





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഞാൻ (നബി -ﷺ- യോട്) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഇബ്നു ജുദ്ആൻ (എന്ന വ്യക്തി ഇസ്ലാം വന്നെത്തുന്നതിന് മുൻപ്) ജാഹിലിയ്യഃ കാലഘട്ടത്തിൽ കുടുംബബന്ധം ചേർക്കുകയും ദരിദ്രന് ഭക്ഷണം നൽകുകയും ചെയ്തിരുന്നല്ലോ?! അതയാൾക്ക് പ്രയോജനകരമാവുമോ?" നബി -ﷺ- പറഞ്ഞു: "അതയാൾക്ക് ഉപകരിക്കുന്നതല്ല. കാരണം, ഒരു ദിവസം പോലും 'എൻ്റെ രക്ഷിതാവേ! പ്രതിഫലനാളിൽ എൻ്റെ തെറ്റുകൾ എനിക്ക് നീ പൊറുത്തു തരണേ!' എന്ന് അയാൾ പറഞ്ഞിട്ടില്ല."
رواه مسلمഇസ്ലാം വന്നെത്തുന്നതിന് മുൻപ് ഖുറൈശികളിലെ തലവന്മാരിൽ പെട്ട ഒരാളായിരുന്നു അബ്ദുല്ലാഹി ബ്നു ജുദ്ആൻ. അയാളെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നത്. അദ്ദേഹം ചെയ്തിരുന്ന ചില നന്മകൾ ഉണ്ടായിരുന്നു; കുടുംബബന്ധം ചേർക്കലും അവരോട് നന്മ പ്രവർത്തിക്കലും ദരിദ്രർക്ക് ഭക്ഷണം നൽകലും മറ്റുമെല്ലാം അതിൽ പെട്ടതായിരുന്നു. ഇസ്ലാം പ്രോത്സാഹനം നൽകിയ നന്മകളിൽ പെട്ട ഇത്തരം കാര്യങ്ങൾ ചെയ്ത വ്യക്തിയാണെങ്കിലും പരലോകത്ത് അയാൾക്ക് അത് പ്രയോജനകരമാവില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം അയാൾ അല്ലാഹുവിനെ നിഷേധിച്ച വ്യക്തിയായിരുന്നു. ഒരു ദിവസം പോലും 'പരലോകദിനത്തിൽ എൻ്റെ തെറ്റുകൾ നീ എനിക്ക് പൊറുത്തു തരേണമേ' എന്ന് അല്ലാഹുവിനോട് അയാൾ പ്രാർത്ഥിക്കുകയുണ്ടായിട്ടില്ല.
സൈദ് ബ്നു ഖാലിദ് അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഹുദൈബിയ്യയിൽ വെച്ച് ഞങ്ങൾക്ക് സുബ്ഹി നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് നമസ്കരിച്ചു. രാത്രി പെയ്ത മഴക്ക് ശേഷമായിരുന്നു അത്. നമസ്കാരം കഴിഞ്ഞപ്പോൾ അവിടുന്ന് ജനങ്ങൾക്ക് നേരെതിരിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങൾക്കറിയുമോ?" അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനും അറിയാം." നബി -ﷺ- പറഞ്ഞു: "(അല്ലാഹു പറഞ്ഞിരിക്കുന്നു): എൻ്റെ അടിമകൾ എന്നിൽ വിശ്വസിക്കുന്നവരും എന്നെ നിഷേധിക്കുന്നവരുമായി നേരംപുലർന്നിരിക്കുന്നു. അല്ലാഹുവിൻ്റെ ഔദാര്യത്താലും അവൻ്റെ കാരുണ്യത്താലും ഞങ്ങൾക്ക് മഴ ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞവർ എന്നിൽ വിശ്വസിക്കുകയും നക്ഷത്രങ്ങളെ നിഷേധിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ 'ഇന്നയിന്ന നക്ഷത്രം കാരണത്താൽ (മഴ ലഭിച്ചിരിക്കുന്നു) എന്ന് പറഞ്ഞവർ എന്നെ നിഷേധിക്കുകയും നക്ഷത്രങ്ങളിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു."
