





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യുടെ ചുറ്റും സംഘമായി ഇരിക്കുന്ന വേളയിൽ -ഞങ്ങളുടെ കൂട്ടത്തിൽ അബൂബക്റും ഉമറും -رَضِيَ اللَّهُ عَنْهُمَا- ഉണ്ട്- അവിടുന്ന് ഞങ്ങൾക്കിടയിൽ നിന്ന് എഴുന്നേറ്റു പോയി. അവിടുന്ന് മടങ്ങി വരാൻ വൈകിയപ്പോൾ അവിടുത്തെ എന്തെങ്കിലും പ്രയാസം ബാധിച്ചോ എന്ന് ഞങ്ങൾ പേടിച്ചു പോയി. ആദ്യം ഭയം തോന്നി പുറപ്പെട്ടത് ഞാനായിരുന്നു. അങ്ങനെ ഞാൻ നബി -ﷺ- യെ അന്വേഷിച്ചു പുറപ്പെട്ടു. ബനുന്നജ്ജാറുകാരിൽ പെട്ട ഒരു അൻസ്വാരിയുടെ തോട്ടത്തിനരികെ ഞാനെത്തി. അവിടേക്ക് പ്രവേശിക്കാൻ ഒരു വാതിൽ കണ്ടെത്താൻ കഴിയുമോ എന്നറിയാൻ ഞാൻ ആ തോട്ടത്തിന് ചുറ്റും കറങ്ങിനോക്കി. എന്നാൽ എനിക്ക് ഒരു വാതിലും കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ചെറിയ കനാൽ തോട്ടത്തിന് പുറത്തുള്ള കിണറ്റിൽ നിന്ന് അതിനുള്ളിലേക്ക് പ്രവേശിക്കുന്നതായി ഞാൻ കണ്ടു. ഞാൻ അതിലൂടെ തോട്ടത്തിലേക്ക് ഞൂണ്ടുകടന്നു. അങ്ങനെ നബി -ﷺ- യുടെ അരികിൽ ഞാൻ പ്രവേശിച്ചു. (എന്നെ കണ്ടപ്പോൾ) അവിടുന്ന് പറഞ്ഞു: "അബൂ ഹുറൈറയോ?!" ഞാൻ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" അവിടുന്ന് ചോദിച്ചു: "എന്താണ് കാര്യം?" ഞാൻ പറഞ്ഞു: "അങ്ങ് ഞങ്ങൾക്കിടയിലായിരുന്നല്ലോ. എന്നാൽ ഞങ്ങളുടെ അരികിൽ നിന്ന് പോയതിന് ശേഷം അങ്ങ് തിരിച്ചു വരാൻ വൈകിയപ്പോൾ എന്തെങ്കിലും പ്രയാസം അങ്ങേക്ക് ബാധിച്ചോ എന്ന് ഞങ്ങൾ ഭയന്നു പോയി. ആദ്യം ഭയം തോന്നി പുറപ്പെട്ടത് ഞാനാണ്. അങ്ങനെ ഞാൻ ഈ തോട്ടത്തിൽ (അങ്ങയെ അന്വേഷിച്ചു) വന്നെത്തിയതാണ്. കുറുക്കൻ ഞൂണ്ടുകടക്കുന്നതു പോലെയാണ് ഞാൻ ഇതിനുള്ളിലേക്ക് കയറിയത്. എൻ്റെ പിറകിൽ (വാർത്ത അറിയാനിരിക്കുന്ന) മറ്റു ജനങ്ങളുമുണ്ട്." അപ്പോൾ അവിടുത്തെ രണ്ട് ചെരുപ്പുകളും എൻ്റെ പക്കൽ തന്നു കൊണ്ട് നബി -ﷺ- പറഞ്ഞു: "അബൂ ഹുറൈറ! എൻ്റെ ഈ രണ്ട് ചെരുപ്പുകളുമായി പോവുക! ഈ തോട്ടത്തിനപ്പുറം 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിക്കുന്ന ഏതൊരാളെ കണ്ടാലും അവനെ നീ സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിച്ചു