





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ തൻ്റെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അറിയിക്കുന്നു: "തീർച്ചയായും അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്തുകയും, പിന്നീട് അവ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും, പിന്നീട് അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ പൂർണ്ണമായ ഒരു നന്മയായി അല്ലാഹു അത് അവൻ്റെ പക്കൽ രേഖപ്പെടുത്തും. ഇനി അവൻ ആ നന്മ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ, അല്ലാഹു അവൻ്റെയരികിൽ അയാൾക്കായി പത്ത് നന്മകൾ മുതൽ എഴുന്നൂറ് ഇരട്ടിയും അതിലുമധികം മടങ്ങുകളായും ആ നന്മ രേഖപ്പെടുത്തുന്നതാണ്. ഒരാൾ ഒരു തിന്മ ഉദ്ദേശിക്കുകയും അത് അവൻ ചെയ്യാതെ (ഉപേക്ഷിക്കുകയും) ചെയ്താൽ അല്ലാഹു അത് അവൻ്റെയരികിൽ ഒരു നന്മയായി രേഖപ്പെടുത്തുന്നതാണ്. ഇനി അവൻ തിന്മ ഉദ്ദേശിക്കുകയും, പ്രവർത്തിക്കുകയും ചെയ്താലാകട്ടെ, ഒരു തിന്മ മാത്രമായി അവനത് രേഖപ്പെടുത്തും."
متفق عليهഅല്ലാഹു നന്മകളും തിന്മകളും കൃത്യമായി നിർണ്ണയിക്കുകയും, ശേഷം അവ എങ്ങനെ രേഖപ്പെടുത്തണം എന്ന് രണ്ട് മലക്കുകൾക്ക് (നന്മ തിന്മകൾ രേഖപ്പെടുത്തുന്ന മലക്കുകൾക്ക്) വിവരിച്ചു കൊടുക്കുകയും ചെയ്തതായി നബി ﷺ അറിയിക്കുന്നു. ആരെങ്കിലും ഒരു നന്മ ഉദ്ദേശിക്കുകയും, അത് ചെയ്യണമെന്ന ഉറച്ച തീരുമാനമെടുക്കുകയും ചെയ്താൽ -ആ നന്മ പ്രവർത്തിച്ചിട്ടില്ലെങ്കിൽ കൂടി- അവന് അതൊരു നന്മയായി രേഖപ്പെടുത്തപ്പെടുന്നതാണ്. ഇനി ആ നന്മ അവൻ പ്രവർത്തിക്കുകയാണെങ്കിലോ; പത്ത് ഇരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയും, അതിലധികമായും അല്ലാഹു ആ നന്മ രേഖപ്പെടുത്തുന്നതാണ്. ഹൃദയത്തിലുള്ള നിഷ്കളങ്കതയുടെയും അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിക്കുന്നതിലുള്ള ശക്തിയുടെയും, ചെയ്ത നന്മ കൊണ്ട് മറ്റുള്ളവർക്ക് ലഭിച്ച പ്രയോജനത്തിൻ്റെയും മറ്റുമെല്ലാം അടിസ്ഥാനത്തിലാണ് നന്മയുടെ പ്രതിഫലത്തിന് വർദ്ധനവ് നൽകപ്പെടുക. ഇനി ഒരാൾ തിന്മ പ്രവർത്തിക്കാൻ ഉദ്ദേശിക്കുകയും അതിനായി ഉറച്ച തീരുമാനമെടുക്കുകയും, പിന്നീട് അത് അല്ലാഹുവിന് വേണ്ടി ഉപേക്ഷിക്കുകയും ചെയ്താൽ അതും അവന് ഒരു നന്മയായി രേഖപ്പെടുത്തപ്പെടും. എന്നാൽ തിന്മയിലേക്ക് എത്തിക്കുന്ന കാരണങ്ങൾ ചെയ്യാൻ സാധിക്കാത്തവണ്ണം തിരക്കുകൾ ബാധിച്ചതിനാലോ മറ്റോ ആണ് അതിൽ നിന്ന് അവൻ അകലം പാലിച്ചത് എങ്കിൽ അവന് യാതൊന്നും രേഖപ്പെടുത്തപ്പെടുന്നതല്ല. ഇനി എല്ലാ വഴികളും സ്വീകരിച്ചതിന് ശേഷവും അവന് ആ തിന്മ ചെയ്യാൻ കഴിയാതെ പോയതാണെങ്കിൽ തിന്മ പ്രവർത്തിക്കാൻ വേണ്ടിയുള്ള മനസ്സിൻ്റെ തീരുമാനം ഒരു തിന്മയായി രേഖപ്പെടുത്തപ്പെടുന്നതാണ്. ആ തിന്മ അവൻ പ്രവർത്തിച്ചാലാകട്ടെ, ഒരു തിന്മയായി അവൻ്റെ മേൽ അത് രേഖപ്പെടുത്തപ്പെടുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ നിങ്ങളുടെ സമ്പാദ്യങ്ങളിലേക്കോ അല്ല നോക്കുന്നത്. മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് അവൻ നോക്കുന്നത്."
