





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
സാലിം ബ്നു അബിൽ ജഅ്ദ് പറയുന്നു: (സ്വഹാബികളിൽ പെട്ട) ഒരാൾ പറഞ്ഞു: "ഞാൻ നിസ്കരിക്കുകയും, അതിലൂടെ ആശ്വാസം കൈവരികയും ചെയ്തിരുന്നുവെങ്കിൽ (എത്ര നന്നായിരുന്നു)!" എന്നാൽ (ഇത് കേട്ടവർ) അദ്ദേഹത്തെ കുറ്റപ്പെടുത്തിയത് പോലെ (സംസാരിച്ചു). അപ്പോൾ അദ്ദേഹം പറഞ്ഞു: നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ഹേ ബിലാൽ! നിസ്കാരത്തിന് ഇഖാമത്ത് വിളിക്കുക; അതിലൂടെ ഞങ്ങൾക്ക് ആശ്വാസം പകരുക!"
رواه أبو داودസ്വഹാബികളിൽ പെട്ട ഒരാൾ പറഞ്ഞു: "ഞാൻ നിസ്കരിക്കുകയും, അതിലൂടെ ആശ്വാസം കൈവരികയും ചെയ്തിരുന്നുവെങ്കിൽ (എത്ര നന്നായിരുന്നു)!" എന്നാൽ അദ്ദേഹത്തിൻ്റെ ചുറ്റുമുള്ളവർക്ക് ആ സംസാരം അനിഷ്ടകരമായത് പോലെ... അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ഹേ ബിലാൽ! നിസ്കാരത്തിന് വിളിക്കുകയും, (അതിനുള്ള സമയമായാൽ) ഇഖാമത്ത് വിളിക്കുകയും ചെയ്യുക. അതിലൂടെ ഞങ്ങൾ ആശ്വാസം കൊള്ളട്ടെ." നിസ്കാരം അല്ലാഹുവിനോടുള്ള രഹസ്യസംഭാഷണവും, ആത്മാവിനും ഹൃദയത്തിനും ആശ്വാസം പകരുന്നതുമായതിനാലാണ് അവിടുന്ന് അപ്രകാരം പറഞ്ഞത്.
അബൂ ഹാസിം ബ്നു ദീനാർ -رَضِيَ اللَّهُ عَنْهُ- നിവേദനം: സഹ്ൽ ബ്നു സഅ്ദ് അസ്സാഇദിയുടെ അരികിൽ ചിലർ വന്നു. നബി -ﷺ- യുടെ മിമ്പർ എന്ത് തടികൊണ്ടായിരുന്നു നിർമ്മിച്ചത് എന്ന കാര്യത്തിൽ അവർക്കിടയിൽ തർക്കം നടന്നിരുന്നു. അതിനെ കുറിച്ച് അദ്ദേഹത്തോട് അവർ ചോദിച്ചു. അപ്പോൾ സഹ്ൽ പറഞ്ഞു: "അല്ലാഹു സത്യം! അത് എന്തു കൊണ്ടായിരുന്നു (നിർമ്മിച്ചത്) എന്ന് എനിക്കറിയാം. അത് സ്ഥാപിച്ച ആദ്യ ദിവസവും, അതിൻ്റെ മുകളിൽ നബി -ﷺ- ആദ്യമായി ഇരുന്ന ദിവസവും ഞാനത് കണ്ടിട്ടുണ്ട്. അൻസ്വാരികളിൽ പെട്ട ഒരു സ്ത്രീയുടെ അടുത്തേക്ക് നബി -ﷺ- ആളെ അയച്ചു. അവരുടെ പേര് സഹ്ൽ പറഞ്ഞിരുന്നു. "നിൻ്റെ ആശാരിയായ അടിമയോട് എനിക്ക് ജനങ്ങളോട് സംസാരിക്കുമ്പോൾ നിൽക്കാൻ വേണ്ടി തടി കൊണ്ട് ഒരു മിമ്പർ നിർമ്മിച്ചു തരാൻ പറയൂ." അവളുടെ കൽപ്പനപ്രകാരം അവൻ കാട്ടിൽ നിന്നുള്ള പിചുലവൃക്ഷത്തിൻ്റെ (tamarix) തടി കൊണ്ട് മിമ്പർ നിർമ്മിക്കുകയും, അതുമായി വരികയും ചെയ്തു. അൻസ്വാരി വനിത അത് നബി -ﷺ- ക്ക് അയച്ചു കൊടുക്കുകയും, അവിടുത്തെ കൽപ്പനപ്രകാരം അത് (മസ്ജിദിൽ) അവിടെ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് നബി -ﷺ- അതിന് മുകളിൽ നിന്ന് തക്ബീർ ചൊല്ലി (നമസ്കാരം ആരംഭിക്കുകയും), ശേഷം അതിൻ്റെ മുകളിൽ തന്നെ റുകൂഅ് ചെയ്യുകയും, പിന്നീട് പിറകിലേക്ക് ഇറങ്ങി വന്ന് മിമ്പറിൻ്റെ താഴെയായി സുജൂദ് ചെയ്യുകയും, ശേഷം മിമ്പറിലേക്ക് മടങ്ങുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ നബി -ﷺ- ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു: "ജനങ്ങളേ! ഞാൻ ഇപ്രകാരം ചെയ്തത് നിങ്ങൾ എന്നെ പിൻപറ്റുന്നതിനും, എൻ്റെ നമസ്കാരം നിങ്ങൾ പഠിച്ചെടുക്കുന്നതിനും വേണ്ടിയാണ്."
