





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- ഒരു സ്വാഅ് മുതൽ അഞ്ച് മുദ്ദ് വരെയുള്ള വെള്ളം കൊണ്ട് കുളിക്കുമായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് അവിടുന്ന് വുദൂഅ് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു."
متفق عليهനബി -ﷺ- ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ വേണ്ടി ഒരു സ്വാഅ് വെള്ളം മുതൽ അഞ്ച് മുദ്ദ് വെള്ളം വരെ ഉപയോഗിച്ച് കുളിക്കാറുണ്ടായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് അവിടുന്ന് വുദൂഅ് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരു സ്വാഅ് എന്നാൽ നാല് മുദ്ദുകളാണ്. ഒരു മുദ്ദ് എന്നാൽ ഒത്തശരീരമുള്ള മനുഷ്യൻ്റെ രണ്ട് കൈപ്പത്തികൾ നിറയുന്നയത്രയാണ്.
ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങളിൽ ചിലർക്ക് ഒട്ടകങ്ങളെ മേയ്ക്കാനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു. അങ്ങനെ എൻ്റെ അവസരം വന്നെത്തുകയും, വൈകുന്നേരം അവയെ ഞാൻ തൊഴുത്തിൽ കൊണ്ടാക്കുകയും ചെയ്തു. ശേഷം നബി -ﷺ- ജനങ്ങൾക്ക് മുൻപിൽ എഴുന്നേറ്റ് നിന്നു കൊണ്ട് സംസാരിക്കവെ ഞാൻ നബിയുടെ അരികിലെത്തി. അവിടുത്തെ സംസാരത്തിൽ നിന്ന് എനിക്ക് ലഭിച്ചത് ഇതായിരുന്നു: "ഏതൊരു മുസ്ലിമായ വ്യക്തിയും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും, ശേഷം എഴുന്നേറ്റു രണ്ട് റക്അത് നിസ്കരിക്കുകയും, തൻ്റെ ഹൃദയവും മുഖവും അതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമാവാതിരിക്കില്ല." ഉഖ്ബ പറയുന്നു: ഇത് കേട്ടപ്പോൾ ഞാൻ പറഞ്ഞു: "എത്ര നല്ല ഒരു കാര്യമാണിത്?!" അപ്പോഴതാ എൻ്റെ മുൻപിൽ നിന്നൊരാൾ പറയുന്നു: "ഇതിന് മുൻപുള്ളത് അതിനേക്കാൾ നല്ലതായിരുന്നു." ഞാൻ നോക്കിയപ്പോൾ ഉമർ ബ്നുൽ ഖത്താബ് ആയിരുന്നു അത്. അദ്ദേഹം പറഞ്ഞു: "താങ്കൾ ഇപ്പോഴാണ് വന്നത് എന്ന് ഞാൻ കണ്ടിരുന്നു. നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ഏതൊരാളും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് പൂർണ്ണമാക്കുകയും, ശേഷം 'അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു' എന്ന് പറയുകയും ചെയ്താൽ സ്വർഗത്തിൻ്റെ എട്ടു കവാടങ്ങളും അവന് വേണ്ടി തുറക്കപ്പെടാതിരിക്കില്ല; ഇഷ്ടമുള്ളതിലൂടെ അവന് സ്വർഗത്തിൽ പ്രവേശിക്കാം."