متفق عليهമക്കയുടെ സമീപത്തുള്ള ഒരു ഗ്രാമമായ ഹുദൈബിയ്യയിൽ വെച്ച് നബി -ﷺ- സ്വഹാബികളെയും കൊണ്ട് സുബ്ഹി നമസ്കാരം നിർവ്വഹിച്ചു. ആ രാത്രിയിൽ ഒരു മഴ പെയ്തിരുന്നു. നമസ്കാരം കഴിഞ്ഞ് സലാം വീട്ടിയപ്പോൾ നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് അവരോട് ചോദിച്ചു: "നിങ്ങളുടെ റബ്ബ് എന്താണ് പറഞ്ഞത് എന്ന് നിങ്ങൾക്കറിയുമോ?" അവർ ഉത്തരമായി പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവുമറിയുക." നബി -ﷺ- പറഞ്ഞു: മഴ പെയ്യുമ്പോൾ ജനങ്ങൾ രണ്ടായി വേർതിരിയുന്നതാണെന്ന് അല്ലാഹു അറിയിച്ചിരിക്കുന്നു. ഒരു കൂട്ടർ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ മറുകൂട്ടർ അല്ലാഹുവിനെ നിഷേധിക്കുന്നവരാണ്. അല്ലാഹുവിൻ്റെ ഔദാര്യത്താലും കാരുണ്യത്താലും ഞങ്ങൾക്ക് മഴ ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞവർ അല്ലാഹുവിലേക്ക് മഴയെ ചേർത്തി പറഞ്ഞിരിക്കുന്നു. അതിനാൽ തന്നെ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അല്ലാഹുവിൽ വിശ്വസിക്കുകയും, നക്ഷത്രങ്ങളിൽ അവിശ്വസിക്കുകയും ചെയ്യുന്നവരാണ് അവർ. എന്നാൽ ഇന്ന ഞാറ്റുവേല കാരണത്താലാണ് ഞങ്ങൾക്ക് മഴ ലഭിച്ചത് എന്ന് പറയുന്നവൻ അല്ലാഹുവിനെ നിഷേധിക്കുകയും, നക്ഷത്രങ്ങളിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവല്ലാത്തവരിലേക്ക് മഴയെന്ന അനുഗ്രഹത്തെ ചേർത്തിപ്പറയുന്നതിലൂടെ (ഇസ്ലാമിൽ നിന്ന് പുറത്തു പോകാത്ത വിധത്തിലുള്ള) ചെറിയ കുഫ്റിലാണ് അവൻ അകപ്പെട്ടിരിക്കുന്നത്. അല്ലാഹു ഈ നക്ഷത്രങ്ങളെ മഴ പെയ്യാനുള്ള ഭൗതികമോ മതപരമോ ആയ കാരണമായി നിശ്ചയിച്ചിട്ടില്ല. എന്നാൽ പ്രത്യേകം ശ്രദ്ധിക്കുക; ആരെങ്കിലും ഭൂമിയിൽ സംഭവിക്കുന്ന മഴയും മറ്റു പ്രതിഭാസങ്ങളും നക്ഷത്രങ്ങളുടെ ഉദയാസ്തമയങ്ങൾ കാരണത്താലാണ് സംഭവിക്കുന്നത് എന്നും, അവയാണ് ഇത്തരം കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിപ്പിക്കുന്നത് എന്നും വിശ്വസിക്കുന്നുവെങ്കിൽ അവൻ (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള) വലിയ കുഫ്റിലാണ് അകപ്പെട്ടിരിക്കുന്നത്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സ്വഹാബികളിൽ ചിലർ അവിടുത്തെ അരികിൽ വന്നു കൊണ്ട് ചോദിച്ചു: "(നാവ് കൊണ്ട്) സംസാരിക്കാൻ സാധിക്കാത്ത വിധം പ്രയാസകരമായ ചിലത് ഞങ്ങളുടെ മനസ്സുകളിൽ (തോന്നലായി) വരുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അത് അനുഭവിക്കുകയുണ്ടായോ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അത് ശുദ്ധമായ ഈമാനാണ്."