متفق عليهസ്വഹാബികളിൽ പെട്ട ഒരാളുടെ അരികിൽ ചിലർ വരികയും, നബി -ﷺ- യുടെ മിമ്പർ എന്തു കൊണ്ടാണ് നിർമ്മിച്ചത് എന്ന കാര്യം അന്വേഷിച്ചറിയുകയും ചെയ്തു. അവർ അതിന് മുൻപ് അക്കാര്യത്തിൽ തർക്കിക്കുകയും, വിഭിന്നാഭിപ്രായങ്ങളിൽ ആവുകയും ചെയ്തിരുന്നു. നബി -ﷺ- ഒരു അൻസ്വാരിയായ സ്ത്രീയുടെ അരികിലേക്ക് ഒരാളെ പറഞ്ഞയക്കുകയും, അവരുടെ വേലക്കാരനായ ഒരു ആശാരിയോട് തനിക്ക് വേണ്ടി ഒരു മിമ്പർ നിർമ്മിക്കാൻ കൽപ്പിക്കുകയും ചെയ്ത ചരിത്രം അദ്ദേഹം അവർക്ക് പറഞ്ഞു കൊടുത്തു. ജനങ്ങളോട് സംസാരിക്കുമ്പോൾ തനിക്ക് ഇരിക്കാൻ വേണ്ടിയായിരുന്നു അവിടുന്ന് അത് ആവശ്യപ്പെട്ടത്. ആ സ്ത്രീ തൻ്റെ വേലക്കാരനോട് അക്കാര്യം കൽപ്പിക്കുകയും, അവൻ ഒരു പിചുലവൃക്ഷത്തിൽ നിന്ന് അത് നിർമ്മിക്കുകയും ചെയ്തു. മിമ്പറിൻ്റെ നിർമ്മാണം അവസാനിച്ചപ്പോൾ അൻസ്വാരീ വനിത നബി -ﷺ- യുടെ അടുത്തേക്ക് അത് കൊടുത്തയച്ചു. അവിടുത്തെ കൽപ്പന പ്രകാരം അത് മസ്ജിദിൽ മിമ്പറിൻ്റെ സ്ഥാനത്ത് വെക്കുകയും ചെയ്തു. പിന്നീടൊരിക്കൽ നബി -ﷺ- മിമ്പറിൻ്റെ മുകളിൽ വെച്ച് തക്ബീർ ചൊല്ലിക്കൊണ്ട് നിസ്കാരം ആരംഭിക്കുകയും, ശേഷം അതിന് മുകളിൽ വെച്ച് തന്നെ റുകൂഅ് ചെയ്യുകയും, പിന്നീട് പിന്നിലേക്ക് തല തിരിച്ചു കൊണ്ട് നോക്കാതെ മിമ്പറിൻ്റെ പിറകിലേക്ക് ഇറങ്ങിവരികയും, മിമ്പറിൻ്റെ താഴെയായി സുജൂദ് നിർവ്വഹിക്കുകയും ചെയ്തു. ശേഷം മിമ്പറിലേക്ക് തന്നെ അവിടുന്ന് തിരിച്ചു പോയി. നിസ്കാരം കഴിഞ്ഞതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് നബി -ﷺ- പറഞ്ഞു: "ജനങ്ങളേ! ഞാൻ ഇപ്രകാരം ചെയ്തത് നിങ്ങൾ എന്നെ പിൻപറ്റുന്നതിനും, എൻ്റെ നിസ്കാരം നിങ്ങൾ പഠിച്ചെടുക്കുന്നതിനും വേണ്ടിയാണ്."
