





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിച്ചാൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു."
متفق عليهനബി -ﷺ- പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ഉദ്ദേശിച്ചു കൊണ്ട് ഒരു സ്ഥലത്തേക്ക് പ്രവേശിക്കുകയാണെങ്കിൽ ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും തന്നെ രക്ഷിക്കാനായി അല്ലാഹുവിനോട് രക്ഷ തേടുകയും, അവനിൽ അഭയം തേടുകയും ചെയ്യുമായിരുന്നു. ഹദീഥിൽ വന്ന ഖുബ്ഥ്, ഖബാഇഥ് എന്നീ പദങ്ങളുടെ ഉദ്ദേശ്യം എല്ലാ മ്ലേഛവൃത്തികളും മാലിന്യങ്ങളുമാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
സഹ്ൽ ബ്നു ഹുനൈഫ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനോട് സത്യസന്ധമായി രക്തസാക്ഷിത്വം ചോദിക്കുകയാണെങ്കിൽ അവൻ തൻ്റെ വിരിപ്പിൽ കിടന്ന് മരിച്ചാലും അവനെ അല്ലാഹു രക്തസാക്ഷികളുടെ പദവികളിൽ എത്തിക്കുന്നതാണ്."
رواه مسلمആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വവും അവൻ്റെ മാർഗത്തിൽ വധിക്കപ്പെടാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, അവൻ്റെ ഉദ്ദേശ്യം നിഷ്കളങ്കവും സത്യസന്ധവുമായിരിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ നിഷ്കളങ്കമായ ഉദ്ദേശ്യത്തിന് പ്രതിഫലമായി -അവൻ യുദ്ധത്തിലായി കൊണ്ടല്ലാതെ, തൻ്റെ വിരിപ്പിൽ കിടന്ന് മരണപ്പെട്ടാലും- അവന് രക്തസാക്ഷികളുടെ പദവി നൽകുന്നതാണ്.
മുഅ്മീനീങ്ങളുടെ മാതാവ്, മയ്മൂന -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ക്ക് കുളിക്കാൻ വേണ്ടി ഞാൻ വെള്ളം ഒരുക്കി കൊടുത്തു. ശേഷം അവിടുത്തേക്ക് ഒരു തുണി കൊണ്ട് ഞാൻ മറ ഒരുക്കുകയും ചെയ്തു. അവിടുന്ന് വെള്ളം തൻ്റെ രണ്ട് കൈകളിലേക്കും ചൊരിയുകയും, അവ രണ്ടും കഴുകുകയും, ശേഷം തൻ്റെ വലതു കൈ കൊണ്ട് ഇടതുകയ്യിലേക്ക് വെള്ളം ചൊരിയുകയും അത് കൊണ്ട് തൻ്റെ ഗുഹ്യസ്ഥാനം കഴുകുകയും ചെയ്തു. അതിന് ശേഷം അവിടുന്ന് തൻ്റെ കൈ കൊണ്ട് മണ്ണിൽ അടിക്കുകയും, ശേഷം അത് തടവിക്കളയുകയും, അതിന് ശേഷം (കൈ) കഴുകുകയും ചെയ്തു. പിന്നീട് അവിടുന്ന് വായിൽ വെള്ളം കയറ്റി കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും ചെയ്തു. എന്നിട്ട്, തൻ്റെ മുഖം കഴുകുകയും, രണ്ട് കൈമുട്ടുകൾ വരെ കൈകൾ കഴുകുകയും ചെയ്തു. ശേഷം തൻ്റെ തലക്ക് മുകളിലൂടെ വെള്ളം ഒഴിക്കുകയും, ശരീരത്തിലേക്കെല്ലാം വെള്ളം ഒഴിക്കുകയും ചെയ്തു. അതിന് ശേഷം അവിടുന്ന് (നിന്നിടത്തു നിന്ന്) മാറിനിൽക്കുകയും, തൻ്റെ രണ്ട് കാൽപാദങ്ങളും കഴുകുകയും ചെയ്തു. ഞാൻ അവിടുത്തേക്ക് (തോർത്താനായി) തുണി നീട്ടിയെങ്കിലും അവിടുന്ന് അത് എടുക്കുകയുണ്ടായില്ല. തൻ്റെ കൈകളിലെ വെള്ളം കുടഞ്ഞു കൊണ്ട് അവിടുന്ന് പോവുകയാണുണ്ടായത്.
