





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ രണ്ട് ചുമലുകൾക്ക് മുകളിൽ ഒന്നുമില്ലാതെ, ഒരൊറ്റ വസ്ത്രത്തിൽ നിങ്ങളിലൊരാളും നിസ്കരിക്കരുത്."
متفق عليهഒരൊറ്റ വസ്ത്രത്തിൽ നിസ്കരിക്കുന്ന വ്യക്തി തൻ്റെ തോളിനും കഴുത്തിനും ഇടയിൽ യാതൊരു വസ്ത്രവുമില്ലാത്ത നിലയിൽ നിസ്കരിക്കുന്നത് നബി -ﷺ- വിലക്കുന്നു. രണ്ട് ചുമലുകൾ ഔറത്തല്ലായെങ്കിലും അവ രണ്ടും മറക്കുന്നത് നിസ്കാരത്തിലെ ഔറത്ത് മറക്കാൻ കൂടുതൽ സഹായകമാണ്. നിസ്കാരത്തിൽ അല്ലാഹുവിൻ്റെ മുൻപിൽ നിൽക്കുമ്പോൾ പാലിച്ചിരിക്കേണ്ട അല്ലാഹുവിനോടുള്ള ആദരവിൻ്റെയും ബഹുമാനത്തിൻ്റെയും രീതിയോട് ഏറ്റവും അടുത്തു നിൽക്കുന്നതും ഈ രീതിയാണ്.
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളിൽ ചിലരുടെ കാര്യമെന്താണ്?! തങ്ങളുടെ നിസ്കാരത്തിൽ അവരതാ ആകാശത്തേക്ക് കണ്ണുകളുയർത്തുന്നു." അവിടുന്ന് ശക്തമായി അക്കാര്യത്തെ കുറിച്ച് സംസാരിച്ചു. അവസാനം അവിടുന്ന് ഇത്ര വരെ പറഞ്ഞു: "അവരത് അവസാനിപ്പിക്കുക തന്നെ ചെയ്യട്ടെ. അതല്ലെങ്കിൽ അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടുക തന്നെ ചെയ്യും."
رواه البخاريനിസ്കാരത്തിൽ പ്രാർത്ഥിക്കുന്ന വേളയിലും മറ്റുമെല്ലാം മുകളിലേക്ക് കണ്ണുകൾ ഉയർത്തുന്നവരെ നബി (ﷺ) ഈ ഹദീഥിൽ ശക്തമായി താക്കീത് ചെയ്യുന്നു. അവരുടെ കാഴ്ച റാഞ്ചിയെടുക്കപ്പെടുകയോ പൊടുന്നനെ അവരുടെ കാഴ്ചയെന്ന അനുഗ്രഹം അവരിൽ നിന്ന് ഊരിയെടുക്കപ്പെടുകയോ ചെയ്യുന്നതിന് അത് കാരണമായേക്കാമെന്ന് പറഞ്ഞു കൊണ്ട് നബി (ﷺ) തൻ്റെ താക്കീതിൻ്റെ ശബ്ദം കടുപ്പിക്കുകയും ചെയ്തു.
ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "നീ സുജൂദ് ചെയ്താൽ നിൻ്റെ രണ്ട് കൈപ്പത്തികളും (ഭൂമിയിൽ) വെക്കുകയും, നിൻ്റെ കൈമുട്ടുകൾ ഉയർത്തുകയും ചെയ്യുക."
رواه مسلمനിസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ എങ്ങനെയാണ് കൈകൾ വെക്കേണ്ടത് എന്ന കാര്യം നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. രണ്ട് കൈപ്പത്തികളും ഭൂമിയിൽ (തറയിൽ) അമർത്തി വെക്കുകയും, ഖിബ്ലയുടെ ദിശയിലേക്ക് കൈവിരലുകൾ വരുന്ന വിധത്തിൽ അവ ചേർത്തു പിടിക്കുകയും ചെയ്യണം. അതോടൊപ്പം കൈമുട്ടുകൾ ഭൂമിയിൽ സ്പർശിക്കാതെ ഉയർത്തി പിടിക്കുകയും രണ്ട് പാർശ്വങ്ങളിൽ നിന്നും അകറ്റി പിടിക്കുകയും വേണം.
വാഇൽ ബ്നു ഹുജ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോടൊപ്പം നിസ്കരിച്ചു. അവിടുന്ന് തൻ്റെ വലതു ഭാഗത്തേക്ക് സലാം ചൊല്ലിക്കൊണ്ട് പറയും; «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ» (നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ.) ഇടതു ഭാഗത്തേക്ക് ഇപ്രകാരവും പറയും: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ» (നിങ്ങൾക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവുമുണ്ടാകട്ടെ.)