ഹിത്വാൻ ബ്നു അബ്ദില്ലാഹി അർറഖാശീ നിവേദനം: ഞാൻ അബൂ മൂസൽ അശ്അരിയോടൊപ്പം ഒരു നിസ്കാരം നിർവ്വഹിച്ചു. നിസ്കാരത്തിൽ ഇരിക്കുന്ന വേളയെത്തിയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു: "നിസ്കാരം പുണ്യത്തോടും സകാത്തിനോടും ഒപ്പം ചേർത്തപ്പെട്ടിരിക്കുന്നു." അബൂ മൂസാ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ മാറിയിരുന്നു കൊണ്ട് ചോദിച്ചു: "നിങ്ങളിൽ ആരാണ് ഇന്നയിന്ന വാക്കുകൾ പറഞ്ഞത്?" അപ്പോൾ ജനങ്ങളെല്ലാം നിശബ്ദത പാലിച്ചു. അപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു: "നിങ്ങളിൽ ആരാണ് ഇന്നയിന്ന വാക്കുകൾ പറഞ്ഞത്?" അപ്പോഴും അവർ നിശബ്ദത പാലിച്ചു. അബൂ മൂസാ പറഞ്ഞു: "ഹിത്വാൻ! നീയായിരിക്കണം അത് പറഞ്ഞത്." ഹിത്വാൻ പറഞ്ഞു: "ഞാനല്ല! ഇതിൻ്റെ പേരിൽ താങ്കൾ എന്നെ ആക്ഷേപിക്കുമെന്ന് ഞാൻ ഭയന്നിരുന്നു." അപ്പോൾ കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു: "ഞാനാണത് പറഞ്ഞത്. അത് കൊണ്ട് നന്മയല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല." അപ്പോൾ അബൂ മൂസാ പറഞ്ഞു: "നിങ്ങളുടെ നിസ്കാരത്തിൽ എങ്ങനെയാണ് പറയേണ്ടതെന്ന് നിങ്ങൾക്ക് അറിയുകയില്ലേ?!" അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഒരിക്കൽ ഞങ്ങളോട് പ്രസംഗിക്കുകയും, ഞങ്ങളുടെ ചര്യകൾ ഞങ്ങൾക്ക് വിശദീകരിച്ചു തരികയും, ഞങ്ങളുടെ നിസ്കാരം ഞങ്ങൾക്ക് പഠിപ്പിച്ചു തരികയും ചെയ്തു. അവിടുന്ന് പറഞ്ഞു: "നിങ്ങൾ നിസ്കരിക്കുമ്പോൾ നിങ്ങളുടെ സ്വഫ്ഫുകൾ നേരെയാക്കുക. ശേഷം നിങ്ങളിൽ ഒരാൾ ഇമാം നിൽക്കട്ടെ; അയാൾ തക്ബീർ കെട്ടിയാൽ നിങ്ങളും തക്ബീർ കെട്ടുക. ഇമാം 'കോപിക്കപ്പെട്ടവരുടെ മാർഗത്തിലല്ല, വഴിപിഴച്ചവരുടെ മാർഗത്തിലുമല്ല' എന്ന (അർത്ഥമുള്ള സൂറത്തുൽ ഫാതിഹഃയിലെ) വചനം പാരായണം ചെയ്താൽ നിങ്ങൾ ആമീൻ എന്ന് പറയുക; എങ്കിൽ അല്ലാഹു നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ്. ഇമാം തക്ബീർ ചൊല്ലുകയും റുകൂഅ് ചെയ്യുകയും ചെയ്താൽ നിങ്ങളും തക്ബീർ ചൊല്ലുകയും റുകൂഅ് നിർവ്വഹിക്കുകയും ചെയ്യുക. ഇമാം നിങ്ങൾക്ക് മുൻപാണ് റുകൂഅ് ചെയ്യുന്നതും, നിങ്ങൾക്ക് മുൻപാണ് ഉയരുന്നതും." ശേഷം നബി -ﷺ- പറഞ്ഞു: "ഇതോടെ അതും ഇതും ഒത്തുവന്നു. ഇമാം 'അല്ലാഹുവിനെ സ്തുതിച്ചവനെ അവൻ കേട്ടിരിക്കുന്നു' എന്ന് (അർത്ഥമുള്ള വാക്ക്) പറഞ്ഞാൽ നിങ്ങൾ പറയുക: "(സാരം) അല്ലാഹുവേ! ഞങ്ങളുടെ രക്ഷിതാവേ! നിനക്കാകുന്നു സർവ്വ സ്തുതിയും." അല്ലാഹു നിങ്ങളുടെ വാക്കുകൾക്ക് ഉത്തരം നൽകുന്നതാണ്; (കാരണം) അല്ലാഹു അല്ലാഹു അവനെ സ്തുതിച്ചവന് ഉത്തരം നൽകുന്നു" എന്ന് പറഞ്ഞതായി അവൻ്റെ ദൂതൻ്റെ നാവിലൂടെ അറിയിച്ചിരിക്കുന്നു. ഇമാം തക്ബീർ ചൊല്ലുകയും സുജൂദ് ചെയ്യുകയും ചെയ്താൽ നിങ്ങളും തക്ബീർ ചൊല്ലുകയും സുജൂദ് നിർവ്വഹിക്കുകയും ചെയ്യുക. ഇമാം നിങ്ങൾക്ക് മുൻപാണ് സുജൂദ് ചെയ്യുന്നതും, നിങ്ങൾക്ക് മുൻപാണ് ഉയരുന്നതും." ശേഷം നബി -ﷺ- പറഞ്ഞു: "ഇതോടെ അതും ഇതും ഒത്തുവന്നു. ഇമാം ഇരിക്കുന്ന വേളയെത്തിയാൽ നിങ്ങളുടെ ആദ്യത്തെ വാക്കുകൾ ഇപ്രകാരമാകട്ടെ: "എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനുള്ളതാണ്. ആരാധനകളും വിശിഷ്ടമായവയും അല്ലാഹുവിനുതന്നെ. നബിയെ, അങ്ങേയ്ക്ക് സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്ക്കും അല്ലാഹുവിന്റെ സദ്വൃത്തരായ അടിമകള്ക്കും സമാധാനം ഉണ്ടാകട്ടെ. യഥാര്ത്ഥത്തില് ആരാധനക്ക് അര്ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന് സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ് -ﷺ- അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാന് സാക്ഷ്യം വഹിക്കുന്നു."