കൊള്ളുക." അങ്ങനെ (അവിടെ നിന്നിറങ്ങിയ ശേഷം) ഞാൻ ആദ്യം കണ്ട വ്യക്തി ഉമർ ബ്നുൽ ഖത്താബായിരുന്നു. അദ്ദേഹം ചോദിച്ചു: "എന്താണ് അബൂ ഹുറൈറ! ഈ രണ്ടു ചെരുപ്പുകൾ?" ഞാൻ പറഞ്ഞു: "ഇവ രണ്ടും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ ചെരുപ്പുകളാണ്. അവിടുന്ന് ഇവ രണ്ടും തന്നു കൊണ്ട് എന്നെ നിയോഗിച്ചിരിക്കുകയാണ്. 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിക്കുന്ന ഏതൊരാളെ കണ്ടാലും അവന് സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിച്ചു കൊള്ളാൻ വേണ്ടി..." അപ്പോൾ ഉമർ തൻ്റെ കൈ കൊണ്ട് എൻ്റെ നെഞ്ചിലൊരടി വെച്ചു തന്നു. ഞാൻ പിറകുവശം കുത്തി താഴെവീണു പോയി! അദ്ദേഹം പറഞ്ഞു: "അബൂ ഹുറൈറ! തിരിച്ചു പോവുക!" ഞാൻ നബി -ﷺ- യുടെ അരികിലേക്ക് മടങ്ങിച്ചെന്നു; എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. എൻ്റെ പിറകെ തന്നെ ഉമറും ഉണ്ടായിരുന്നു; ഞാൻ നോക്കിയപ്പോൾ അദ്ദേഹമതാ പിറകിൽ! നബി -ﷺ- ചോദിച്ചു: "എന്തു പറ്റി അബൂ ഹുറൈറ?!" ഞാൻ പറഞ്ഞു: "ഞാൻ ഉമറിനെ കണ്ടുമുട്ടി; അങ്ങ് എന്നെ നിയോഗിച്ച കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ എൻ്റെ നെഞ്ചിൽ അദ്ദേഹം അടിക്കുകയാണ് ചെയ്തത്; (അതു കാരണം) ഞാൻ പിറകുവശം കുത്തി വീണുപോയി." നബി -ﷺ- ചോദിച്ചു: "ഉമർ! എന്തിനാണ് നീയങ്ങനെ ചെയ്തത്?" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ പിതാവും മാതാവും അങ്ങേക്ക് ബലിയായിരിക്കട്ടെ! അങ്ങയുടെ രണ്ട് ചെരുപ്പുകൾ നൽകിക്കൊണ്ട് അബൂ ഹുറൈറയെ അങ്ങ് നിയോഗിക്കുകയുണ്ടായോ; ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഹൃദയത്തിൽ ഉറച്ചു വിശ്വസിക്കുന്നവർക്ക് സ്വർഗമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുന്നതിന് വേണ്ടി?" നബി -ﷺ- പറഞ്ഞു: "അതെ!" ഉമർ പറഞ്ഞു: "അങ്ങ് അപ്രകാരം ചെയ്യരുത്! ജനങ്ങൾ അതിൽ മാത്രം ഒതുങ്ങിക്കൂടുമെന്ന് ഞാൻ ഭയക്കുന്നു. അവരെ വിട്ടേക്കുക. അവർ പ്രവർത്തനങ്ങൾ ചെയ്യട്ടെ." നബി -ﷺ- പറഞ്ഞു: "എങ്കിൽ അവരെ അങ്ങനെ വിട്ടേക്കുക."