رواه مسلمഅല്ലാഹു മനുഷ്യരുടെ ശരീരത്തിൻ്റെ രൂപങ്ങളിലേക്കല്ല നോക്കുന്നത്; അവർ ശാരീരിക ഭംഗിയുള്ളവരാണോ അല്ല, വികൃത രൂപമുള്ളവരാണോ, തടിച്ചവരാണോ മെലിഞ്ഞവരാണോ, ആരോഗ്യദൃഢഗാത്രരാണോ രോഗാതുരരാണോ എന്നതൊന്നുമല്ല അവൻ നോക്കുന്നത്. അതുമല്ലെങ്കിൽ അവരുടെ സമ്പത്തിലേക്കല്ല അല്ലാഹു നോക്കുന്നത്; സമ്പത്ത് കൂടുതലാണോ കുറവാണോ എന്നൊന്നുമല്ല. ഇത്തരം കാര്യങ്ങളുടെ പേരിൽ അല്ലാഹു മനുഷ്യരെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ല. മറിച്ച്, അവരുടെ ഹൃദയങ്ങളിലേക്കാണ് അവൻ നോക്കുന്നത്. അതിലുള്ള സൂക്ഷ്മതയും ദൃഢവിശ്വാസവും സത്യസന്ധതയും ഇഖ്ലാസും (നിഷ്കളങ്കത) അവൻ നോക്കുന്നതാണ്. അതിൽ ലോകമാന്യമോ പ്രശസ്തിക്ക് വേണ്ടിയുള്ള ആഗ്രഹമോ ഉണ്ടോ എന്നത് അവൻ നോക്കുന്നതാണ്. അതു പോലെ, അവരുടെ പ്രവർത്തനങ്ങൾ ശരിയായ വിധത്തിലാണോ അവർ പ്രവർത്തിക്കുന്നത്, അതല്ല തെറ്റായ വിധത്തിലാണോ എന്നതും അവൻ നോക്കുന്നതാണ്. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് അവർക്ക് പ്രതിഫലങ്ങൾ നൽകപ്പെടുന്നതും ശിക്ഷ അനുഭവിക്കേണ്ടി വരുന്നതും.
ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം ഞങ്ങൾ നബി ﷺ യുടെ അരികിൽ ഉണ്ടായിരിക്കെ ഒരാൾ അവിടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. തൂവെള്ള വസ്ത്രവും, കറുകറുത്ത മുടിയുമുള്ള അയാളുടെ മേൽ യാത്രയുടെ ഒരടയാളവും കാണാനുണ്ടായിരുന്നില്ല. (എന്നാൽ) ഞങ്ങളിലൊരാൾക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി ﷺ യുടെ അരികിൽ വന്നിരിക്കുകയും, തൻ്റെ രണ്ട് മുട്ടുകാലുകളും അവിടുത്തെ മുട്ടുകാലിലേക്ക് ചേർത്തു വെക്കുകയും, തൻ്റെ രണ്ട് കൈപ്പത്തികളും അവിടുത്തെ തുടയുടെ മേൽ വെക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! എനിക്ക് ഇസ്ലാമിനെ കുറിച്ച് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "ഇസ്ലാമെന്നാൽ നീ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നും) സാക്ഷ്യം വഹിക്കലും, നിസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും, നിനക്ക് സാധിക്കുമെങ്കിൽ കഅ്ബയിൽ ചെന്ന് ഹജ്ജ് നിർവ്വഹിക്കലുമാണ്." ആഗതൻ പറഞ്ഞു: "താങ്കൾ പറഞ്ഞത് സത്യമാണ്." ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "അദ്ദേഹത്തിൻ്റെ കാര്യത്തിൽ ഞങ്ങൾ അത്ഭുതം കൂറി; അദ്ദേഹം തന്നെ നബി ﷺ യോട് ചോദിക്കുകയും, അദ്ദേഹം തന്നെ അവിടുത്തെ സത്യപ്പെടുത്തുകയും ചെയ്യുന്നു!" ശേഷം ആഗതൻ പറഞ്ഞു: "ഇനി ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞുതരിക." നബി ﷺ പറഞ്ഞു: "(ഈമാൻ എന്നാൽ) നീ അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും വിശ്വസിക്കലാണ്. അല്ലാഹുവിൻ്റെ വിധിയിലും, അതിലെ നന്മയിലും തിന്മയിലും വിശ്വസിക്കലുമാണ്." ആഗതൻ പറഞ്ഞു: "താങ്കൾ പറഞ്ഞത് ശരിയാണ്." ശേഷം അദ്ദേഹം ചോദിച്ചു: "ഇനി ഇഹ്സാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "നീ അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കലാണ്; നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്." ആഗതൻ പറഞ്ഞു: "ഇനി അന്ത്യനാളിനെ കുറിച്ച് എനിക്ക് അറിയിച്ചു തരിക." നബി ﷺ പറഞ്ഞു: "ചോദിക്കപ്പെട്ട വ്യക്തി ചോദിക്കുന്നയാളെക്കാൾ അതിനെ കുറിച്ച് അറിവുള്ളവനല്ല." അദ്ദേഹം പറഞ്ഞു: "എങ്കിൽ അതിൻ്റെ അടയാളങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "അടിമസ്ത്രീ അവളുടെ ഉടമസ്ഥനെ പ്രസവിക്കുന്നത് നീ കാണലാണ് (അതിൻ്റെ അടയാളം). നഗ്നപാദരും വിവസ്ത്രരും ദരിദ്രരുമായ ആട്ടിടയന്മാർ തങ്ങളുടെ കെട്ടിടങ്ങളുടെ പേരിൽ മത്സരിക്കുന്നത് നീ കാണലും (അതിൻ്റെ അടയാളമാണ്)." ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അങ്ങനെ ഞാൻ അവിടെ കുറച്ചു നേരം കഴിച്ചു കൂട്ടി." പിന്നീട് നബി ﷺ എന്നോട് ചോദിച്ചു: "ഹേ ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "അത് ജിബ്രീലായിരുന്നു; നിങ്ങളുടെ ദീൻ നിങ്ങളെ പഠിപ്പിക്കുന്നതിനാണ് അദ്ദേഹം നിങ്ങളിലേക്ക് വന്നത്."