رواه مسلمനബി -ﷺ- യുടെ സ്വഹാബികളിൽ പെട്ട ഒരു സംഘമാളുകൾ അവിടുത്തെ അരികിൽ വന്നു കൊണ്ട് ഒരു ചോദ്യം ചോദിച്ചു. തങ്ങളുടെ നാവ് കൊണ്ട് പുറത്തു പറയാൻ സാധിക്കാത്തത്ര ഗുരുതരമായ മനസ്സിന് ഏറെ പ്രയാസകരവുമായ ചില ചിന്തകൾ മനസ്സിൽ അനുഭവപ്പെടുന്നു എന്നതായിരുന്നു അവരുടെ പ്രയാസം. അപ്പോൾ നബി -ﷺ- പറഞ്ഞു: നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ ഈ അനുഭവിക്കുന്ന കാര്യം ഈമാനിൻ്റെയും ദൃഢവിശ്വാസത്തിൻ്റെയും വ്യക്തമായ അടയാളമാണ്. പിശാച് മനസ്സിൽ തോന്നിപ്പിക്കുന്ന ഇത്തരം ചിന്തകളെ പ്രതിരോധിക്കാനും അതിനെ കുറിച്ച് സംസാരിക്കുന്നത് വെറുപ്പുള്ളതായി തോന്നാനും നിങ്ങളുടെ മനസ്സിൽ അത് വലിയ (തിന്മയായി) കാണാനും നിങ്ങളെ പ്രേരിപ്പിക്കുന്നത് ഈ ഈമാനാണ്. പിശാചിന് നിങ്ങളുടെ ഹൃദയത്തെ പൂർണ്ണമായി കീഴടക്കാൻ സാധിച്ചിട്ടില്ല. കാരണം അവൻ ഹൃദയത്തെ കീഴടക്കിയിരുന്നെങ്കിൽ ഈ ചിന്തകളെ പ്രതിരോധിക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിൽ ചിലർക്ക് മനസ്സിൽ ചില കാര്യങ്ങൾ തോന്നലായി വന്നെത്തുന്നു; അത് (നാവ് കൊണ്ട്) സംസാരിക്കുന്നതിനേക്കാൾ അവന് പ്രിയങ്കരം ഒരു കരിക്കട്ടയായി തീരുന്നതായിരിക്കും." അവിടുന്ന് പറഞ്ഞു: "അല്ലാഹു അക്ബർ! അല്ലാഹു അക്ബർ! (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ!) പിശാചിൻ്റെ കുതന്ത്രത്തെ ദുർമന്ത്രണത്തിലേക്ക് നീക്കിയ അല്ലാഹുവിന് സർവ്വസ്തുതിയും."
رواه أبو داود والنسائي في الكبرىനബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! മനസ്സിൽ തോന്നലായി മിന്നിമറയുന്ന ചില കാര്യങ്ങൾ ഞങ്ങൾക്ക് അനുഭവപ്പെടാറുണ്ട്. പക്ഷേ അവ സംസാരിക്കുക എന്നത് അത്രയും ഗുരുതരമായിരിക്കും. നാവ് കൊണ്ട് അത് പറയുന്നതിനേക്കാൾ അവന് പ്രിയങ്കരമാവുക ഒരു കരിക്കട്ടയായി തീരുന്നതാണ് എന്നു പറഞ്ഞാൽ അതിൻ്റെ ഗൗരവം ബോധ്യപ്പെടുന്നതാണ്. അപ്പോൾ നബി -ﷺ- രണ്ട് തവണ അല്ലാഹുവിനെ മഹത്വപ്പെടുത്തി കൊണ്ട് തക്ബീർ ചൊല്ലി. പിശാചിൻ്റെ കുതന്ത്രത്തെ കേവലം ദുർമന്ത്രണത്തിലേക്ക് മാറ്റിയ അല്ലാഹുവിനെ അവിടുന്ന് സ്തുതിക്കുകയും ചെയ്തു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "പിശാച് നിങ്ങളിലൊരാളുടെ അടുത്ത് വരികയും 'ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്? ആരാണ് ഇന്നതിനെ സൃഷ്ടിച്ചത്?' എന്ന് ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അവസാനം 'ആരാണ് നിൻ്റെ റബ്ബിനെ സൃഷ്ടിച്ചത്?' എന്ന് അവൻ ചോദിക്കും. അവിടെ എത്തിയാൽ അവൻ അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും അത് അവസാനിപ്പിക്കുകയും ചെയ്യട്ടെ."