رواه مسلمഒരിക്കൽ സ്വഹാബിയായ അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- (ജനങ്ങൾക്ക് ഇമാമായി) നിസ്കാരം നിർവ്വഹിച്ചു. അദ്ദേഹം നിസ്കാരത്തിലെ തശഹുദിൻ്റെ സന്ദർഭത്തിൽ ഇരുന്നപ്പോൾ പിറകിൽ നിസ്കരിക്കുന്നവരിൽ ഒരാൾ വിളിച്ചു പറഞ്ഞു: "നിസ്കാരം ഖുർആനിൽ നന്മയോടും സകാത്തിനോടുമൊപ്പം ചേർത്തി പറഞ്ഞിരിക്കുന്നു." അബൂ മൂസാ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ ആരാണ് ഇപ്രകാരം പറഞ്ഞത് എന്ന് അന്വേഷിച്ചു. അപ്പോൾ ജനങ്ങളെല്ലാം നിശബ്ദത പാലിച്ചു. അവരിൽ ഒരാളും സംസാരിച്ചില്ല. അദ്ദേഹം വീണ്ടും ചോദ്യം ആവർത്തിച്ചെങ്കിലും അവരിൽ ഒരാളും മറുപടി പറഞ്ഞില്ല. അപ്പോൾ അബൂമൂസാ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ഹിത്വാൻ! നീയായിരിക്കണം ഇപ്രകാരം പറഞ്ഞത്." അദ്ദേഹത്തിൻ്റെ ധൈര്യവും അബൂ മൂസയുമായുള്ള അടുപ്പവും ബന്ധവും കാരണത്താൽ ഈ ആരോപണം അദ്ദേഹത്തെ വേദനിപ്പിക്കില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടും, ഇത് ചെയ്ത വ്യക്തി സ്വയം ഏറ്റുപറയാൻ വേണ്ടിയുമാണ് അബൂ മൂസാ അപ്രകാരം പറഞ്ഞത്. അപ്പോൾ ഹിത്വാൻ അദ്ദേഹത്തിൻ്റെ ആരോപണം നിഷേധിച്ചു. അദ്ദേഹം പറഞ്ഞു: "ഞാനാണ് ഇപ്രകാരം ചെയ്തത് എന്ന ധാരണയിൽ താങ്കൾ എന്നെ ആക്ഷേപിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു." ഇത് കേട്ടപ്പോൾ ജനങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു: "ഞാനാണ് ഈ വാക്കുകൾ പറഞ്ഞത്. അത് കൊണ്ട് നന്മയല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല." അപ്പോൾ അബൂ മൂസാ -رَضِيَ اللَّهُ عَنْهُ- അദ്ദേഹത്തെ പഠിപ്പിക്കുന്നതിനായി പറഞ്ഞു: "നിങ്ങളുടെ നിസ്കാരത്തിൽ എന്താണ് പറയേണ്ടത് എന്ന് നിങ്ങൾക്കറിയില്ലേ?!" ശേഷം നബി -ﷺ- ഒരിക്കൽ തങ്ങളോട് പ്രസംഗിക്കുകയും, മതവിധികൾ അവർക്ക് വിശദീകരിച്ചു നൽകുകയും, നിസ്കാരം അവരെ പഠിപ്പിക്കുകയും ചെയ്ത കാര്യം അദ്ദേഹം വിവരിച്ചു. നബി -ﷺ- അവരോട് പറഞ്ഞു: നിങ്ങൾ നിസ്കരിക്കുന്നതിന് മുൻപ് നിങ്ങളുടെ സ്വഫ്ഫുകൾ (അണികൾ) ശരിപ്പെടുത്തുകയും നേരെ നിൽക്കുകയും ചെയ്യുക. ശേഷം നിങ്ങളിൽ നിന്ന് ഒരാൾ ഇമാമായി നിൽക്കുക. ഇമാം തക്ബീറത്തുൽ ഇഹ്റാം കെട്ടിയാൽ നിങ്ങളും അദ്ദേഹത്തെ പോലെ തക്ബീർ ചൊല്ലുക. ഇമാം ഫാതിഹഃ ഓതുകയും, അവസാനത്തെ ആയത്ത് പാരായണം ചെയ്യുകയും ചെയ്താൽ നിങ്ങൾ ആമീൻ എന്ന് പറയുക. അങ്ങനെ നിങ്ങൾ ചെയ്താൽ അല്ലാഹു നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നതാണ്. ഇമാം തക്ബീർ ചൊല്ലിക്കൊണ്ട് റുകൂഇൽ പോയാൽ നിങ്ങളും തക്ബീർ ചൊല്ലിക്കൊണ്ട് റുകൂഇൽ പോവുക. ഇമാം നിങ്ങൾക്ക് മുൻപ് റുകൂഅ് ചെയ്യുകയും, നിങ്ങൾക്ക് മുൻപ് റുകൂഇൽ നിന്ന് ഉയരുകയുമാണ് വേണ്ടത്. നിങ്ങളൊരിക്കലും