رواه مسلمജിബ്രീൽ -عَلَيْهِ السَّلَامُ- സ്വഹാബികൾക്കിടയിലേക്ക് പരിചയമില്ലാത്ത ഒരാളുടെ രൂപത്തിൽ വന്ന സംഭവമാണ് ഈ ഹദീഥിലൂടെ ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിവരിക്കുന്നത്. കറുകറുത്ത മുടിയും, തൂവെള്ള വസ്ത്രവുമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. യാത്ര കഴിഞ്ഞെത്തിയതിൻ്റെ അടയാളങ്ങളൊന്നും ആഗതൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല; ക്ഷീണമോ വസ്ത്രത്തിൽ പൊടിപടലങ്ങളോ ജഢപിടിച്ച മുടിയോ മുഷിഞ്ഞ വസ്ത്രമോ ഒന്നുമില്ല. അവിടെ കൂടിയിരുന്ന സ്വഹാബികൾക്കാർക്കും അദ്ദേഹത്തെ പരിചയവുമില്ല. നബി ﷺ യുടെ അരികിൽ അവർ കൂടിയിരിക്കുന്ന വേളയിൽ അദ്ദേഹം കയറിവരികയും, നബി ﷺ യുടെ മുൻപിൽ ഒരു വിദ്യാർത്ഥിയുടെ മര്യാദകളോടെ ഇരിക്കുകയും ചെയ്തു. ശേഷം നബി ﷺ യോട് ഇസ്ലാമിനെ കുറിച്ച് അദ്ദേഹം ചോദിച്ചു. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുകയാണ് നബി ﷺ അതിന് മറുപടിയായി ചെയ്തത്. രണ്ട് സാക്ഷ്യവചനങ്ങൾ (അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്) അംഗീകരിച്ച് ഉച്ചരിക്കലും, അഞ്ചു നേരത്തെ നമസ്കാരങ്ങൾ ശ്രദ്ധയോടെ നിർവ്വഹിക്കലും, അർഹരായവർക്ക് നിർബന്ധദാനമായ സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും, കഴിവും ശേഷിയുമുള്ളവർ ഹജ്ജ് നിർവ്വഹിക്കലുമാണ് ഇസ്ലാമിൻ്റെ പഞ്ചസ്തംഭങ്ങൾ. ഇത് കേട്ടപ്പോൾ ചോദ്യകർത്താവ് പറഞ്ഞു: "താങ്കൾ പറഞ്ഞത് സത്യമാണ്." കേൾവിക്കാരായ സ്വഹാബികൾക്ക് ഈ മറുപടി അത്ഭുതമുണ്ടാക്കി. കാരണം ചോദിക്കുന്ന വിഷയത്തെ കുറിച്ച് അറിവില്ലാത്തവരാണല്ലോ സാധാരണയായി ചോദിക്കാറുള്ളത്; എന്നാൽ ഇദ്ദേഹം ചോദ്യം ചോദിക്കുകയും ശേഷം ഉത്തരം ശരിവെക്കുകയും ചെയ്യുന്നു. ഇതെങ്ങനെ ശരിയാകും? ശേഷം ഈമാനിനെ കുറിച്ചാണ് അദ്ദേഹം നബി ﷺ യോട് ചോദിച്ചത്. ആറ് വിശ്വാസകാര്യങ്ങളാണ് അതിനുള്ള ഉത്തരമായി നബി ﷺ പറഞ്ഞു കൊടുത്തത്. അല്ലാഹുവിലുള്ള വിശ്വാസമാണ് അതിൽ ആദ്യത്തേത്; അല്ലാഹു ഉണ്ട് എന്ന് വിശ്വസിക്കലും, അവൻ്റെ വിശേഷണങ്ങളിൽ വിശ്വസിക്കലും, സൃഷ്ടിക്കുക എന്നത് പോലുള്ള അല്ലാഹുവിൻ്റെ പ്രവർത്തികളിൽ അവൻ ഏകനാണെന്ന് വിശ്വസിക്കലും, ആരാധനകൾ അവന് മാത്രം സമർപ്പിക്കലും അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ ഭാഗമാണ്. രണ്ടാമത്തേത് മലക്കുകളിലുള്ള വിശ്വാസമാണ്; അല്ലാഹു പ്രകാശത്തിൽ നിന്ന് സൃഷ്ടിച്ച ഈ വിഭാഗത്തിൽ വിശ്വസിക്കുകയും, അല്ലാഹുവിങ്കൽ ആദരണീയരാണ് അവരെന്നും, അല്ലാഹുവിനെ ധിക്കരിക്കാതെ അവൻ്റെ കൽപ്പനകൾ അനുസരിക്കുക മാത്രം ചെയ്യുന്നവരാണ് മലക്കുകളെന്നുമുള്ള വിശ്വാസം അതിൽ പെട്ടതാണ്. മൂന്നാമത് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസമാണ്; അല്ലാഹു അവൻ്റെ ദൂതന്മാർക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥങ്ങളുണ്ടെന്നും, ഖുർആനും തൗറാത്തും ഇഞ്ചീലും പോലുള്ള ഗ്രന്ഥങ്ങൾ അതിൽ പെട്ടതാണെന്നും ഓരോ മുസ്ലിമും വിശ്വസിക്കണം. നാലാമത് അല്ലാഹുവിൻ്റെ ദൂതന്മാരിലുള്ള വിശ്വാസമാണ്; അല്ലാഹുവിൽ നിന്നുള്ള മതത്തെ കുറിച്ച് ജനങ്ങൾക്ക് അറിയിച്ചു കൊടുക്കുന്ന അവൻ്റെ ദൂതന്മാരുണ്ട് എന്നും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ എന്നിങ്ങനെയുള്ള നബിമാർ അവരിൽ പെട്ടവരാണെന്നും, നബിമാരിൽ അന്തിമനാണ് മുഹമ്മദ് നബി ﷺ യെന്നുമുള്ള വിശ്വാസം