متفق عليهനബി -ﷺ- ജനാബത്തിൽ (വലിയ അശുദ്ധിയിൽ) നിന്ന് കുളിക്കാറുണ്ടായിരുന്ന രൂപമാണ് വിശ്വാസികളുടെ ഉമ്മയായ മൈമൂന - رضي الله عنها- ഈ ഹദീഥിൽ വിവരിക്കുന്നത്. അവർ നബിക്ക്-ﷺ കുളിക്കാൻ വേണ്ടി വെള്ളം ഒരുക്കി കൊടുക്കുകയും, ഒരു മറ വിരിച്ചു കൊടുക്കുകയും ചെയ്തു. ശേഷം നബി -ﷺ- ജനാബത്തിൽ നിന്ന് കുളിച്ചത് ഇനി പറയുന്ന വിധത്തിലാണ്: 1- തൻ്റെ രണ്ട് കൈകളിലേക്കും വെള്ളം ചൊരിയുകയും, അവ രണ്ടും പാത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് കഴുകുകയും ചെയ്തു. 2- വലതു കൈ കൊണ്ട് ഇടതു കൈയ്യിലേക്ക് വെള്ളം ചൊരിയുകയും ഇടതു കൈ കൊണ്ട് തൻ്റെ ഗുഹ്യസ്ഥാനം കഴുകുകയും ചെയ്തു. ജനാബത്തിൻ്റെ ഭാഗമായി അവിടെ പറ്റിപ്പിടിക്കുന്നത് നീക്കുന്നതിന് വേണ്ടിയാണ് അപ്രകാരം ചെയ്തത്. 3- കൈകളിലെ വൃത്തികേടുകൾ കളയാൻ അവ കൊണ്ട് ഭൂമിയിൽ അടിക്കുകയും, തടവുകയും, ശേഷം കഴുകുകയും ചെയ്തു. 4- വായിൽ വെള്ളം കയറ്റി കൊപ്ലിച്ചു; അതായത് വെള്ളം വായിലേക്ക് പ്രവേശിപ്പിക്കുകയും, അത് വായിൽ വെച്ച് കൊണ്ട് കുലുക്കുകയും, ശേഷം പുറത്തേക്ക് തുപ്പിക്കളയുകയും ചെയ്തു. അതോടൊപ്പം അവിടുന്ന് മൂക്കിലേക്ക് ശ്വാസത്തോടൊപ്പം വെള്ളം വലിച്ചു കയറ്റുകയും, ശേഷം അത് പുറത്തേക്ക് ചീറ്റിക്കളയുകയും ചെയ്തു. 5- തൻ്റെ മുഖം കഴുകുകയും, രണ്ട് മുഴംകൈകളും കഴുകുകയും ചെയ്തു. 6- തൻ്റെ തലയിലൂടെ വെള്ളം ഒഴിച്ചു. 7- ശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളിലേക്കും വെള്ളമൊഴിച്ചു. 8- താൻ നിന്നിരുന്ന സ്ഥലത്ത് നിന്ന് നീങ്ങിനിൽക്കുകയും, തൻ്റെ രണ്ട് കാലുകൾ മറ്റൊരു സ്ഥാനത്ത് നിന്നു കൊണ്ട് കഴുകുകയും ചെയ്തു. ഇതിന് മുൻപ് നബി -ﷺ- കാലുകൾ കഴുകിയിട്ടില്ലായിരുന്നു എന്നത് ഓർക്കുക. ഇത്രയും ചെയ്തു കഴിഞ്ഞതിന് ശേഷം മയ്മൂനഃ -رَضِيَ اللَّهُ عَنْهَا- നബി -ﷺ- ക്ക് ശരീരം തുടക്കുന്നതിന് വേണ്ടി ഒരു മുണ്ട് എടുത്തു കൊടുത്തു. എന്നാൽ നബി -ﷺ- അത് സ്വീകരിച്ചില്ല. മറിച്ച് തൻ്റെ ശരീരത്തിൽ നിന്ന് കൈകൾ കൊണ്ട് വെള്ളം തടവിക്കളയുകയും, കൈകൾ കുടഞ്ഞു കൊണ്ട് വെള്ളം നീക്കുകയും മാത്രമാണ് അവിടുന്ന് ചെയ്തത്.