ഇമാമിനെ മുൻകടക്കരുത്. നിങ്ങൾക്ക് മുൻപ് ഇമാം റുകൂഇൽ പോകുമ്പോൾ നിങ്ങൾക്ക് നഷ്ടമായേക്കാവുന്ന റുകൂഇൻ്റെ സമയം ഇമാം നിങ്ങൾക്ക് മുൻപ് റുകൂഇൽ നിന്ന് ഉയരുന്ന വേളയിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതിലൂടെ ആ സമയത്തിന് പകരം ഈ സമയം ലഭിക്കുമെന്നർത്ഥം. അതോടെ നിങ്ങളുടെ റുകൂഉം ഇമാമിൻ്റെ റുകൂഉം ഒരേ സമയദൈർഘ്യമുള്ളതായി തീരും. ഇമാം 'സമിഅല്ലാഹു ലിമൻ ഹമിദഹ്' (അല്ലാഹുവിനെ സ്തുതിച്ചവനെ അവൻ കേട്ടിരിക്കുന്നു) എന്ന് പറഞ്ഞാൽ 'അല്ലാഹുമ്മ റബ്ബനാ ലകൽ ഹംദ്' (അല്ലാഹുവേ! ഞങ്ങളുടെ രക്ഷിതാവേ! നിനക്കാകുന്നു സർവ്വ സ്തുതിയും) എന്ന് നിങ്ങൾ പറയുക. ഇപ്രകാരം നിസ്കരിക്കുന്നവർ പറഞ്ഞാൽ അല്ലാഹു അവരുടെ പ്രാർത്ഥനകളും വാക്കുകളും കേൾക്കുന്നതാണ്. കാരണം 'അല്ലാഹു തന്നെ സ്തുതിക്കുന്നവനെ കേട്ടിരിക്കുന്നു' എന്നത് അവൻ്റെ നബിയുടെ വാക്കിലൂടെ അറിയിച്ച കാര്യമാണ്. ശേഷം ഇമാം തക്ബീർ ചൊല്ലിക്കൊണ്ട് സുജൂദ് ചെയ്താൽ ഇമാമിനെ പിന്തുടരുന്നവരും തക്ബീർ ചൊല്ലിക്കൊണ്ട് സുജൂദിൽ പോകണം. ഇമാം അവരുടെ മുൻപ് സുജൂദിൽ പോകുകയും അവരുടെ മുൻപ് ഉയരുകയുമാണ് വേണ്ടത്. സുജൂദിൽ പോകുമ്പോൾ ഇമാമിന് കൂടുതൽ ലഭിച്ച സമയം സുജൂദിൽ നിന്ന് ഇമാം ഉയരുമ്പോൾ പിന്തുടരുന്നവർക്ക് ലഭിക്കുന്നതാണ്. അതോടെ ഇമാമിൻ്റെയും അദ്ദേഹത്തെ പിന്തുടരുന്ന മഅ്മൂമീങ്ങളുടെയും സുജൂദിൻ്റെ അളവ് ഒരേപോലെയാകുന്നതാണ്. അങ്ങനെ തശഹ്ഹുദിൻ്റെ ഇരുത്തം എത്തിയാൽ നിസ്കരിക്കുന്ന വ്യക്തി ആദ്യം പറയേണ്ടത് 'അത്തഹിയാത്തു' എന്ന് തുടങ്ങുന്ന പ്രാർത്ഥനയാണ്. സർവ്വ അധികാരവും, എന്നെന്നുമുള്ള നിലനിൽപ്പും എല്ലാ മഹത്വവും അഞ്ചു നേരത്തെ നിസ്കാരങ്ങളും അല്ലാഹുവിന് മാത്രം അർഹതപ്പെട്ടതാണെന്നാണ് അതിൻ്റെ ഉദ്ദേശ്യം. പിന്നീട് നബി -ﷺ- യുടെ മേലും നമ്മുടെ സ്വന്തം മേലും നാം സലാം പറയുന്നു; എല്ലാ ന്യൂനതകളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും കുറവുകളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും അല്ലാഹുവിനോട് സംരക്ഷണം തേടുകയാണ് ഈ സലാമിലൂടെ. അതിന് ശേഷം അല്ലാഹുവിനോടുള്ള ബാധ്യതകളും അല്ലാഹുവിൻ്റെ സൃഷ്ടികളോടുള്ള ബാധ്യതകളും നിറവേറ്റുന്ന സച്ചരിതരായ അല്ലാഹുവിൻ്റെ ദാസന്മാർക്ക് മേലും നാം സലാം പറയുന്നു. ശേഷം 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന കാര്യവും സാക്ഷ്യം വഹിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം എല്ലാ നിസ്കാരങ്ങളിലും -നിർബന്ധ നിസ്കാരങ്ങളിലും മറ്റുമെല്ലാം, റമദാനിലും അല്ലാത്ത സന്ദർഭങ്ങളിലും- തക്ബീർ ചൊല്ലുമായിരുന്നു. (നിസ്കാരത്തിന്) നിൽക്കുമ്പോൾ അദ്ദേഹം തക്ബീർ ചൊല്ലും. ശേഷം റുകൂഅ് ചെയ്യുമ്പോഴും തക്ബീർ ചൊല്ലും. ശേഷം 