





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
യഹ്യ ബ്നു ഉമാറഃ അൽ-മാസിനി -رَحِمَهُ اللَّهُ- നിവേദനം: അംറു ബ്നു അബീ ഹസൻ (സ്വഹാബിയായ) അബ്ദുല്ലാഹി ബ്നു സയ്ദ് -رَضِيَ اللَّهُ عَنْهُ- വിനോട് നബി -ﷺ- യുടെ വുദൂഇനെ കുറിച്ച് ചോദിച്ചറിയുന്നതിന് ഞാൻ സാക്ഷിയായിരുന്നു. അപ്പോൾ അദ്ദേഹം ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ശേഷം നബി -ﷺ- യുടെ വുദൂഅ് അവർക്ക് വേണ്ടി ചെയ്തു കാണിച്ചു കൊടുത്തു. അദ്ദേഹം ആ പാത്രത്തിൽ നിന്ന് തൻ്റെ കയ്യിലേക്ക് വെള്ളം കോരിയൊഴിക്കുകയും, അതു കൊണ്ട് തൻ്റെ കൈപ്പത്തികൾ മൂന്നു തവണ കഴുകുകയും ചെയ്തു. അതിന് ശേഷം പാത്രത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കുകയും വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റുകയും അത് ചീറ്റിക്കളയുകയും ചെയ്തു. ഇത് മൂന്ന് കോരലുകൾ കൊണ്ടാണ് ചെയ്തത്. ശേഷം തൻ്റെ കൈ പാത്രത്തിൽ പ്രവേശിപ്പിക്കുകയും മൂന്ന് തവണ മുഖം കഴുകുകയും ചെയ്തു. അതിന് ശേഷം രണ്ട് കൈകളും കൈമുട്ടുൾപ്പെടെ രണ്ടു തവണ കഴുകി. ശേഷം കൈ പാത്രത്തിൽ പ്രവേശിപ്പിക്കുകയും തല തടവുകയും ചെയ്തു; രണ്ട് കൈകളും -ഒരു തവണ- മുന്നിൽ നിന്ന് പിറകിലേക്കും പിറകിൽ നിന്ന് മുന്നിലേക്കും കൊണ്ടു വന്നു കൊണ്ടാണ് തല തടവിയത്. ശേഷം നെരിയാണി വരെ കാലുകൾ കഴുകുകയും ചെയ്തു.
متفق عليهഅബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വുദൂഇൻ്റെ രൂപം പ്രവർത്തിയിലൂടെ പഠിപ്പിച്ചു നൽകിയതാണ് ഈ ഹദീഥിൽ നാം കണ്ടത്. അതിനായി ഒരു ചെറിയ പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം രണ്ട് കൈകളും കഴുകിക്കൊണ്ട് അദ്ദേഹം വുദൂഅ് ആരംഭിച്ചു. പാത്രത്തിൽ നിന്ന് വെള്ളം പുറത്തേക്ക് ചൊരിഞ്ഞു കൊണ്ടാണ് അദ്ദേഹം തൻ്റെ കൈകൾ മൂന്നു തവണ കഴുകിയത്. അതിന് ശേഷം അദ്ദേഹം തൻ്റെ കൈകൾ പാത്രത്തിലേക്ക് പ്രവേശിപ്പിക്കുകയും, അതിൽ നിന്ന് മൂന്ന് തവണ വെള്ളം കോരിയെടുക്കുകയും, ഓരോ കോരലുകൾ കൊണ്ടും വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റിക്കളയുകയും ചെയ്തു. ശേഷം പാത്രത്തിൽ നിന്ന് വെള്ളം കോരിയെടുത്ത് മുഖം മൂന്നു തവണ കഴുകി. ശേഷം പാത്രത്തിൽ നിന്ന് വെള്ളം കോരിയെടുത്ത് കൈകൾ രണ്ടും മുട്ടുകൾ ഉൾപ്പടെ -രണ്ട് തവണ വീതം- കഴുകി. ശേഷം പാത്രത്തിൽ കൈകൾ പ്രവേശിപ്പിക്കുകയും, തൻ്റെ രണ്ട് കൈപ്പത്തികളും കൊണ്ട് തല തടവുകയും ചെയ്തു. തലയുടെ മുൻഭാഗത്ത് നിന്ന് ആരംഭിക്കുകയും, പിരടിയുടെ മുകൾ ഭാഗത്തുള്ള തലയുടെ പിറകുഭാഗം വരെ കൈകൾ കൊണ്ടുപോവുകയും, ശേഷം അവ രണ്ടും ആരംഭിച്ച ഭാഗത്തേക്ക് തന്നെ തിരിച്ചു കൊണ്ടുവരികയും ചെയ്തു. അതിന് ശേഷം തൻ്റെ രണ്ട് കാലുകളും നെരിയാണി ഉൾപ്പടെ അദ്ദേഹം കഴുകി.
