





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബ്ദുല്ലാഹി ബ്നു അംറു ബ്നുൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശകുനം ആരെയെങ്കിലും അവൻ്റെ ആവശ്യത്തിൽ നിന്ന് തടഞ്ഞുവെങ്കിൽ അവൻ ശിർക്ക് (ബഹുദൈവാരാധന) ചെയ്തിരിക്കുന്നു." സ്വഹാബികൾ ചോദിച്ചു: എന്താണ് അതിനുള്ള പ്രായശ്ചിത്തം?! നബി -ﷺ- പറഞ്ഞു: "നീ ഇപ്രകാരം പറയുക: (അർഥം) അല്ലാഹുവേ! നിൻ്റെ (പക്കൽ നിന്നുള്ള) നന്മയല്ലാതെ മറ്റൊരു നന്മയുമില്ല. നിൻ്റെ (പക്കൽ നിന്നുള്ള) തിന്മയല്ലാതെ മറ്റൊരു തിന്മയുമില്ല. നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല."
അഹ്മദ് ഉദ്ധരിച്ചത്ശകുനം നോക്കുക എന്നതിൻ്റെ പേരിൽ തീരുമാനിച്ചുറപ്പിച്ച ഒരു കാര്യത്തിൽ നിന്ന് ആരെങ്കിലും പിന്നോട്ട് പോയാൽ അവൻ ശിർക്കിൻ്റെ ഇനങ്ങളിൽ പെട്ട ഒരു കാര്യം പ്രവർത്തിച്ചിരിക്കുന്നു എന്ന് നബി -ﷺ- ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നു. ഗുരുതരമായ ഈ തിന്മ പ്രവർത്തിച്ചു പോയാൽ അതിനുള്ള പ്രായശ്ചിത്തം എന്താണെന്ന് സ്വഹാബികൾ നബി -ﷺ- യോട് അന്വേഷിച്ചപ്പോൾ ഹദീഥിൽ വന്ന മനോഹരമായ ചില വാക്കുകൾ നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകി. അല്ലാഹുവിലേക്ക് കാര്യങ്ങളെല്ലാം ഭരമേൽപ്പിക്കുകയും, അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും യാതൊരു ശക്തിയുമില്ലെന്നുമുള്ള ആശയമാണ് ആ വാക്കുകൾ ഉൾക്കൊള്ളുന്നത്.
ഉബാദത് ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), (ആരാധിക്കപ്പെടാനുള്ള അർഹത) അവന് മാത്രമേയുള്ളുവെന്നും, അതിൽ അവന് ഒരു പങ്കാളിയും ഇല്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു), ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും, മർയമിലേക്ക് ഇട്ടുനൽകിയ അല്ലാഹുവിൻ്റെ വചനവും, അവൻ്റെ പക്കൽ നിന്നുള്ള ആത്മാവുമാണെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാൾ സാക്ഷ്യം വഹിച്ചാൽ - അവൻ്റെ പ്രവർത്തനം എന്താണെങ്കിലും അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്."