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്ന് പറയും. ശേഷം, സുജൂദ് ചെയ്യുന്നതിന് മുൻപ് 'ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും' എന്ന് (അർത്ഥമുള്ള ദിക്ർ) പറയും. ശേഷം സുജൂദിലേക്ക് പോകുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് പറയും. ശേഷം സുജൂദിൽ നിന്ന് തലയുയർത്തുമ്പോൾ തക്ബീർ ചൊല്ലും. ശേഷം സുജൂദ് ചെയ്യുമ്പോഴും, പിന്നീട് സുജൂദിൽ നിന്ന് ശിരസ്സ് ഉയർത്തുമ്പോഴും തക്ബീർ ചൊല്ലും. ശേഷം രണ്ട് റക്അത്തുകളിലും ഇരുത്തത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തക്ബീർ ചൊല്ലും. ഇതെല്ലാം എല്ലാ റക്അത്തുകളിലും -നിസ്കാരം അവസാനിക്കുന്നത് വരെ- അദ്ദേഹം ചെയ്യുമായിരുന്നു. ശേഷം നിസ്കാരത്തിൽ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം പറയുമായിരുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നബി -ﷺ- യുടെ നിസ്കാരത്തോട് നിങ്ങളിൽ ഏറ്റവും സാദൃശ്യമുള്ളത് എനിക്കാണ്. അവിടുന്ന് ഇഹലോകത്തോട് വേർപിരിയുന്നത് വരെ അവിടുത്തെ നിസ്കാരം ഇപ്രകാരമായിരുന്നു."
متفق عليهനബി -ﷺ- യുടെ നിസ്കാരത്തിൻ്റെ ഒരു ഭാഗം എപ്രകാരമായിരുന്നു എന്നാണ് ഈ ഹദീഥിലൂടെ വിവരിക്കുന്നത്. നബി -ﷺ- നിസ്കാരത്തിന് വേണ്ടി എഴുന്നേറ്റാൽ -നിസ്കാരത്തിൻ്റെ ആരംഭത്തിൽ- തക്ബീറത്തുൽ ഇഹ്റാം കെട്ടിക്കൊണ്ട് തക്ബീർ ചൊല്ലുമായിരുന്നു. ശേഷം റുകൂഇലേക്ക് പോകുമ്പോഴും, സുജൂദിലേക്ക് പോകുമ്പോഴും, സുജൂദിൽ നിന്ന് ശിരസ്സ് ഉയർത്തുമ്പോഴും, രണ്ടാമത്തെ സുജൂദ് ചെയ്യുമ്പോഴും, സുജൂദുകളിൽ നിന്ന് തലയുയർത്തുമ്പോഴും, മൂന്നും നാല് റക്അത്തുള്ള നിസ്കാരങ്ങളാണെങ്കിൽ അവയിലെ രണ്ട് റക്അത്തുകൾക്ക് ശേഷം ഒന്നാമത്തെ തശഹ്ഹുദിൽ നിന്ന് എഴുന്നേൽക്കുമ്പോഴും തക്ബീർ ചൊല്ലാറുണ്ടായിരുന്നു. നിസ്കാരം അവസാനിക്കുന്നത് വരെ ഇപ്രകാരമാണ് അദ്ദേഹം ചെയ്തിരുന്നത്. റുകൂഇൽ നിന്ന് ശിരസ്സ് ഉയർത്തുമ്പോൾ 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ശേഷം ആ നിർത്തത്തിൽ അദ്ദേഹം 'റബ്ബനാ ലകൽ ഹംദ്' എന്നും പറയും. നിസ്കാരം അവസാനിച്ചതിന് ശേഷം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങളിൽ നബി -ﷺ- യുടെ നിസ്കാരത്തോട് ഏറ്റവും സാദൃശ്യമുള്ളത് എനിക്കാകുന്നു. ഈ രൂപത്തിലായിരുന്നു നബി -ﷺ- ഈ ദുനിയാവിൽ നിന്ന് വേർപിരിയുന്നത് വരെ നിസ്കരിച്ചിരുന്നത്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ജനങ്ങളിൽ ഏറ്റവും മോശം കള്ളൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നവനാണ്." അദ്ദേഹം ചോദിച്ചു: "എങ്ങനെയാണ് അവൻ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "തൻ്റെ റുകൂഓ സുജൂദോ ഒന്നും അവൻ പൂർണ്ണമാക്കുന്നില്ല."