അമ്മാർ ബ്നു യാസിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഒരിക്കൽ എന്നെ ഒരു കാര്യത്തിന് നിയോഗിച്ചു. (അങ്ങനെ യാത്രക്കിടയിൽ) ഞാൻ ജനാബത്തുകാരനായി (വലിയ അശുദ്ധിയുള്ളവനായി). എന്നാൽ (ശുദ്ധീകരിക്കാനുള്ള) വെള്ളം എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. മണ്ണിൽ മൃഗങ്ങൾ കിടന്നുരുളുന്നതു പോലെ, ഞാൻ മണ്ണിൽ കിടന്നുരുണ്ടു. ശേഷം നബി -ﷺ- യുടെ അരികിൽ ചെന്നപ്പോൾ ഇക്കാര്യം ഞാൻ അവിടുത്തോട് പറഞ്ഞു. നബി -ﷺ- പറഞ്ഞു: "നിൻ്റെ രണ്ടു കൈകൾ കൊണ്ട് ഇപ്രകാരം ചെയ്യുക മാത്രമേ വേണ്ടിയിരുന്നുള്ളൂ." ശേഷം തൻ്റെ രണ്ട് കൈകളും അവിടുന്ന് മണ്ണിൽ ഒരു തവണ അടിക്കുകയും, വലതു കൈക്ക് മുകളിൽ ഇടതു കൈ കൊണ്ട് തടവുകയും, തൻ്റെ കൈപ്പത്തികളുടെ പുറംഭാഗവും മുഖവും തടവുകയും ചെയ്തു."
متفق عليهഅമ്മാർ ബ്നു യാസിർ -رَضِيَ اللَّهُ عَنْهُ- വിനെ തൻ്റെ ചില ആവശ്യങ്ങൾക്ക് വേണ്ടി നബി -ﷺ- യാത്രയയച്ചു. അങ്ങനെ അദ്ദേഹത്തിന് സ്വപ്നസ്ഖലനം കാരണത്താലോ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനാലോ ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായി. ശുദ്ധിയാവാൻ വേണ്ടി കുളിക്കാൻ അദ്ദേഹത്തിന് വെള്ളം ലഭിച്ചതുമില്ല. ചെറിയ അശുദ്ധിക്ക് തയമ്മും മതി എന്നത് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും ജനാബത്തുകാരന് കുളിക്കാൻ വെള്ളമില്ലെങ്കിൽ തയമ്മും ചെയ്താൽ മതിയാകും എന്ന വിധി അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം തൻ്റേതായ ഗവേഷണം (ഇജ്തിഹാദ്) നടത്തി. ചെറിയ അശുദ്ധി വന്നാൽ തയമ്മുമിൻ്റെ ഭാഗമായി വുദൂഇൻ്റെ ചില അവയവങ്ങൾക്ക് മേൽ മണ്ണു കൊണ്ട് തടവാം എന്നത് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇങ്ങനെയാണെങ്കിൽ വലിയ അശുദ്ധി വന്നാൽ ശരീരം മുഴുവൻ വെള്ളം ഒഴിക്കുന്നതിന് പകരം മണ്ണു കൊണ്ട് തടവിയാൽ മതിയായിരിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. അതിനായി അദ്ദേഹം മണ്ണിൽ കിടന്നുരുളുകയും ശരീരം മുഴുവൻ ഇപ്രകാരം മണ്ണ് തട്ടിക്കുകയും, ശേഷം നിസ്കരിക്കുകയും