





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ മുഹമ്മദ്, അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഞാൻ കൊണ്ടുവന്നതിനോട് നിങ്ങളുടെ ദേഹേഛകൾ കീഴൊതുങ്ങുന്നത് വരെ നിങ്ങളിലൊരാളും മുഅ്മിനാവുകയില്ല."
رويناه في كتاب الحجة بإسناد صحيحഒരാളുടെ നിർബന്ധമായ വിശ്വാസം (ഈമാൻ) പൂർണ്ണമാകണമെങ്കിൽ, അവൻ്റെ താൽപ്പര്യങ്ങളും ഇഷ്ടങ്ങളും അല്ലാഹുവിൻ്റെ റസൂൽ കൊണ്ടുവന്ന കല്പനകൾക്കും വിലക്കുകൾക്കും അനുസരിച്ചായിരിക്കണം എന്നാണ് നബി -ﷺ- ഈ ഹദീസിലൂടെ വ്യക്തമാക്കുന്നത്. അതായത്, നബി(ﷺ) കൽപ്പിച്ച കാര്യങ്ങളെ അവൻ ഇഷ്ടപ്പെടുകയും വിലക്കിയ കാര്യങ്ങളെ വെറുക്കുകയും ചെയ്യണം.
അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നാല് കാര്യങ്ങൾ ആരിലെങ്കിലുമുണ്ടായാൽ അവൻ തനി മുനാഫിഖ് (കപടവിശ്വാസി) ആണ്, എന്നാൽ ആരിലെങ്കിലും ഇതിൽ നിന്ന് ഏതെങ്കിലുമൊരു കാര്യമുണ്ടായാൽ അവൻ ആ കാര്യം വെടിയുന്നത് വരെ കാപട്യത്തിന്റെ അംശം അവനിൽ ഉണ്ടായിരിക്കും, അവ: വിശ്വസിച്ചാൽ ചതിക്കും, സംസാരിച്ചാൽ കളവ് പറയും, കരാർ ചെയ്താൽ ലംഘിക്കും, തർക്കിച്ചാൽ ജയിക്കാൻ മോശമായ മാർഗങ്ങൾ സ്വീകരിക്കും.''
رواه البخاري ومسلمനാല് സ്വഭാവങ്ങളിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു; അവ ഒരാളിൽ ഒരുമിച്ചാൽ അവനിൽ കപടവിശ്വാസിയോട് കടുത്ത സാദൃശ്യമുണ്ട്. ഹദീഥിൽ പറയപ്പെട്ട ഈ സ്വഭാവങ്ങൾ ഒരാളുടെ പൊതുസ്വഭാവമായി മാറിയാലുള്ള കാര്യമാണ് ഇവിടെ പറയുന്നത്; അതല്ലാതെ എപ്പോഴെങ്കിലും ഒരാളിൽ നിന്ന് ഇത്തരം കാര്യം സംഭവിക്കുന്നതിനെ കുറിച്ചല്ല. ഒന്നാമത്തെ സ്വഭാവം: സംസാരിച്ചാൽ ബോധപൂർവ്വം കളവ് പറയുക എന്നതും, സംസാരത്തിൽ സത്യസന്ധത പാലിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. രണ്ടാമത്തേത്; കരാർ ചെയ്താൽ അത് പാലിക്കാതിരിക്കുക എന്നതും, കരാർ ചെയ്തവനെ വഞ്ചിക്കുക എന്നതുമാണ്. മൂന്നാമത്തേത്; വാഗ്ദാനം നൽകിയാൽ അത് പാലിക്കാതിരിക്കുക എന്നതും, വാഗ്ദാനം ലംഘിക്കുക എന്നതുമാണ്. നാലാമത്തേത്, തർക്കിക്കുകയും വാദപ്രതിവാദത്തിൽ ഏർപ്പെടുകയും ചെയ്താൽ കഠിനമായി തർക്കിക്കുകയും, സത്യത്തിൻ്റെ വഴിയിൽ നിന്ന് തെറ്റിപ്പോകുകയും, മറുപടി നൽകാൻ കുതർക്കവും അന്യായവും