رواه ابن حبانമോഷണം നടത്തുന്നവരിൽ ഏറ്റവും മോശം കളവ് നടത്തുന്നവർ തങ്ങളുടെ നിസ്കാരത്തിൻ്റെ കാര്യത്തിൽ മോഷണം നടത്തുന്നവരാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം മറ്റൊരാളുടെ ഭൗതിക സമ്പത്തിൽ നിന്ന് മോഷണം നടത്തുന്നവർക്ക് ചിലപ്പോൾ അത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഇഹലോകത്തെങ്കിലും ഉണ്ടായേക്കാം. എന്നാൽ തൻ്റെ സ്വന്തം നിസ്കാരത്തിൽ മോഷണം നടത്തുന്നവൻ അവന് തന്നെ അർഹമായ പ്രതിഫലവും പുണ്യവുമാണ് മോഷ്ടിക്കുന്നത്! അതിനാൽ സ്വഹാബികൾ ചോദിച്ചൂ: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് ഒരാൾ തൻ്റെ നിസ്കാരത്തിൽ നിന്ന് മോഷ്ടിക്കുക?!" നബി -ﷺ- പറഞ്ഞു: "അവൻ്റെ തൻ്റെ റുകൂഓ സുജൂദോ പൂർണ്ണമായി നിർവ്വഹിക്കുകയില്ല." അതായത് റുകൂഉം സുജൂദുമെല്ലാം അവൻ ധൃതിയിൽ നിർവ്വഹിക്കുകയും, അതിൻ്റെ പൂർണ്ണമായ രൂപത്തിൽ നിറവേറ്റാതിരിക്കുകയും ചെയ്യും.
ഇബ്നു അബീ ഔഫാ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- റുകൂഇൽ നിന്ന് തൻ്റെ മുതുക് ഉയർത്തിയാൽ ഇപ്രകാരം പറയുമായിരുന്നു: "(സാരം) തന്നെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു." അല്ലാഹുവേ! നിനക്കാകുന്നു സർവ്വ സ്തുതിയും; ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും അതിന് ശേഷം നീ ഉദ്ദേശിക്കുന്നവയെല്ലാം നിറയെയും."
رواه مسلمനബി -ﷺ- നമസ്കാരത്തിൽ റുകൂഇൽ നിന്ന് തൻ്റെ മുതുക് ഉയർത്തിയാൽ ഇപ്രകാരം പറയുമായിരുന്നു: (سمع الله لِمَن حمده) "തന്നെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു." അതായത് അല്ലാഹുവിനെ ആരെങ്കിലും സ്തുതിക്കുന്നുവെങ്കിൽ അവന് അല്ലാഹു ഉത്തരം നൽകുകയും അവൻ്റെ സ്തുതി അല്ലാഹു സ്വീകരിക്കുകയും അതിന് പ്രതിഫലം നൽകുകയും ചെയ്യുമെന്നർത്ഥം. ഇതിന് ശേഷം നബി -ﷺ- അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഇപ്രകാരം പറയും: اللَّهُمَّ رَبَّنَا لَكَ الْحَمْدُ، مِلْءَ السَّمَاوَاتِ وَمِلْءَ الْأَرْضِ وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ " "അല്ലാഹുവേ! നിനക്കാകുന്നു സർവ്വ സ്തുതിയും; ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും അതിന് ശേഷം നീ ഉദ്ദേശിക്കുന്നവയെല്ലാം നിറയെയും."
മുഗീറഃ ബ്നു ശുഅ്ബഃയുടെ എഴുത്തുകാരനായിരുന്ന വർറാദ് നിവേദനം: മുആവിയഃ -رَضِيَ اللَّهُ عَنْهُ- ന് എഴുതാനായി ഒരു സന്ദേശം മുഗീറഃ ബ്നു ശുഅ്ബഃ എനിക്ക് പറഞ്ഞു തന്നു: നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരത്തിൻ്റെയും അവസാനത്തിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു: "(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും സർവ്വ സ്തുതികളും. അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവേ! നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരുമില്ല. പദവിയുള്ളവന് നിൻ്റെയടുക്കൽ ആ പദവി പ്രയോജനം ചെയ്യുകയില്ല."