رواه مسلمനബി -ﷺ- അവിടുത്തെ സ്വഹാബികളിൽ പെട്ട ചിലരോടൊപ്പം ഇരിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിൽ അബൂബക്റും ഉമറും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ, നബി -ﷺ- അവിടെ നിന്ന് എഴുന്നേറ്റു പോവുകയും അവരിലേക്ക് തിരിച്ചുവരാൻ വൈകുകയും ചെയ്തു. നബി -ﷺ- യെ ആരെങ്കിലും തടഞ്ഞു വെക്കുകയോ മറ്റെന്തെങ്കിലും അവിടുത്തേക്ക് സംഭവിക്കുകയോ ചെയ്തുവെന്ന ഭയം അതോടെ അവരെ പിടികൂടി. അങ്ങനെ സ്വഹാബികളെല്ലാം ഭയവിഹ്വലരായി പിടഞ്ഞെഴുന്നേറ്റു; അവരുടെ കൂട്ടത്തിൽ ആദ്യം ഭയം ഉടലെടുത്തത് അബൂ ഹുറൈറയുടെ മനസ്സിലായിരുന്നു. അദ്ദേഹം ബനുന്നജ്ജാറുകാരുടെ ഒരു തോട്ടത്തിൽ ചെന്നെത്തി. എന്തെങ്കിലുമൊരു പ്രവേശനവഴി ഉണ്ടാകുമോ എന്നറിയാൻ അദ്ദേഹം ആ തോട്ടത്തിൻ്റെ ചുറ്റും കറങ്ങിനോക്കി. എന്നാൽ വെള്ളം പ്രവേശിക്കാനുള്ള ഒരു ചെറിയ വിടവ് മതിലിൽ കണ്ടതല്ലാതെ മറ്റൊന്നും അദ്ദേഹം കണ്ടില്ല. തൻ്റെ ശരീരം കൂട്ടിപ്പിടിച്ചു കൊണ്ട് അതിലൂടെ ആ തോട്ടത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു; നബി (ﷺ) അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ നബി (ﷺ) ചോദിച്ചു: "അബൂഹുറൈറ! നീയായിരുന്നോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി (ﷺ) ചോദിച്ചു: "എന്താണ് കാര്യം?" അബൂഹുറൈറ (رضي الله عنه) പറഞ്ഞു: "നബിയേ! അങ്ങ് ഞങ്ങൾക്കിടയിൽ ഇരിക്കുന്ന വേളയിൽ എഴുന്നേറ്റു പോവുകയും, പിന്നീട് മടങ്ങിവരാൻ വൈകുകയും ചെയ്തപ്പോൾ അങ്ങേക്ക് എന്തോ പ്രയാസമുണ്ടായി എന്ന് ഞങ്ങൾ ഭയപ്പെട്ടു. ഞാനാണ് ആദ്യം പേടിച്ചത്; അങ്ങനെ ഈ തോട്ടത്തിലെത്തി, ഒരു കുറുക്കനെ പോലെ ഞൂണ്ടുകടന്നാണ് ഞാൻ ഈ തോട്ടത്തിൽ പ്രവേശിച്ചത്. എൻ്റെ പിറകിൽ ജനങ്ങൾ (വിവരമറിയാനായി) കാത്തുനിൽക്കുന്നുണ്ട്." അപ്പോൾ നബി (ﷺ) അദ്ദേഹത്തിൻ്റെ കയ്യിൽ തൻ്റെ രണ്ട് ചെരുപ്പുകൾ നൽകി; അബൂഹുറൈറ (رضي الله عنه) പറയുന്നത് സത്യമാണെന്ന് മറ്റുള്ളവർക്ക് ബോധ്യമാകാനുള്ള അടയാളമായിരുന്നു അത്. അവിടുന്ന് പറഞ്ഞു: "എൻ്റെ ഈ രണ്ട് ചെരുപ്പുകളുമായി അവരുടെ അടുത്ത് ചെല്ലുക; ഈ തോട്ടത്തിനപ്പുറം 'അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല' എന്ന കാര്യം ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിക്കുന്നവരായി ആരെക്കണ്ടാലും അവർ സ്വർഗക്കാരിൽ ഉൾപ്പെടുന്നതാണ് എന്ന് അവരെ അറിയിച്ചു കൊള്ളുക." അബൂഹുറൈറ (رضي الله عنه) ആദ്യം കണ്ടത് ഉമർ ബ്നുൽ ഖത്താബി