അതിൽ പെട്ടതാണ്. അഞ്ചാമത് അന്ത്യനാളിലുള്ള വിശ്വാസമാണ്; മരണത്തിന് ശേഷം ഖബ്റിൽ 'ബർസഖീ' ജീവിതമുണ്ട് എന്നും, മനുഷ്യൻ മരണത്തിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും വിചാരണ നേരിടേണ്ടി വരികയും ചെയ്യുന്നതാണെന്നും, അവൻ്റെ പര്യവസാനം ഒന്നല്ലെങ്കിൽ സ്വർഗത്തിലേക്കോ അല്ലെങ്കിൽ നരകത്തിലേക്കോ ആയിരിക്കുമെന്നും അവൻ വിശ്വസിച്ചിരിക്കണം. ആറാമത്തേത് അല്ലാഹുവിൻ്റെ വിധിയിലുള്ള വിശ്വാസമാണ്; അല്ലാഹു എല്ലാ കാര്യങ്ങളും മുൻകൂട്ടി അറിയുകയും, അവൻ്റെ യുക്തിക്ക് അനുയോജ്യമായി അവൻ നിർണ്ണയിക്കുകയും വിധിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നും, അവൻ വിധിച്ചതും ഉദ്ദേശിച്ചതും സൃഷ്ടിച്ചതും പ്രകാരം മാത്രമേ എല്ലാ കാര്യങ്ങളും ഉണ്ടാവുകയുള്ളൂ എന്നും വിശ്വസിക്കൽ അതിൽ പെട്ടതാണ്. ശേഷം ഇഹ്സാൻ എന്ന പദവിയെ കുറിച്ചാണ് അദ്ദേഹം നബി ﷺ യോട് ചോദിച്ചത്; അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കലാണ് അത് കൊണ്ട് ഉദ്ദേശ്യം എന്ന് നബി ﷺ പറഞ്ഞു. ഈ പദവിയിലേക്കും ഉന്നതമായ സ്ഥാനത്തിലേക്കും ഒരാൾക്ക് എത്താൻ കഴിയുന്നില്ലെങ്കിൽ അല്ലാഹു തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധ്യത്തോടെ അവൻ അല്ലാഹുവിനെ ആരാധിച്ചു കൊള്ളട്ടെ എന്നും നബി ﷺ തുടർന്ന് അറിയിക്കുന്നു. ഒന്നാമത്തേത് അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ ആരാധിക്കുന്ന പദവിയാണ്; മുശാഹദഃ എന്ന് അതിനെ വിശേഷിപ്പിക്കാം. ഇതാണ് ഏറ്റവും ഉന്നതമായ പദവി. രണ്ടാമത്തേത് അല്ലാഹു തന്നെ വീക്ഷിക്കുന്നുണ്ട് എന്ന സ്ഥിരമായ ബോധ്യമാണ്; അതിനെ മുറാഖബഃ എന്നും വിശേഷിപ്പിക്കാം. അടുത്ത ചോദ്യം എന്നാണ് അന്ത്യനാൾ സംഭവിക്കുക എന്നതായിരുന്നു. അല്ലാഹുവിന് മാത്രം അറിയാവുന്ന, ഒരാൾക്കും അവൻ അറിയിച്ചു കൊടുത്തിട്ടില്ലാത്ത കാര്യമാണ് അത് എന്നും, സൃഷ്ടികളിൽ ഒരാൾക്കും അക്കാര്യം അറിയുകയില്ലെന്നും നബി ﷺ അതിന് മറുപടിയായി പറഞ്ഞു. ചോദ്യകർത്താവിനോ ചോദ്യം കേൾക്കുന്ന വ്യക്തിക്കോ അതിനെ കുറിച്ച് യാതൊരു വിവരവുമില്ല. ശേഷം അന്ത്യനാളിൻ്റെ അടയാളങ്ങളെ കുറിച്ച് നബി ﷺ യോട് അദ്ദേഹം ചോദിച്ചു. 'അടിമസ്ത്രീ തൻ്റെ ഉടമസ്ഥനെ പ്രസവിക്കുക' എന്നതാണ് ഒന്നാമത്തെ അടയാളം; അടിമസ്ത്രീകളും അവരുടെ സന്താനങ്ങളും അധികരിക്കലാണ് അതിൻ്റെ ഉദ്ദേശ്യം എന്നും, മാതാവിനോട് അടിമകളെ പോലെ പെരുമാറുന്ന ധിക്കാരികളായ മക്കൾ ഉണ്ടാകലാണ് അതിൻ്റെ ഉദ്ദേശ്യം എന്നും ഈ പ്രയോഗത്തിന് വിശദീകരണം പറയപ്പെട്ടിട്ടുണ്ട്. ആടുകളെ മേയ്ക്കുന്നവരും ദരിദ്രരുമായവർക്ക് ഭൗതിക സമ്പത്തിൽ വിശാലത നൽകപ്പെടുകയും, തങ്ങളുടെ കെട്ടിടങ്ങളുടെ നിർമ്മാണത്തിലും അലങ്കാരങ്ങളിലും അവർ പൊങ്ങച്ചം നടിക്കാൻ ആരംഭിക്കുകയും ചെയ്യുമെന്നതാണ് രണ്ടാമത്തെ അടയാളം. ഈ ചോദ്യകർത്താവ് ജിബ്രീലായിരുന്നു എന്നും, സ്വഹാബികൾക്ക് അവരുടെ ദീൻ പഠിപ്പിച്ചു നൽകുന്നതിനാണ് അദ്ദേഹം വന്നെത്തിയത് എന്നും നബി ﷺ പിന്നീട് അറിയിച്ചു.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്തത് പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്." (ബുഖാരി, മുസ്ലിം) മുസ്ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "ആരെങ്കിലും നമ്മുടെ മതത്തിലില്ലാത്ത ഒരു കാര്യം പ്രവർത്തിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്."