رواه مسلمരണ്ട് മഹത്തരമായ ശ്രേഷ്ഠതകൾ ലഭിക്കുന്ന പുണ്യകർമ്മങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിശദീകരിച്ചിരിക്കുന്നത്. ഒന്നാമത്തേത്: ഒരാൾ വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നല്ല വിധത്തിൽ പൂർത്തീകരിക്കുകയും, അത് നബി -ﷺ- യുടെ ചര്യയോട് ഏറ്റവും യോജിച്ച വിധത്തിലാക്കുകയും, തൻ്റെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും അർഹമായ വിധത്തിൽ വെള്ളം ഉപയോഗിക്കുകയും, ശേഷം 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്ന മുഹമ്മദൻ അബ്ദുല്ലാഹി വറസൂലുഹു' എന്ന് പറയുകയും ചെയ്താൽ സ്വർഗത്തിൻ്റെ എട്ടു കവാടങ്ങളും അവന് വേണ്ടി തുറന്നു നൽകപ്പെടാതിരിക്കില്ല; ഇഷ്ടമുള്ളതിലൂടെ അവന് സ്വർഗത്തിൽ പ്രവേശിക്കാം എന്നതാണ്. രണ്ടാമത്തേത്: ആരെങ്കിലും ഈ രൂപത്തിൽ പൂർണ്ണമായി വുദൂഅ് നിർവ്വഹിക്കുകയും, ശേഷം ഹൃദയസാന്നിദ്ധ്യത്തോടെ രണ്ട് റക്അത്തുകൾ നിസ്കരിക്കുകയും, അതിൽ അല്ലാഹുവിൻ്റെ പ്രതിഫലം മാത്രം ഉദ്ദേശിക്കുകയും, ഭയഭക്തി കാത്തുസൂക്ഷിക്കുകയും, തൻ്റെ മുഖവും ശരീരാവയവങ്ങളും അല്ലാഹുവിന് പരിപൂർണ്ണമായി വിധേയപ്പെടുത്തുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമാകാതിരിക്കില്ല എന്നതാണത്.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "നിങ്ങളിലൊരാൾ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ രണ്ട് ഖുഫ്ഫകളും ധരിക്കുകയും ചെയ്താൽ -അവൻ ഉദ്ദേശിക്കുന്നെങ്കിൽ- അവ രണ്ടിനും മേൽ തടവുകയും, ശേഷം നിസ്കരിക്കുകയും ചെയ്യട്ടെ; ഖുഫ്ഫ രണ്ടും അവൻ ഊരേണ്ടതില്ല; ജനാബത്താണെങ്കിലൊഴികെ."
رواه الدارقطنيമുസ്ലിമായ ഒരു വ്യക്തി വുദൂഅ് ചെയ്തതിന് ശേഷം തൻ്റെ ഖുഫ്ഫ ധരിക്കുകയും, പിന്നീട് അദ്ദേഹത്തിൻ്റെ വുദൂഅ് മുറിയുകയും, വീണ്ടും വുദൂഅ് ചെയ്യാൻ ഉദ്ദേശിക്കുകയും ചെയ്താൽ -വേണമെങ്കിൽ- അദ്ദേഹത്തിന് തൻ്റെ രണ്ട് ഖുഫ്ഫകളുടെ മേൽ തടവിയാൽ മതിയാകും. ഈ ഖുഫ്ഫകൾ ധരിച്ചു കൊണ്ട് തന്നെ അദ്ദേഹത്തിന് നിസ്കാരം നിർവ്വഹിക്കാം. നിശ്ചിത സമയത്തേക്ക് ഈ വിധി അദ്ദേഹത്തിന് ബാധകമായിരിക്കും. എന്നാൽ വലിയ അശുദ്ധി ഉണ്ടാവുകയും ജനാബത്തിൽ നിന്ന് കുളിക്കേണ്ടി വരികയും ചെയ്താൽ അദ്ദേഹം നിർബന്ധമായും തൻ്റെ ഖുഫ്ഫ ഊരേണ്ടതുണ്ട്.
അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ബലിപെരുന്നാൾ ദിവസത്തിലോ ചെറിയ പെരുന്നാൾ ദിവസത്തിലോ മുസ്വല്ലയിലേക്ക് പുറപ്പെട്ടു. അവിടുന്ന് സ്ത്രീകൾക്ക് അരികിലൂടെ നടന്നു പോയപ്പോൾ ഇപ്രകാരം പറഞ്ഞു: "സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുക. നരകക്കാരിൽ നിങ്ങളെയാണ് എനിക്ക് അധികം കാണിക്കപ്പെട്ടത്." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അതെന്തു കൊണ്ടാണ്?!" നബി -ﷺ- പറഞ്ഞു: "നിങ്ങൾ ശാപം അധികരിപ്പിക്കുകയും, കൂടെക്കഴിയുന്നവനോട് നന്ദികേടു കാണിക്കുകയും ചെയ്യുന്നു. ദൃഢനിശ്ചയത്തിലുള്ള ഒരു പുരുഷൻ്റെ ബുദ്ധിയെ ഇല്ലാതെയാക്കാൻ കഴിവുള്ള, ബുദ്ധിയും ദീനും കുറഞ്ഞ ഒരു കൂട്ടരെ നിങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് ഞങ്ങളുടെ ദീനിലും ഞങ്ങളുടെ ബുദ്ധിയിലുമുള്ള കുറവ്." നബി -ﷺ- പറഞ്ഞു: "സ്ത്രീയുടെ സാക്ഷ്യം പുരുഷൻ്റെ സാക്ഷ്യത്തിൻ്റെ പകുതിയല്ലേ ഉള്ളൂ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അതാണ് അവളുടെ ബുദ്ധിയിലുള്ള കുറവ്. (അതോടൊപ്പം) സ്ത്രീകൾ ആർത്തവം സംഭവിച്ചാൽ നിസ്കരിക്കുകയോ നോമ്പെടുക്കാതെയോ ഇരിക്കുന്നില്ലേ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അതാണ് അവളുടെ ദീനിലുള്ള കുറവ്."