നെയായിരുന്നു. അദ്ദേഹം അബൂഹുറൈറയോട് ചോദിച്ചു: "എന്താണ് -അബൂഹുറൈറ- ഈ രണ്ട് ചെരുപ്പുകൾ?" അപ്പോൾ അബൂ ഹുറൈറ (رضي الله عنه) പറഞ്ഞു: "നബി (ﷺ) എൻ്റെ കയ്യിൽ തന്നേൽപ്പിച്ച അവിടുത്തെ ചെരുപ്പുകളാണിവ; ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിച്ചവർക്കെല്ലാം സ്വർഗമുണ്ട് എന്ന് സന്തോഷവാർത്ത അറിയിക്കാനായി അവിടുന്ന് എന്നെ ഏൽപ്പിച്ചതാണിവ." അപ്പോൾ ഉമർ (رضي الله عنه) തൻ്റെ കൈ കൊണ്ട് അബൂഹുറൈറയുടെ (رضي الله عنه) നെഞ്ചിൽ അടിക്കുകയും, അബൂഹുറൈറ (رضي الله عنه) തൻ്റെ പിറകുവശം കുത്തി താഴെ വീഴുകയും ചെയ്തു. അബൂഹുറൈറയോട് നബിയുടെ (ﷺ) അടുത്തേക്ക് മടങ്ങിച്ചെല്ലാൻ ഉമർ(رضي الله عنه) കൽപ്പിച്ചു. ഭയന്നു വിറച്ച നിലയിൽ, വിവർണ്ണമായ മുഖവുമായി, കരച്ചിലിൻ്റെ വക്കോളമെത്തിയ അവസ്ഥയിൽ അദ്ദേഹം നബിയുടെ (ﷺ) അടുത്തേക്ക് മടങ്ങി; ഉമർ (رضي الله عنه) അദ്ദേഹത്തിൻ്റെ പിറകിൽ തന്നെ അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു. നബി (ﷺ) ചോദിച്ചു: "അബൂഹുറൈറ! എന്തു പറ്റി?!" അബൂഹുറൈറ (رضي الله عنه) പറഞ്ഞു: "ഞാൻ ഉമറിനെ കണ്ടു; അദ്ദേഹത്തോട് അങ്ങ് എന്നെ നിയോഗിച്ച കാര്യം അറിയിച്ചപ്പോൾ അദ്ദേഹം എന്നെ അടിക്കുകയും, ഞാൻ എൻ്റെ പിറകുവശം കുത്തി താഴെ വീഴുകയും ചെയ്തു. എന്നോട് മടങ്ങിച്ചെല്ലാനാണ് അദ്ദേഹം പറഞ്ഞത്." നബി (ﷺ) ചോദിച്ചു: "ഉമർ! എന്ത് കാരണത്താലാണ് താങ്കൾ അങ്ങനെ ചെയ്തത്?!" ഉമർ (رضي الله عنه) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ മാതാപിതാക്കൾ അങ്ങേക്ക് ബലിയായിരിക്കട്ടെ! താങ്കളുടെ രണ്ട് ചെരുപ്പുകൾ ഏൽപ്പിച്ചു കൊണ്ട്, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിച്ചവർക്ക് സ്വർഗമുണ്ട് എന്ന് സന്തോഷവാർത്ത അറിയാൻ അബൂഹുറൈറയെ താങ്കൾ നിയോഗിച്ചുവോ?!" നബി (ﷺ) പറഞ്ഞു: "അതെ." ഉമർ (رضي الله عنه) പറഞ്ഞു: "അങ്ങ് അപ്രകാരം ചെയ്യരുത്. ജനങ്ങൾ ശഹാദത്ത് കലിമ നാവ് കൊണ്ട് പറയുന്നതിൽ മാത്രം ഒതുങ്ങിക്കൂടുകയും, പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയക്കുന്നു. അതിനാൽ അവർ പ്രവർത്തനങ്ങൾ ചെയ്യുന്ന അവസ്ഥയിൽ അവരെ വിട്ടേക്കുക." അപ്പോൾ നബി (ﷺ) പറഞ്ഞു: "എങ്കിൽ അവരെ വിട്ടേക്കുക."
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്ലിം എന്നാൽ മറ്റു മുസ്ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായവനാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് മുഹാജിർ."
