





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ തൻ്റെ വീട്ടിലോ അങ്ങാടിയിലോ നിസ്കരിക്കുന്നതിനേക്കാൾ ഇരുപതിൽ ചില്ല്വാനം പദവികൾ അധികമാണ് ജമാഅത്തായി നിസ്കരിക്കുന്നതിനുള്ളത്. അതായത് ഒരാൾ വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും, ശേഷം -നിസ്കാരമെന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും പ്രേരിപ്പിക്കാതെ- മസ്ജിദിൽ വന്നെത്തുകയും ചെയ്താൽ... അവൻ്റെ ഓരോ കാൽവെപ്പ് വെക്കുമ്പോഴും അതിലൂടെ അവൻ്റെ ഒരു സ്ഥാനം ഉയർത്തപ്പെടുകയും, അവൻ്റെ ഒരു പാപം കൊഴിഞ്ഞു പോവുകയും ചെയ്യാതിരിക്കില്ല. അവൻ മസ്ജിദിൽ പ്രവേശിക്കുന്നത് വരെ ഇപ്രകാരമായിരിക്കും. അവൻ മസ്ജിദിൽ പ്രവേശിച്ചാലാകട്ടെ, നിസ്കാരം അവനെ (മസ്ജിദിൽ) പിടിച്ചു വെക്കുന്നിടത്തോളം അവൻ നിസ്കാരത്തിൽ തന്നെയാണ്. നിസ്കരിച്ച അതേ സ്ഥലത്ത് തുടരുന്നിടത്തോളം മലക്കുകൾ നിങ്ങൾക്ക് മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നതാണ്. അവർ പ്രാർത്ഥിച്ചു കൊണ്ടിരിക്കും: അല്ലാഹുവേ! അവനോട് നീ കാരുണ്യം ചൊരിയണമേ! അല്ലാഹുവേ! അവന് നീ പൊറുത്തു കൊടുക്കണമേ! അല്ലാഹുവേ! നീ അവൻ്റെ മേൽ പശ്ചാത്താപം വർഷിക്കണമേ!" ആ ഇരുത്തത്തിൽ അവൻ (ആർക്കെങ്കിലും) ഉപദ്രവം വരുത്തുകയോ, വുദൂഅ് നഷ്ടപ്പെടുത്തുകയോ ചെയ്യുന്നത് വരെ (ഇപ്രകാരം തുടർന്നു കൊണ്ടിരിക്കും)."
متفق عليهമുസ്ലിമായ ഒരു വ്യക്തി ജമാഅത്തായി നിസ്കരിക്കുന്നതാണ് അവൻ തൻ്റെ വീട്ടിലോ അങ്ങാടിയിലോ ഇരുപതിൽപരം ചില്വാനം തവണ നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠം എന്ന് നബി -ﷺ- അറിയിക്കുന്നു. ശേഷം അതിനുള്ള കാരണവും നബി -ﷺ- വിവരിച്ചു: ഒരാൾ വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് പൂർണ്ണമായും മനോഹരമായും നിർവ്വഹിക്കുകയും, ശേഷം മസ്ജിദിലേക്ക് പുറപ്പെടുകയും, നിസ്കാരമല്ലാത്ത മറ്റൊരു ലക്ഷ്യവും അവൻ അവിടേക്ക് വന്നെത്തുന്നതിന് പിറകിൽ ഇല്ലാതിരിക്കുകയുമാണെങ്കിൽ... അവൻ്റെ ഓരോ കാൽവെപ്പുകൾക്കും പകരമായി അവന് ഒരു പദവിയും സ്ഥാനവും ഉയർത്തപ്പെടുകയും, അതിലൂടെ അവൻ്റെ ഒരു തിന്മ പൊറുക്കപ്പെടുകയും ചെയ്യുന്നതാണ്. പിന്നീട് അവൻ മസ്ജിദിൽ പ്രവേശിക്കുകയും നിസ്കാരത്തിനായി കാത്തിരിക്കുകയും ചെയ്യാൻ തുടങ്ങിയാൽ അതോടെ അവന് നിസ്കരിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ പ്രതിഫലം ലഭിച്ചു തുടങ്ങും. നിസ്കരിച്ച അതേ സ്ഥലത്ത് തന്നെ അവൻ തുടരുന്നിടത്തോളം മലക്കുകൾ അവന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതാണ്. അവർ പറയും: "അല്ലാഹുവേ! അവനോട് നീ കാരുണ്യം ചൊരിയണമേ! അല്ലാഹുവേ! അവന് നീ പൊറുത്തു കൊടുക്കണമേ! അല്ലാഹുവേ! നീ അവൻ്റെ മേൽ പശ്ചാത്താപം വർഷിക്കണമേ!" അവൻ്റെ വുദൂഅ് മുറിയുകയോ, ജനങ്ങൾക്കോ മലക്കുകൾക്കോ പ്രയാസം വരുത്തുന്ന എന്തെങ്കിലുമൊന്ന് അവൻ പ്രവർത്തിക്കുകയോ ചെയ്യുന്നത് വരെ ഇത് തുടർന്നു കൊണ്ടിരിക്കും.
ഇബ്നു മസ്ഊദ് (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: "മുസ്ലിമായ ഒരു വ്യക്തിയുടെ ജീവൻ മൂന്ന് കാരണങ്ങളാലല്ലാതെ ഹനിക്കപ്പെടരുത്. വിവാഹിതനായ ഒരാൾ വ്യഭിചരിച്ചാൽ, ഒരാളെ കൊലപ്പെടുത്തിയതിന് പകരമായി, ദീൻ ഉപേക്ഷിച്ചു കൊണ്ട് മുസ്ലിം സമൂഹത്തിൽ നിന്ന് വേർപിരിഞ്ഞവൻ."
متفق عليهമുസ്ലിമായ ഒരാളുടെ ജീവൻ പവിത്രമാണ്; എന്നാൽ, താഴെ പറയുന്ന മൂന്ന് കാര്യങ്ങളിൽ ഒന്ന് ചെയ്താൽ അവൻ്റെ മേൽ വധശിക്ഷ നടപ്പിലാക്കപ്പെടുന്നതാണ്: ഒന്നാമത്തേത്: ശരിയായ വിവാഹത്തിലൂടെ ദാമ്പത്യബന്ധത്തിൽ പ്രവേശിച്ച ഒരാൾ അതിന് ശേഷം വ്യഭിചരിച്ചാൽ. അവനെ എറിഞ്ഞു കൊല്ലുക എന്നതാണ് അവൻ്റെ മേലുള്ള ശിക്ഷാവിധി. രണ്ടാമത്തേത്: വധിക്കപ്പെടാൻ അനുവാദമില്ലാത്ത ഒരാളെ അന്യായമായി മനഃപൂർവം വധിച്ചവൻ. അവൻ്റെ കാര്യത്തിലും പ്രതിക്രിയയായി വധശിക്ഷ നടപ്പിലാക്കപ്പെടുന്നതാണ്; പക്ഷേ ഈ നിയമം നടപ്പിലാക്കുന്നതിന് മുൻപ് ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. മൂന്നാമത്തേത്: മുസ്ലിം സമൂഹത്തിൽ നിന്ന് പുറത്തുപോയവൻ. ഈ പറഞ്ഞതിൽ ഇസ്ലാം പൂർണ്ണമായി ഉപേക്ഷിച്ച് മുർത്തദ്ദായ മതപരിത്യാഗി ഉൾപ്പെടുന്നതാണ്. അതു പോലെ, ഖവാരിജുകൾ (നിയമപരമായി ഭരണം നടത്തുന്നവർക്കെതിരെ സായുധ വിപ്ലവം നയിക്കുന്നവർ), വഴികൊള്ളക്കാർ എന്നിവരെ പോലെ, ദീനിന്റെ ചില ഭാഗങ്ങൾ ഉപേക്ഷിച്ച് വേർപിരിയുന്നവരും ഉൾപ്പെടുന്നതാണ്.