متفق عليهആരെങ്കിലും മതത്തിൽ എന്തെങ്കിലും ഒന്ന് പുതുതായി നിർമ്മിക്കുകയോ ഖുർആനിലും സുന്നത്തിലും തെളിവില്ലാത്ത ഒരു പ്രവർത്തി ചെയ്യുകയോ ഉണ്ടായാൽ അത് അയാളിലേക്ക് തന്നെ മടക്കപ്പെടുന്നതാണ്. അല്ലാഹുവിങ്കൽ അവ സ്വീകരിക്കപ്പെടുന്നതല്ല.
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ അല്ലാഹു പറഞ്ഞതായി അറിയിച്ചു: "എൻ്റെ അടിമകളേ! അതിക്രമം ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു; അതിനാൽ നിങ്ങൾ പരസ്പരം അതിക്രമം പ്രവർത്തിക്കരുത്.! എൻ്റെ അടിമകളേ! നിങ്ങളെല്ലാം വഴിതെറ്റിയവരാണ്; ഞാൻ സന്മാർഗം നൽകിയവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ സന്മാർഗം ചോദിക്കുക; ഞാൻ നിങ്ങൾക്ക് സന്മാർഗം നൽകാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം വിശപ്പുള്ളവരാണ്; ഞാൻ ഭക്ഷണം നൽകിയവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ ഭക്ഷണം ചോദിക്കുക; ഞാൻ നിങ്ങളെ ഭക്ഷിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം നഗ്നരാണ്; ഞാൻ വസ്ത്രം ധരിപ്പിച്ചവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ വസ്ത്രം ചോദിക്കുക; ഞാൻ നിങ്ങളെ ധരിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങൾ രാത്രിയും പകലുമായി തെറ്റുകൾ ചെയ്തു കൊണ്ടിരിക്കുന്നു; ഞാൻ എല്ലാ പാപങ്ങളും പൊറുത്തു നൽകുന്നവനാണ്. അതിനാൽ എന്നോട് നിങ്ങൾ പാപമോചനം തേടുക; ഞാൻ നിങ്ങൾക്ക് പൊറുത്തു നൽകാം. എൻ്റെ അടിമകളേ! നിങ്ങൾക്ക് എന്നെ ഉപദ്രവമേൽപ്പിക്കുക സാധ്യമല്ല; എനിക്ക് ഉപകാരം എത്തിക്കാനും നിങ്ങൾക്ക് കഴിയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും നിങ്ങളിലെ ജിന്നുകളും നിങ്ങൾക്കിടയിലെ ഏറ്റവും സൂക്ഷ്മതയുള്ള ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ അത് യാതൊന്നും വർദ്ധിപ്പിക്കുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും നിങ്ങളിലെ ജിന്നുകളും നിങ്ങൾക്കിടയിലെ ഏറ്റവും മ്ലേഛമായ ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ അത് യാതൊരു കുറവും വരുത്തുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ ജിന്നുകളും മനുഷ്യരുമെല്ലാം ഒരു സ്ഥലത്ത് നിലയുറപ്പിക്കുകയും, അവരെല്ലാം എന്നോട് തേടുകയും, ഓരോ മനുഷ്യർക്കും അവൻ ചോദിച്ചത് ഞാൻ നൽകുകയും ചെയ്താലും എൻ്റെ പക്കലുള്ളതിൽ അത് യാതൊരു കുറവും വരുത്തുകയില്ല; സമുദ്രത്തിൽ പ്രവേശിപ്പിച്ച ഒരു സൂചി അതിൽ കുറവ് വരുത്തുന്നത് പോലെയല്ലാതെ. എൻ്റെ അടിമകളേ! (നിങ്ങൾക്കുള്ളത്) നിങ്ങളുടെ പ്രവർത്തനങ്ങൾ മാത്രമാണ്; ഞാൻ അവ നിങ്ങൾക്കായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ശേഷം അതിനുള്ള പ്രതിഫലം പൂർണ്ണമായി ഞാൻ നിങ്ങൾക്ക് നൽകുന്നതാണ്. അപ്പോൾ ആർക്കെങ്കിലും നന്മ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊള്ളട്ടെ. ആരെങ്കിലും അതല്ലാത്തതാണ് കാണുന്നത് എങ്കിൽ സ്വന്തത്തെയല്ലാതെ അവൻ ആക്ഷേപിക്കേണ്ടതില്ല."