متفق عليهഇസ്ലാമിൻ്റെ മേന്മകൾ പൂർത്തിയായ ഒരു മുസ്ലിം എന്നാൽ അവൻ്റെ നാവിൽ നിന്നും മറ്റു മുസ്ലിംകൾ സുരക്ഷിതനായവനാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ്റെ നാവ് കൊണ്ട് അവൻ അവരെ ചീത്തപറയുകയില്ല. അവരെ ശപിക്കുകയോ പരദൂഷണം പറയുകയോ ഇല്ല. തൻ്റെ നാവു കൊണ്ട് അവർക്കിടയിൽ എന്തെങ്കിലുമൊരു പ്രയാസം സൃഷ്ടിക്കാൻ അവൻ ഒരിക്കലും ശ്രമിക്കുകയില്ല. അവൻ്റെ കൈകളിൽ നിന്നും അവർ സുരക്ഷിതരായിരിക്കും. അവൻ അവർക്കെതിരെ അന്യായം പ്രവർത്തിക്കുകയോ അവരുടെ സമ്പത്ത് അന്യായമായി കവരുകയോ മറ്റോ ചെയ്യില്ല. യഥാർത്ഥ മുഹാജിർ -പാലായനം ചെയ്ത മനുഷ്യൻ- അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് എന്നും നബി -ﷺ- അറിയിക്കുന്നു.
ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ബാങ്ക് വിളി കേട്ടാൽ (اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ) "അല്ലാഹുവേ! ഈ സമ്പൂർണ്ണമായ ക്ഷണത്തിൻ്റെയും, മുന്നിലെത്തിയിരിക്കുന്ന നിസ്കാരത്തിൻ്റെയും രക്ഷിതാവേ! മുഹമ്മദ് നബി -ﷺ- ക്ക് 'വസീലഃ'യും 'ഫദ്വീലയും' നീ നൽകേണമേ! അവിടുത്തെ നീ വാഗ്ദാനം നൽകിയ സ്തുത്യർഹമായ പദവിയിൽ നീ ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യേണമേ!" എന്ന് പറഞ്ഞാൽ അന്ത്യനാളിൽ എൻ്റെ ശഫാഅത്ത് (ശുപാർശ) അവന് ലഭ്യമായിരിക്കുന്നു."
رواه البخاريബാങ്ക് വിളിക്കുന്നത് കേട്ടു കഴിഞ്ഞ ശേഷം ഹദീഥിൽ പഠിപ്പിക്കപ്പെട്ടതു പ്രകാരം പറയുന്നവർക്കുള്ള പ്രതിഫലമാണ് നബി -ﷺ- ഈ ഹദീഥിൽ വ്യക്തമാക്കുന്നത്. اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ: "അല്ലാഹുവേ! ഈ പരിപൂർണ്ണമായ ക്ഷണത്തിൻ്റെ രക്ഷിതാവായവനേ!" നിസ്കാരത്തിലേക്കും അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും ക്ഷണിക്കുന്ന ബാങ്ക്വിളിയാണ് ക്ഷണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിൻ്റെ ഏകത്വത്തിലേക്കും നബി -ﷺ- യുടെ പ്രവാചകത്വത്തിലേക്കും ക്ഷണിക്കുന്ന വാക്കുകളാണ് അതിലുള്ളത് എന്നതിനാൽ പരിപൂർണ്ണമായ ക്ഷണമാണത്. وَالصَّلاَةِ القَائِمَةِ : നിർവ്വഹിക്കപ്പെടാൻ പോകുന്ന ഈ നിസ്കാരത്തിൻ്റെയും രക്ഷിതാവേ! آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ : മുഹമ്മദ് നബി -ﷺ- ക്ക് നീ വസീലത്തും ഫദ്വീലത്തും നൽകേണമേ! വസീലത്ത് എന്നാൽ സ്വർഗത്തിലുള്ള ഉന്നതമായ ഒരു