متفق عليهഒരു പെരുന്നാൾ ദിവസം നബി -ﷺ- തൻ്റെ മുസ്വല്ലയിലേക്ക് (പെരുന്നാൾ നിസ്കാരസ്ഥലത്തേക്ക്) പുറപ്പെട്ടു. സ്ത്രീകൾക്ക് പ്രത്യേകമായി ചില ഉപദേശങ്ങൾ നൽകാം എന്ന് നബി -ﷺ- അവർക്ക് വാഗ്ദാനം നൽകിയിട്ടുണ്ടായിരുന്നതിനാൽ ആ ദിവസം അവിടുന്ന് അത് നടപ്പിലാക്കി. അവിടുന്ന് പറഞ്ഞു: സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുകയും, അല്ലാഹുവിനോടുള്ള പാപമോചനം അധികരിപ്പിക്കുകയും ചെയ്യുക. തിന്മകൾ മായ്ക്കപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ പെട്ടതാണ് അവ രണ്ടും. (ആകാശലോകത്തേക്ക് രാപ്രയാണം നടത്തിയ) ഇസ്റാഇൻ്റെ രാത്രിയിൽ നരകത്തിൽ ഞാൻ നിങ്ങളെയാണ് കൂടുതലും കണ്ടത്. അപ്പോൾ അവരുടെ കൂട്ടത്തിലെ ബുദ്ധിയും വിവേകവും കുലീനതയുമുള്ള ഒരു സ്ത്രീ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എന്തു കൊണ്ടാണ് ഞങ്ങൾ നരകക്കാരിൽ ഏറ്റവും അധികമായത്?!" നബി -ﷺ- പറഞ്ഞു: "ചില കാരണങ്ങളാലാണ് അതുണ്ടായത്. നിങ്ങൾ ശാപവാക്കുകളും ആക്ഷേപങ്ങളും അധികരിപ്പിക്കുന്നു. ഭർത്താവിൻ്റെ അവകാശങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു." ശേഷം നബി -ﷺ- സ്ത്രീകളുടെ കാര്യം വിവരിച്ചു കൊണ്ട് പറഞ്ഞു: "ബുദ്ധിയും ഉറച്ച തീരുമാനവും ചിന്താശേഷിയും കൃത്യമായ കണക്കുകൂട്ടലുമുള്ള ഒരു മനുഷ്യനെ പരാജയപ്പെടുത്താൻ നിങ്ങളോളം ശേഷിയുള്ള, ബുദ്ധിയിലും ദീനിലും കുറവുള്ള ഒരു വിഭാഗത്തെ ഞാൻ വേറെ കണ്ടിട്ടില്ല." അപ്പോൾ ആ സ്ത്രീ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് (സ്ത്രീകൾക്ക്) ബുദ്ധിയിലും ദീനിലുമുള്ള കുറവ്?" നബി -ﷺ- പറഞ്ഞു: "ബുദ്ധിയിൽ അവർക്കുള്ള കുറവിൻ്റെ തെളിവാണ് ഒരു പുരുഷൻ്റെ സാക്ഷ്യത്തിന് പകരമായി രണ്ട് സ്ത്രീകൾ സാക്ഷി പറയേണ്ടതുണ്ട് എന്ന നിയമം. ഇത് ബുദ്ധിയിലുള്ള കുറവാണ്. ദീനിലുള്ള കുറവിൻ്റെ കാരണമാകട്ടെ, ആർത്തവം സംഭവിക്കുന്ന കാലയളവിൽ നിസ്കരിക്കാതെ അവർ അനേകം രാപ്പകലുകൾ കഴിച്ചു കൂട്ടുന്നു എന്നതും, റമദാനിലെ ചില ദിവസങ്ങളിൽ നോമ്പ് ഉപേക്ഷിക്കുന്നു എന്നതുമാണ്." എന്നാൽ ഈ പറഞ്ഞ കാര്യങ്ങളുടെ പേരിൽ അല്ലാഹുവിങ്കൽ അവർ ആക്ഷേപാർഹരോ കുറ്റക്കാരോ അല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കാരണം അവരുടെ സൃഷ്ടിപ്പിൽ തന്നെയുള്ള കാര്യങ്ങളാണ് ഇവ രണ്ടും. മനുഷ്യൻ സമ്പത്തിനോടുള്ള താൽപ്പര്യത്തോടെയും ധൃതിയുള്ളവനായി കൊണ്ടും വിവരമില്ലാത്തനവനായുമാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ഖുർആനിക പരാമർശങ്ങൾക്ക് സമാനമാണ് ഇവയും. എന്നാൽ സ്ത്രീകളെ കൊണ്ട് സംഭവിച്ചേക്കാവുന്ന കുഴപ്പങ്ങളിൽ നിന്ന് താക്കീത് നൽകുക എന്നതായിരുന്നു നബി -ﷺ- യുടെ ഈ വാക്കിൻ്റെ ഉദ്ദേശ്യം."
ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- -നബി -ﷺ- ക്ക് ബയ്അത്ത് നൽകിയ വനിതകളിൽ പെട്ടവരായിരുന്നു അവർ- നിവേദനം ചെയ്യുന്നു: "ആർത്തവം ശുദ്ധിയായതിന് ശേഷം കാണപ്പെടുന്ന അഴുക്ക്നിറമോ മഞ്ഞ നിറമോ ഞങ്ങൾ യാതൊന്നുമായി പരിഗണിക്കാറില്ലായിരുന്നു."
رواه أبو داود بهذا اللفظ ورواه البخاري بدون زيادة (بعد الطهر)നബി -ﷺ- യുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്വഹാബീ വനിതകൾ ആർത്തവം ശുദ്ധിയായതിന് ശേഷം ഗുഹ്യസ്ഥാനത്ത് നിന്ന് പുറത്തു വന്നിരുന്ന മഞ്ഞ നിറത്തിലോ കറുപ്പിനോട് അടുത്ത നിറത്തിലോ ഉള്ള സ്രവം ആർത്തവത്തിൻ്റെ ഭാഗമായി കണ്ടിരുന്നില്ല എന്ന് ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു. അവർ അക്കാരണത്താൽ നിസ്കാരമോ, നോമ്പോ ഉപേക്ഷിച്ചിരുന്നില്ല എന്നർത്ഥം.
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഉമ്മു ഹബീബഃ ബിൻത് ജഹ്ശ് -رَضِيَ اللَّهُ عَنْهَا- അബ്ദുൽ റഹ്മാൻ ബ്നു ഔഫിൻ്റെ ഭാര്യയായിരുന്നു. തനിക്കുണ്ടാകുന്ന രക്തസ്രാവത്തെ കുറിച്ച് നബി -ﷺ- യോട് അവർ പരാതി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിൻ്റെ ആർത്തവമുറ നിന്നെ (നിസ്കാരത്തിൽ നിന്നും മറ്റും) തടഞ്ഞു വെക്കാറുള്ളത്ര സമയം നീ കാത്തുനിൽക്കുകയും, ശേഷം കുളിക്കുകയും ചെയ്യുക." അതിന് ശേഷം അവർ ഓരോ നിസ്കാരത്തിൻ്റെ വേളയിലും കുളിക്കാറുണ്ടായിരുന്നു.
رواه مسلمസ്വഹാബീ വനിതകളിൽ പെട്ട ഒരു മഹതി തനിക്ക് ബാധിച്ച നിലക്കാത്ത രക്തസ്രാവത്തെകുറിച്ച് നബി -ﷺ- യോട് ആവലാതി പറഞ്ഞു. രക്തസ്രാവം എന്ന ഈ പ്രശ്നം ആരംഭിക്കുന്നതിന് മുൻപ് ആർത്തവം ഉണ്ടായാൽ എത്ര ദിവസമായിരുന്നോ അവർ നിസ്കാരം ഉപേക്ഷിക്കാറുണ്ടായിരുന്നത്, അത്രയും ദിവസം നിസ്കാരം ഒഴിവാക്കാനും, ശേഷം കുളിക്കുകയും നിസ്കാരം ആരംഭിക്കുകയും ചെയ്യാനും അവിടുന്ന് അവരോട് കൽപ്പിച്ചു. (ആർത്തവമുറയുടെ കാലം കഴിഞ്ഞ് നിസ്കാരം ആരംഭിക്കുമ്പോൾ ഒരു തവണ കുളിക്കാനാണ് നബി -ﷺ- കൽപ്പിച്ചത് എങ്കിലും) അവർ ഓരോ നിസ്കാരത്തിന് വേണ്ടിയും -ഐഛികമെന്നോണം- കുളിക്കാറുണ്ടായിരുന്നു.