رواه مسلمഅല്ലാഹു പറഞ്ഞതായി നബി ﷺ അറിയിച്ച ചില കാര്യങ്ങളാണ് ഈ ഹദീഥിലുള്ളത്. (അവ ഇപ്രകാരമാണ്): അല്ലാഹു അവൻ്റെ മേൽ അതിക്രമം നിഷിദ്ധമാക്കിയിരിക്കുന്നു; അവൻ്റെ സൃഷ്ടികൾക്കിടയിലും അതിക്രമം അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാൽ ഒരാളും മറ്റൊരാളോട് അതിക്രമം പ്രവർത്തിച്ചു കൂടാ. സൃഷ്ടികളെല്ലാം വഴികേടിലാണുള്ളത്; അല്ലാഹു സൻമാർഗം കാണിച്ചു നൽകുകയും അത് സ്വീകരിക്കാൻ സൗഭാഗ്യം നൽകുകയും ചെയ്തവരല്ലാതെ. ആരെങ്കിലും അല്ലാഹുവിനോട് സന്മാർഗം ചോദിച്ചാൽ അവൻ അവർക്ക് മാർഗം കാണിച്ചു നൽകുകയും അത് എളുപ്പമാക്കി കൊടുക്കുകയും ചെയ്യുന്നതാണ്. എല്ലാ കാര്യങ്ങളിലും സൃഷ്ടികളെല്ലാം അല്ലാഹുവിലേക്ക് അങ്ങേയറ്റം ആവശ്യമുള്ള പരമദരിദ്രരാണ്. ആരെങ്കിലും അല്ലാഹുവിനോട് തേടിയാൽ അവൻ്റെ കാര്യങ്ങൾ അല്ലാഹു നിറവേറ്റുന്നതും അവന് അല്ലാഹു മതിയാകുന്നതുമാണ്. ജനങ്ങളെല്ലാം രാത്രിയിലും പകലിലുമായി തിന്മകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു; അല്ലാഹു അവരുടെ തെറ്റുകൾ മറച്ചു പിടിക്കുകയും അവർ പാപമോചനം ചോദിക്കുമ്പോൾ അവർക്ക് പൊറുത്തു നൽകുകയും ചെയ്യുന്നു. അല്ലാഹുവിന് ഉപദ്രവമെത്തിക്കുക എന്നതോ അവന് ഉപകാരം ചെയ്യുക എന്നതോ ഒരു സൃഷ്ടിക്കും സാധ്യമായ കാര്യമല്ല. സൃഷ്ടികളെല്ലാം ഏറ്റവും ധർമ്മനിഷ്ഠയുള്ള ഒരാളുടെ ഹൃദയമുള്ളവരായിരുന്നെങ്കിലും അല്ലാഹുവിൻ്റെ അധികാരത്തിൽ അത് യാതൊരു വർദ്ധനവും വരുത്തുകയില്ല. എല്ലാവരും ഏറ്റവും മോശമായ ഹൃദയമുള്ള ഒരാളെ പോലെയായിരുന്നെങ്കിലും അവരുടെ മ്ലേഛതയോ തിന്മകളോ അല്ലാഹുവിൻ്റെ അധികാരത്തിൽ യാതൊരു കുറവും വരുത്തുന്നില്ല. കാരണം എല്ലാ സൃഷ്ടികളും അതീവദുർബലരും അല്ലാഹുവിലേക്ക് സമ്പൂർണ്ണ യാചകരുമാണ്. എല്ലാ കാര്യത്തിലും ഏതു സ്ഥലത്തും ഏതൊരു സന്ദർഭത്തിലും അല്ലാഹുവില്ലാതെ അവർക്ക് യാതൊന്നിനും കഴിയില്ല; അവനാകട്ടെ അവരുടെ യാതൊരു ആവശ്യവുമില്ലാത്ത സർവ്വ ധന്യതയുടെയും ഉടമസ്ഥനും. സൃഷ്ടികളെല്ലാം -അവരിലെ ജിന്നുകളും മനുഷ്യരും, ആദ്യത്തെയാൾ മുതൽ അവസാനത്തെയാൾ വരെയുള്ളവരും- ഒരു സ്ഥലത്ത് നിലയുറപ്പിക്കുകയും, അല്ലാഹുവിനോട് തങ്ങൾക്ക് വേണ്ടതെല്ലാം ചോദിക്കുകയും, അവർ ചോദിച്ചതെല്ലാം അല്ലാഹു അവർക്ക് നൽകുകയും ചെയ്താലും അവൻ്റെ പക്കലുള്ളതിൽ യാതൊരു കുറവുമുണ്ടാവുകയില്ല. ഒരു മൊട്ടുസൂചി സമുദ്രത്തിൽ മുക്കിയെടുത്താൽ അത് സമുദ്രത്തിൽ യാതൊരു കുറവുമുണ്ടാക്കുന്നില്ല എന്നത് പോലെത്തന്നെ! അല്ലാഹുവിൻ്റെ പരിപൂർണ്ണ ധന്യതയുടെ ഭാഗമാണത്. അല്ലാഹു അവൻ്റെ അടിമകളുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും ക്ലിപ്തപ്പെടുത്തുകയും ചെയ്തിരിക്കുന്നു; ശേഷം അന്ത്യനാളിൽ അവർക്ക് അതിനുള്ള പ്രതിഫലം അവൻ പൂർണ്ണമായി നൽകുന്നതാണ്. ആ സന്ദർഭത്തിൽ തൻ്റെ പ്രതിഫലം നല്ലതാണെന്ന് ആരെങ്കിലും കാണുന്നുവെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊള്ളട്ടെ; അവനാണല്ലോ നന്മ ചെയ്യാൻ വഴിയൊരുക്കിയത്. എന്നാൽ ആരെങ്കിലും തൻ്റെ പ്രതിഫലം നന്മയല്ലാത്തതാണെന്ന് കാണുന്നെങ്കിൽ അവൻ തെറ്റുകൾ ചെയ്യാൻ കൽപ്പിച്ചു കൊണ്ടേയിരുന്ന തൻ്റെ സ്വന്തം മനസ്സിനെയല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല; അവനെ തീരാനഷ്ടത്തിലേക്ക് നയിച്ചത് അതാകുന്നു.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഒരു ദിവസം ഞാൻ നബി ﷺ യുടെ പിറകിലിരുന്ന് (യാത്ര) ചെയ്യുകയായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "മോനെ! ഞാൻ നിനക്ക് ചില വാക്കുകൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവൻ നിന്നെ സംരക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവനെ നിൻ്റെ മുൻപിൽ (ആവശ്യങ്ങളിൽ) നീ കണ്ടെത്തുന്നതാണ്. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക! അറിയുക! ജനങ്ങൾ മുഴുവൻ നിനക്ക് എന്തെങ്കിലുമൊരു ഉപകാരം ചെയ്യുന്നതിനായി ഒരുമിച്ചാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാത്ത ഒരു ഉപകാരവും ചെയ്യാൻ അവർക്ക് സാധ്യമല്ല. അവരെല്ലാം നിനക്ക് ഒരു ഉപദ്രവം ചെയ്യുന്നതിനായി ഒരുമിച്ചാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാത്ത യാതൊരു ഉപദ്രവവും ചെയ്യാനും അവർക്ക് സാധ്യമല്ല. (വിധി രേഖപ്പെടുത്തിയ) പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു; ഏടുകൾ ഉണങ്ങുകയും ചെയ്തിരിക്കുന്നു."