ചെയ്തു. നബി -ﷺ- യുടെ അടുത്ത് തിരിച്ചെത്തിയപ്പോൾ നടന്ന കാര്യമെല്ലാം അദ്ദേഹം അവിടുത്തോട് പറഞ്ഞു. താൻ ചെയ്തത് ശരിയായിട്ടുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു അത്. മൂത്രമൊഴിക്കുക പോലുള്ള ചെറിയ അശുദ്ധിയിൽ നിന്നും, ജനാബത്ത് സംഭവിക്കുക പോലുള്ള വലിയ അശുദ്ധിയിൽ നിന്നും ശുദ്ധി വരുത്തേണ്ട രൂപം അപ്പോൾ നബി -ﷺ- അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. രണ്ട് കൈപ്പത്തികളും കൊണ്ട് മണ്ണിൽ ഒരു തവണ അടിക്കുകയും, ശേഷം വലതു കൈയും ഇടതുകയ്യും പരസ്പരം - പുറം ഭാഗവും - മുഖവും തടവുകയും ചെയ്താൽ തയമ്മും പൂർണ്ണമായി.
ജരീർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന് സാക്ഷ്യം വഹിക്കാമെന്നും, നിസ്കാരം നിലർത്താമെന്നും, സകാത്ത് നൽകാമെന്നും, (ഭരണാധികാരിയെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യാമെന്നും, എല്ലാ മുസ്ലിമിനോടും ഗുണകാംക്ഷ പുലർത്താമെന്നും നബി -ﷺ- യോട് ഞാൻ കരാർ (ബയ്അത്ത്) ചെയ്തു."
متفق عليهനബി -ﷺ- യുടെ സ്വഹാബിമാരിൽ പെട്ട ജരീർ ബ്നു അബ്ദില്ലാ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് താൻ ചെയ്ത കരാറിനെ കുറിച്ചാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. തൗഹീദ് മുറുകെ പിടിക്കാമെന്നും, രാവിലെയും രാത്രിയിലുമുള്ള അഞ്ച് നേരത്തെ നിർബന്ധ നിസ്കാരങ്ങൾ - അവയുടെ നിബന്ധനകളും സ്തംഭങ്ങളും നിർബന്ധവും ഐഛികവുമായ കാര്യങ്ങൾ പൂർത്തീകരിച്ചു കൊണ്ട് - നിലനിർത്താമെന്നും, നിർബന്ധമായ - സമ്പന്നരിൽ നിന്ന് എടുത്ത് സ്വീകരിക്കാൻ അർഹതയുള്ള ദരിദ്രർക്കും മറ്റും നൽകപ്പെടുന്ന സാമ്പത്തികമായ ആരാധനയിൽ പെട്ട - സകാത്ത് നൽകാമെന്നും, ഭരണാധികാരികളെ അനുസരിക്കാമെന്നും ഓരോ മുസ്ലിമിനോടും - അവർക്ക് നന്മ എത്തിച്ചു നൽകാൻ പരിശ്രമിച്ചു കൊണ്ടും, ഉപകാരം ചെയ്തു കൊണ്ടും, അവരെ ബാധിച്ചേക്കാവുന്ന വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഉള്ള ഉപദ്രവങ്ങളെ പ്രതിരോധിച്ചു കൊണ്ടും- ഗുണകാംക്ഷ പുലർത്താമെന്നും നബി -ﷺ- യോട് അദ്ദേഹം കരാർ ചെയ്തു.
മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ മുആദ്! അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു! ഹേ മുആദ്! ഞാൻ നിനക്കൊരു ഉപദേശം നൽകട്ടെ. എല്ലാ നിസ്കാരത്തിൻ്റെയും അവസാനം ഇപ്രകാരം പറയുന്നത് നീയൊരിക്കലും ഉപേക്ഷിക്കരുത്. അല്ലാഹുവേ! നിന്നെ സ്മരിക്കാനും, നിനക്ക് നന്ദി പ്രകടിപ്പിക്കാനും, നിനക്ക് നല്ല രൂപത്തിൽ ഇബാദത്ത് നിർവഹിക്കാനും നീയെന്നെ സഹായിക്കേണമേ!"
رواه أبو داود والنسائي وأحمدനബി -ﷺ- മുആദ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ കൈ പിടിച്ചു കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു: 'അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു. മുആദ്! എല്ലാ നിസ്കാരത്തിൻ്റെയും അവസാനത്തിൽ ഇനി പറയുന്ന വാക്കുകൾ ചൊല്ലുന്നത് താങ്കൾ ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് ഞാൻ താങ്കളോട് വസ്വിയ്യത്തായി ഉപദേശിക്കട്ടെ. اللَّهُمَّ أَعِنِّي عَلَى ذِكْرِكَ: അല്ലാഹുവേ! നിന്നിലേക്ക് എന്നെ അടുപ്പിക്കുന്ന എല്ലാ വാക്കുകളിലും പ്രവർത്തനങ്ങളിലും നിന്നെ സ്മരിക്കാൻ നീ എന്നെ സഹായിക്കണേ! وَشُكْرِكَ: നിൻ്റെ പക്കൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങൾക്കും എന്നിൽ നിന്ന് പ്രയാസങ്ങളെ നീ തടഞ്ഞു നിർത്തിയതിനും നിനക്ക് നന്ദി പ്രകടിപ്പിക്കാനും നീ എന്നെ സഹായിക്കണേ! وَحُسْنِ عِبَادَتِكَ: ഇഖ്ലാസോടെ നിന്നെ മാത്രം ഉദ്ദേശിച്ചു കൊണ്ടും, നബി -ﷺ- യെ മാതൃകയാക്കി കൊണ്ടും നിനക്ക് ഇബാദത്തുകൾ നിർവ്വഹിക്കാനും നീ എന്നെ സഹായിക്കണേ!
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു പറഞ്ഞിരിക്കുന്നു: 'ആദമിൻ്റെ സന്തതികളുടെ എല്ലാ പ്രവർത്തനങ്ങളും അവനുള്ളതാണ്; നോമ്പൊഴികെ. തീർച്ചയായും അതെനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുക. നോമ്പ് ഒരു പരിചയാകുന്നു. നിങ്ങളിലൊരാളുടെ നോമ്പിൻ്റെ ദിവസമായാൽ അവൻ മ്ലേഛത പ്രവർത്തിക്കുകയോ അട്ടഹസിക്കുകയോ ചെയ്യരുത്. അവനെ ആരെങ്കിലും ആക്ഷേപിക്കുകയോ അവനോട് ആരെങ്കിലും വഴക്കുണ്ടാക്കുകയോ ചെയ്താൽ അവൻ പറയട്ടെ: ഞാൻ നോമ്പുകാരനാണ്. മുഹമ്മദിൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നോമ്പുകാരൻ്റെ വായയുടെ മണം അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾ സുഗന്ധപൂരിതമാണ്. നോമ്പുകാരന് രണ്ട് ആഹ്ളാദങ്ങളുണ്ട്. അവൻ നോമ്പ് തുറന്നാൽ നോമ്പു തുറക്കാൻ കഴിഞ്ഞതിൽ അവൻ സന്തോഷിക്കുന്നു. അവൻ തൻ്റെ റബ്ബിനെ കണ്ടുമുട്ടിയാൽ തൻ്റെ നോമ്പ് കൊണ്ട് അവൻ വീണ്ടും സന്തോഷിക്കും."