അംറുബ്നു സുലൈം അൽ അൻസ്വാരീ -رَضِيَ اللَّهُ عَنْهُ- നിവേദനം: അബൂ സഈദ് അൽ ഖുദ്രി ഇപ്രകാരം പറഞ്ഞതായി ഞാൻ സാക്ഷ്യം വഹിക്കുന്നു: (അബൂ സഈദ് പറഞ്ഞു:) നബി -ﷺ- പറഞ്ഞതായി ഞാൻ സാക്ഷ്യം വഹിക്കുന്നു: "വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ എല്ലാവർക്കും മേൽ നിർബന്ധമാണ്. (അതു പോലെ) പല്ലുതേക്കുക എന്നതും, സുഗന്ധം ലഭ്യമാണെങ്കിൽ അത് പുരട്ടുക എന്നതും."
متفق عليهവെള്ളിയാഴ്ച്ച ദിവസം കുളിക്കൽ പ്രായപൂർത്തിയായ ജുമുഅ നിർബന്ധമുള്ള, ഓരോ മുസ്ലിം പുരുഷനും നിർബന്ധമായ ഒരു കർമ്മം ചെയ്യുന്നത് പോലെ പ്രാധാന്യമുള്ളതാണ്. പല്ലുകൾ തേച്ചു വൃത്തിയാക്കുക എന്നതും, നല്ല മണമുള്ള സുഗന്ധങ്ങളിൽ ഏതെങ്കിലും പുരട്ടുക എന്നതും ഇതു പോലെത്തന്നെ.
അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ- -നബി -ﷺ- യോടൊപ്പം പന്ത്രണ്ട് യുദ്ധങ്ങളിൽ പങ്കെടുത്ത വ്യക്തിയാണ് അദ്ദേഹം- നിവേദനം ചെയ്യുന്നു: നാല് കാര്യങ്ങൾ നബി -ﷺ- യിൽ നിന്ന് ഞാൻ കേൾക്കുകയും, അവ എനിക്ക് പ്രിയങ്കരമാവുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്. രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കരുത്; ചെറിയ പെരുന്നാൾ ദിവസവും, ബലിപെരുന്നാൾ ദിവസവും. സുബ്ഹ് നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെയും, അസ്വർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയും നിസ്കാരമില്ല. മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്തുകൂടാ; മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ്വാ, എൻ്റെ ഈ മസ്ജിദ് (അൽ മസ്ജിദുന്നബവി)."
متفق عليهനാല് കാര്യങ്ങളിൽ നിന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു. ഒന്ന്: മുസ്ലിമായ ഒരു സ്ത്രീ അവളുടെ ഭർത്താവിൻ്റെയോ അവൾക്ക് വിവാഹബന്ധം നിഷിദ്ധമായ മഹ്റമുകളിൽ പെട്ട ആരുടെയെങ്കിലുമോ കൂടെയെല്ലാതെ രണ്ട് ദിവസം ദൈർഘ്യമുള്ള യാത്രകൾ നടത്തുന്നത് അവിടുന്ന് വിലക്കി. സഹോദരൻ, പിതാവ്, സഹോദരപുത്രൻ, സഹോദരീപുത്രൻ, പിതൃസഹോദരൻ, മാതൃസഹോദരൻ തുടങ്ങി വിവാഹബന്ധം സ്ഥിരമായി നിഷിദ്ധമായവരാണ് ഇവിടെ പരിഗണിക്കപ്പെടുന്ന മഹ്റമുകൾ. രണ്ട്: ചെറിയ പെരുന്നാൾ ദിവസവും വലിയ പെരുന്നാൾ ദിവസവും നോമ്പ് നോൽക്കുന്നതിൽ നിന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു. അത് നേർച്ചയുടെ ഭാഗമോ, സുന്നത്തായ നോമ്പ് എന്ന നിലക്കോ, പ്രായശ്ചിത്തത്തിൻ്റെ ഭാഗമായോ ആയാലും ശരി. മൂന്ന്: അസ്വർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയും, സുബ്ഹ് നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെയും നിസ്കരിക്കുന്നത് നബി -ﷺ- വിലക്കുന്നു. നാല്: നബി -ﷺ- എടുത്തു പറഞ്ഞ മൂന്ന് മസ്ജിദുകളിലേക്കല്ലാതെ, ഏതെങ്കിലും ഒരു സ്ഥലത്തേക്ക് പുണ്യവും ശ്രേഷ്ഠതയും നന്മകൾക്ക് കൂടുതൽ പ്രതിഫലവും നൽകപ്പെടുമെന്ന പ്രതീക്ഷയോടെ യാത്ര ചെയ്യാൻ പാടില്ലെന്ന് അവിടുന്ന് അറിയിക്കുന്നു. ഏതെങ്കിലുമൊരു മസ്ജിദിൽ നിസ്കരിക്കാൻ എന്ന പ്രത്യേക ഉദ്ദേശ്യത്തോടെ ദീർഘ യാത്ര പോകാൻ പാടില്ല. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ്വാ എന്നീ മൂന്ന് മസ്ജിദുകളിൽ മാത്രമേ പുണ്യം അധികമായി നൽകപ്പെടുകയുള്ളൂ.
ഉഖ്ബത്തു ബ്നു ആമിർ (رضي الله عنه) നിവേദനം: "മൂന്ന് സമയങ്ങളിൽ നിസ്കരിക്കുകയോ, മരിച്ചവരെ ഖബ്റടക്കുകയോ ചെയ്യുന്നത് നബി -ﷺ- ഞങ്ങളോട് വിലക്കിയിരുന്നു. സൂര്യൻ ഉദിച്ചുവരുന്ന സമയം മുതൽ ഉദിച്ചുയരുന്നതു വരെ. സൂര്യൻ മദ്ധ്യത്തിൽ നിൽക്കുന്നത് മുതൽ അത് മദ്ധ്യത്തിൽ നിന്ന് തെറ്റുന്നത് വരെ. സൂര്യൻ അസ്തമിക്കുന്നത് തുടങ്ങുന്നത് മുതൽ അസ്തമിച്ചു തീരുന്നത് വരെ."
رواه مسلمപകലിൻ്റെ മൂന്ന് സമയങ്ങളിൽ സുന്നത്തായ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നതോ, മരിച്ചവരെ മറവ് ചെയ്യുന്നതോ നബി -ﷺ-വിലക്കിയിരിക്കുന്നു. ഒന്നാമത്തെ സമയം: സൂര്യൻ ഉദിച്ചുയരുന്ന സമയമാണ്; സൂര്യൻ ഉദിക്കുന്നതിൻ്റെ തുടക്ക സമയം മുതൽ ഒരു കുന്തത്തിൻ്റെ ഉയരത്തോളം അത് ഉയരുന്നത് വരെയുള്ള സമയമാണത്. ഏകദേശം കാൽ മണിക്കൂർ സമയമാണ് ഈ സമയത്തിൻ്റെ ദൈർഘ്യം. രണ്ടാമത്തെ സമയം: സൂര്യൻ ആകാശത്തിൻ്റെ മദ്ധ്യത്തിൽ വന്നെത്തുന്ന സമയമാണ്. ഈ സമയത്ത് സൂര്യന് കിഴക്കുഭാഗത്തോ പടിഞ്ഞാറ് ഭാഗത്തോ നിഴലുണ്ടായിരിക്കുകയില്ല. ഈ സമയം മുതൽ സൂര്യൻ മദ്ധ്യത്തിൽ നിന്ന് നീങ്ങുന്നത് വരെ -അതായത്, ദ്വുഹർ നിസ്കാരത്തിൻ്റെ സമയം ആരംഭിക്കുന്നത് വരെ- ഈ വിലക്ക് നീണ്ടുനിൽക്കും. ഏകദേശം അഞ്ചു മിനിറ്റ് മാത്രം നീണ്ടേക്കാവുന്ന, വളരെ കുറഞ്ഞ ഒരു സമയമാണിത്. മൂന്നാമത്തെ സമയം: സൂര്യൻ പടിഞ്ഞാറ് അസ്തമിക്കാൻ ആരംഭിക്കുന്നത് മുതൽ അസ്തമിച്ചു തീരുന്നത് വരെ.