അബ്ദുല്ലാഹി ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളുടെ അവകാശവാദങ്ങൾക്ക് അനുസരിച്ച് അവർക്ക് നൽകപ്പെട്ടിരുന്നുവെങ്കിൽ ചിലയാളുകൾ ജനങ്ങളുടെ സമ്പത്തിലും ജീവനിലും അവകാശമുന്നയിക്കുമായിരുന്നു. അതു കൊണ്ട് തെളിവ് കൊണ്ടുവരാനുള്ള ബാധ്യത വാദിയുടെ മേലാണ്. നിഷേധിക്കുന്നവൻ്റെ ബാധ്യത ശപഥം ചെയ്യലാണ്."
رواه البيهقيജനങ്ങൾക്ക് അവരുടെ കേവല അവകാശവാദങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങൾ നൽകപ്പെടുകയും, തെളിവുകളോ സാഹചര്യത്തെളിവുകളോ ഒന്നും വേണ്ടത്തില്ലാത്ത സ്ഥിതി ആവുകയും ചെയ്തിരുന്നുവെങ്കിൽ മനുഷ്യരിൽ ചിലർ മറ്റുള്ളവരുടെ സമ്പത്തും ജീവനും അന്യായമായി കയ്യേറുമായിരുന്നു എന്ന് നബി -ﷺ- വിവരിക്കുന്നു. അതിനാൽ എന്തൊരു കാര്യവും അവകാശപ്പെടുന്ന വ്യക്തിയാണ് അതിനുള്ള തെളിവ് മുന്നോട്ടുവെക്കേണ്ടത്. അവൻ്റെ പക്കൽ യാതൊരു തെളിവുമില്ല എന്നാണെങ്കിൽ ആരോപിതൻ്റെ മുൻപിൽ ഈ അവകാശവാദം ഉന്നയിക്കുകയാണ് വേണ്ടത്; ആരോപിതൻ അത് നിഷേധിക്കുകയാണെങ്കിൽ അവൻ അല്ലാഹുവിൻ്റെ മേൽ ശപഥം ചെയ്യണം. അതോടെ അവൻ നിരപരാധിയായി പരിഗണിക്കപ്പെടും.
ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ തിന്നാൽ അവൻ നമ്മിൽ നിന്നും വിട്ടുനിൽക്കട്ടെ; -അല്ലെങ്കിൽ അവിടുന്ന് പറഞ്ഞു-: അവൻ നമ്മുടെ മസ്ജിദിൽ നിന്ന് അകന്നു നിൽക്കുകയും, അവൻ്റെ വീട്ടിൽ ഇരിക്കുകയും ചെയ്യട്ടെ." ഒരിക്കൽ അവിടുത്തേക്ക് ഒരു പാത്രത്തിൽ ചില പച്ചക്കറികൾ കൊണ്ടു നൽകപ്പെട്ടു. അതിൽ ഒരു വാസന അനുഭവപ്പെട്ടപ്പോൾ നബി -ﷺ- അതിനെ കുറിച്ച് ചോദിച്ചു. അതിലുള്ള ചെടികളെ കുറിച്ച് പറഞ്ഞു കൊടുത്തപ്പോൾ തൻ്റെ സ്വഹാബികളിൽ ആർക്കെങ്കിലും അത് നൽകാൻ അവിടുന്ന് പറഞ്ഞു. എന്നാൽ നബി -ﷺ- അത് ഭക്ഷിക്കുന്നതിൽ താൽപ്പര്യം കാണിക്കാത്തത് കണ്ടപ്പോൾ (അവർക്ക് അത് ഭക്ഷിക്കാൻ പ്രയാസമുണ്ടായി.) അപ്പോൾ നബി -ﷺ- പറഞ്ഞു: "കഴിച്ചു കൊള്ളുക. നിങ്ങൾ സംഭാഷണത്തിലേർപ്പെടാത്തവനുമായി ഞാൻ സംഭാഷണം നടത്താറുണ്ട്." ജാബിർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ വെള്ളവെങ്കായമോ കഴിച്ചാൽ നമ്മുടെ മസ്ജിദിലേക്ക് അടുക്കാതിരിക്കട്ടെ. തീർച്ചയായും മനുഷ്യർക്ക് പ്രയാസകരമായത് മലക്കുകൾക്കും പ്രയാസം സൃഷ്ടിക്കുന്നതാണ്." (മുസ്ലിം)