متفق عليهഒരാൾ അല്ലാഹുവിൻ്റെ ഏകത്വം പ്രഖ്യാപിക്കുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന കലിമതുത്തൗഹീദിൻ്റെ വാക്ക് അർത്ഥമറിഞ്ഞു കൊണ്ടും, അതിൻ്റെ ഉദ്ദേശ്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ടും ഉച്ചരിക്കുകയും, മുഹമ്മദ് നബി -ﷺ- യുടെ സന്ദേശത്തിലും അവിടുന്ന് അല്ലാഹുവിൻ്റെ അടിമയാണെന്നും സാക്ഷ്യം വഹിക്കുകയും, ഈസാ നബി -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയാണെന്നും, അല്ലാഹുവിൻ്റെ ദൂതനായിരുന്നുവെന്നും അംഗീകരിക്കുകയും, അല്ലാഹു അദ്ദേഹത്തെ 'ഉണ്ടാകൂ' എന്നർത്ഥമുള്ള 'കുൻ' എന്ന വാക്ക് കൊണ്ടാണ് സൃഷ്ടിച്ചത് എന്നും, അങ്ങനെയാണ് അദ്ദേഹം ഉണ്ടായതെന്നും, അല്ലാഹു സൃഷ്ടിച്ച ആത്മാക്കളിൽ പെട്ട ഒരു ആത്മാവാണ് (റൂഹ്) അദ്ദേഹമെന്നും, യഹൂദർ അദ്ദേഹത്തിൻ്റെ മാതാവിനെതിരെ ആരോപിച്ച കാര്യത്തിൽ നിന്ന് അവർ പരിശുദ്ധയായിരുന്നുവെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും, അവ നിലവിൽ നിലനിൽക്കുന്നുണ്ട് എന്നും, അല്ലാഹുവിൻ്റെ അനുഗ്രഹമാണ് സ്വർഗമെന്നും, അവൻ്റെ ശിക്ഷയാണ് നരകമെന്നും, വിശ്വസിച്ചു കൊണ്ട് മരിക്കുകയാണെങ്കിൽ -അവൻ്റെ നന്മകളിൽ കുറവുകൾ സംഭവിച്ചിട്ടുണ്ട് എങ്കിലും, അവൻ തെറ്റുകൾ ചെയ്തിട്ടുണ്ട് എങ്കിലും- അവൻ്റെ പര്യവസാനം സ്വർഗമായിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു.
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാതെ അവനെ കണ്ടുമുട്ടിയാൽ അയാൾ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് അവനെ കണ്ടുമുട്ടിയാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്."
رواه مسلمഅല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാതെ മരണപ്പെടുന്നവൻ്റെ അവസാന സങ്കേതം സ്വർഗമായിരിക്കുമെന്നും, അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് മരിക്കുന്നവൻ ശാശ്വതമായി നരകത്തിലായിരിക്കുമെന്നും നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. തൗഹീദുള്ളവൻ ഒരു വേള നരകത്തിൽ പ്രവേശിച്ചാലും അവസാനം അവൻ സ്വർഗത്തിൽ എത്തിച്ചേരുന്നതാണ്.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഒരു വാചകം പറഞ്ഞിരിക്കുന്നു; (അതോടൊപ്പം) ഞാനും ഒരു വാക്ക് പറയട്ടെ. നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്." ഞാൻ പറയട്ടെ: "ആരെങ്കിലും അല്ലാഹുവിന് പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടാതെയാണ് മരിക്കുന്നത് എങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."
متفق عليهആരെങ്കിലും അല്ലാഹുവിന് മാത്രം പ്രത്യേകമായ എന്തെങ്കിലുമൊരു കാര്യം അല്ലാഹുവല്ലാത്തവർക്ക് നൽകുകയും, ആ മാർഗത്തിലായി കൊണ്ട് മരണപ്പെടുകയും ചെയ്താൽ അവൻ നരകക്കാരിൽ പെട്ടവനാണ് എന്ന് നബി -ﷺ- നമ്മെ അറിയിക്കുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുക, സഹായതേട്ടം (ഇസ്തിഗാഥ) നടത്തുക എന്നതെല്ലാം ഈ പറഞ്ഞതിന് ഉദാഹരണങ്ങളാണ്. ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- അതോടൊപ്പം ഒരു കാര്യം കൂടുതലായി പറഞ്ഞു; ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്കുചേർക്കാതെയാണ് മരണപ്പെടുന്നത് എങ്കിൽ അവൻ്റെ പര്യവസാനം സ്വർഗത്തിലേക്കായിരിക്കും എന്നതായിരുന്നു അത്.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു." അവിടുന്ന് മൂന്നു തവണ അക്കാര്യം പറഞ്ഞു.