متفق عليهപിശാച് മനുഷ്യൻ്റെ മനസ്സിൽ വസ്വാസ് (ദുർമന്ത്രണം) നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഇട്ടുതരുന്ന ചോദ്യങ്ങൾ പരിഹരിക്കേണ്ട രൂപമാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. പിശാച് മനുഷ്യനോട് 'ഇന്നത് സൃഷ്ടിച്ചത് ആരാണ്? ഇന്നത് സൃഷ്ടിച്ചത് ആരാണ്? ആകാശത്തെ സൃഷ്ടിച്ചത് ആരാണ്? ഭൂമിയെ സൃഷ്ടിച്ചത് ആരാണ്?' എന്നിങ്ങനെയെല്ലാം ചോദിക്കും. അതിനെല്ലാം വിശ്വാസി അവൻ്റെ മതം, ശുദ്ധപ്രകൃതി, ചിന്ത എന്നിവയുടെ തേട്ടം അനുസരിച്ച് അല്ലാഹു എന്ന് മറുപടി പറയും. എന്നാൽ പിശാച് ഈ ചോദ്യങ്ങളിലൊന്നും അവസാനിപ്പിക്കുകയില്ല. മറിച്ച്, അവൻ അവസാനം 'നിൻ്റെ റബ്ബിനെ ആരാണ് സൃഷ്ടിച്ചത്?' എന്നായിരിക്കും ചോദിക്കുക. ഈ അവസ്ഥയിൽ എത്തിയാൽ വിശ്വാസി പിശാചിൻ്റെ വസ്വാസിനെ മൂന്ന് കാര്യങ്ങൾ കൊണ്ട് പ്രതിരോധിക്കണം. ഒന്ന്: അല്ലാഹുവിലുള്ള വിശ്വാസം. രണ്ട്: പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടൽ. മൂന്ന്: പിശാചിൽ നിന്നുള്ള ഈ ദുർമന്ത്രണത്തിനോടൊപ്പം മനസ്സിനെ അഴിച്ചു വിടൽ അവസാനിപ്പിക്കുക.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു (അവനിൽ വിശ്വസിച്ച) മുഅ്മിനായ ഒരു ദാസനോടും അവൻ്റെ നന്മയുടെ കാര്യത്തിൽ അനീതി കാണിക്കുകയില്ല. അവന് ഇഹലോകത്ത് (നന്മ കാരണത്താൽ അനുഗ്രഹം) നൽകപ്പെടുകയും പരലോകത്ത് അതിൻ്റെ പ്രതിഫലം നൽകപ്പെടുകയും ചെയ്യും. എന്നാൽ (അല്ലാഹുവിനെ നിഷേധിച്ച) കാഫിറായ ഒരാൾക്ക് അവൻ ഇഹലോകത്ത് ചെയ്ത നന്മകളുടെ പ്രതിഫലമായി ഉപജീവനം നൽകുന്നതാണ്. അങ്ങനെ പരലോകത്തേക്ക് അവൻ എത്തിയാൽ പ്രതിഫലം നൽകാനായി ഒരു നന്മയും അവൻ്റെ പക്കലുണ്ടാവുകയില്ല."