رواه أبو داودനബി -ﷺ- നിസ്കാരം അവസാനിപ്പിക്കുമ്പോൾ തൻ്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും മുഖം തിരിക്കുകയും സലാം പറയുകയും ചെയ്യുമായിരുന്നു. വലതു ഭാഗത്തേക്ക് മുഖം തിരിച്ചു കൊണ്ട് അവിടുന്ന് «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ» എന്നു പറയുകയും, ഇടതു ഭാഗത്തേക്ക് മുഖം തിരിച്ചു കൊണ്ട് «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ» എന്നും പറയുമായിരുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എല്ലാ നിസ്കാരത്തിനും ശേഷം മുപ്പത്തിമൂന്ന് തവണ സുബ്ഹാനല്ലാഹ് (അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു), മുപ്പത്തിമൂന്ന് തവണ അൽഹംദുലില്ലാഹ് (അല്ലാഹുവിന് സർവ്വസ്തുതികളും), മുപ്പത്തിമൂന്ന് തവണ അല്ലാഹു അക്ബർ (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ) എന്നു പറയുകയും, അങ്ങനെ തൊണ്ണൂറ്റി ഒൻപത് എത്തുകയും, ശേഷം നൂറെണ്ണം പൂർത്തീകരിച്ചു കൊണ്ട് 'അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. അവനാണ് ഏക ആരാധ്യൻ. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും, അവനാകുന്നു സർവ്വസ്തുതികളും, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു' എന്ന് (അർത്ഥമുള്ള ദിക്ർ) പറയുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്; സമുദ്രത്തിലെ നുരയോളം അതുണ്ടെങ്കിലും."
رواه مسلمനിർബന്ധ നിസ്കാരങ്ങൾക്ക് ശേഷം ഇനി പഠിപ്പിക്കപ്പെട്ടത് പോലെ ആരെങ്കിലും പറയുന്നുവെങ്കിൽ അവനുള്ള പ്രതിഫലം എന്തായിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു: 33 തവണ സുബ്ഹാനല്ലാഹ്; അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനാകുന്നു എന്നാകുന്നു അതിൻ്റെ അർത്ഥം. 33 തവണ അൽഹംദുലില്ലാഹ്; അല്ലാഹുവിൻ്റെ പരിപൂർണ്ണമായ വിശേഷണങ്ങളുടെ പേരിൽ വാഴ്ത്തുന്നു എന്നാണ് അതിൻ്റെ ഉദ്ദേശ്യം. അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടുമാണ് ഈ സ്തുതി. 33 തവണ അല്ലാഹു അക്ബർ; അല്ലാഹുവാകുന്നു എന്തിനേക്കാളും ആരെക്കാളും വലിയവനും മഹത്വമുടയവനും. എന്നാണ് അതിൻ്റെ അർത്ഥം. നൂറു പൂർത്തിയാക്കാനായി ഇങ്ങനെ പറയുക: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ അല്ലാഹുവല്ലാതെ ഇബാദത്തിനർഹനായി മറ്റാരുമില്ലെന്നും, അവൻ ഏകനാണെന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും, അവനാണ് സമ്പൂർണ്ണ അധികാരമുള്ളത് എന്നും, സമ്പൂർണ്ണ സ്നേഹത്തോടെയും ആദരവോടെയും പുകഴ്ത്തപ്പെടാനും പ്രകീർത്തിക്കപ്പെടാനും അർഹതയുള്ളവൻ അല്ലാഹു മാത്രമാണെന്നും, അവൻ എല്ലാത്തിനും കഴിവുള്ളവനും, ഒന്നും അസാധ്യമായി ഇല്ലാത്തവനാണ് എന്നുമാണ് ഈ ദിക്റിൻ്റെ സാരം. ഇപ്രകാരം ആരെങ്കിലും പറഞ്ഞാൽ അവൻ്റെ തിന്മകൾ മായ്ക്കപ്പെടുകയും, അവൻ്റെ പാപങ്ങൾ പൊറുത്തു നൽകപ്പെടുകയും ചെയ്യുന്നതാണ്. സമുദ്രത്തിലെ തിരമാലകൾ ഉയർന്നു പൊങ്ങുകയും ആർത്തലക്കുകയും ചെയ്യുന്ന വേളയിൽ അതിൻ്റെ മുകളിൽ കാണപ്പെടുന്ന വെളുത്ത നുരകളെ പോലെ അനേകമനേകം തിന്മകൾ അവൻ ചെയ്തിട്ടുണ്ടെങ്കിലും അവ പൊറുത്തു നൽകപ്പെടുന്നതാണ്.
അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ സ്വർഗപ്രവേശനത്തിൽ നിന്ന് മരണമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല."
رواه النسائي في الكبرىആരെങ്കിലും നിർബന്ധ നിസ്കാരം നിർവ്വഹിച്ചതിന് ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുന്നുവെങ്കിൽ സ്വർഗപ്രവേശനത്തിൽ നിന്ന് മരണമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. സൂറത്തുൽ ബഖറയിലെ ഒരു ആയത്തിനെയാണ് ആയത്തുൽ കുർസിയ്യ് എന്ന് വിശേഷിപ്പിക്കുന്നത്. പ്രസ്തുത വചനം ഇപ്രകാരമാണ്: "അല്ലാഹു - അവനല്ലാതെ ഇബാദത്തിനർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവന്റെ കുർസിയ്യ് (പാദപീഠം) ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ." (ബഖറ: 255)
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ആർക്കെങ്കിലും തൻ്റെ നിസ്കാരത്തിൽ സംശയം ഉടലെടുക്കുകയും, താൻ മൂന്നാണോ നാലാണോ നിസ്കരിച്ചത് എന്ന സംശയമുണ്ടാവുകയും ചെയ്താൽ അവൻ തൻ്റെ സംശയത്തെ ഉപേക്ഷിക്കുകയും, തനിക്ക് ഉറച്ച ബോധ്യമുള്ളതിൽ നിലയുറപ്പിക്കുകയും ചെയ്യട്ടെ. ശേഷം സലാം വീട്ടുന്നതിന് മുൻപ് രണ്ട് സുജൂദുകൾ അവൻ നിർവ്വഹിക്കുകയും ചെയ്യട്ടെ. അവൻ അഞ്ചു റക്അത്തുകൾ നിസ്കരിച്ചു പോയിട്ടുണ്ട് എങ്കിൽ അത് (സുജൂദുകൾ) അവൻ്റെ നിസ്കാരം ഇരട്ട (റക്അത്തുകൾ) ആക്കുന്നതാണ്. അവൻ നാലു റക്അത്തുകൾ മാത്രമേ യഥാർത്ഥത്തിൽ നിസ്കരിച്ചിട്ടുണ്ടായിരുന്നുള്ളൂ എങ്കിൽ അവൻ്റെ ആ രണ്ട് സുജൂദുകൾ പിശാചിനെ കോപിഷ്ടനാക്കുകയും ചെയ്യും."
رواه مسلمനിസ്കാരത്തിൽ എത്ര റക്അത്ത് നിസ്കരിച്ചിട്ടുണ്ട് എന്നതിൽ -മൂന്നാണോ നാലാണോ നിസ്കരിച്ചത് എന്നതിൽ- സംശയമുണ്ടായാൽ എന്തു ചെയ്യണമെന്നാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അവൻ മൂന്നാണോ നാലാണോ നിസ്കരിച്ചത് എന്ന സംശയത്തിലാണെങ്കിൽ നാലാമത്തെ റക്അത്ത് നിസ്കരിച്ചിട്ടുണ്ടോ എന്ന സംശയത്തിലും മൂന്നാമത്തെ റക്അത്ത് നിസ്കരിച്ചിട്ടുണ്ട് എന്ന ഉറപ്പിലുമാണുള്ളത്. അതിനാൽ സംശയമുള്ള അധികരിച്ച റക്അത്ത് അവൻ പരിഗണിക്കാതെ വിടുകയും, മൂന്ന് നിസ്കരിച്ചിട്ടുണ്ട് എന്ന് ഉറപ്പുള്ളതിനാൽ അതിൽ ഉറച്ചു നിൽക്കുകയും ചെയ്യട്ടെ. ശേഷം നാലാമതൊരു റക്അത്ത് കൂടി നിസ്കരിക്കുകയും, ശേഷം സലാം വീട്ടുന്നതിന് മുൻപായി രണ്ട് സുജൂദുകൾ നിർവ്വഹിക്കുകയും ചെയ്യട്ടെ. അവൻ യഥാർത്ഥത്തിൽ നാലു റക്അത്തുകളായിരുന്നു നിസ്കരിച്ചത് എന്ന് വെക്കുക; എങ്കിൽ അവൻ വർദ്ധിപ്പിച്ച റക്അത്ത് കൂടെ കൂട്ടുമ്പോൾ അവൻ്റെ നിസ്കാരം അഞ്ചു റക്അത്തായിട്ടുണ്ടാകുമല്ലോ? അതോടൊപ്പം