رواه مسلمവ്യക്തമായ വിജ്ഞാനമോ നേർമാർഗമോ ഇല്ലാതെ തങ്ങളുടെ ദീനിൻ്റെയും ദുനിയാവിൻ്റെയും കാര്യത്തിലും, വാക്കുകളിലും പ്രവർത്തനങ്ങളിലും അതിരുകവിയുന്നവർ നഷ്ടക്കാരാവുകയും നാശമടയുകയും ചെയ്തിരിക്കുന്നു എന്നാണ് നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നത്. നബി -ﷺ- കൊണ്ടുവന്ന ദീനിൻ്റെ അതിരുകൾ ലംഘിക്കുന്ന ഏതൊരാൾക്കും ഈ താക്കീത് ബാധകമാണ്.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "അവർ (നൂഹിൻ്റെ ജനത) പറഞ്ഞു: (ജനങ്ങളേ,) നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ് എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത്." (നൂഹ്: 23) എന്ന ആയത്തിൻ്റെ വിശദീകരണത്തിൽ അദ്ദേഹം പറഞ്ഞു: "നൂഹ് നബിയുടെ ജനതയിലെ സ്വാലിഹീങ്ങളായ ചിലരുടെ പേരുകളാണ് ഇവ. അവർ മരണപ്പെട്ടപ്പോൾ അവർ ഇരിക്കാറുണ്ടായിരുന്ന അവരുടെ സദസ്സുകളിൽ നാട്ടക്കുറികൾ സ്ഥാപിക്കാനും, ആ നാട്ടക്കുറികൾക്ക് അവരുടെ പേരുകളും നൽകാനും പിശാച് അവരുടെ ജനതക്ക് സന്ദേശം നൽകി. അവരത് പ്രവർത്തിച്ചു; (അന്ന്) അവ ആരാധിക്കപ്പെട്ടില്ല. അങ്ങനെ അക്കൂട്ടർ മരണപ്പെടുകയും, (ഈ നാട്ടക്കുറികളെ കുറിച്ചുള്ള) അറിവ് വിസ്മരിക്കപ്പെടുകയും ചെയ്തപ്പോൾ അവ ആരാധിക്കപ്പെട്ടു."
ബുഖാരി ഉദ്ധരിച്ചത്മഹത്തരമായ ഒരു ആയത്തിൻ്റെ വിശദീകരണമാണ് ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- അറിയിക്കുന്നത്. നൂഹ് നബി -عَلَيْهِ السَّلَامُ- അല്ലാഹുവിൽ പങ്കുചേർക്കരുതെന്ന് കൽപ്പിച്ചപ്പോൾ അതിനെതിരായി, നിങ്ങൾ ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ ഉറച്ചു നിൽക്കണം എന്ന് അദ്ദേഹത്തിൻ്റെ ജനത പരസ്പരം ഉപദേശിച്ചതിനെ കുറിച്ചാണ് പ്രസ്തുത ആയത്ത് അറിയിക്കുന്നത്. ആ ആയത്തിൽ പറയപ്പെട്ട വിഗ്രഹങ്ങളുടെ പേരുകൾ യഥാർത്ഥത്തിൽ അവരിലെ സ്വാലിഹീങ്ങളായ ചിലരുടെ പേരുകളായിരുന്നു എന്നും, പിന്നീട് പിശാചിൻ്റെ വഞ്ചന കാരണത്താൽ ആ ജനത അവരുടെ കാര്യത്തിൽ അതിരുകവിയുകയും, അവരുടെ രൂപങ്ങൾ നിർമ്മിക്കുകയും, ശേഷം ഈ രൂപങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളായി തീരുകയുമാണ് ഉണ്ടായത് എന്ന് ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- വിശദീകരിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "പ്രയാസം ബാധിച്ച ഒരാൾക്ക് ആരെങ്കിലും അവധി നീട്ടിനൽകുകയോ, അവൻ്റെ ബാധ്യത എഴുതിത്തള്ളുകയോ ചെയ്താൽ അന്ത്യനാളിൽ -അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിവസത്തിൽ- അല്ലാഹു തൻ്റെ സിംഹാസനത്തിൻ്റെ തണലിനടിയിൽ അവന് തണൽ നൽകുന്നതാണ്."