പദവിയാണ്. അതിന് നബി -ﷺ- മാത്രമാണ് യോഗ്യനായിട്ടുള്ളത്. ഫദ്വീലത്ത് എന്നാൽ എല്ലാ സൃഷ്ടികളുടെയും പദവികൾക്ക് മുകളിൽ അധികമായി നൽകപ്പെടുന്ന ശ്രേഷ്ഠസ്ഥാനമാണ്. وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ : എല്ലാവരാലും സ്തുതിക്കപ്പെടുന്ന ഒരു സ്ഥാനം നബി -ﷺ- ക്ക് നീ നൽകേണമേ! സൃഷ്ടികൾക്കെല്ലാം വേണ്ടി അവിടുന്ന് നടത്തുന്ന ഏറ്റവും വലിയ ശുപാർശയാണ് ഇത് കൊണ്ട് ഉദ്ദേശ്യം. ഈ സ്ഥാനം നബി -ﷺ- ക്ക് നൽകാമെന്ന് അല്ലാഹു ഖുർആനിൽ വാഗ്ദാനം ചെയ്തിരിക്കുന്നു. "താങ്കളുടെ റബ്ബ് മഖാമുൻ മഹ്മൂദിൽ താങ്കളെ നിശ്ചയിക്കുന്നതാണ്." ഈ പ്രാർത്ഥന ഒരാൾ ചൊല്ലിയാൽ അന്ത്യനാളിൽ നബി -ﷺ- യുടെ ശുപാർശ അയാൾക്ക് ലഭിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ എൻ്റെ (അനുചരന്മാരായ) സ്വഹാബികളെ ചീത്ത പറയരുത്. നിങ്ങളിലൊരാൾ ഉഹ്ദ് മലയോളം സ്വർണ്ണം ചെലവഴിച്ചാലും അവരുടെ ഒരു മുദ്ദിന്റെ എത്രയോ അതിൻ്റെ പകുതിയോ എത്തുന്നതല്ല."
متفق عليهസ്വഹാബികളെ ആക്ഷേപിക്കുന്നത് നബി -ﷺ- ശക്തമായി വിരോധിക്കുന്നു. പ്രത്യേകിച്ചും സ്വഹാബികളിലെ ആദ്യകാലക്കാരായ മുഹാജിറുകളെയും അൻസ്വാറുകളെയും. ജനങ്ങളിൽ ഒരാൾ ഉഹ്ദ് മലയോളം സ്വർണ്ണം ദാനം നൽകിയാൽ പോലും അവരുടെ പ്രവർത്തനത്തിൻ്റെ പ്രതിഫലം സ്വഹാബികളിലൊരാൾ തൻ്റെ കൈനിറയെ കൊള്ളുന്ന ധാന്യമോ അതിൻ്റെ പകുതിയോ ദാനം ചെയ്തതിൻ്റെ പ്രതിഫലത്തിനോളം പോലും എത്തുന്നതല്ല എന്ന് നബി -ﷺ- അറിയിക്കുന്നു. സ്വഹാബികൾ തങ്ങളുടെ പ്രവർത്തനങ്ങൾ അല്ലാഹുവിനെ മാത്രം ലക്ഷ്യം വെച്ചു കൊണ്ട് നിഷ്കളങ്കമായി പ്രവർത്തിച്ചവരായിരുന്നു എന്നതും, അവരുടെ ഉദ്ദേശ്യങ്ങളിൽ പരിപൂർണ്ണ സത്യസന്ധതയുള്ളവരായിരുന്നു എന്നതും, മക്കാ വിജയത്തിന് മുൻപ് മുസ്ലിംകൾ ദുർബലരായിരുന്ന ഘട്ടത്തിലായിരുന്നു അവരുടെ ദാനങ്ങളും യുദ്ധങ്ങളുമെല്ലാം നിർവ്വഹിച്ചത് എന്നതും അവരുടെ പ്രതിഫലത്തിലെ ഈ വർദ്ധനവിന് കാരണമാണ്.
ജാബിർ (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: "ബദ്റിലോ ഹുദൈബിയയിലോ പങ്കെടുത്ത ഒരാളും നരകത്തിൽ പ്രവേശിക്കുന്നതല്ല."
رواه أحمد وأصله في صحيح مسلمഹിജ്റ രണ്ടാം വർഷത്തിൽ നടന്ന ബദ്ർ യുദ്ധത്തിൽ തനിക്കൊപ്പം പോരാട്ടം നടത്തിയവരും, ഹിജ്റ ആറാം വർഷത്തിൽ ഹുദൈബിയ്യഃ സന്ധിയിൽ ബയ്അതു രിദ്വാൻ ഉടമ്പടിയിൽ പങ്കെടുത്തവരും നരകത്തിൽ പ്രവേശിക്കില്ല എന്ന് നബി -ﷺ- അറിയിക്കുന്നു.