رواه مسلمഅല്ലാഹു അവൻ്റെ ദാസന്മാരായ മുഅ്മിനുകൾക്ക് നൽകുന്ന മഹത്തരമായ ഔദാര്യവും, അവനെ നിഷേധിച്ചവരോട് പുലർത്തുന്ന നീതിയും ഈ ഹദീഥിലൂടെ നബി -ﷺ- വിശദീകരിക്കുന്നു. ഒരു വിശ്വാസിക്ക് അവൻ ചെയ്ത നന്മയുടെ പ്രതിഫലത്തിൽ യാതൊരു കുറവുമുണ്ടാവുകയില്ല. അല്ലാഹുവിനോടുള്ള അവൻ്റെ അനുസരണയുടെ ഫലമായി ഇഹലോകത്ത് അവന് അനുഗ്രഹങ്ങൾ നൽകപ്പെടുകയും അതോടൊപ്പം തന്നെ പരലോകത്ത് അതിനുള്ള പ്രതിഫലം അവന് വേണ്ടി ഒരുക്കപ്പെടുകയും ചെയ്യാം. ചിലപ്പോൾ നന്മയുടെ പ്രതിഫലം പരലോകത്തേക്ക് മാത്രമായി സംരക്ഷിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ അല്ലാഹുവിനെ നിഷേധിച്ച ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവൻ ഇഹലോകത്ത് ചെയ്ത നന്മകൾക്ക് ഇവിടെ വെച്ച് തന്നെ അല്ലാഹു ഭൗതികമായ നേട്ടങ്ങൾ നൽകുന്നതാണ്. അങ്ങനെ അവസാനം അവൻ പരലോകത്തേക്ക് എത്തിക്കഴിഞ്ഞാൽ അവന് പ്രതിഫലം നൽകപ്പെടാവുന്ന യാതൊരു നന്മയും ബാക്കിയുണ്ടാവുകയില്ല. കാരണം നന്മകൾക്ക് ഇഹലോകത്തും പരലോകത്തും പ്രതിഫലം നൽകപ്പെടണമെങ്കിൽ അവ ചെയ്തവൻ (അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും) വിശ്വസിച്ചവനായിരിക്കണം എന്ന അടിസ്ഥാന നിബന്ധനയുണ്ട്.
ഹകീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ (നബി -ﷺ- യോട്) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! (ഇസ്ലാം സ്വീകരിക്കുന്നതിന് മുൻപ്) ജാഹിലിയ്യത്തിൽ ഞാൻ ആരാധനയുടെ ഭാഗമായി ചെയ്തിരുന്ന ദാനധർമ്മങ്ങളും അടിമമോചനവും കുടുംബബന്ധം ചേർക്കലുമെല്ലാം ഉണ്ടായിരുന്നു. അവക്കെല്ലാം എന്തെങ്കിലും പ്രതിഫലമുണ്ടായിരിക്കുമോ?!" നബി -ﷺ- പറഞ്ഞു: "മുൻപുള്ള നന്മകളോടു കൂടിയാണ് നീ ഇസ്ലാം സ്വീകരിച്ചിരിക്കുന്നത്."
متفق عليهകാഫിറായ ഒരു മനുഷ്യൻ ഇസ്ലാം സ്വീകരിക്കുന്നതോടെ അയാൾ മുൻപ് (വിവരമില്ലാത്ത കാലഘട്ടമായ) ജാഹിലിയ്യത്തിൽ ചെയ്തിരുന്ന നന്മകൾക്കും സൽകർമ്മങ്ങൾക്കും പ്രതിഫലം നൽകപ്പെടുന്നതാണ്. ദാനധർമ്മങ്ങളും അടിമമോചനവും കുടുംബബന്ധം ചേർക്കലും പോലുള്ള നന്മകൾ ഈ പറഞ്ഞവയിൽ ഉൾപ്പെടും.