متفق عليهഖുദ്സിയായ ഈ ഹദീഥിൽ അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: ആദം സന്തതികളുടെ എല്ലാ സൽകർമ്മങ്ങളും പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയായി വർദ്ധിക്കപ്പെടും; നോമ്പ് ഒഴികെ. അത് എനിക്കുള്ളതാണ്; കാരണം അതിൽ ലോകമാന്യം കടന്നുകൂടുകയില്ല. അതിനാൽ അതിനുള്ള പ്രതിഫലം ഞാനാണ് നൽകുക; അതിൻ്റെ തോതോ അത് എത്ര ഇരട്ടിയായി നൽകപ്പെടുമെന്നതോ എനിക്കല്ലാതെ മറ്റൊരാൾക്കും അറിയില്ല. നോമ്പ് ഒരു പരിചയാണ്: നരകത്തിൽ നിന്ന് കാവലേകുന്ന മറയും കോട്ടയുമാണത്. ദേഹേഛകളിൽ നിന്നും തിന്മകളിൽ വീണുപോകുന്നതിൽ നിന്നും സ്വന്തത്തെ പിടിച്ചു നിർത്തുകയാണല്ലോ നോമ്പുകാരൻ ചെയ്യുന്നത്; നരകമാകട്ടെ ദേഹേഛകൾ കൊണ്ട് പൊതിയപ്പെട്ട നിലയിലാണ് താനും. നിങ്ങൾ നോമ്പിൻ്റെ ദിവസത്തിലാണെങ്കിൽ അവൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു കൊണ്ടോ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഴുകിക്കൊണ്ടോ, മോശമായ എന്തെങ്കിലും വാക്കുകൾ പറഞ്ഞു കൊണ്ടോ മ്ലേഛത പ്രവർത്തിക്കരുത്. തർക്കങ്ങളിലും അട്ടഹാസങ്ങളിലും ഏർപ്പെട്ടു കൊണ്ട് (അവൻ നോമ്പിൻ്റെ നന്മ നഷ്ടപ്പെടുത്തുകയുമരുത്.) റമദാൻ മാസത്തിൽ ആരെങ്കിലും അവനെ ആക്ഷേപിക്കുകയോ അവനുമായി ശണ്ഠ കൂടാൻ വരുകയോ ചെയ്തെന്നിരിക്കട്ടെ; എന്നാൽ 'ഞാൻ നോമ്പുകാരനാണ്' എന്ന് അവൻ പറയട്ടെ. ചിലപ്പോൾ അവനുമായി ശണ്ഠക്ക് വരുന്നവൻ അതിൽ നിന്ന് പിന്മാറിയേക്കാം. എന്നിട്ടും അയാൾ പിന്മാറുന്നില്ലെങ്കിൽ ഏറ്റവും അനുയോജ്യമായതും ലഘുവായതുമായ വഴിയിലൂടെ അവൻ്റെ അതിക്രമത്തെ അയാൾ തടുക്കാൻ ശ്രമിക്കട്ടെ. ശേഷം നബി -ﷺ- തൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെ (അല്ലാഹുവിനെ) കൊണ്ട് സത്യം ചെയ്തു പറയുന്നു: നോമ്പുകാരൻ്റെ നോമ്പ് കാരണത്താൽ അവൻ്റെ വായിലുണ്ടാകുന്ന ദുർഗന്ധം നിങ്ങളുടെ അടുക്കൽ കസ്തൂരിക്കുള്ളതിനേക്കാൾ നല്ല ഗന്ധമായാണ് അല്ലാഹുവിങ്കൽ ഗണിക്കപ്പെടുക. ജുമുഅകളിലും വിജ്ഞാന സദസ്സുകളിലും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ട ഈ സുഗന്ധത്തേക്കാൾ പുണ്യവും പ്രതിഫലവും നോമ്പുകാരൻ്റെ വായുടെ ഗന്ധം മൂലം അവന് ലഭിക്കുന്നതാണ്. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ടായിരിക്കും; അവൻ നോമ്പ് തുറന്നാൽ തൻ്റെ വിശപ്പും ദാഹവും മാറിയതിലും, നോമ്പ് തുറക്കാൻ തനിക്ക് അനുവാദം നൽകപ്പെട്ടതിലും സന്തോഷമുള്ളവനായിരിക്കും. തൻ്റെ നോമ്പ് പൂർത്തീകരിക്കാൻ കഴിഞ്ഞതിലും ഇബാദത്ത് പൂർണ്ണമാക്കാൻ സാധിച്ചതിലും, അല്ലാഹു നൽകിയ ഇളവിലും, ഇനിയും തനിക്ക് നോമ്പ് നോൽക്കാൻ അല്ലാഹു തൗഫീഖ് ചെയ്യുമെന്നതിലും അവൻ സന്തോഷവാനായിരിക്കും. അതോടൊപ്പം അല്ലാഹുവിനെ (സ്വർഗത്തിൽ) കണ്ടു മുട്ടുമ്പോൾ തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിലും അവൻ സന്തോഷിക്കുന്നതാണ്.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരു രാത്രിയിൽ നബി -ﷺ-യുടെ സാന്നിധ്യം എൻ്റെ അരികിൽ ഇല്ലായെന്ന് മനസ്സിലാക്കി ഞാൻ അവിടുത്തെ പരതി നോക്കി. അതിനിടയിൽ എൻ്റെ കൈ നബി -ﷺ- യുടെ കാൽ പാദങ്ങളിൽ സ്പർശിച്ചു. അവിടുന്ന് മസ്ജിദിൽ സുജൂദിലായി കൊണ്ട് കാലുകൾ നാട്ടിവെച്ചിരുന്നു. നബി -ﷺ- പറയുന്നുണ്ടായിരുന്നു: "അല്ലാഹുവേ! നിൻ്റെ തൃപ്തി കൊണ്ട് നിൻ്റെ കോപത്തിൽ നിന്നും, നിൻ്റെ മാപ്പ് കൊണ്ട് നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. നിന്നിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നീ അർഹിക്കുന്ന വിധം നിന്നെ സ്തുതിക്കാനും പുകഴ്ത്താനും എനിക്ക് കഴിവില്ല. നീ എങ്ങനെയാണോ നിന്നെ പുകഴ്ത്തിയിരിക്കുന്നത്; അതു പോലെയാണ് നീ."
رواه مسلمആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: ഒരിക്കൽ ഞാൻ നബി -ﷺ- യോടൊപ്പം കിടന്നുറങ്ങുകയായിരുന്നു. രാത്രിയിൽ ഉറക്കമുണർന്നപ്പോൾ അവിടുന്ന് എൻ്റെ അടുക്കലില്ല എന്ന് എനിക്ക് മനസ്സിലായി. അവിടുന്ന് മുറിയിൽ നിസ്കരിക്കാറുണ്ടായിരുന്ന സ്ഥലത്ത് ഞാൻ എൻ്റെ കൈകൾ കൊണ്ട് പരതിനോക്കി. അപ്പോഴുണ്ട് നബി -ﷺ- സുജൂദിലായിക്കൊണ്ട് നിസ്കരിക്കുന്നു; അവിടുത്തെ കാൽപ്പാദങ്ങൾ കുത്തിനിർത്തിയ നിലയിലായിരുന്നു അവിടുന്ന്. അവിടുന്ന് പറയുന്നുണ്ടായിരുന്നു: اللهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ അല്ലാഹുവേ! നീ എന്നോടോ എൻ്റെ ഉമ്മത്തിനോടോ കോപിക്കുന്നതിൽ നിന്ന് നിൻ്റെ തൃപ്തി മുഖേന ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നിൻ്റെ വിട്ടുവീഴ്ച്ച കൊണ്ടും അതിരില്ലാത്ത പാപമോചനം കൊണ്ടും നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. وَأَعُوذُ بِكَ مِنْكَ : നിന്നിൽ നിന്ന് നിന്നെ കൊണ്ടും ഞാൻ രക്ഷ തേടുന്നു; നിൻ്റെ ഭംഗിയുടെ വിശേഷണങ്ങൾ കൊണ്ട് നിൻ്റെ ഗാംഭീര്യത്തിൻ്റെ വിശേഷണങ്ങളിൽ നിന്ന് ഞാൻ രക്ഷ തേടുന്നു. കാരണം നിന്നിൽ നിന്ന് രക്ഷ നൽകാൻ നീയല്ലാതെ മറ്റാരുമില്ല. അല്ലാഹുവിൽ നിന്ന് രക്ഷതേടാനോ അഭയം കണ്ടെത്താനോ അല്ലാഹുവല്ലാതെ മറ്റാരുമില്ല. لَا أُحْصِي ثَنَاءً عَلَيْكَ : നിൻ്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനോ നിൻ്റെ നന്മകൾ പൂർണ്ണമായി എണ്ണിപ്പറയാനോ എനിക്ക് സാധിക്കുകയില്ല. ഞാൻ എത്ര ശ്രമിച്ചാലും നീ അർഹിക്കുന്ന വിധത്തിൽ നിന്നെ പ്രകീർത്തിക്കാൻ എനിക്ക് സാധ്യമല്ല. أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ : നിനക്ക് അനുയോജ്യമായ സ്തുതികീർത്തനങ്ങൾ നിന്നെ കുറിച്ച് നീ തന്നെ അറിയിച്ചു തന്നിരിക്കുന്നു. നിനക്ക് അർഹമായ വിധത്തിൽ നിന്നെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്യാൻ ആർക്കാണ് സാധിക്കുക.
ശുറൈഹ് ബ്നു ഹാനിഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ഞാൻ ചോദിച്ചു: "നബി -ﷺ- തൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ ആദ്യം ചെയ്യാറുണ്ടായിരുന്നത് എന്താണ്?" അവർ പറഞ്ഞു: "പല്ലു തേക്കുക എന്നതാണ്."
رواه مسلمരാത്രിയോ പകലോ ആകട്ടെ, തൻ്റെ വീട്ടിൽ പ്രവേശിച്ചാൽ ആദ്യം പല്ലു തേക്കുക എന്നത് നബി -ﷺ- യുടെ ചര്യയിൽ പെട്ടതായിരുന്നു.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: രാത്രിയിൽ ഉറങ്ങുകയും രാവിലെ വരെ എഴുന്നേൽക്കാതിരിക്കുകയും ചെയ്ത ഒരാളെ കുറിച്ച് നബി -ﷺ- യോട് പറയപ്പെട്ടു. അവിടുന്ന് പറഞ്ഞു: "പിശാച് ഇരുചെവികളിലും -അല്ലെങ്കിൽ ചെവിയിൽ- മൂത്രമൊഴിച്ചവനാണ് അവൻ."
