





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "നിങ്ങളിലാരെങ്കിലും ജുമുഅക്ക് വരുന്നെങ്കിൽ അവൻ കുളിക്കട്ടെ."
متفق عليهജുമുഅ നിസ്കാരത്തിന് വരുന്നവർ ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ വേണ്ടി കുളിക്കുന്നത് പോലെ കുളിക്കണമെന്നും, അത് വളരെ പുണ്യകരമായ പ്രവർത്തിയാണെന്നും ഈ ഹദീഥിൽ നബി -ﷺ- ഊന്നിപ്പറയുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും വുദൂഅ് ചെയ്യുകയും, അവൻ്റെ വുദൂഅ് ഏറ്റവും നന്നാക്കുകയും, ശേഷം ജുമുഅക്ക് വരികയും, (ഖുതുബ) ശ്രദ്ധിച്ച് കേൾക്കുകയും നിശബ്ദത പാലിക്കുകയും ചെയ്താൽ പ്രസ്തുത ജുമുഅക്കും അതിന് മുൻപുള്ളതിനുമിടയിലുള്ളവയും, കൂടാതെ മൂന്ന് ദിവസത്തെയും (ചെറുതെറ്റുകൾ) അവന് പൊറുക്കപ്പെടുന്നതാണ്. എന്നാൽ (മസ്ജിദിലെ) ചരൽക്കല്ലുകൾ തടവികൊണ്ടിരിക്കുന്നവൻ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു."
رواه مسلمഒരാൾ വുദൂഅ് ചെയ്യുമ്പോൾ അതിൻ്റെ സ്തംഭങ്ങൾ (ഒഴിച്ചു കൂടാൻ പാടില്ലാത്ത നിർബന്ധ കർമ്മങ്ങൾ) പൂർണ്ണമായി നിർവ്വഹിച്ചു കൊണ്ടും സുന്നത്തുകളും മര്യാദകളും പാലിച്ചു കൊണ്ടും അത് നിർവ്വഹിക്കുകയും, ശേഷം ജുമുഅഃ നിസ്കാരത്തിന് വന്നെത്തുകയും, നിശബ്ദത പാലിക്കുകയും, ഖത്തീബിൻ്റെ സംസാരം ശ്രദ്ധിച്ചു കേൾക്കുകയും, അനാവശ്യങ്ങൾ സംസാരിക്കാതിരിക്കുകയും ചെയ്താൽ പത്തു ദിവസങ്ങളിൽ അവൻ്റെ പക്കൽ നിന്ന് സംഭവിച്ച ചെറുപാപങ്ങൾ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതാണ്. ഒരു ജുമുഅഃ മുതൽ അടുത്ത ജുമുഅഃ വരേക്കും അതോടൊപ്പം മൂന്ന് ദിവസങ്ങളും സംഭവിച്ച തിന്മകൾ പൊറുക്കപ്പെടും; കാരണം ഒരു നന്മക്ക് പത്തിരട്ടിയാണ് പ്രതിഫലമായി നൽകപ്പെടുക. ഖുതുബയിൽ നൽകപ്പെടുന്ന ഉപദേശങ്ങൾ ഹൃദയം കൊണ്ട് ശ്രദ്ധിക്കാതെ അനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ഖുതുബയിൽ നിന്ന് ശ്രദ്ധ നഷ്ടപ്പെടുത്തുന്ന വിധത്തിൽ ചരൽക്കല്ലുകൾ കൊണ്ട് കളിക്കുകയോ മറ്റോ ചെയ്യുക തുടങ്ങിയവയിൽ നിന്നും നബി -ﷺ- താക്കീത് നൽകുന്നു. ആരെങ്കിലും അത്തരം പ്രവർത്തനങ്ങൾ ചെയ്താൽ അവൻ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു എന്നും, ജുമുഅഃയുടെ മുഴുവൻ പ്രതിഫലം അവന് ലഭിക്കുകയില്ലെന്നും അവിടുന്ന് അറിയിക്കുകയും ചെയ്യുന്നു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും മസ്ജിദിലേക്ക് പകലിൻ്റെ ആദ്യത്തിലോ മദ്ധ്യാഹ്നത്തിന് ശേഷമോ പോയാൽ അല്ലാഹു അവനു വേണ്ടി സ്വർഗത്തിൽ വിരുന്ന് ഒരുക്കുന്നതാണ്. പകലിൻ്റെ ആദ്യത്തിലോ മദ്ധ്യാഹ്നത്തിന് ശേഷമോ അവൻ ഓരോ തവണ പുറപ്പെടുമ്പോഴും."
متفق عليهഇബാദത്തുകൾ നിർവ്വഹിക്കുക എന്ന ലക്ഷ്യത്തിലോ, ദീനിൻ്റെ അറിവ് നേടുക എന്ന ലക്ഷ്യത്തിലോ മസ്ജിദിലേക്ക് പുറപ്പെടുന്ന ഏതൊരു വ്യക്തിക്കും ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അവൻ പകലിൻ്റെ ആദ്യ സമയത്തോ വൈകുന്നേരമോ മസ്ജിദിലേക്ക് പുറപ്പെടുമ്പോഴെല്ലാം അല്ലാഹു സ്വർഗത്തിൽ അവനായി ആഥിത്യവും സ്ഥാനവും ഒരുക്കുന്നുണ്ട്.