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കുന്ന വേളയിൽ തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുകയും, നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുന്നത് പോലെ അംഗശുദ്ധി വരുത്തുകയും, ശേഷം കുളിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് തൻ്റെ കൈകൾ കൊണ്ട് തലമുടികൾ ചിക്കുകയും, തൻ്റെ തൊലിയിൽ മുഴുവൻ നനവെത്തി എന്ന് ബോധ്യമായാൽ മൂന്ന് തവണ വെള്ളം മുകളിലൂടെ ഒഴിക്കുകയും, ശേഷം തൻ്റെ ശരീരം മുഴുവൻ കഴുകുകയും ചെയ്യുമായിരുന്നു." ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: " ഞാനും അല്ലാഹുവിൻ്റെ ദൂതരും -ﷺ- ഒരേ പാത്രത്തിൽ നിന്ന് കുളിക്കാറുണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരും അതിൽ നിന്ന് വെള്ളം കോരിയെടുക്കുമായിരുന്നു."
رواه البخاريനബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുമായിരുന്നു. ശേഷം നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുന്നത് പോലെ വുദൂഅ് എടുക്കും. അതിന് ശേഷം ശരീരത്തിൽ വെള്ളം ഒഴിക്കുകയും, പിന്നീട് തൻ്റെ കൈകൾ കൊണ്ട് തലമുടിയിലൂടെ വിരലുകൾ ഓടിക്കുകയും ചെയ്യുമായിരുന്നു. മുടിയുടെ ഉള്ളിലേക്ക് വെള്ളം എത്തുകയും, തൊലി മുഴുവനായി നനവെത്തുകയും ചെയ്തു എന്ന് ബോധ്യമായാൽ നബി -ﷺ- തൻ്റെ തലയുടെ മുകളിലൂടെ മൂന്ന് തവണ വെള്ളമൊഴിക്കുകയും, ശേഷം ശരീരത്തിലെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം കഴുകുകയും ചെയ്യുമായിരുന്നു. ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: "ഞാനും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യും ഒരേ പാത്രത്തിൽ നിന്ന് കുളിക്കുകയും, അതിൽ നിന്ന് ഒരുമിച്ച് വെള്ളം കോരിയെടുക്കുകയും ചെയ്യുമായിരുന്നു."
അലി -رَضِيَ اللَّهُ عَنْهُ- നിവേേദനം: ഞാൻ ധാരാളമായി മദ്യ് (രേതസ്സ്) വന്നിരുന്ന വ്യക്തിയായിരുന്നു. നബി -ﷺ- യുടെ മകളുമായുള്ള എൻ്റെ (വിവാഹ)ബന്ധം കാരണത്താൽ അവിടുത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിക്കാൻ എനിക്ക് ലജ്ജയായിരുന്നു. അതിനാൽ മിഖ്ദാദ് ബ്നു അസ്വദിനോട് ഞാൻ പറഞ്ഞതു പ്രകാരം അദ്ദേഹം ഇക്കാര്യം ചോദിച്ചപ്പോൾ നബി -ﷺ- പറഞ്ഞു: “അവൻ തൻ്റെ ലൈംഗികാവയവം കഴുകുകയും വുദൂഅ് എടുക്കുകയും ചെയ്യട്ടെ.” ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നീ വുദൂഅ് ചെയ്യുകയും നിൻ്റെ ലൈംഗികാവയവം കഴുകുകയും ചെയ്യുക."