متفق عليهനബി -ﷺ- എല്ലാ നിർബന്ധ നിസ്കാരങ്ങളുടെയും അവസാനത്തിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു: "(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും സർവ്വ സ്തുതുകളും. അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവേ! നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരുമില്ല. പദവിയുള്ളവന് നിൻ്റെയടുക്കൽ ആ പദവി പ്രയോജനം ചെയ്യുകയില്ല." ഈ ദിക്റിൻ്റെ വിശദീകരണം ഇപ്രകാരമാണ്: അല്ലാഹുവിൻ്റെ ഏകത്വം അറിയിക്കുന്ന ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് ഞാൻ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. സർവ്വ ആരാധനകളും ഞാൻ അല്ലാഹുവിന് മാത്രമേ സമർപ്പിക്കുകയുള്ളൂ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. യഥാർത്ഥ അധികാരവും, അതിൻ്റെ പൂർണ്ണതയും അല്ലാഹുവിന് മാത്രമേയുള്ളൂ എന്നും, ആകാശഭൂമികളിലെ സർവ്വ സ്തുതികളും അല്ലാഹുവിന് മാത്രമാണ് അർഹതപ്പെട്ടത് എന്നും ഞാൻ അതോടൊപ്പം അംഗീകരിക്കുന്നു. കാരണം അവനാണ് എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവൻ. അല്ലാഹു നൽകാൻ തീരുമാനിക്കുകയോ തടയാൻ തീരുമാനിക്കുകയോ ചെയ്ത ഒരു കാര്യത്തെ മാറ്റിമറിക്കാൻ ആരുമില്ല. ധനവും സമ്പത്തും ഉള്ളവർക്ക് അവരുടെ സമ്പത്ത് അല്ലാഹുവിങ്കൽ യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. അവൻ്റെ പക്കൽ സൽകർമ്മങ്ങൾ മാത്രമാണ് പ്രയോജനം ചെയ്യുക.
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!"
رواه أبو داود والنسائي وابن ماجه وأحمدനബി -ﷺ- നിസ്കാരത്തിൽ രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുമ്പോൾ "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!" എന്ന് (അർത്ഥമുള്ള പ്രാർത്ഥന) പറയുകയും അത് ആവർത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹു തൻ്റെ തെറ്റുകൾ മായ്ച്ചു കളയുകയും, തൻ്റെ ന്യൂനതകൾ മറച്ചു വെക്കുകയും ചെയ്യേണമെന്ന തേട്ടമാണ് ഈ പ്രാർത്ഥന കൊണ്ട് ഉദ്ദേശിക്കുന്നത്.
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവൻ്റെ പ്രവർത്തനങ്ങൾ അവനിൽ നിന്ന് വേർപിരിയും; മൂന്ന് കാര്യങ്ങളൊഴികെ. നിലനിൽക്കുന്ന സ്വദഖഃയോ, പ്രയോജനപ്പെടുത്തപ്പെടുന്ന വിജ്ഞാനമോ, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സൽകർമ്മിയായ സന്താനമോ ആണത്."
رواه مسلمഒരാൾ മരണപ്പെട്ടാൽ ആ വ്യക്തിയുടെ പ്രവർത്തനങ്ങൾ അതോടെ നിലച്ചുപോകുമെന്നും, ഹദീഥിൽ പറയപ്പെട്ട മൂന്ന് പ്രവർത്തനങ്ങൾ -അവക്ക് കാരണമായത് അവനായിരുന്നു എന്നതിനാൽ, അവയൊഴികെ മറ്റൊന്നും- നന്മകളായി അവനിലേക്ക് ചേർക്കപ്പെടുകയില്ല എന്നും നബി -ﷺ- അറിയിക്കുന്നു. ഒന്ന്: തുടരുന്ന പ്രതിഫലമുള്ളതും, നിലനിൽക്കുന്നതുമായ സ്വദഖഃ. അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തെങ്കിലും വസ്തു വഖ്ഫാക്കുക, മസ്ജിദുകൾ നിർമ്മിക്കുക, കിണറുകൾ കുഴിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉദാഹരണം. രണ്ട്: ജനങ്ങൾക്ക് പ്രയോജനം ലഭിച്ചു കൊണ്ടിരിക്കുന്ന വിജ്ഞാനം. വൈജ്ഞാനിക ഗ്രന്ഥങ്ങൾ രചിക്കുകയോ, മറ്റൊരാൾക്ക് മതവിജ്ഞാനം പകർന്നു നൽകിയതു കാരണത്താൽ അയാൾ ഈ വ്യക്തിയുടെ മരണശേഷം അത് മറ്റുള്ളവർക്ക് എത്തിച്ചു നൽകുകയോ ചെയ്യുക എന്നത് ഉദാഹരണം. മൂന്ന്: മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സത്യവിശ്വാസിയും സൽക്കർമ്മിയുമായ സന്താനം.