





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- സുബ്ഹിൻ്റെ മുൻപുള്ള (സുന്നത്തായ) രണ്ട് റക്അത്തുകളിൽ സൂറതുൽ കാഫിറൂനും, സൂറതുൽ ഇഖ്ലാസും പാരായണം ചെയ്തു.
رواه مسلمസുബ്ഹ് നിസ്കാരത്തിന് മുൻപുള്ള സുന്നത്തായ നിസ്കാരത്തിലെ ആദ്യ റക്അത്തിൽ സൂറത്തുൽ കാഫിറൂനും, രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഇഖ്ലാസും പാരായണം ചെയ്യാൻ നബി -ﷺ- പ്രത്യേക ശ്രദ്ധ വെച്ചിരുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: (കൂട്ടമായുള്ള) ജമാഅത്ത് നിസ്കാരം നിങ്ങളിലൊരാളുടെ നിസ്കാരത്തേക്കാൾ ഇരുപത്തിയഞ്ച് മടങ്ങ് ശ്രേഷ്ഠകരമാണ്. സുബ്ഹ് നിസ്കാരത്തിൽ പകലിലെയും രാത്രിയിലെയും മലക്കുകൾ ഒരുമിച്ചു കൂടുകയും ചെയ്യുന്നതാണ്." ശേഷം അബൂ ഹുറൈറ (رضي الله عنه) പറഞ്ഞു: "നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഖുർആനിലെ ഈ വചനം പാരായണം ചെയ്യുക: "തീർച്ചയായും ഫജ്ർ നിസ്കാരം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു." (ഇസ്റാഅ്: 78)
متفق عليهഒരാൾ ഇമാമിനോടൊപ്പം ജമാഅത്തായി നിസ്കരിക്കുന്നതിനുള്ള പ്രതിഫലം അയാൾ തൻ്റെ വീട്ടിലോ അങ്ങാടിയിലോ ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയഞ്ച് ഇരട്ടി ശ്രേഷ്ഠകരമാണെന്ന് നബി (ﷺ) വ്യക്തമാക്കുന്നു. രാവിലെയും രാത്രിയുമായി ഭൂമിയിൽ ഇറങ്ങുന്ന മലക്കുകൾ സുബ്ഹ് നിസ്കാരത്തിന് ഒരുമിച്ചു കൂടുന്നതാണെന്നും അവിടുന്ന് അറിയിക്കുന്നു. ഹദീഥിൽ പറയപ്പെട്ട ഈ കാര്യത്തിനുള്ള ഖുർആനിക സാക്ഷ്യമായി അബൂ ഹുറൈറ (رضي الله عنه) കൂട്ടിച്ചേർക്കുന്നു: നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വചനം പാരായണം ചെയ്യുക: "തീർച്ചയായും ഫജ്റിലെ ഖുർആൻ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു." (ഇസ്റാഅ്:78) അതായത്, രാവിലെയും വൈകുന്നേരവും ഇറങ്ങുന്ന മലക്കുകൾ സുബ്ഹ് നിസ്കാരത്തിലെ ഖുർആൻ പാരായണത്തിന് സാക്ഷികളാവുന്നതാണ് എന്നർത്ഥം.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവയിൽ ആദ്യത്തേതും, ഏറ്റവും മോശമായത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവസാനത്തേതും ഏറ്റവും മോശം ആദ്യത്തേതുമാണ്."
رواه مسلمപുരുഷന്മാരുടെ നിസ്കാരത്തിൻ്റെ സ്വഫ്ഫുകളിൽ (അണികളിൽ) ഏറ്റവും ഉത്തമമായതും ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്നതും ശ്രേഷ്ഠതയുള്ളതും അതിലെ ആദ്യത്തെ സ്വഫ്ഫുകളാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഇമാമിനോട് ഏറ്റവും അടുത്തു നിൽക്കുന്നതും, അദ്ദേഹത്തിൻ്റെ പാരായണം ഏറ്റവും നന്നായി കേൾക്കാൻ കഴിയുന്നതും, സ്ത്രീകളിൽ നിന്ന് ഏറ്റവും അകലമുള്ളതുമായ സ്വഫ്ഫ് ആദ്യത്തെ സ്വഫ്ഫാണ്. മോശമായതും, പ്രതിഫലം കുറഞ്ഞതും, ദീനിൻ്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധ്യത കുറവുള്ളതുമായ സ്വഫ്ഫ് അവസാനത്തെ സ്വഫ്ഫാണ്. സ്ത്രീകളുടെ സ്വഫ്ഫുകളില് ഏറ്റവും ഉത്തമമായത് അവസാനത്തെ സ്വഫ്ഫാണ്. കാരണം അവർക്ക് മറ നൽകുന്നതും, പുരുഷന്മാരുമായി കൂടിക്കലരുന്നതിൽ നിന്നും അവരെ കാണുന്നതിൽ നിന്നും അകന്നതും, കുഴപ്പങ്ങളിൽ നിന്ന് സുരക്ഷിതവും അവസാനത്തെ സ്വഫ്ഫാണ്. പുരുഷന്മാരോട് ഏറ്റവും അടുത്തു നിൽക്കുന്നതും കുഴപ്പങ്ങൾ ഉണ്ടാവാൻ ഏറ്റവും സാധ്യതയുള്ളതുമായ ആദ്യത്തെ സ്വഫ്ഫാണ് സ്ത്രീകൾക്ക് ഏറ്റവും മോശമായിട്ടുള്ളത്.