رواه الترمذيഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- ചെറിയ കുട്ടിയായിരുന്നപ്പോൾ നബി ﷺ യുടെ പിറകിലിരുന്ന് യാത്ര ചെയ്ത സന്ദർഭത്തെ കുറിച്ചാണ് ഈ ഹദീഥിൽ അദ്ദേഹം നമ്മെ അറിയിക്കുന്നത്. (ഈ യാത്രാവേളയിൽ) നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു തരാം! അല്ലാഹു അത് മുഖേന നിനക്ക് പ്രയോജനം ചെയ്യുന്നതാണ്. അല്ലാഹുവിനെ നീ സൂക്ഷിക്കുക; അവൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും. നന്മകളിലും സൽകർമ്മങ്ങളിലും അല്ലാഹു നിന്നെ കാണട്ടെ; തിന്മകളിലോ തെറ്റുകളിലോ അവൻ നിന്നെ കാണാതിരിക്കട്ടെ. ഇപ്രകാരം നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ അതിനുള്ള പ്രതിഫലം ഇഹലോകത്തും പരലോകത്തുമുള്ള പ്രയാസങ്ങളിൽ നിന്ന് അല്ലാഹു നിന്നെ സംരക്ഷിക്കുമെന്നതാണ്. നീ എവിടെയായിരുന്നാലും നിൻ്റെ ആവശ്യങ്ങളിലെല്ലാം അവൻ നിനക്ക് സഹായമേകുന്നതാണ്. നിനക്ക് എന്തെങ്കിലുമൊരു കാര്യം ചോദിക്കേണ്ടി വന്നാൽ അല്ലാഹുവിനോടല്ലാതെ നീ ചോദിക്കരുത്. കാരണം അവൻ മാത്രമാകുന്നു ചോദ്യങ്ങൾക്കും തേട്ടങ്ങൾക്കും ഉത്തരം നൽകുന്നവൻ. നിനക്ക് സഹായം ആവശ്യമായി വന്നാൽ അല്ലാഹുവിനോടല്ലാതെ നീ സഹായം തേടുകയുമരുത്. ഭൂമിയിലുള്ള സർവ്വരും നിനക്ക് ഒരു പ്രയോജനം ചെയ്യാൻ വേണ്ടി ഒത്തുകൂടിയാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നും നിനക്ക് ലഭിക്കുകയില്ല എന്ന കാര്യം നിൻ്റെ മനസ്സിൽ ഉറച്ച വിശ്വാസമായുണ്ടാകട്ടെ! ഭൂമിയിലുള്ള സർവ്വരും നിനക്ക് ഒരു ഉപദ്രവം ചെയ്യാൻ ഒരുമിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാത്ത യാതൊരു ഉപദ്രവവും നിന്നെ ഏൽപ്പിക്കാൻ അവർക്ക് സാധിക്കുകയില്ലെന്നും നീ ഉറച്ചു വിശ്വസിക്കുക. കാരണം അല്ലാഹു അക്കാര്യം അവൻ്റെ മഹത്തരമായ ലക്ഷ്യത്തിനും സർവ്വജ്ഞാനത്തിനും യോജിക്കുന്ന വിധത്തിൽ ക്രമപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു രേഖപ്പെടുത്തിയ കാര്യങ്ങൾക്ക് യാതൊരു മാറ്റവുമുണ്ടാകുന്നതല്ല.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി ﷺ പറഞ്ഞു: "എന്നെ അനുസരിച്ചവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. എന്നെ ധിക്കരിച്ചവർ വിസമ്മതം പ്രകടിപ്പിച്ചിരിക്കുന്നു."
رواه البخاريനബി ﷺ യുടെ ഉമ്മത്തിൽ പെട്ട എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും, അതിനോട് വിസമ്മതം കാണിക്കുന്നവർ മാത്രമേ അതിൽ നിന്നൊഴിവാകൂ എന്നും അവിടുന്ന് ഈ ഹദീഥിലൂടെ അറിയിക്കുന്നു. ഇത് കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി ﷺ അവർക്കുള്ള ഉത്തരമായി പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലിന് കീഴൊതുങ്ങുകയും അവിടുത്തെ പിൻപറ്റുകയും അനുസരിക്കുകയും ചെയ്യുന്നവർ സ്വർഗത്തിൽ പ്രവേശിക്കും. എന്നാൽ അല്ലാഹുവിൻ്റെ റസൂൽ ﷺ യെ ധിക്കരിക്കുകയും അവിടുത്തെ ദീനിലെ വിധിവിലക്കുകൾക്ക് കീഴൊതുങ്ങാതിരിക്കുകയും ചെയ്യുന്നവർ തങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളിലൂടെ സ്വർഗപ്രവേശനത്തിന് വിസമ്മതം കാണിക്കുകയാണ് ചെയ്യുന്നത്."