പ്രയോഗിക്കുകയും, കളവും അസത്യവും പറയുക എന്നതുമാണ്. കപടവിശ്വാസം (നിഫാഖ്) എന്നാൽ ഒരാൾ യാഥാർത്ഥ്യത്തിന് വിരുദ്ധമായത് പുറമേക്ക് പ്രകടിപ്പിക്കുക എന്നതാണ്. ഹദീഥിൽ പറയപ്പെട്ട നാല് സ്വഭാവങ്ങളിലും ഇത് പൊതുവായി കാണാം. സംസാരിക്കുമ്പോഴും വാഗ്ദാനം നൽകുമ്പോഴും വിശ്വസിച്ചേൽപ്പിക്കപ്പെടുമ്പോഴും, തർക്കിക്കുമ്പോഴുമെല്ലാം അവൻ തൻ്റെ എതിർപക്ഷത്ത് നിൽക്കുന്നവനോട് ഒരർത്ഥത്തിലുള്ള കപടതയാണ് പുലർത്തുന്നത്. എന്നാൽ ഇസ്ലാമിൽ വിശ്വാസമില്ലാതെ, ഉള്ളിൽ നിഷേധം ഒളിപ്പിച്ചു കൊണ്ട് പുറമേക്ക് മുസ്ലിമാണെന്ന് പ്രകടിപ്പിക്കുന്ന തരത്തിലുള്ള നിഫാഖും യഥാർഥ കപടവിശ്വാസവും അവനുണ്ട് എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. ആരിലെങ്കിലും ഈ ഹദീഥിൽ പറയപ്പെട്ട സ്വഭാവങ്ങളുണ്ടെങ്കിൽ മുനാഫിഖിൻ്റെ ആ വിശേഷണം അവൻ ഉപേക്ഷിക്കുന്നത് വരെ അവനിൽ അത് നിലനിൽക്കുന്നുണ്ട് എന്നു മാത്രം.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ -; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല."
رواه مسلمഅല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് നബി -ﷺ- അറിയിക്കുന്നു; അവിടുത്തെ കുറിച്ച് ഈ ഉമ്മത്തിൽ പെട്ട യഹൂദനോ നസ്വറാനിയോ മറ്റേതെങ്കിലും മതത്തിൽ പെട്ടവനോ കേൾക്കുകയും, നബി -ﷺ- യുടെ പ്രബോധനം അവന് എത്തിച്ചേരുകയും, ശേഷം അവിടുത്തെ വിശ്വസിക്കാതെ അവൻ മരണപ്പെടുകയും ചെയ്താൽ അയാൾ ശാശ്വതനായി നരകശിക്ഷ അനുഭവിക്കേണ്ടി വരുന്നവരിൽ ഉൾപ്പെടാതിരിക്കുകയില്ല.
ആഇശ -رَضِيَ اللَّهُ عَنْهَا- യും അബ്ദുല്ലാഹി ബ്നു അബ്ബാസും -رَضِيَ اللَّهُ عَنْهُمَا- നിവേദനം ചെയ്യുന്നു: നബി -ﷺ- ക്ക് മരണം ആസന്നമായ വേളയിൽ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തൻ്റെ മുഖത്ത് ഇടാൻ തുടങ്ങി. ശ്വാസം മുട്ടുമ്പോൾ അത് അവിടുന്ന് മുഖത്ത് നിന്നും നീക്കും, ഈ അവസ്ഥയിലായിരിക്കെ അവിടുന്ന് പറഞ്ഞു: "ജൂതന്മാരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! അവർ തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദങ്ങളായി സ്വീകരിച്ചിരിക്കുന്നു." അവർ പ്രവർത്തിച്ചതിൽ നിന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു നബി -ﷺ-.
متفق عليهആഇശ -رَضِيَ اللَّهُ عَنْهَا- യും ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- യും നബി -ﷺ- യ്ക്ക് വഫാത്ത് (മരണം) ആസന്നമായ വേളയിലുള്ള കാര്യമാണ് ഈ ഹദീഥിലൂടെ അറിയിക്കുന്നത്. അവിടുന്ന് വസ്ത്രത്തിൻ്റെ ഒരു കഷ്ണം മുഖത്ത് ഇട്ടു കൊണ്ടിരുന്നു. മരണാസന്ന വേളയിലെ വേദന കാരണത്താൽ ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെട്ടാൽ അവിടുന്ന് അത് തൻ്റെ മുഖത്ത് നിന്ന് നീക്കുകയും ചെയ്യും. ഈ പ്രയാസകരമായ കഠിനവേളയിൽ പോലും അവിടുന്ന് പറഞ്ഞു: "യഹൂദ നസ്വാറാക്കളെ അല്ലാഹു ശപിക്കുകയും, അവൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റുകയും ചെയ്യട്ടെ. കാരണം അവർ തങ്ങളുടെ നബിമാരുടെ ഖബ്റുകൾക്ക് മുകളിൽ ആരാധനാകേന്ദ്രങ്ങൾ - മസ്ജിദുകൾ - ഉണ്ടാക്കി." ഈ വിഷയം അത്രമാത്രം ഗൗരവമേറിയതല്ലായിരുന്നു എങ്കിൽ അത്തരമൊരു സാഹചര്യത്തിൽ നബി -ﷺ- ഈ വിഷയം പറയുമായിരുന്നില്ല. അത് കൊണ്ടാണ് നബി -ﷺ- തൻ്റെ ഉമ്മത്തിനോട് ഈ പ്രവർത്തിയോട് സദൃശ്യരാകരുതെന്ന് വിലക്കിയത്. കാരണം യഹൂദ നസ്വാറാക്കളുടെ പ്രവർത്തനത്തിൽ പെട്ടതായിരുന്നു അത്. അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർകിലേക്ക് നയിക്കുന്ന കാര്യങ്ങളിലൊന്നുമാണ് അത്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ! എൻ്റെ ഖബ്റിനെ നീ (ആരാധിക്കപ്പെടുന്ന) വിഗ്രഹമാക്കരുതേ! തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കിയ ഒരു ജനതയെ അല്ലാഹു ശപിക്കട്ടെ!"
رواه أحمدആദരവോടെ കാണുകയും സുജൂദിൽ അവിടേക്ക് തിരിയുകയും ചെയ്ത് കൊണ്ട് ജനങ്ങൾ ആരാധിക്കുന്ന വിഗ്രഹത്തെ പോലെ തൻ്റെ ഖബ്റിനെ ആക്കരുതേ എന്ന് നബി -ﷺ- അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കിയവരെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റിയിരിക്കുന്നു എന്നും നബി -ﷺ- അറിയിക്കുന്നു. കാരണം ഖബ്റുകളെ മസ്ജിദുകളാക്കുന്നത് അവയെ ആരാധിക്കുന്നതിലേക്കും, അവക്ക് (ഉപകാരോപദ്രവങ്ങൾ ചെയ്യാൻ കഴിയുമെന്ന്) വിശ്വസിക്കുന്നതിലേക്കും നയിക്കുന്നതാണ്.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രതിഫലത്തിൻ്റെ വലിപ്പം പരീക്ഷണത്തിൻ്റെ കാഠിന്യം അനുസരിച്ചായിരിക്കും. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കുന്നതായിരിക്കും. ആരെങ്കിലും അതിൽ തൃപ്തി കാണിച്ചാൽ അവർക്ക് (അല്ലാഹുവിൻ്റെ) തൃപ്തിയുണ്ട്. ആരെങ്കിലും അതിൽ ഈർഷ്യത കാണിച്ചാൽ അവർക്ക് അല്ലാഹുവിൻ്റെ കോപവുമുണ്ട്."