വാബിസ്വ ബ്നു മഅ്ബദ് അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം: പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ കണ്ടപ്പോൾ നബി -ﷺ- അയാളോട് തൻ്റെ നിസ്കാരം മടക്കി നിർവ്വഹിക്കാൻ കൽപ്പിച്ചു.
رواه أبو داود والترمذي وابن ماجه وأحمدസ്വഫ്ഫിൻ്റെ പിറകിലായി, ഒറ്റക്ക് നിസ്കരിക്കുന്ന ഒരു വ്യക്തിയെ കണ്ടപ്പോൾ അയാളോട് നിസ്കാരം മടക്കി നിർവ്വഹിക്കാൻ നബി -ﷺ- കൽപ്പിച്ചു. കാരണം ഈ രൂപത്തിൽ നിസ്കരിച്ചാൽ അയാളുടെ നിസ്കാരം സാധുവാകുന്നതല്ല.
ഉബയ്യുബ്നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഒരു ദിവസം ഞങ്ങൾക്ക് ഇമാമായി നിന്നു കൊണ്ട് സുബ്ഹ് നിസ്കരിച്ചു. ശേഷം അവിടുന്ന് ചോദിച്ചു: "ഇന്നയാൾ വന്നിട്ടുണ്ടോ?" അവർ പറഞ്ഞു: "ഇല്ല." അവിടുന്ന് ചോദിച്ചു: "ഇന്ന വ്യക്തി വന്നിട്ടുണ്ടോ?!" അവർ പറഞ്ഞു: "ഇല്ല." നബി -ﷺ- പറഞ്ഞു: "ഈ രണ്ട് നിസ്കാരങ്ങളാണ് കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമേറിയ നിസ്കാരങ്ങൾ. അവ രണ്ടിലുള്ളത് എന്താണെന്ന് നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ മുട്ടിലിഴഞ്ഞെങ്കിലും നിങ്ങൾ അതിന് വന്നെത്തുമായിരുന്നു. തീർച്ചയായും ഒന്നാമത്തെ സ്വഫ്ഫ് മലക്കുകളുടെ സ്വഫ്ഫ് പോലെയാണ്; അതിൻ്റെ ശ്രേഷ്ഠത നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ അതിലേക്ക് നിങ്ങൾ ധൃതിപ്പെടുമായിരുന്നു. ഒരാൾ മറ്റൊരു വ്യക്തിയോടൊപ്പം നിസ്കരിക്കുക എന്നതാണ് അവൻ ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ പരിശുദ്ധം. ഒരാൾ രണ്ടു പേരോടൊപ്പം നിസ്കരിക്കുന്നതാണ് ഒരാളോടൊപ്പം നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠം. (നിസ്കാരത്തിലെ അംഗങ്ങൾ) കൂടുതൽ വർദ്ധിക്കുന്നതിന് അനുസരിച്ച് അത് അല്ലാഹുവിന് പ്രിയങ്കരമായിരിക്കും."