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്."
رواه أبو داود وأحمدഅവിശ്വാസിയോ അധർമ്മകാരിയോ സച്ചരിതരോ ആയ ഏതൊരു വിഭാഗത്തോട് ആര് - അവർക്ക് മാത്രം പ്രത്യേകമായ വിശ്വാസങ്ങളോ ആരാധനകളോ ആചാരങ്ങളോ സ്വീകരിച്ച് - സാദൃശ്യം പുലർത്തിയാലും അവൻ അവരിൽ പെട്ടവനാണ് എന്ന് നബി ﷺ അറിയിക്കുന്നു. കാരണം ബാഹ്യമായ സാദൃശ്യം മനസ്സും അവരോട് യോജിക്കുന്നതിലേക്ക് നയിക്കുന്നതാണ്. മാത്രമല്ല, ഒരു വിഭാഗത്തോടുള്ള ഇഷ്ടത്തിൽ നിന്നും താൽപ്പര്യത്തിൽ നിന്നുമാണല്ലോ അവരോട് സാദൃശ്യപ്പെടാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. ഇത് ചിലപ്പോൾ അവരോട് സ്നേഹവും ആദരവും ഉണ്ടാകുന്നതിലേക്കും, അവരിലേക്ക് ക്രമേണ ചാഞ്ഞുപോകുന്നതിലേക്കും എത്തിച്ചേക്കാം. പിന്നീട് മനസ്സിനുള്ളിലും ഈ സദൃശ്യത സംഭവിക്കാനും, ആരാധനകളിൽ വരെ അത് സംഭവിക്കാനും വഴിയൊരുങ്ങിയേക്കാം. അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു തിന്മയാണ് അല്ലാഹുവിങ്കൽ ഏറ്റവും ഗുരുതരം?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചത് എന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്." ഞാൻ പറഞ്ഞു: "തീർച്ചയായും അത് അതീവഗുരുതരം തന്നെ. ഞാൻ ചോദിച്ചു: പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "നിന്നോടൊപ്പം ഭക്ഷിക്കുമെന്ന ഭയത്താൽ നിൻ്റെ സന്താനത്തെ വധിക്കലാണ്." ഞാൻ ചോദിച്ചു: "ശേഷം ഏതാണ്?" നബി -ﷺ- പറഞ്ഞു: "നിൻ്റെ അയൽവാസിയുടെ ഭാര്യയുമായി വ്യഭിചാരത്തിൽ ഏർപ്പെടലാണ്."
متفق عليهഏറ്റവും ഗുരുതരമായ തിന്മ ഏതാണെന്ന് നബി -ﷺ- യോട് ചോദിക്കപ്പെട്ടു: അപ്പോൾ അവിടുന്ന് -ﷺ- പറഞ്ഞു: ഏറ്റവും ഗുരുതരമായത് അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കാണ്. അല്ലാഹുവാണ് സർവ്വതിൻ്റെയും സൃഷ്ടികർത്താവായുള്ളവൻ എന്നതിലോ, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവൻ എന്നതിലോ, അവൻ്റെ നാമങ്ങളിലോ വിശേഷണങ്ങളിലോ അല്ലാഹുവിന് പങ്കാളിയെയോ തുല്യനെയോ സങ്കൽപ്പിക്കലാണത്. അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങിയാലല്ലാതെ അവൻ ഒരിക്കലും പൊറുത്തു നൽകാത്ത തിന്മയാണ് ശിർക്ക്. ശിർക്കിലായിക്കൊണ്ട് ഒരാൾ മരണപ്പെട്ടാൽ അവൻ നരകത്തിൽ ശാശ്വതനായിരിക്കും. പിന്നീട് തൻ്റെ സന്താനം തന്നോടൊപ്പം ഭക്ഷിക്കുമല്ലോ എന്ന ഭയത്താൽ അതിനെ കൊലപ്പെടുത്തലാണ്. ഏതൊരു മനുഷ്യനെയും അന്യായമായി വധിക്കുക എന്നത് നിഷിദ്ധം തന്നെ. എന്നാൽ വധിക്കപ്പെടുന്നത് കുടുംബബന്ധമുള്ള ഒരാളാണെങ്കിൽ ആ തിന്മയുടെ ഗൗരവം വീണ്ടും വർദ്ധിക്കുന്നതാണ്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള ഉപജീവനത്തിൽ മറ്റൊരാൾ കൂടി പങ്കുചേരുമെന്ന ഭയത്തോടെയാണ് ഈ വധം നടത്തിയത് എങ്കിൽ ആ തിന്മ വീണ്ടും ഗൗരവമുള്ളതായി തീരുന്നു. അതിന് ശേഷം ഏറ്റവും ഗുരുതരമായ തിന്മ ഒരാൾ തൻ്റെ അയൽവാസിയുടെ ഭാര്യയെ വശീകരിക്കാൻ ശ്രമിക്കുകയും അവളുമായി വ്യഭിചരിക്കുകയും ചെയ്യലാണ്. വ്യഭിചാരം നിഷിദ്ധമാണ്. എന്നാൽ അല്ലാഹു ഓരോ മുസ്ലിമിനോടും നന്മയിൽ വർത്തിക്കണമെന്നും, പുണ്യം ചെയ്യണമെന്നും, നല്ല വിധത്തിൽ സഹകരിക്കണമെന്നും കൽപ്പിച്ച അവൻ്റെ അയൽവാസിയുടെ ഭാര്യയുമായി വ്യഭിചരിക്കുക എന്നത് ആ തെറ്റിൻ്റെ ഗൗരവം വീണ്ടും വർദ്ധിപ്പിക്കുന്നു.