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "കപടവിശ്വാസിയുടെ ഉപമ രണ്ട് ആട്ടിൻകൂട്ടങ്ങൾക്കിടയിൽ സംശയിച്ചു നിൽക്കുന്ന ആടിനെ പോലെയാണ്. ഒരിക്കൽ ഈ കൂട്ടത്തോടൊപ്പം പോകുമെങ്കിൽ മറ്റൊരിക്കൽ മറിച്ചുള്ളതിനൊപ്പം പോകും."
رواه مسلمകപടവിശ്വാസിയുടെ അവസ്ഥയാണ് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നത്. ആടുകളുടെ സംഘങ്ങൾക്കിടയിൽ, ഏതിനെ പിന്തുടരണമെന്നറിയാതെ പരിഭ്രാന്തിയോടെ നിൽക്കുന്ന ഒരു ആടിന് സമാനമാണ് അവൻ്റെ അവസ്ഥ. ചിലപ്പോൾ ഒരു കൂട്ടത്തിനൊപ്പം പോകുമെങ്കിൽ മറ്റു ചിലപ്പോൾ മറ്റൊരു കൂട്ടത്തിനൊപ്പമായിരിക്കും പോവുക. ഇതു പോലെ കപടവിശ്വാസികൾ അല്ലാഹുവിലുള്ള വിശ്വാസത്തിനും അവനെ നിഷേധിക്കുന്നതിനും ഇടയിൽ (ഈമാനിനും കുഫ്റിനും ഇടയിൽ) പരിഭ്രാന്തരായ നിലയിലായിരിക്കും. അവരൊരിക്കലും മുഅ്മിനീങ്ങളോടൊപ്പം ഉള്ളും പുറവും യോജിച്ച നിലയിലല്ല. എന്നാൽ നിഷേധികളോടൊപ്പവും ഉള്ളും പുറവും ഒരു പോലെ യോജിക്കുകയില്ല. മറിച്ച്, അവരുടെ പുറമേക്കുള്ള നിലപാട് മുഅ്മിനീങ്ങളോടൊപ്പവും, അവരുടെ മനസ്സുകൾ സംശയത്തിലും ആശയക്കുഴപ്പത്തിലുമാണ്. ചിലപ്പോൾ ഇതിലേക്കും മറ്റു ചിലപ്പോൾ അതിലേക്കുമാണ് അവർ ചാഞ്ഞു കൊണ്ടിരിക്കുന്നത്.
അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഈമാൻ (വിശ്വാസം) നിങ്ങളുടെ ഹൃദയത്തിൽ നുരുമ്പിപ്പോകുന്നതാണ്; പഴയ വസ്ത്രം നുരുമ്പിപ്പോകുന്നത് പോലെ. അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിലെ ഈമാൻ പുതുക്കി നൽകാൻ അല്ലാഹുവിനോട് ചോദിക്കുക."
رواه الحاكم والطبرانيപുതിയ വസ്ത്രം കാലങ്ങളോളം ഉപയോഗിക്കുമ്പോൾ നുരുമ്പിപ്പോകുന്നത് പോലെ മുസ്ലിമിൻ്റെ ഹൃദയത്തിൽ ഈമാൻ ദുർബലമാകുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. ആരാധനകളിൽ സംഭവിക്കുന്ന അലസതയും, തിന്മകൾ പ്രവർത്തിക്കുന്നതും, ദേഹേഛകളിൽ മുഴുകിപ്പോകുന്നതുമെല്ലാം ഈ പറഞ്ഞതിന് കാരണമാകുന്നതാണ്. അതിനാൽ നമ്മുടെ ഈമാൻ അല്ലാഹു പുതുക്കി നൽകാൻ അവനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കണമെന്ന് നബി -ﷺ- നമ്മെ ഓർമ്മപ്പെടുത്തുന്നു. നിർബന്ധകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലൂടെയും, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നതിലൂടെയും ഈമാൻ പുതുക്കമുള്ളതാകും.