متفق عليهഉള്ളിയോ വെളുത്തുള്ളിയോ ഭക്ഷിച്ച ശേഷം ഒരാൾ മസ്ജിദിലേക്ക് വരുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. മസ്ജിദിലേക്ക് നിസ്കരിക്കാൻ വന്നെത്തുന്ന മറ്റുള്ളവർക്ക് അതിൻ്റെ മണം പ്രയാസം സൃഷ്ടിച്ചേക്കും എന്നതിനാലാണ് അവിടുന്ന് അക്കാര്യം വിലക്കിയത്. അവ തിന്നുകൊണ്ട് അതിൻ്റെ ദുർഗന്ധം പേറി മസ്ജിദിലേക്ക് വരുന്നത് ഒഴിവാക്കാനുള്ള നിർദേശമേ ഈ ഹദീഥിലുള്ളൂ; അതല്ലാതെ ഉള്ളി ഭക്ഷിക്കരുത് എന്ന കൽപ്പനയല്ല. മറിച്ച് അത് അനുവദിക്കപ്പെട്ട ഭക്ഷണം തന്നെയാണ്. നബി -ﷺ- ക്ക് ഒരിക്കൽ ചില പച്ചക്കറികൾ വെച്ച ഒരു പാത്രം കൊണ്ടുവരപ്പെടുകയും, അതിൽ ഒരു മണമുണ്ട് എന്ന് അവിടുത്തേക്ക് അനുഭവപ്പെടുകയും, അതിലുള്ളത് എന്താണെന്ന് അവിടുത്തോട് പറയപ്പെടുകയും ചെയ്തപ്പോൾ നബി -ﷺ- അത് ഭക്ഷിക്കാതെ ഒഴിവാക്കി. തൻ്റെ സ്വഹാബികൾക്ക് അത് ഭക്ഷിക്കാനായി അവിടുന്ന് അവരുടെ അടുത്തേക്ക് അത് നീക്കിവെച്ചുവെങ്കിലും അവിടുത്തെ മാതൃകയാക്കാനുള്ള ഇഷ്ടം കാരണം അവർക്കും അത് ഭക്ഷിക്കുന്നത് പ്രയാസകരമായി. അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: നിങ്ങൾ ഭക്ഷിച്ചു കൊള്ളുക; ഞാൻ മലക്കുകളുമായി അല്ലാഹുവിൽ നിന്നുള്ള സന്ദേശം സ്വീകരിക്കുമ്പോൾ സംസാരിക്കുന്നത് കൊണ്ടാണ് അത് കഴിക്കാതിരുന്നത്. മനുഷ്യർക്ക് പ്രയാസമുണ്ടാക്കുന്ന ദുർഗന്ധങ്ങൾ മലക്കുകൾക്കും പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ ഒരാളുടെ വാതിലിന് അരികിൽ ഒരു അരുവിയുണ്ടായിരിക്കുകയും, അയാൾ അതിൽ എല്ലാ ദിവസവും അഞ്ചു നേരം കുളിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളുടെ മേൽ എന്തെങ്കിലും മാലിന്യം അത് ബാക്കിവെക്കുമെന്ന് നിങ്ങൾ പറയുമോ?" സ്വഹാബികൾ പറഞ്ഞു: "അവൻ്റെ മേൽ യാതൊരു മാലിന്യവും അത് ബാക്കി വെക്കില്ല." നബി -ﷺ- പറഞ്ഞു: "അഞ്ചു നേരത്തെ നിസ്കാരത്തിൻ്റെ ഉപമ ഈ പറഞ്ഞതാകുന്നു. അല്ലാഹു അതിലൂടെ തിന്മകൾ മായ്ച്ചു കളയുന്നതാണ്."
متفق عليهഓരോ പകലിലും രാത്രിയിലുമുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങൾ തിന്മകളെ മായ്ച്ചു കളയുകയും അവ പൊറുക്കപ്പെടാൻ കാരണമാവുകയും ചെയ്യുന്നതിൻ്റെ രൂപം ഒരു ഉപമയിലൂടെ നബി -ﷺ- വിവരിക്കുന്നു. തൻ്റെ വാതിലിന് മുൻപിലുള്ള അരുവിയിൽ നിന്ന് ഒരാൾ എല്ലാ ദിവസവും അഞ്ചു നേരം വീതം കുളിക്കുന്നത് പോലെയാണത്. അയാളുടെ ശരീരത്തിൽ ഒരു മാലിന്യവും വൃത്തികേടും ബാക്കിയുണ്ടാവില്ലല്ലോ?!
അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ മക്കൾക്ക് ഏഴു വയസ്സായാൽ അവരോട് നിസ്കരിക്കാൻ കൽപ്പിക്കുക. പത്തു വയസ്സെത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കുക. വിരിപ്പുകളിൽ അവരെ വേർപെടുത്തി കിടത്തുകയും ചെയ്യുക."
رواه أبو داودകുട്ടികൾക്ക് ഏഴ് വയസ്സായാൽ -അവർ ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും- അവരോട് നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. നിസ്കാരം നിർവ്വഹിക്കാൻ ആവശ്യമായ പാഠങ്ങൾ അവരെ ഈ സന്ദർഭത്തിൽ പഠിപ്പിക്കുകയും വേണ്ടതുണ്ട്. പത്ത് വയസ്സ് എത്തിക്കഴിഞ്ഞാൽ അതോടെ ഈ കൽപ്പനയുടെ ഗൗരവം വർദ്ധിക്കും. പിന്നീട് നിസ്കാരത്തിൽ കുറവ് വരുത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കണം. പത്ത് വയസ്സായ കുട്ടികളെ ഒരേ വിരിപ്പിൽ കിടത്തുക പാടില്ല. അവരെ ഓരോരുത്തരെയും മാറ്റിക്കിടത്തണം.
അബ്ദു റഹ്മാൻ ബ്നു അബീ ലയ്ലാ -رَضِيَ اللَّهُ عَنْهُ- നിവേദനം: കഅ്ബ് ബ്നു ഉജ്റ എന്നെ കണ്ടു മുട്ടിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: "ഞാൻ താങ്കൾക്ക് ഒരു സമ്മാനം നൽകട്ടെയോ?" നബി -ﷺ- ഒരിക്കൽ ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് അങ്ങയോട് സലാം പറയേണ്ടത് എന്ന് ഞങ്ങൾ പഠിച്ചിരിക്കുന്നു. എന്നാൽ എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്? നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഇപ്രകാരം പറയുക: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ» (സാരം) അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചത് പോലെ, മുഹമ്മദ് നബി -ﷺ- ക്ക് മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ, മുഹമ്മദ് നബി -ﷺ- യുടെ മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയണമേ! തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു."
متفق عليهനബി -ﷺ- യോട് അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലേണ്ട രൂപം എങ്ങിനെയാണ് എന്ന് സ്വഹാബികൾ ചോദിച്ചു. നബി -ﷺ- യെ അഭിവാദ്യം ചെയ്യുമ്പോൾ സലാം ചൊല്ലേണ്ടത് എങ്ങനെയാണ് എന്ന് അവർക്ക് അറിയാമായിരുന്നു. "السلام عليك أيها النبي ورحمة الله وبركاته" (സാരം: അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹവും താങ്കളുടെ മേലുണ്ടാകട്ടെ; അല്ലാഹുവിൻ്റെ ദൂതരേ!) എന്നായിരുന്നു അവർ നബി -ﷺ- ക്ക് സലാമായി പറഞ്ഞിരുന്നത്. അപ്പോൾ നബി -ﷺ- അവർക്ക് സ്വലാത്ത് ചൊല്ലേണ്ടതിൻ്റെ രൂപവും പഠിപ്പിച്ചു കൊടുത്തു; അവിടുന്ന് പഠിപ്പിച്ച സ്വലാത്തിൻ്റെ അർത്ഥം ഇപ്രകാരമാണ്. "اللهم صلِّ على محمدٍ وعلى آل محمد" "അല്ലാഹുവേ! മുഹമ്മദ് നബി -ﷺ- ക്ക് മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ സ്വലാത്ത് വർഷിക്കേണമേ!" (അല്ലാഹുവേ! നിൻ്റെ ഉന്നതരായ ദാസന്മാരുള്ള സദസ്സിൽ നീ നബി -ﷺ- യെ നന്മകൾ കൊണ്ട് സ്മരിക്കേണമേ! അവിടുത്തെ ദീൻ പിൻപറ്റിയവരെയും, അവിടുത്തോട് കുടുംബബന്ധമുള്ള വിശ്വാസികളെയും നീ ഇപ്രകാരം സ്മരിക്കേണമേ!) "كما صلَّيتَ على آل إبراهيم" "ഇബ്രാഹീമിൻ്റെ -عَلَيْهِ السَّلَامُ- കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചത് പോലെ" (ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ -ഇബ്രാഹീം നബിയും ഇസ്മാഈൽ നബിയും ഇസ്ഹാഖ് നബിയും അവരുടെ സന്താനങ്ങളും അവരെ പിൻപറ്റിയ വിശ്വാസികളുമായവരുടെ മേൽ- നീ അനുഗ്രഹങ്ങൾ ചൊരിഞ്ഞത് പോലെ, നിൻ്റെ അനുഗ്രഹങ്ങൾ മുഹമ്മദ് നബി -ﷺ- ക്ക് മേലും നീ ചൊരിയേണമേ!) "إنك حميد مجيد" "തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു." (അതായത്, അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം അല്ലാഹു സ്തുത്യർഹനാണ്. അതിവിശാലമായ മഹത്വത്തിൻ്റെയും അധികാരത്തിൻ്റെയും ഔദാര്യത്തിൻ്റെയും ഉടയവനാണവൻ) "اللهم بارك على محمدٍ وعلى آل محمد كما باركتَ على آل إبراهيم" "അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ, മുഹമ്മദ് നബി -ﷺ- യുടെ മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയണമേ!" (അവിടുത്തേക്ക് ഏറ്റവും വലിയ നന്മകളും ആദരവുകളും നൽകുകയും അത് അധികരിപ്പിച്ചു നൽകുകയും എല്ലാ നന്മകളും അവിടുത്തേക്ക് നിലനിർത്തി കൊടുക്കുകയും ചെയ്യേണമേ!)
ഉബാദഃ ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "(ഖുർആനിൻ്റെ പ്രാരംഭമായ) ഫാതിഹഃ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല."
متفق عليهസൂറത്തുൽ ഫാതിഹഃ (ഖുർആനിലെ ആദ്യത്തെ അദ്ധ്യായം) പാരായണം ചെയ്യാതെ നിസ്കാരം സാധുവാകില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. നിസ്കാരത്തിലെ ഓരോ റക്അത്തുകളിലെയും ഒഴിച്ചു കൂടാൻ പാടില്ലാത്ത സ്തംഭം (റുക്ൻ) ആണത്.
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം ജനാബത്തിൻ്റെ കുളി കുളിക്കുകയും, ശേഷം നേരത്തെ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും രണ്ടാമത്തെ ഘട്ടത്തിൽ പോവുന്നെങ്കിൽ അവൻ ഒരു പശുവിനെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും മൂന്നാമത്തെ ഘട്ടത്തിലാണ് പോകുന്നത് എങ്കിൽ അവൻ ഒരു മുട്ടനാടിനെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും നാലാമത്തെ ഘട്ടത്തിലാണ് പോകുന്നത് എങ്കിൽ അവൻ ഒരു കോഴിയെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും അഞ്ചാമത്തെ ഘട്ടത്തിലാണ് പോകുന്നത് എങ്കിൽ അവൻ ഒരു മുട്ട ദാനം നൽകിയവനെ പോലെയുമാണ്. ഇമാം (മിമ്പറിലേക്ക്) പുറപ്പെട്ടു കഴിഞ്ഞാൽ മലക്കുകൾ ഉൽബോധനം ശ്രദ്ധിച്ചു കേൾക്കാനായി അവിടെ സന്നിഹിതരാവുകയും ചെയ്യും."
متفق عليهജുമുഅ നിസ്കാരത്തിന് നേരത്തെ പുറപ്പെടുന്നതിൻ്റെ ശ്രേഷ്ഠതയാണ് ഈ ഹദീഥിൽ നബി -ﷺ- വിവരിക്കുന്നത്. സൂര്യൻ ഉദിച്ചതു മുതൽ നേരത്തെ പുറപ്പെടുക എന്നതിനുള്ള ശ്രേഷ്ഠത ആരംഭിക്കും. ഇമാം മിമ്പറിലേക്ക് വരുന്നത് വരെ അത് തുടരുകയും ചെയ്യും. ഈ സമയത്തെ അഞ്ചു ഘട്ടങ്ങളാക്കി തിരിക്കാം: ഒന്നാമത്തെ ഘട്ടം: ആരെങ്കിലും ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ കുളിക്കുന്നത് പോലെ കുളിക്കുകയും ശേഷം ജുമുഅക്ക് വേണ്ടി മസ്ജിദിലേക്ക് ഒന്നാമത്തെ ഈ ഘട്ടത്തിൽ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ദാനം ചെയ്തവനെ പോലെയാണ്. രണ്ടാമത്തെ ഘട്ടത്തിലാണ് ഒരാൾ പുറപ്പെടുന്നത് എങ്കിൽ അവൻ ഒരു പശുവിനെ ദാനം ചെയ്തവനെ പോലെയാണ്. മൂന്നാമത്തെ ഘട്ടത്തിലാണ് അവൻ പുറപ്പെടുന്നത് എങ്കിൽ അവൻ കൊമ്പുകളുള്ള ഒരു ആണാടിനെ ദാനം ചെയ്തത് പോലെയാണ്. നാലാമത്തെ ഘട്ടത്തിൽ പുറപ്പെട്ടാൽ അവൻ ഒരു കോഴിയെ ദാനം ചെയ്തവനെ പോലെയാണ്. അഞ്ചാമത്തെ ഘട്ടത്തിൽ പുറപ്പെട്ടാൽ അവൻ ഒരു മുട്ട ദാനം നൽകിയവനെ പോലെയുമാണ്. ഇമാം ഖുത്ബ നിർവ്വഹിക്കാനായി പുറപ്പെട്ടു കഴിഞ്ഞാൽ മസ്ജിദിൻ്റെ വാതിലുകളിൽ ഇരിക്കുന്ന മലക്കുകൾ മസ്ജിദിലേക്ക് പ്രവേശിക്കുന്നവരുടെ പേരുകൾ ക്രമത്തിൽ എഴുതിവെക്കുന്നത് നിർത്തി വെക്കുകയും, ഇമാമിൻ്റെ ഉൽബോധനവും ഖുത്ബയും ശ്രദ്ധിച്ചു കേൾക്കാനായി വന്നിരിക്കുകയും ചെയ്യും.