متفق عليهനേരം വെളുക്കുന്നത് വരെ ഉറങ്ങുകയും, അങ്ങനെ നിസ്കാരം നിർവ്വഹിക്കാത്ത നിലയിൽ സൂര്യൻ ഉദിക്കുന്നത് വരെ ഉറക്കത്തിൽ മുഴുകുകയും ചെയ്യുന്ന ഒരാളെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "പിശാച് ചെവിയിൽ മൂത്രമൊഴിച്ചവനാണ് അവൻ."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പിശാച് നിങ്ങളിലൊരാൾ ഉറങ്ങിക്കഴിഞ്ഞാൽ അവൻ്റെ തലയുടെ അറ്റത്തായി മൂന്ന് കെട്ടുകൾ കെട്ടുന്നതാണ്. ഓരോ കെട്ടുകൾക്ക് മുകളിലും അടിച്ചു കൊണ്ട് അവൻ പറയും; സുദീർഘമായ രാവുണ്ട്; ഉറങ്ങിക്കൊള്ളുക. അങ്ങനെ അവൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ ഒരു കെട്ട് അഴിയും. അവൻ വുദൂഅ് എടുത്താൽ മറ്റൊരു കെട്ട് അഴിയും. അവൻ നിസ്കരിച്ചാൽ മുഴുവൻ കെട്ടുകളും അതോടെ അഴിയും. അങ്ങനെ ഉന്മേഷവാനും ശുദ്ധമനസ്സുള്ളവനുമായി അവന് നേരംപുലരും. അല്ലെങ്കിൽ പ്രയാസം നിറഞ്ഞ മനസ്സുള്ള, മടിയനായി കൊണ്ടായിരിക്കും അവൻ എഴുന്നേൽക്കുക."
متفق عليهരാത്രി നിസ്കാരത്തിനോ ഫജ്ർ (സുബ്ഹ്) നിസ്കാരത്തിനോ എഴുന്നേൽക്കാൻ വേണ്ടി ഉദ്ദേശിക്കുന്ന ഒരാളുമായി പിശാച് നടത്തുന്ന പോരാട്ടത്തെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. മുഅ്മിനായ ഒരാൾ ഉറങ്ങാൻ വേണ്ടി തയ്യാറെടുത്താൽ പിശാച് അവൻ്റെ പിരടിയിൽ മൂന്ന് കെട്ടുകൾ കെട്ടുന്നതാണ്. ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും, പിശാചിൻ്റെ ദുർബോധനത്തിന് വഴങ്ങാതിരിക്കുകയും ചെയ്താൽ അവൻ്റെ മേൽ നിന്ന് ഒരു കെട്ട് അഴിഞ്ഞു പോകുന്നതാണ്. ശേഷം അവൻ വുദൂഅ് ചെയ്താൽ അടുത്ത കെട്ടും അഴിഞ്ഞു പോകും. ശേഷം അവൻ എഴുന്നേറ്റു നിസ്കരിക്കുകയാണെങ്കിൽ മൂന്നാമത്തെ കെട്ടും അവൻ്റെ മേൽ നിന്ന് അഴിയുന്നതാണ്. അതോടെ ഉന്മേഷവാനും മനസുഖമുള്ളവനുമായി അവൻ നേരം പുലരുന്നതാണ്. അല്ലാഹു അവനെ നന്മയിലേക്ക് നയിച്ചതിലും, അല്ലാഹുവിങ്കൽ അവന് വാഗ്ദാനം നൽകപ്പെട്ടിരിക്കുന്ന പ്രതിഫലത്തിലും പാപമോചനത്തിലും പ്രതീക്ഷയുള്ളവനായിരിക്കും അവൻ. പിശാച് അവൻ്റെ മേൽ നിശ്ചയിച്ച കെട്ടുകൾ നീങ്ങിപ്പോയതിലും അവൻ നന്മയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞതിലും അവന് സന്തോഷമുണ്ടായിരിക്കും. ഇതല്ലായെങ്കിൽ, ദുർമനസ്സുള്ളവനും ദുഃഖഭാരത്തോടെയും നന്മകൾ ചെയ്യാനും സൽകർമ്മങ്ങൾ പ്രവർത്തിക്കാനും മടിയുള്ള നിലയിലുമായിരിക്കും അവൻ നേരം പുലരുക. കാരണം പിശാചിൻ്റെ കെട്ടുകൾ അവനെ ബന്ധിക്കുകയും, അല്ലാഹുവുമായുള്ള സാമീപ്യത്തിൽ നിന്ന് അവന് അകൽച്ച സംഭവിക്കുകയും ചെയ്തിരിക്കുന്നു.