رواه الترمذي وأحمدആരെങ്കിലും കടബാധ്യതയുള്ള ഒരാൾക്ക് അവധി നീട്ടിനൽകുകയോ അവൻ്റെ കടം എഴുതിത്തള്ളുകയോ ചെയ്താൽ അതിനുള്ള പ്രതിഫലം: അന്ത്യനാളിൽ അല്ലാഹുവിൻ്റെ സിംഹാസനത്തിൻ്റെ തണലിൽ അല്ലാഹു അവന് തണൽ നൽകുന്നതാണ് എന്നതായിരിക്കും. മനുഷ്യരുടെ ശിരസ്സുകൾക്ക് അടുത്തേക്ക് സൂര്യൻ കൊണ്ടുവരപ്പെടുകയും, ചൂട് അതികഠിനമാവുകയും ചെയ്യുന്ന ദിവസമായിരിക്കും അത്. അന്ന് അല്ലാഹു തണൽ നൽകിയവർക്കല്ലാതെ മറ്റൊരാൾക്കും തണൽ ഉണ്ടായിരിക്കുന്നതല്ല.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവനെ ക്ലേശം അനുഭവിപ്പിക്കുന്നതാണ്."
رواه البخاريഅല്ലാഹു തൻ്റെ വിശ്വാസികളായ ദാസന്മാരിൽ ഒരാൾക്ക് നന്മ ഉദ്ദേശിച്ചാൽ അവരെ അവൻ പരീക്ഷിക്കുന്നതാണ്; അവരുടെ ശരീരങ്ങളിലും സമ്പത്തിലും കുടുംബത്തിലും പരീക്ഷണങ്ങൾ ഉണ്ടായി കൊണ്ടിരിക്കും. അതിലൂടെ അവൻ അല്ലാഹുവിലേക്ക് പ്രാർത്ഥനകളുമായി അഭയം തേടാൻ വഴിയൊരുങ്ങുകയും, അവൻ്റെ തിന്മകൾ പൊറുക്കപ്പെടുകയും, അവൻ്റെ പദവികൾ ഉയർത്തപ്പെടുകയും ചെയ്യും.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഞാൻ പറയാതെവിട്ട കാര്യങ്ങൾ നിങ്ങൾ (ചോദിക്കാതെ) വിടുക. നിങ്ങൾക്ക് മുൻപുള്ളവർ നശിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും തങ്ങളുടെ നബിമാരോടുള്ള അവരുടെ എതിരിടലും കാരണത്താലാണ്. അതിനാൽ ഞാൻ നിങ്ങളോട് വല്ലതും വിലക്കിയാൽ നിങ്ങൾ അത് അകറ്റി നിർത്തുക. ഞാൻ നിങ്ങളോട് ഒരു കാര്യം കൽപ്പിച്ചാൽ -നിങ്ങൾക്ക് സാധ്യമാകുന്നിടത്തോളം- അത് നിങ്ങൾ ചെയ്യുക."