رواه أبو داود والنسائي وأحمدനബി -ﷺ- ഒരു ദിവസം സുബ്ഹ് (ഫജ്ർ) നിസ്കാരം നിർവ്വഹിച്ച ശേഷം (സ്വഹാബികളോട്) ചോദിച്ചു: നമ്മുടെ ഈ നിസ്കാരത്തിന് ഇന്ന വ്യക്തി ഹാജരുണ്ടോ?! സ്വഹാബികൾ പറഞ്ഞു: ഇല്ല. ശേഷം മറ്റൊരാളെ കുറിച്ച് കൂടെ, അയാൾ വന്നിട്ടുണ്ടോ എന്ന് നബി -ﷺ- ചോദിച്ചു. അവർ പറഞ്ഞു: ഇല്ല. നബി -ﷺ- പറഞ്ഞു: ഫജ്ർ നിസ്കാരവും ഇശാ നിസ്കാരവുമാണ് മുനാഫിഖുകൾക്ക് ഏറ്റവും ഭാരമേറിയ നിസ്കാരമായിട്ടുള്ളത്. കാരണം ഈ രണ്ട് സന്ദർഭങ്ങളും മടി പിടിച്ചിരിക്കാൻ ഏറെ സാധ്യതയുള്ള സമയമാണ്. ഇരുട്ടു നിറഞ്ഞ സമയമായതിനാൽ ജനങ്ങളെ കാണിച്ചു കൊണ്ട് നിസ്കരിക്കുക എന്ന മുനാഫിഖുകളുടെ ലക്ഷ്യവും ഈ സമയം നടപ്പിലാകുന്നതല്ല. സുബ്ഹ് നിസ്കാരത്തിനും ഇശാഅ് നിസ്കാരത്തിനുമുള്ള പ്രതിഫലത്തിലെ വർദ്ധനവും പുണ്യവും -വിശ്വാസികളേ!- നിങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഈ രണ്ട് നിസ്കാരങ്ങൾ കൈകാലുകളിലും കാൽമുട്ടുകളിലും ഇഴഞ്ഞു കൊണ്ടെങ്കിലും നിങ്ങൾ വന്നെത്തുമായിരുന്നു. ഈ രണ്ട് നിസ്കാരങ്ങൾക്കും വന്നെത്താനുള്ള പ്രയാസം കൂടുതലാണെന്നത് കൊണ്ടാണ് അതിന് കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടത്. ഒന്നാമത്തെ സ്വഫ്ഫിൽ നിൽക്കുന്നവന് ഇമാമിനോടുള്ള സാമീപ്യം മലക്കുകളുടെ ഒന്നാമത്തെ സ്വഫ്ഫിൽ നിൽക്കുന്നവർക്ക് അല്ലാഹുവിനോടുള്ള സാമീപ്യം പോലെയാണ്. ഒന്നാമത്തെ സ്വഫ്ഫിനുള്ള ശ്രേഷ്ഠത എന്താണെന്ന് മുഅ്മിനീങ്ങൾക്ക് അറിയുമായിരുന്നെങ്കിൽ അവർ അതിലേക്ക് എത്തിപ്പെടാൻ വേണ്ടി മത്സരിക്കുമായിരുന്നു. ഒരാൾ ഒറ്റക്ക് നിസ്കരിക്കുക എന്നതിനേക്കാൾ ശ്രേഷ്ഠമായിട്ടുള്ളതും കൂടുതൽ പ്രതിഫലവും സ്വാധീനവുമുള്ളത് അയാൾ മറ്റൊരാളോടൊപ്പം ജമാഅത്തായി നിസ്കരിക്കുക എന്നതിനാണ്. രണ്ട് പേരോടൊപ്പം നിസ്കരിക്കുന്നതാണ് ഒരാളോടൊപ്പം നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായിട്ടുള്ളത്. ഏറ്റവും കൂടുതൽ പേർ ഒരുമിച്ചു നിസ്കരിക്കുന്നതാണ് അല്ലാഹുവിന് കൂടുതൽ പ്രിയങ്കരമായിട്ടുള്ളതും, അവൻ്റെ പക്കൽ ഏറ്റവും ശ്രേഷ്ഠതയുള്ളതും.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏതെങ്കിലുമൊരു സ്ത്രീ തൻ്റെ രക്ഷാധികാരിയുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ ആ വിവാഹം അസാധുവാണ്." മൂന്നു തവണ അവിടുന്ന് അപ്രകാരം പറഞ്ഞു. "അവൻ അവളുടെ അരികിൽ പ്രവേശിച്ചാൽ (വീട് കൂടിയാൽ) -അവൻ അവളിൽ നിന്ന് നേടിയതിന്- അവൾക്ക് മഹ്റിന് അവകാശമുണ്ട്. അവർ തമ്മിൽ ഭിന്നതയിലായാൽ രക്ഷാധികാരി ഇല്ലാത്തവർക്ക് ഭരണാധികാരി രക്ഷാധികാരിയാകുന്നതാണ്."