ഇബ്നു മാജഃ ഉദ്ധരിച്ചത് - തുർമുദി ഉദ്ധരിച്ചത്അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് അവരുടെ ശരീരത്തിലും സമ്പത്തിലും മറ്റുമെല്ലാം ചില പ്രയാസങ്ങൾ ബാധിച്ചേക്കാം എന്ന് നബി -ﷺ- ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നു. ആ പ്രയാസങ്ങളിൽ അവൻ ക്ഷമിക്കുകയാണെങ്കിൽ അല്ലാഹു അവന് പ്രതിഫലം നൽകുന്നതാണ്. മാത്രമല്ല, അവനെ ബാധിച്ച ദുരിതത്തിൻ്റെ കാഠിന്യം അധികരിക്കുന്നതിന് അനുസരിച്ച് അവനുള്ള പ്രതിഫലവും അല്ലാഹുവിങ്കൽ അധികരിച്ചു കൊണ്ടിരിക്കും. ഇത്തരം പ്രയാസങ്ങൾ അല്ലാഹു ഒരു മുഅ്മിനിനെ (വിശ്വാസിയെ) സ്നേഹിക്കുന്നതിൻ്റെ അടയാളമാണെന്ന് കൂടി നബി -ﷺ- പഠിപ്പിക്കുന്നു. അല്ലാഹുവിൻ്റെ വിധിയും തീരുമാനവും എന്തായാലും നടപ്പിലാകുമെന്നും, അതിൽ യാതൊരു സംശയവുമില്ലെന്നും ഈ ഹദീഥ് ഓർമ്മപ്പെടുത്തുന്നു. എന്നാൽ ആരെങ്കിലും പരീക്ഷണങ്ങളിൽ ക്ഷമിക്കുകയും, അതിൽ തൃപ്തിയടയുകയും ചെയ്താൽ അതിൻ്റെ പ്രതിഫലമായി അല്ലാഹു അവനെ തൃപ്തിപ്പെടുകയും, അവന് മതിയായ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ വിധിയിൽ കോപിക്കുകയും, വെറുപ്പ് കാണിക്കുകയും ചെയ്താൽ അല്ലാഹു അവനോട് കോപിക്കുകയും, അവന് മതിയായ ശിക്ഷ നൽകുകയും ചെയ്യുന്നതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "''പങ്കാളികളില്‍ നിന്നും ഞാന്‍ ധന്യനാണ്. എന്നില്‍ പങ്കുചേര്‍ത്തുകൊണ്ട് വല്ലവനും വല്ല പ്രവര്‍ത്തവനും ചെയ്താല്‍ അവനെയും അവൻ്റെ ശിര്‍ക്കിനെയും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു''."
رواه مسلمഅല്ലാഹു പറഞ്ഞതായി നബി -ﷺ- പറയുന്നു: പങ്കാളികളില്‍ നിന്നെല്ലാം അവൻ ധന്യനാണ്. എല്ലാ വസ്തുക്കളിൽ നിന്നും അതീവ ധന്യതയുള്ളവനത്രെ അവൻ. അതിനാൽ ഒരാൾ എന്തെങ്കിലുമൊരു നന്മ പ്രവർത്തിക്കുകയും, അത് അല്ലാഹുവിനും അല്ലാഹുവല്ലാത്തവർക്കുമായി നൽകുകയും ചെയ്താൽ അല്ലാഹു അവനിൽ നിന്ന് അത് സ്വീകരിക്കുന്നതല്ല. മറിച്ച്, അത് ചെയ്തവനിലേക്ക് തന്നെ അല്ലാഹു മടക്കുന്നതാണ്. അതിനാൽ അല്ലാഹുവിന് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഇഖ്ലാസ് കാത്തുസൂക്ഷിക്കുക എന്നത് നിർബന്ധമാണ്. കാരണം അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ട് ചെയ്ത പ്രവർത്തനങ്ങളേ അവൻ സ്വീകരിക്കുകയുള്ളൂ.
ജുൻദുബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മരണപ്പെടുന്നതിന് അഞ്ചു ദിവസങ്ങൾക്ക് മുൻപ് അവിടുന്ന് പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ നിന്ന് ഒരു ഉറ്റമിത്രമുണ്ടാവുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് വിടുതൽ പറയുന്നു. എൻ്റെ ഉമ്മത്തിൽ നിന്ന് ആരെയെങ്കിലും ഞാൻ ഉറ്റമിത്രമായി സ്വീകരിക്കുമായിരുന്നുവെങ്കിൽ അബൂബക്റിനെ ഞാൻ ഉറ്റമിത്രമായി (ഖലീലായി) സ്വീകരിക്കുമായിരുന്നു. അറിയുക! നിങ്ങൾക്ക് മുൻപുള്ളവർ തങ്ങളുടെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും (സച്ചരിതർ) ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കുമായിരുന്നു. അറിയുക! നിങ്ങൾ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കരുത്. ഞാൻ നിങ്ങളെ അതിൽ നിന്നിതാ വിലക്കുന്നു."