متفق عليهഇസ്ലാമിക വിധിവിലക്കുകൾ മൂന്നു വിധത്തിലുണ്ടെന്ന് നബി -ﷺ- അറിയിക്കുന്നു; നിശബ്ദത പാലിക്കപ്പെട്ട കാര്യങ്ങളും, വിലക്കപ്പെട്ട കാര്യങ്ങളും, കൽപ്പിക്കപ്പെട്ട കാര്യങ്ങളും. ഒന്നാമത്തേത്; ഇസ്ലാം നിശബ്ദത പാലിച്ച വിഷയങ്ങളാണ്. പ്രത്യേകിച്ചൊരു വിധി വന്നിട്ടില്ലാത്ത ഇത്തരം കാര്യങ്ങളിൽ, അവയൊന്നും നിർബന്ധമല്ല എന്ന അടിത്തറയിൽ നിലയുറപ്പിച്ചാൽ മതിയാകും. നബി -ﷺ- ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ഇത്തരം വിഷയങ്ങളെ കുറിച്ച് ചോദിക്കുന്നത് നിർബന്ധമായും ഉപേക്ഷിക്കേണ്ടതായിരുന്നു. കാരണം ചോദിക്കപ്പെട്ട വിഷയം നിർബന്ധമാക്കി കൊണ്ടോ, നിഷിദ്ധമാക്കി കൊണ്ടോ വിധി അവതരിക്കാൻ സാധ്യതയുള്ള കാലമായിരുന്നു അത്. ഇത്തരം കാര്യങ്ങളിൽ പ്രത്യേകം വിധി അവതരിപ്പിക്കാതെ വിട്ടത് അല്ലാഹു അവൻ്റെ ദാസന്മാർക്ക് ചെയ്ത കാരുണ്യമാണ്. എന്നാൽ നബി -ﷺ- യുടെ മരണത്തിന് ശേഷം ഇത്തരം വിഷയങ്ങളുടെ വിധി മനസ്സിലാക്കുന്നതിന് വേണ്ടിയോ അവയെ കുറിച്ച് പഠിച്ചറിയുന്നതിന് വേണ്ടിയോ ചോദിക്കുന്നത് അനുവദനീയമാണ്. അല്ല, ഒരു വേള അവ ചോദിച്ചു പഠിക്കുന്നത് കൽപ്പിക്കപ്പെട്ട കാര്യമാണെന്നു തന്നെ പറയാം. എന്നാൽ വിഷയങ്ങളിൽ അനാവശ്യമായ കണിശത പുലർത്തുകയും കൃത്രിമത്വം കാണിക്കുകയും ചെയ്തു കൊണ്ടുള്ള ചോദ്യമാണെങ്കിൽ, അത് ഉപേക്ഷിക്കുക തന്നെ വേണം എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. കാരണം ഇത്തരം ചോദ്യങ്ങൾ ബനൂ ഇസ്റാഈലുകാർക്ക് സംഭവിച്ച അതേ അവസ്ഥയിലേക്ക് എത്തിപ്പെടാനാണ് കാരണമാകുക. അവരോട് ഒരു പശുവിനെ അറുക്കാൻ കൽപ്പിക്കപ്പെട്ട ആദ്യവേളയിൽ ഏതെങ്കിലുമൊരു പശുവിനെ അറുത്തിരുന്നെങ്കിൽ അവർ അല്ലാഹുവിൻ്റെ കൽപ്പന അനുസരിച്ചവരാകുമായിരുന്നു. എന്നാൽ അവർ അനാവശ്യമായ കണിശത കാണിക്കുകയും അവർക്ക് കഠിനമായ വിധിവിലക്കുകൾ നൽകപ്പെടുകയും ചെയ്തു. രണ്ടാമത്തേത്, വിലക്കപ്പെട്ട കാര്യങ്ങളാണ്. അവ ഉപേക്ഷിക്കുന്നതിന് പ്രതിഫലവും പ്രവർത്തിക്കുന്നവന് ശിക്ഷയുമുണ്ടായിരിക്കും. അതിനാൽ വിലക്കപ്പെട്ട കാര്യങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക എന്നത് നിർബന്ധമാണ്. മൂന്നാമത്തേത്, കൽപ്പനകളാണ്. അവ പ്രവർത്തിക്കുന്നവന് പ്രതിഫലമുണ്ടായിരിക്കും; ഉപേക്ഷിക്കുന്നവന് ശിക്ഷയും. കൽപ്പിക്കപ്പെട്ട കാര്യങ്ങൾ സാധ്യമാകുന്നിടത്തോളം പ്രവർത്തിക്കുക എന്നത് നിർബന്ധമാണ്.