متفق عليهധാരാളമായി മദിയ്യ് വരുന്ന വ്യക്തിയായിരുന്നു താൻ എന്ന് അലിയ്യു ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. പുരുഷൻ്റെ ലൈംഗികാവയവത്തിൽ നിന്ന് പുറത്തു വരുന്ന, പശിമയുള്ള, വെള്ളനിറമുള്ള ഒരു നേർത്ത ദ്രാവകമാണ് മദിയ്യ്. ലൈംഗികതാൽപ്പര്യമുള്ളപ്പോഴും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപായുമാണ് ഇത് പൊതുവെ ഉണ്ടാകാറുള്ളത്. മദിയ്യ് പുറത്തു വന്നാൽ എന്തു ചെയ്യണമെന്ന കാര്യം അലി -رَضِيَ اللَّهُ عَنْهُ- വിന് അറിയില്ലായിരുന്നു. നബി -ﷺ- യോട് അത് ചോദിക്കാനാകട്ടെ, അദ്ദേഹത്തിന് ലജ്ജയുമായിരുന്നു. കാരണം നബി -ﷺ- യുടെ മകളുടെ ഭർത്താവായിരുന്നല്ലോ അലി -رَضِيَ اللَّهُ عَنْهُ-?! അതിനാൽ നബി -ﷺ- യോട് ഇക്കാര്യം ചോദിക്കാൻ തൻ്റെ സുഹൃത്തായ മിഖ്ദാദ് ബ്നു അസ്വദിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ ചോദ്യത്തിനുള്ള ഉത്തരമായി നബി -ﷺ- പറഞ്ഞത് ലൈംഗികാവയവം കഴുകാനും, ശേഷം വുദൂഅ് എടുക്കാനുമാണ്.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കുന്നതാണ്." ശേഷം ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "പിന്നെ മാതാപിതാക്കളോട് നന്മ ചെയ്യലാണ്." ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യലാണ്." ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ഇത്രയുമാണ് നബി -ﷺ- എനിക്ക് പറഞ്ഞു തന്നത്. ഞാൻ കൂടുതൽ ചോദിച്ചിരുന്നെങ്കിൽ അവിടുന്ന് എനിക്ക് കൂടുതൽ പറഞ്ഞു തരുമായിരുന്നു."
متفق عليهനബി -ﷺ- യോട് ചോദിക്കപ്പെട്ടു: "ഏതു പ്രവർത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിർബന്ധ നിസ്കാരങ്ങൾ അല്ലാഹു നിശ്ചയിച്ച സമയത്ത് തന്നെ നിർവ്വഹിക്കലാണ്." ശേഷം മാതാപിതാക്കളോട് നന്മയിൽ വർത്തിക്കലും, അവർക്ക് നന്മ ചെയ്യലും, അവരോടുള്ള ബാധ്യതകൾ നിറവേറ്റലും, അവരെ ധിക്കരിക്കുന്നതും ഉപദ്രവിക്കുന്നതും ഉപേക്ഷിക്കലുമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്. ശേഷം അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിരോധിക്കുന്നതും, ദീനിൻ്റെ അടയാളങ്ങൾ പ്രകടമാക്കുന്നതിനും വേണ്ടി സമ്പത്തും ശരീരവും കൊണ്ട് യുദ്ധം ചെയ്യലാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ പ്രവർത്തി. ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- ഇവയെല്ലാം എനിക്ക് പറഞ്ഞു തന്നു. 'ഇനി ഏതാണ് അല്ലാഹുവിന് കൂടുതൽ പ്രിയങ്കരം' എന്ന് ഞാൻ വീണ്ടും ചോദിച്ചിരുന്നെങ്കിൽ നബി -ﷺ- എനിക്ക് ഇനിയും പറഞ്ഞു തരുമായിരുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങൾ ഏതൊരു ദിവസം പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോഴും രണ്ട് മലക്കുകൾ ഇറങ്ങി വരികയും അവരിൽ ഒരാൾ ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യും: അല്ലാഹുവേ! ചെലവഴിക്കുന്നവന് നീ പകരം നൽകേണമേ! രണ്ടാമത്തെയാൾ പ്രാർത്ഥിക്കും: അല്ലാഹുവേ! പിടിച്ചു വെക്കുന്നവന് നീ നഷ്ടം നൽകേണമേ!"