رواه مسلمഅല്ലാഹുവിങ്കൽ തനിക്കുള്ള സ്ഥാനത്തെ കുറിച്ച് നബി -ﷺ- അറിയിക്കുന്നു. ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- നേടിയെടുത്തതു പോലെ, അല്ലാഹുവിങ്കൽ അവിടുത്തെ പദവി സ്നേഹത്തിൻ്റെ ഏറ്റവും ഉയർന്ന പദവിയിൽ എത്തിയിരിക്കുന്നു. അതു കൊണ്ട് അല്ലാഹുവിന് പുറമെ ഒരു ഉറ്റകൂട്ടുകാരൻ തനിക്കുണ്ടാകുന്നത് നബി -ﷺ- നിഷേധിക്കുന്നു. കാരണം അവിടുത്തെ ഹൃദയം മറ്റാരെയും ഉൾക്കൊള്ളാൻ കഴിയാത്ത വിധം അല്ലാഹുവിനോടുള്ള സ്നേഹത്താലും ആദരവിനാലും അവനെ കുറിച്ചുള്ള അറിവിനാലും നിറഞ്ഞിരിക്കുന്നു. സൃഷ്ടികളിൽ നിന്ന് ആരെങ്കിലും അവിടുത്തെ ഉറ്റകൂട്ടുകാരനാകുമായിരുന്നെങ്കിൽ അത് അബൂബക്ർ സിദ്ദീഖ് -رَضِيَ اللَّهُ عَنْهُ- ആകുമായിരുന്നു. ശേഷം യഹൂദ നസ്വാറാക്കൾ തങ്ങളുടെ നബിമാരോടുള്ള സ്നേഹത്തിൽ അതിരുകവിഞ്ഞത് പോലെ മുസ്ലിംകളിൽ സംഭവിക്കുന്നതിനെക്കുറിച്ച് നബി -ﷺ- താക്കീത് നൽകുന്നു. അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കാൻ വേണ്ടിയുള്ള ആരാധനാകേന്ദ്രങ്ങളാക്കി നബിമാരുടെയും സജ്ജനങ്ങളുടെയും ഖബ്റുകളെ അവർ മാറ്റി. ഖബ്റുകൾ കെട്ടിപ്പൊക്കുകയും അതിന് മേൽ ആരാധനാകേന്ദങ്ങൾ നിർമ്മിക്കുകയും ചെയ്തു. അവരുടേത് പോലുള്ള പ്രവൃത്തി ചെയ്യുന്നതിൽ നിന്ന് തൻ്റെ ഉമ്മത്തിനെ നബി -ﷺ- വിലക്കുകയും ചെയ്യുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തീർച്ചയായും അല്ലാഹു രോഷമുള്ളവനാണ്; (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്ന വ്യക്തിയും രോഷമുള്ളവനാണ്. ഒരു വിശ്വാസി അല്ലാഹു നിഷിദ്ധമാക്കിയത് പ്രവർത്തിക്കുന്നതിലാണ് അവൻ്റെ രോഷം."
متفق عليهഅല്ലാഹു രോഷം കൊള്ളുകയും കോപിക്കുകയും വെറുക്കുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൽ വിശ്വസിച്ച ഒരു വ്യക്തിക്കും രോഷവും കോപവും വെറുപ്പും ഉണ്ടാകുന്നത് പോലെ. അല്ലാഹുവിൻ്റെ രോഷത്തിനുള്ള കാരണം അവനിൽ വിശ്വസിച്ച ഒരു അടിമ അല്ലാഹു നിഷിദ്ധമാക്കിയ മ്ലേഛവൃത്തികൾ പ്രവർത്തിക്കുക എന്നതാണ്. വ്യഭിചാരം, സ്വവർഗരതി, മദ്യപാനം തുടങ്ങിയവയെല്ലാം അല്ലാഹുവിന് ഇഷ്ടമില്ലാത്ത മ്ലേഛവൃത്തികളിൽ പെട്ടതാണ്.