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- അബൂബക്റിനെയും ഉമറിനെയും -رَضِيَ اللَّهُ عَنْهُمَا- കുറിച്ച് പറഞ്ഞു: "സ്വർഗത്തിലെ ആദ്യകാലക്കാർ മുതൽ അവസാനകാലക്കാർ വരെയുള്ള -നബിമാരും റസൂലുകളും ഒഴിച്ചുള്ള- മദ്ധ്യവയസ്കരുടെ നേതാക്കന്മാരാണ് ഇവർ രണ്ടു പേരും."
رواه الترمذيഅബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വും ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വും നബിമാർ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠരാണെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൻ്റെ ദൂതന്മാരായ അമ്പിയാക്കളും റസൂലുകളും കഴിഞ്ഞാൽ സ്വർഗത്തിൽ പ്രവേശിക്കുന്ന ഏറ്റവും ശ്രേഷ്ഠരായ മനുഷ്യർ അവർ രണ്ടു പേരുമാണ്.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്വർഗത്തിലെ യുവാക്കളുടെ നേതാക്കളാണ് ഹസനും ഹുസൈനും -رَضِيَ اللَّهُ عَنْهُمَا-."
رواه الترمذي وأحمدനബി -ﷺ- യുടെ പേരമക്കളും, അലിയ്യു ബ്നു അബീ ത്വാലിബിൻ്റെ -رَضِيَ اللَّهُ عَنْهُ- യും നബി -ﷺ- യുടെ മകളായ ഫാത്വിമയുടെയും മക്കളുമായ ഹസനും ഹുസൈനും -رَضِيَ اللَّهُ عَنْهُمَا- സ്വർഗത്തിലെ യുവാക്കളുടെ നേതാക്കളായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. മരണപ്പെടുമ്പോൾ യുവാവായിരുന്നവരുടെ നേതാക്കളായിരിക്കും എന്നാണ് ഹദീഥിൻ്റെ ഉദ്ദേശ്യം. നബിമാരും ഖുലഫാഉ റാഷിദീങ്ങളും ഒഴികെയുള്ളവർക്കായിരിക്കും അവർ നേതാവായിരിക്കുക.
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിലൊരാൾ മരണപ്പെട്ടാൽ പ്രഭാതത്തിലും പ്രദോഷത്തിലും അവൻ്റെ സ്ഥാനം അവന് കാണിക്കപ്പെടുന്നതാണ്. സ്വർഗക്കാരിൽ പെട്ടവനാണെങ്കിൽ സ്വർഗക്കാരിൽ നിന്നുള്ളതും, നരകക്കാരിൽ പെട്ടവനാണെങ്കിൽ നരകക്കാരിൽ നിന്നുള്ളതും (കാണിക്കപ്പെടും). അവനോട് പറയപ്പെടും: ഇതാകുന്നു നിനക്ക് (ലഭിക്കാനുള്ള) സ്ഥാനം; അന്ത്യനാളിൽ നിന്നെ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുന്നത് വരെ."
متفق عليهനബി -ﷺ- അറിയിക്കുന്നു: ഒരു മനുഷ്യൻ മരിച്ചാൽ, അവന് (പരലോകത്ത്) നൽകപ്പെടാനിരിക്കുന്ന സ്ഥാനം പ്രഭാതത്തിലും പ്രദോഷത്തിലും അവന്ന് കാണിക്കപ്പെടുന്നതാണ്. അവൻ സ്വർഗവാസിയാണെങ്കിൽ അവന്റെ സ്വർഗത്തിലുള്ള സ്ഥാനവും, നരകവാസിയാണെങ്കിൽ നരകത്തിലുള്ള അവൻ്റെ സ്ഥാനവും കാണിക്കപ്പെടും; അവനോട് ഇപ്രകാരം പറയപ്പെടുകയും ചെയ്യും: ഇതാണ് നിന്റെ സ്ഥാനം; ഇവിടേക്കാണ് നീ ഉയിർത്തെഴുന്നേൽപ്പിൻ്റെ ദിവസം പുനരുജ്ജീവിക്കപ്പെടുക. ഇത് (അല്ലാഹുവിലും അവൻ്റെ റസൂലിലും റസൂലിലും) വിശ്വസിച്ചവർക്ക് ആശ്വാസവും സന്തോഷവും നൽകുന്നതാണ്; എന്നാൽ നിഷേധികൾക്ക് ഇത് ശിക്ഷയും വേദനയുമാണ് നൽകുക.