متفق عليهസൂര്യൻ ഉദിച്ചുയരുന്ന എല്ലാ ദിവസവും രണ്ട് മലക്കുകൾ ആകാശത്ത് നിന്ന് ഇറങ്ങി വരികയും, ഇപ്രകാരം വിളിച്ചു പറയുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. മലക്കുകളിൽ ഒരാൾ പറയും: അല്ലാഹുവേ! നന്മകൾക്കും തൻ്റെ കീഴിലുള്ള കുടുംബത്തിനും അതിഥികൾക്കും, ദാനധർമ്മങ്ങൾക്കും വേണ്ടി തൻ്റെ സമ്പത്ത് ചെലവഴിക്കുന്നവന് പകരം നൽകുകയും, അവൻ നൽകിയതിനേക്കാൾ ഉത്തമമായത് അവന് നൽകുകയും, അതിൽ അവന് ബറകത്ത് ചൊരിയുകയും ചെയ്യേണമേ! രണ്ടാമത്തെയാൾ പറയും: അല്ലാഹുവേ! ഈ നന്മകളിൽ ചെലവഴിക്കാതെ പിടിച്ചു വെക്കുന്നവന് നീ നഷ്ടം നൽകുകയും, അർഹതപ്പെട്ടവരിൽ നിന്ന് അവൻ തടഞ്ഞു വെച്ചിട്ടുള്ള അവൻ്റെ സമ്പത്ത് നീ നശിപ്പിക്കുകയും ചെയ്യേണമേ!
സഹ്ല് ഇബ്നു സഅ്ദ് (رَضِيَ اللَّهُ عَنْهُ) വിൽനിന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഖൈബർ യുദ്ധദിനം പറഞ്ഞു: "അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും ഇഷ്ടപ്പെടുന്ന, അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന ഒരാളെ ഞാൻ നാളെ (സൈന്യത്തിൻ്റെ) പതാക ഏൽപ്പിക്കുക തന്നെ ചെയ്യും; അല്ലാഹു അദ്ദേഹത്തിൻ്റെ കൈകളിലൂടെ (മുസ്ലിംകൾക്ക്) വിജയം നൽകും." ആർക്കായിരിക്കും പതാക നൽകപ്പെടുക എന്ന ചർച്ചയിൽ മുഴുകി ജനങ്ങൾ രാത്രി കഴിച്ചു കൂട്ടി; രാവിലെയായപ്പോൾ അവർ നബി -ﷺ- യുടെ അരികിലേക്ക് നേരത്തെ ചെന്നെത്തി. അവരെല്ലാം തങ്ങൾക്ക് പതാക ലഭിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹത്തിലായിരുന്നു. അപ്പോൾ നബി -ﷺ- ചോദിച്ചു: "അലിയ്യു ബ്നു അബീ ത്വാലിബ് എവിടെ?" അദ്ദേഹം കണ്ണ് വേദന കൊണ്ട് പ്രയാസപ്പെടുകയാണ് എന്ന് ആരോ പറഞ്ഞു. നബി -ﷺ- "അലിയ്യെ വിളിക്കാൻ ആളെ പറഞ്ഞയക്കുക." അദ്ദേഹത്തെ കൊണ്ടു വരാൻ അവർ ആളെ പറഞ്ഞയച്ചു; അങ്ങനെ അദ്ദേഹം കൊണ്ടു വരപ്പെട്ടു. നബി -ﷺ- അദ്ദേഹത്തിൻ്റെ കണ്ണിൽ തൻ്റെ ഉമിനീർ തെറിപ്പിക്കുകയും, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ മുൻപ് രോഗമുണ്ടായിരുന്നു എന്ന് പോലും തോന്നാത്ത രീതിയിൽ അദ്ദേഹത്തിൻ്റെ രോഗം മാറി. അലി -رَضِيَ اللَّهُ عَنْهُ- വിന് പതാക കൈമാറി. അലി ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! അവരും നമ്മെപ്പോലെ മുസ്ലിംകളാകുന്നതു വരേക്കും ഞാൻ അവരോട് യുദ്ധം ചെയ്യട്ടെയോ? നബി -ﷺ- പറഞ്ഞു: "അവരുടെ പ്രദേശത്ത് എത്തുന്നത് വരെ നീ സാവധാനം മുന്നേറുക. ശേഷം നീ അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക. അല്ലാഹുവിൻ്റെ മേൽ അവർക്കുള്ള ബാധ്യതകളെ കുറിച്ച് നീ അവരെ അറിയിക്കുക. അല്ലാഹു തന്നെ സത്യം! നീ കാരണം അല്ലാഹു ഒരാളെ ഹിദായത്തിൽ (സന്മാർഗത്തിൽ) ആക്കുന്നതാണ് അനേകം ചുവന്ന ഒട്ടകങ്ങൾ ലഭിക്കുന്നതിനെക്കാൾ നിനക്ക് ഉത്തമം."
متفق عليهയഹൂദർക്കെതിരെ അടുത്ത ദിവസം വിജയമുണ്ടാകുമെന്ന് നബി -ﷺ- സ്വഹാബികളെ സന്തോഷവാർത്ത അറിയിക്കുന്നു. നബി -ﷺ- സൈന്യത്തിൻ്റെ അടയാളമായ പതാകയേൽപ്പിക്കുന്ന ഒരു വ്യക്തിയുടെ കൈകളിലൂടെയായിരിക്കും ആ വിജയം ലഭിക്കുക എന്നും അവിടുന്ന് അറിയിച്ചു. നാളെ പതാകയേൽപ്പിക്കപ്പെടുന്ന വ്യക്തിയുടെ വിശേഷണങ്ങളിലൊന്ന്, അദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു എന്നതും, അല്ലാഹുവും റസൂലും അദ്ദേഹത്തെ സ്നേഹിക്കുന്നു എന്നതുമായിരിക്കും എന്നും അവിടുന്ന് അറിയിച്ചു. ഇത് കേട്ടതോടെ സ്വഹാബികൾ 'ആർക്കായിരിക്കും ഈ പതാക നൽകപ്പെടുക?' എന്ന കാര്യവും ചർച്ച ചെയ്തു കൊണ്ട് രാത്രി മുഴുവൻ കഴിച്ചു കൂട്ടി. കാരണം ഈ മഹത്തരമായ പദവിയും സ്ഥാനവും അവരെല്ലാം ആഗ്രഹിച്ചിരുന്നു. അങ്ങനെ രാവിലെയായപ്പോൾ അവർ നബി -ﷺ- യുടെ അടുത്തേക്ക് ചെന്നു; അവരെല്ലാം ഈ മഹത്തായ പദവി സ്വന്തത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അപ്പോൾ നബി -ﷺ- അലിയ്യു ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- വിനെ കുറിച്ച് അന്വേഷിച്ചു. എന്നാൽ അദ്ദേഹത്തിന് കണ്ണിന് സുഖമില്ല എന്ന് ആരോ അറിയിച്ചു. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ വിളിച്ചു കൊണ്ടുവരാൻ ആളെ അയക്കുകയും, അവർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരികയും ചെയ്തു. അങ്ങനെ നബി -ﷺ- തൻ്റെ അനുഗ്രഹീതമായ ഉമിനീർ അദ്ദേഹത്തിൻ്റെ കണ്ണിലേക്ക് തെറിപ്പിക്കുകയും, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തിൻ്റെ രോഗം സുഖപ്പെടുകയും, അതിന് മുൻപ് ഒരു പ്രയാസവും ഇല്ലാതിരുന്നത് പോലെ അദ്ദേഹം കാണപ്പെടുകയും ചെയ്തു. അലി -رَضِيَ اللَّهُ عَنْهُ- നോട് അവധാനതയോടെ മുന്നേറാനും, ശത്രുവിൻ്റെ കോട്ടയുടെ സമീപത്തേക്ക് എത്തിപ്പെടാനും, അവരോട് ഇസ്ലാമിൽ പ്രവേശിക്കാൻ ആവശ്യപ്പെടാനും, അവർ അതിനോട് അനുകൂലമായി പ്രതികരിച്ചാൽ അവർക്ക് ഇസ്ലാമിലെ നിർബന്ധകർമങ്ങളെ കുറിച്ച് വിവരിച്ചു നൽകാനും അവിടുന്ന് കൽപ്പിച്ചു. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിൻ്റെ ശ്രേഷ്ഠതയെ കുറിച്ചും, ഒരാൾ സന്മാർഗത്തിലേക്ക് എത്തുന്നതിന് കാരണമായാൽ അതിലേക്ക് ക്ഷണിച്ച വ്യക്തിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും, അറബികളുടെ അക്കാലഘട്ടത്തിലെ ഏറ്റവും മൂല്യമേറിയ സമ്പത്തുകളിൽ പെട്ട ചുവന്ന ഒട്ടകക്കൂട്ടങ്ങളെ ലഭിക്കുന്നതിനേക്കാളും അവ ദാനം ചെയ്യുന്നതിനേക്കാളും അവന് ഉത്തമം ഈ പ്രതിഫലമായിരിക്കുമെന്നും നബി -ﷺ- അതോടൊപ്പം അറിയിച്ചു.
സൈദു ബ്നു ഖാലിദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ഒരാൾക്ക് വിഭവം ഒരുക്കി നൽകിയാൽ അവൻ തീർച്ചയായും യുദ്ധം ചെയ്തിരിക്കുന്നു. ആരെങ്കിലും ഒരു പടയാളിയുടെ കുടുംബത്തിൻ്റെ കാര്യം നോക്കാൻ നല്ല രൂപത്തിൽ അവന് പകരമായി നിന്നാൽ അവനും യുദ്ധം ചെയ്തിരിക്കുന്നു."
متفق عليهഅല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിന് വേണ്ടി -യാത്രക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയും, യുദ്ധത്തിൽ അനിവാര്യമായും വേണ്ട ആയുധങ്ങളും വാഹനങ്ങളും ഭക്ഷണവും മറ്റു ചെലവുകളും വഹിക്കുകയും ചെയ്തു കൊണ്ട്- ഒരു പോരാളിയെ ആരെങ്കിലും സഹായിച്ചാൽ അവന് യുദ്ധത്തിൽ പങ്കെടുത്ത പോരാളിയുടെ അതേ പരിഗണനയുണ്ട്; പോരാളിക്ക് ലഭിക്കുന്ന പ്രതിഫലം അവനും ലഭിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഒരു പോരാളിയൂടെ കാര്യങ്ങൾ ഏറ്റെടുക്കുകയും, അയാളുടെ അസാന്നിദ്ധ്യത്തിൽ കുടുംബത്തിൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്താൽ അവന് യുദ്ധം ചെയ്യുന്ന ആ പോരാളിയുടെ അതേ സ്ഥാനമുണ്ട്.