رواه أبو داود والترمذي وابن ماجه وأحمدസ്ത്രീ തൻ്റെ രക്ഷാധികാരികളുടെ അനുവാദമില്ലാതെ സ്വയം വിവാഹം കഴിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. ഈ രൂപത്തിലുള്ള വിവാഹം അസാധുവാണെന്നും, ആ വിവാഹം പൂർത്തീകരിക്കപ്പെട്ടതായി കണക്കാക്കില്ലെന്നും മൂന്ന് തവണ ആവർത്തിച്ചു അവിടുന്ന് അറിയിക്കുന്നു. അവളുടെ രക്ഷാധികാരിയുടെ അനുവാദമില്ലാതെ ഒരാളുമായി അവൾ വീടു കൂടിയാൽ അയാൾ നൽകിയ മഹ്ർ അവൾക്കെടുക്കാം. അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് പകരമായാണ് അത് ഗണിക്കപ്പെടുക. സ്ത്രീയുടെ കാര്യത്തിൽ ഒരേ രൂപത്തിൽ രക്ഷാധികാരമുള്ളവർ തമ്മിൽ ആരാണ് അവളുടെ വിവാഹം നടത്തേണ്ടത് എന്ന കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ടായാൽ അവരിൽ ആദ്യം വിവാഹം നടത്തിക്കൊടുത്ത വ്യക്തിയുടെ വിവാഹക്കരാറിനാണ് സാധുതയുണ്ടായിരിക്കുക; പെൺകുട്ടിയുടെ നന്മയും പ്രയോജനവുമായിരിക്കണം അയാളുടെ ഉദ്ദേശ്യം എന്ന നിബന്ധന ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാൻ രക്ഷാധികാരി തയ്യാറാകുന്നില്ലെങ്കിൽ അവൾ രക്ഷാധികാരിയില്ലാത്തവളായി പരിഗണിക്കപ്പെടുന്നതാണ്; ഈ സാഹചര്യത്തിൽ ഭരണാധികാരിയോ അദ്ദേഹം നിശ്ചയിക്കുന്ന ഖാദിമാരെ പോലെയുള്ളവരോ അവളുടെ രക്ഷാധികാരിയാകുന്നതാണ്. എന്നാൽ രക്ഷാധികാരിയുള്ള പെൺകുട്ടിയുടെ കാര്യത്തിൽ ഭരണാധികാരിക്ക് യാതൊരു അധികാരവുമുണ്ടായിരിക്കുന്നതല്ല.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തന്റെ സ്ത്രീയെ പിൻദ്വാരത്തിലൂടെ ഭോഗിച്ചവൻ ശപിക്കപ്പെട്ടവനാണ്."
رواه أبو داود والنسائي في الكبرى وأحمدതൻ്റെ ഇണയെ പിൻദ്വാരത്തിലൂടെ ഭോഗിച്ചവൻ ശപിക്കപ്പെട്ടവനും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവനുമാണെന്ന് നബി -ﷺ- അറിയിക്കുന്നു. വൻപാപങ്ങളിൽ പെട്ട തിന്മകളിലൊന്നാണിത്.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു പുരുഷനെയോ സ്ത്രീയെയോ പിറകുഭാഗത്തു കൂടെ സമീപിച്ചവനെ അല്ലാഹു നോക്കുന്നതല്ല."
رواه الترمذي والنسائي في الكبرىഒരു സ്ത്രീയെയോ പുരുഷനെയോ പിറകുഭാഗത്ത് കൂടെ ലൈംഗികമായി സമീപിച്ചവനെ അല്ലാഹു കാരുണ്യത്തിൻ്റെ നോട്ടം നോക്കുകയില്ല എന്ന ശക്തമായ താക്കീത് നബി -ﷺ- അറിയിക്കുന്നു. അത് വൻപാപങ്ങളിൽ പെട്ട തിന്മയാണെന്ന് ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം.
മുആവിയ അൽ ഖുശൈരി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളുടെ ഇണകൾക്ക് ഞങ്ങളുടെ മേലുള്ള അവകാശങ്ങൾ എന്തെല്ലാമാണ്?" നബി -ﷺ- പറഞ്ഞു: "നീ ഭക്ഷിച്ചാൽ അവളെ ഭക്ഷിപ്പിക്കുക, നീ ധരിച്ചാൽ -അല്ലെങ്കിൽ സമ്പാദിച്ചാൽ- അവളെ ധരിപ്പിക്കുക. നീ അവളുടെ മുഖത്ത് അടിക്കരുത്. അവളെ ചീത്ത വാക്കുകൾ പറയരുത്. വീട്ടിൽ വെച്ചല്ലാതെ അവളെ അകറ്റി നിർത്തരുത്."
رواه أبو داود وابن ماجه وأحمدഒരു ഭാര്യയോട് ഭർത്താവിനുള്ള ബാധ്യതകൾ എന്തെല്ലാമാണെന്ന് നബി -ﷺ- യോട് ചിലർ ചോദിച്ചു. അവിടുന്ന് ഉത്തരമായി പറഞ്ഞ കാര്യങ്ങൾ ഇവയാണ്: ഒന്ന്: നീ ഭക്ഷിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുമ്പോഴെല്ലാം അവളെയും നീ ഭക്ഷിപ്പിക്കുക; അവൾക്ക് നൽകാതെ നീ മാത്രമായി ഭക്ഷണം കഴിക്കരുത്. രണ്ട്: നീ വസ്ത്രം ധരിക്കുകയും, നിനക്ക് സമ്പാദ്യം ലഭിക്കുകയും വസ്ത്രം വാങ്ങാൻ സാധിക്കുകയും ചെയ്താൽ അവൾക്കും നീ വസ്ത്രം ധരിപ്പിക്കുക; അവൾക്ക് വസ്ത്രം നൽകാതെ നീ മാത്രമായി വസ്ത്രം സ്വീകരിക്കരുത്. മൂന്ന്: കാരണമോ ആവശ്യമോ ഇല്ലാതെ നീ അവളെ അടിക്കരുത്. അവളെ നേർവഴിക്ക് നടത്തുന്നതിനും, അവളുടെ മേലുള്ള നിർബന്ധ ബാധ്യതകൾ ഉപേക്ഷിക്കുന്നെങ്കിൽ അത് തിരുത്തുന്നതിനും വേണ്ടി അവളെ നിനക്ക് അടിക്കേണ്ടി വന്നാൽ തന്നെയും അതൊരിക്കലും മുറിവേൽപ്പിക്കുന്ന വിധത്തിലുള്ളതാകരുത്. അടിക്കുമ്പോൾ മുഖത്ത് ഒരിക്കലും നീ അടിക്കുകയുമരുത്. കാരണം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗവും ഏറ്റവും പുറമേക്ക് പ്രകടമാകുന്ന അവയവും ശരീരത്തിലെ പ്രധാനപ്പെട്ടതും നേർത്തതുമായ പല അവയവങ്ങളും ഉൾക്കൊള്ളുന്നതുമായ സ്ഥലമാണ് മുഖം. നാല്: നീ അവളെ ചീത്തവിളിക്കുകയോ, 'അല്ലാഹു നിൻ്റെ മുഖം വികൃതമാക്കട്ടെ' എന്ന രൂപത്തിലുള്ള വാക്കുകൾ പ്രയോഗിക്കുകയും ചെയ്യരുത്. അവളുടെ ശരീരം ഭംഗിയില്ലാത്ത വികൃതമായ ശരീരമാണെന്ന് നീ പറയുകയുമരുത്. കാരണം അല്ലാഹുവാകുന്നു മനുഷ്യൻ്റെ ശരീരവും മുഖവുമെല്ലാം രൂപപ്പെടുത്തിയത്; അവൻ താൻ സൃഷ്ടിച്ച എല്ലാത്തിനെയും ഏറ്റവും കൃത്യമാക്കിയിരിക്കുന്നു. അതിനാൽ ഒരാളുടെ രൂപത്തെയും സൃഷ്ടിപ്പിനെയും ആക്ഷേപിക്കുന്നത് അല്ലാഹുവിനെ ആക്ഷേപിക്കുന്നതിൽ പെട്ടു പോകുന്നതാണ്; അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ. അഞ്ച്: അവളോട് കിടപ്പറയിലല്ലാതെ നീ അകൽച്ച കാണിക്കരുത്. നീ മറ്റൊരു വീട്ടിൽ പോയി താമസിക്കുകയോ മറ്റൊരു വീട്ടിലേക്ക് അവളുടെ താമസം മാറ്റുകയോ ചെയ്യരുത്. വീട്ടിൽ സാധാരണയായി സംഭവിക്കുന്ന സൗന്ദര്യപ്പിണക്കങ്ങളുടെ കാര്യത്തിലാണ് ഇത് ബാധകമാവുക.