തമീമുദ്ദാരീ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "രാത്രിയും പകലും എത്തിയിടത്തെല്ലാം ഇക്കാര്യം എത്തുക തന്നെ ചെയ്യും. പട്ടണത്തിലും ഗ്രാമത്തിലുമുള്ള ഭവനങ്ങളിലെല്ലാം ഈ ദീൻ പ്രവേശിപ്പിക്കാതെ അല്ലാഹു വിടുകയുമില്ല. പ്രതാപിയുടെ പ്രതാപത്തോടെയും, നിന്ദ്യരുടെ നിന്ദ്യതയോടെയും. ഇസ്ലാമിലൂടെ അല്ലാഹു നൽകുന്ന പ്രതാപവും, നിഷേധത്തിന് അല്ലാഹു നൽകുന്ന നിന്ദ്യതയുമായിരിക്കും അത്. തമീമുദ്ദാരീ -رَضِيَ اللَّهُ عَنْهُ- പറയാറുണ്ടായിരുന്നു: "എൻ്റെ വീട്ടുകാരുടെ കാര്യത്തിൽ ഇക്കാര്യം ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരിൽ നിന്ന് ഇസ്ലാം സ്വീകരിച്ചവർക്ക് നന്മയും പദവിയും പ്രതാപവും നേടാൻ കഴിഞ്ഞു. അവരിൽ നിഷേധത്തിൽ തുടർന്നവർക്ക് നിന്ദ്യതയും പതിത്വവും ജിസ്യ കൊടുക്കാനുള്ള ബാധ്യതയുമാണ് ലഭിച്ചത്."
رواه أحمدഭൂമിയുടെ എല്ലാ ഭാഗങ്ങളിലും ഈ ദീൻ വ്യാപിക്കുമെന്നും, രാത്രിയും പകലും ചെന്നെത്തിയ ഏതെല്ലാമിടങ്ങളുണ്ടോ, അവിടെയെല്ലാം ഇസ്ലാമിൻ്റെ സന്ദേശം എത്താതിരിക്കില്ലെന്നും നബി -ﷺ- അറിയിക്കുന്നു. പട്ടണങ്ങളിലും അങ്ങാടികളിലുമുള്ള ഭവനങ്ങളാകട്ടെ, ഗ്രാമങ്ങളിലും വിജനപ്രദേശങ്ങളിലുമുള്ള വീടുകളാകട്ടെ; അവിടെയെല്ലാം ഈ ദീൻ അല്ലാഹു പ്രവേശിപ്പിക്കാതെ വിടുകയില്ല. ആരെങ്കിലും ഈ ദീൻ സ്വീകരിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്താൽ അവന് ഇസ്ലാമിൻ്റെ പ്രതാപം കാരണത്താൽ പ്രതാപം നേടാൻ കഴിയും. ആരെങ്കിലും ഇതിനെ തള്ളിക്കളയുകയും നിഷേധിക്കുകയും ചെയ്താൽ അവൻ നിന്ദ്യനും അപമാനിതനുമാകും. ശേഷം സ്വഹാബിയായ തമീമുദ്ദാരി -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ ഈ വാക്ക് താൻ തൻ്റെ കുടുംബക്കാരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് എന്ന് അറിയിക്കുന്നു. അവരിൽ നിന്ന് ഇസ്ലാം സ്വീകരിച്ചവർക്ക് നന്മകളും ശ്രേഷ്ഠതകളും പ്രതാപവും നേടിയെടുക്കാൻ കഴിഞ്ഞു. അവരിൽ നിന്ന് നിഷേധം സ്വീകരിച്ചവർക്ക് നിന്ദ്യതയും അപമാനവും വന്നെത്തി. അതോടൊപ്പം മുസ്ലിംകൾക്ക് നിശ്ചിത തുകയായി ജിസ്യ നൽകുക എന്ന ബാധ്യതയും അവരുടെ മേൽ വന്നുചേർന്നു.