മറന്നു പോയതിന് പകരമായി നിസ്കരിച്ച രണ്ട് സുജൂദുകൾ കൂടെ ചേരുമ്പോൾ നിസ്കാരം ഇരട്ട സംഖ്യയിൽ അവസാനിച്ചു. (നാലു റക്അത്തുള്ള നിസ്കാരം ഒറ്റ സംഖ്യയിൽ അവസാനിച്ചില്ലെന്ന് ചുരുക്കം). കാരണം, രണ്ട് സുജൂദുകൾ ഒരു റക്അത്തിന് പകരം നിൽക്കും. ഇനി അവൻ യഥാർത്ഥത്തിൽ നാലു റക്അത്തുകൾ മാത്രമേ നിസ്കരിച്ചിട്ടുണ്ടായിരുന്നുള്ളൂ എങ്കിൽ അവൻ്റെ നിസ്കാരം കൂടുതലോ കുറവോ ഇല്ലാതെ അവസാനിക്കുകയും ചെയ്തിരിക്കുന്നു. അവസാനത്തിൽ അവൻ നിർവ്വഹിച്ച രണ്ട് മറവിയുടെ സുജൂദുകൾ പിശാചിനെ പ്രയാസപ്പെടുത്തുന്നതും, അപമാനിക്കുന്നതുമായി മാറും. നിസ്കാരത്തിൽ നിൽക്കുന്ന വ്യക്തിയെ ആശയക്കുഴപ്പത്തിലാക്കുകയും അവൻ്റെ നിസ്കാരം അസാധുവാക്കുകയും ചെയ്യുക എന്ന പിശാചിൻ്റെ ഉദ്ദേശ്യം അതോടെ നടപ്പിലാകാതെ പോവുകയും, അവനെ പരാജിതനായി മടക്കാൻ ഇതിലൂടെ സാധിക്കുകയും ചെയ്യും. അല്ലാഹു ആദമിന് സുജൂദ് ചെയ്യാൻ കൽപ്പിച്ചപ്പോൾ വിസമ്മതം കാണിക്കുകയും അതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത പിശാചിന് അല്ലാഹുവിൻ്റെ കൽപ്പന അനുസരിച്ചു കൊണ്ട് നിസ്കാരത്തിൻ്റെ പൂർണ്ണതയായി ആദമിൻ്റെ സന്തതികൾ ചെയ്യുന്ന ഈ സുജൂദുകൾ കടുത്ത പ്രയാസം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ദ്വുഹ്റിന് മുൻപുള്ള നാല് റക്അത്തുകളും ഫജ്റിന് മുൻപുള്ള രണ്ട് റക്അത്തും ഉപേക്ഷിക്കാറില്ലായിരുന്നു.
رواه البخاريനബി -ﷺ- തൻ്റെ വീട്ടിൽ വെച്ച് റവാതിബായ (നിർബന്ധ നിസ്കാരങ്ങൾക്ക് ഒപ്പമുള്ള സുന്നത്തായ നിസ്കാരങ്ങൾ) സ്ഥിരമായി നിലനിർത്താറുണ്ടായിരുന്നു എന്നും അവിടുന്ന് അത് ഉപേക്ഷിക്കാറില്ലായിരുന്നു എന്നും ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. ദ്വുഹർ നിസ്കാരത്തിന് മുൻപ് -രണ്ട് സലാമുകളോടെ- നാല് റക്അത്തുകളും, ഫജ്ർ നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകളും അവിടുന്ന് നിസ്കരിക്കുമായിരുന്നു.
നബി -ﷺ- യുടെ പത്നി, ഉമ്മു ഹബീബഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും ദ്വുഹ്റിന് മുൻപുള്ള നാല് റക്അത്തുകളും ശേഷമുള്ള നാലു റക്അത്തുകളും (നഷ്ടമാകാതെ) സൂക്ഷിച്ചാൽ അല്ലാഹു അവന് നരകം ഹറാമാക്കുന്നതാണ്."
رواه أبو داود والترمذي والنسائي وابن ماجه وأحمدദുഹ്ർ നിസ്കാരത്തിന് മുൻപ് നാല് റക്അത്ത് സുന്നത്തായ നിസ്കാരവും, ശേഷം നാല് റക്അത്ത് സുന്നത്തും ഒരാൾ സ്ഥിരമായി നിർവ്വഹിക്കുകയും അക്കാര്യത്തിൽ ശ്രദ്ധ വെക്കുകയും ചെയ്താൽ അല്ലാഹു അവന് നരകം ഹറാമാക്കുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു.