യത്തിൻ്റെയും മൂത്രത്തിൻ്റെയും എണ്ണം അവന് നന്മകൾ രേഖപ്പെടുത്തപ്പെടുന്നതാണ്. കുതിര അതിന്റെ കയർ പൊട്ടിക്കുകയും, ഒന്നോ രണ്ടോ ഉയർന്ന പ്രദേശങ്ങൾ അത് താണ്ടുകയും ചെയ്താൽ അതിൻ്റെ കാൽപ്പാടുകളുടെയും വിസർജ്യത്തിൻ്റെയും എണ്ണമനുസരിച്ച് അവന് നന്മകൾ രേഖപ്പെടുത്തുന്നതാണ്. ആ കുതിരയുടെ ഉടമസ്ഥൻ അതിന് മുകളിൽ യാത്ര ചെയ്യുകയും, ഒരു അരുവിയുടെ അരികിലൂടെ സഞ്ചരിക്കുകയും, -അവൻ്റെ നിർദേശമില്ലാതെ- ആ കുതിര അതിൽ നിന്ന് കുടിക്കുകയും ചെയ്താൽ പോലും അവന് ആ കുതിര കുടിച്ച അത്രയും നന്മകൾ രേഖപ്പെടുത്തപ്പെടും."
متفق عليهഈ ഹദീഥിൽ വ്യത്യസ്ത തരത്തിൽ പെട്ട സമ്പത്തുകൾ നബി -ﷺ- എടുത്തു പറയുകയും, അവയുടെ സകാത്ത് നൽകാത്തവർക്ക് ഖിയാമത്ത് നാളിൽ ലഭിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്ന് വിവരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അവിടുന്ന് എടുത്തു പറഞ്ഞ കാര്യങ്ങൾ ഇവയാണ്: ഒന്ന്: സ്വർണ്ണവും വെള്ളിയും, അവയുടെ പരിധിയിൽ പെടുന്ന കച്ചവടച്ചരക്കുകളും മറ്റു സമ്പത്തുകളും. ഈ സമ്പത്തുകൾ സകാത്ത് നൽകേണ്ട പരിധിയിൽ എത്തുകയും അവയുടെ ഉടമസ്ഥൻ അത് നൽകാതിരിക്കുകയും ചെയ്താലുള്ള ശിക്ഷ: ഈ സമ്പത്ത് ഉരുക്കപ്പെടുകയും, അവ ഫലകങ്ങളുടെ രൂപത്തിൽ ഒഴിക്കപ്പെടുകയും, അതിന് മേൽ നരകാഗ്നി ആളിക്കത്തിക്കപ്പെടുകയും, ആ സമ്പത്തിൻ്റെ ഉടമസ്ഥൻ അതിൽ ശിക്ഷിക്കപ്പെടുകയും ചെയ്യും. അങ്ങനെ അയാളുടെ പാർശ്വങ്ങളും നെറ്റിയും പുറവും പൊള്ളിക്കപ്പെടുകയും, അതിൻ്റെ ചൂട് തണുത്തു കഴിഞ്ഞാൽ വീണ്ടും അത് ചൂടാക്കപ്പെടുകയും ചെയ്യും. അൻപതിനായിരം വർഷത്തിൻ്റെ ദൈർഘ്യമുള്ള അന്ത്യനാളിൽ മുഴുവൻ ഈ ശിക്ഷ തുടർന്നു കൊണ്ടിരിക്കും. അവസാനം അല്ലാഹു ജനങ്ങൾക്കിടയിൽ വിധി കൽപ്പിക്കപ്പെടുകയും, അവൻ സ്വർഗത്തിലേക്കോ നരകത്തിലേക്കോ ശേഷം നയിക്കപ്പെടുകയും ചെയ്യും. രണ്ട്: സമ്പത്തായി ഒട്ടകമുള്ള ഉടമസ്ഥൻ; അതിൻ്റെ സകാത്ത് നൽകാതിരിക്കുകയും, അതിലുള്ള ബാധ്യതകൾ വീട്ടാതിരിക്കുകയും ചെയ്ത വ്യക്തിയെ കൊണ്ടുവരപ്പെടും. ഒട്ടകങ്ങളുടെ അടുത്ത് വന്നെത്തുന്ന ദരിദ്രർക്ക് അതിൻ്റെ പാൽ ചുരക്കുമ്പോൾ അതിൽ നിന്ന് നൽകുക എന്നത് അയാൾ ചെയ്യേണ്ടിയിരുന്ന ബാധ്യതകളിൽ പെട്ടതാണ്. അന്ത്യനാളിൽ തടിച്ചതും വലിയതുമായ രൂപത്തിൽ ധാരാളക്കണക്കിനുള്ള ഈ ഒട്ടകങ്ങളെ കൊണ്ടുവരപ്പെടുകയും, വിശാലവും നിരപ്പായതുമായ ഒരു മൈതാനിയിൽ ഈ മനുഷ്യനെ കിടത്തുകയും, ആ ഒട്ടകങ്ങൾ അവയുടെ കാലുകൾ കൊണ്ട് അവനെ ചവിട്ടുകയും, അതിൻ്റെ പല്ലുകൾ കൊണ്ട് അവനെ കടിക്കുകയും ചെയ്യും. അവസാനത്തെ ഒട്ടകം അവൻ്റെ ശരീരത്തിനു മേൽ കടന്നു പോയാൽ ആദ്യത്തെ ഒട്ടകം മുതൽ വീണ്ടും ഈ ശിക്ഷ പുനരാരംഭിക്കും. ഇപ്രകാരം അൻപതിനായിരം വർഷം ദൈർഘ്യമുള്ള അന്ത്യനാളിൽ അവനുള്ള ശിക്ഷ തുടർന്നു കൊണ്ടേയിരിക്കും. അല്ലാഹു സൃഷ്ടികൾക്കിടയിൽ വിധി കൽപ്പിക്കുകയും, അവൻ സ്വർഗക്കാരിലേക്കോ നരകക്കാരിലേക്കോ എന്ന് നിശ്ചയിക്കപ്പെടുകയും ചെയ്യുന്നത് വരെ അത് തുടരും. മൂന്ന്: പശുവിൻ്റെയും ആടുകളുടെയും ഉടമസ്ഥൻ; അവയുടെ മേൽ നിർബന്ധമായ സകാത്ത് നൽകാത്ത വ്യക്തിയെ കൊണ്ടുവരികയും, ആടുമാടുകളിൽ ഒന്നു പോലും കുറയാതെ കൊണ്ടുവരപ്പെടുകയും, ഈ മനുഷ്യനെ വിശാലമായ ഒരു മൈതാനിയിൽ കിടത്തുകയും ചെയ്യും. ആ ആടുമാടുകളിൽ കൊമ്പ് വളഞ്ഞു പോയതോ കൊമ്പില്ലാത്തതോ പൊട്ടിയ കൊമ്പുള്ളതോ ആയ ഒന്നുപോലും ഉണ്ടാവുകയില്ല. മറിച്ച്, അവയെല്ലാം പൂർണ്ണമായ രൂപത്തിലുള്ളവയായിരിക്കും. ശേഷം അവ തങ്ങളുടെ കൊമ്പുകൾ കൊണ്ട് ആ മനുഷ്യനെ കുത്തുകയും, കാലുകൾ കൊണ്ട് ചവിട്ടുകയും ചെയ്തു കൊണ്ടിരിക്കും. അതിൽ അവസാനത്തേത് അവൻ്റെ ദേഹത്തിലൂടെ കടന്നു പോയാൽ ആദ്യത്തേത് മുതൽ വീണ്ടും ആരംഭിക്കും. ഈ അവസ്ഥയിൽ അൻപതിനായിരം വർഷം ദൈർഘ്യമുള്ള അന്ത്യനാളിൽ അവനുള്ള ശിക്ഷ തുടർന്നു കൊണ്ടേയിരിക്കും. അവസാനം അല്ലാഹു സൃഷ്ടികൾക്കിടയിൽ വിധി കൽപ്പിക്കുകയും, അവൻ സ്വർഗക്കാരിലേക്കോ നരകക്കാരിലേക്കോ നയിക്കപ്പെടുകയും ചെയ്യുന്നത് വരെ അത് തുടർന്നു കൊണ്ടിരിക്കും. നാല്: കുതിരകളുടെ ഉടമസ്ഥൻ; അവർ മൂന്ന് തരക്കാരായിരിക്കും. ഒന്ന്: തൻ്റെ കുതിരകൾ പാപഭാരമായി മാറുന്നവൻ. പൊങ്ങച്ചത്തിനും അഹങ്കാരത്തിനും മുസ്ലിംകൾക്കെതിരെയുള്ള യുദ്ധത്തിനുമായി കുതിരകളെ ഒരുക്കി നിർത്തിയവരാണ് അത്തരക്കാർ. രണ്ട്: തൻ്റെ കുതിരകൾ അന്ത്യനാളിൽ ഒരു മറയായി മാറുന്നവൻ. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിന് വേണ്ടി അയാൾ അവയെ ഒരുക്കി വെക്കുകയും, അവയെ നല്ലരൂപത്തിൽ വളർത്തുകയും, അതിനെ മേയ്ക്കുകയും മറ്റെല്ലാ ചെലവുകളും ശ്രദ്ധിക്കുകയും ചെയ്തിരിക്കുന്നു. പെൺകുതിരകൾക്ക് ഗർഭം വഹിക്കുന്നതിനായി കുതിരയെ സൗജന്യമായി നൽകുക എന്നത് കുതിരയുടെ ഉടമസ്ഥൻ്റെ ബാധ്യതയിൽ പെട്ടതാണ്. മൂന്ന്: ഉടമസ്ഥന് പ്രതിഫലമായി തീരുന്ന കുതിര. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി മുസ്ലിംകൾക്ക് വേണ്ടി ഒരുക്കി നിർത്തപ്പെട്ട കുതിരയാണത്. ഈ കുതിര അതിൻ്റെ തൊഴുത്തിൽ കഴിയുകയും, മേച്ചിൽ പുറങ്ങളിൽ നടക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു; എന്നാൽ ആ കുതിര എന്തൊന്ന് ഭക്ഷിച്ചാലും ആ ഭക്ഷിച്ചയത്ര അവന് പ്രതിഫലമായി രേഖപ്പെടുത്തപ്പെടുന്നതാണ്. അതിൻ്റെ വിസർജ്യത്തിൻ്റെയും മൂത്രത്തിൻ്റെയും തോതിൽ അവന് പ്രതിഫലം രേഖപ്പെടുത്തപ്പെടുന്നതാണ്. ആ കുതിര കടിഞ്ഞാൺ വിട്ടുപോവുകയും, കുന്നിൻ മുകളിലും മറ്റും സഞ്ചരിക്കുകയും ചെയ്താൽ അവന് അതിൻ്റെ കാൽപ്പാടുകളുടെയും വിസർജ്യങ്ങളുടെയും എണ്ണം പ്രതിഫലം രേഖപ്പെടുത്തപ്പെടുന്നതാണ്. ആ കുതിര ഒരു നദിയുടെ അടുത്തു കൂടെ പോവുകയും, ഉടമസ്ഥൻ്റെ അനുവാദമില്ലാതെയാണെങ്കിൽ പോലും അതിൽ നിന്ന് കുടിക്കുകയും ചെയ്താൽ പോലും അത് കുടിച്ച വെള്ളത്തിൻ്റെ അളവിൽ നന്മകൾ അല്ലാഹു അവന് രേഖപ്പെടുത്തുന്നതാണ്. അപ്പോൾ നബി -ﷺ- യോട് കഴുതയെ കുറിച്ച് ചോദിക്കപ്പെട്ടു; അതിൻ്റെ സ്ഥിതിയും കുതിരയുടെ പോലെയാണോ എന്നായിരുന്നു അവരുടെ ചോദ്യത്തിൻ്റെ ഉദ്ദേശ്യം. അപ്പോൾ നബി -ﷺ- പറഞ്ഞു: സമാനതകളില്ലാത്ത ഒരു ഖുർആൻ വചനമല്ലാതെ ഈ വിഷയത്തിൽ അവിടുത്തേക്ക് മേൽ യാതൊന്നും അവതരിക്കപ്പെട്ടിട്ടില്ല. ഈ ആയത്ത് എല്ലാ വിധത്തിലുള്ള നന്മകളുടെയും തിന്മകളുടെയും കാര്യത്തിൽ പൊതുവായി അവതരിക്കപ്പെട്ട വചനമാണ്. അല്ലാഹു പറയുന്നു: "ആരെങ്കിലും ഒരു ഉറുമ്പിൻ്റെ ഭാരത്തോളം നന്മ ചെയ്താൽ അവനത് കാണുന്നതാണ്. ആരെങ്കിലും ഒരു ഉറുമ്പിൻ്റെ ഭാരത്തോളം തിന്മ ചെയ്താൽ അതും അവൻ കാണുന്നതാണ്." (സൽസലഃ: 8) അതിനാൽ ആരെങ്കിലും ഒരു നന്മ ഉദ്ദേശിച്ചു കൊണ്ട് കഴുതയെ വളർത്തിയാൽ അവൻ അതിൻ്റെ പ്രതിഫലം കാണുന്നതാണ്. ആരെങ്കിലും തിന്മയാണ് പ്രവർത്തിക്കുന്നത് എങ്കിൽ അതിനുള്ള ശിക്ഷയും അവൻ കാണുന്നതാണ്. എല്ലാ പ്രവർത്തനങ്ങൾക്കും ഇക്കാര്യം ബാധകമാണ്.