അബ്ദുല്ലാഹി ബ്നു സലാം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മദീനയിലേക്ക് വന്നെത്തിയപ്പോൾ ജനങ്ങൾ അവിടുത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഒഴുകി വന്നു. അല്ലാഹുവിൻ്റെ ദൂതൻ -ﷺ- വന്നെത്തിയിരിക്കുന്നു, അല്ലാഹുവിൻ്റെ ദൂതൻ -ﷺ- വന്നെത്തിയിരിക്കുന്നു, അല്ലാഹുവിൻ്റെ ദൂതൻ വന്നെത്തിയിരിക്കുന്നു എന്നിങ്ങനെ പറയപ്പെടുന്നുണ്ടായിരുന്നു. അങ്ങനെ ജനങ്ങളുടെ കൂട്ടത്തിൽ ഞാനും അവിടുത്തെ കാണുന്നതിന് വേണ്ടി ചെന്നു. അവിടുത്തെ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചറിഞ്ഞു; അതൊരു കളവു പറയുന്ന മനുഷ്യൻ്റെ മുഖമല്ല തന്നെ. അവിടുന്ന് പറയുന്നതായി ഞാൻ ആദ്യം കേട്ട വാക്കുകൾ ഇപ്രകാരമാണ്: ജനങ്ങളേ! സലാം പറയുന്നത് വ്യാപിപ്പിക്കുക! ഭക്ഷണം നൽകുക! കുടുംബബന്ധങ്ങൾ ചേർക്കുക! ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയിൽ നിസ്കരിക്കുക! സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം."
رواه الترمذي وابن ماجه وأحمدനബി -ﷺ- മദീനയിലേക്ക് വന്നപ്പോൾ ജനങ്ങൾ അവിടുത്തെ കാണുന്നതിനായി ധൃതിപ്പെട്ട് വന്നു. അബ്ദുല്ലാഹി ബ്നു സലാം -رَضِيَ اللَّهُ عَنْهُ- വും അക്കൂട്ടത്തിലുണ്ടായിരുന്നു; അദ്ദേഹം ഒരു യഹൂദനായിരുന്നു. നബി -ﷺ- യെ കണ്ടപ്പോൾ അവിടുത്തെ മുഖം കളവു പറയുന്ന ഒരാളുടെ മുഖമല്ല എന്ന് അദ്ദേഹത്തിന് ഉടനെ തിരിച്ചറിയാൻ സാധിച്ചു. കാരണം നബി -ﷺ- യുടെ മുഖത്ത് പ്രകടമായിരുന്ന പ്രകാശവും ഗാംഭീര്യവും ഭംഗിയും അപ്രകാരമായിരുന്നു. നബി -ﷺ- പറയുന്നതായി അദ്ദേഹം ആദ്യം കേട്ട കാര്യം സ്വർഗപ്രവേശനത്തിന് കാരണമാകുന്ന ചില പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനവും പ്രേരണയുമായിരുന്നു. അവിടുന്ന് പറഞ്ഞ കാര്യങ്ങൾ ഇവയായിരുന്നു: ഒന്ന്: ഇസ്ലാമികമായ അഭിവാദ്യം -സലാം പറയൽ- വ്യാപിപ്പിക്കുകയും, പ്രകടമാക്കുകയും, അറിയുന്നവരോടും അറിയാത്തവരോടുമെല്ലാം സലാം പറയുകയും ചെയ്യുക. രണ്ട്: ദാനധർമ്മമായും സമ്മാനമായും അതിഥേയത്വത്തിൻ്റെ ഭാഗമായും ഭക്ഷണം നൽകുക. മൂന്ന്: പിതാവിൻ്റെയോ മാതാവിൻ്റെയോ ബന്ധങ്ങളിൽ പെട്ട കുടുംബങ്ങളുമായി ബന്ധം ചേർക്കുക. നാല്: രാത്രിയിൽ ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ എഴുന്നേറ്റ് രാത്രി നിസ്കാരം നിർവ്വഹിക്കുക.
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളെല്ലാം ഇടയന്മാരാണ്; അതിനാൽ തൻ്റെ കീഴിലുള്ളവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരും. ജനങ്ങൾക്ക് മേലുള്ള ഭരണാധികാരി അവരുടെ ഇടയനാണ്; തൻ്റെ കീഴിലുള്ളവരെ കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടുന്നതാണ്. പുരുഷൻ തൻ്റെ വീട്ടുകാരുടെ ഇടയനാണ്; അവരെ കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടുന്നതാണ്. സ്ത്രീ തൻ്റെ ഭർത്താവിൻ്റെ വീടും അയാളുടെ മക്കളെയും നയിക്കുന്നവളാണ്; അവൾ അവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. അടിമ തൻ്റെ മുതലാളിയുടെ സമ്പത്തിൻ്റെ കാര്യത്തിൽ ഇടയനാണ്; അവൻ അതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. അറിയുക! നിങ്ങളെല്ലാവരും ഇടയന്മാരാണ്. നിങ്ങൾക്ക് കീഴിലുള്ളവരെ കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്."
متفق عليهഒരു സമൂഹത്തിൽ ജീവിക്കുന്ന ഏതൊരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളവും അവൻ ശ്രദ്ധിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ഉത്തരവാദിത്തങ്ങൾ അവൻ്റെ മേലുണ്ട് എന്ന് നബി -ﷺ- അറിയിക്കുന്നു. ഭരണാധികാരിയും നേതാവും അല്ലാഹു അവൻ്റെ കീഴിൽ ഏൽപ്പിച്ചു നൽകിയവരുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ഇടയനാണ്. അവരുടെ വിഷയത്തിൽ അല്ലാഹു അവതരിപ്പിച്ച വിധിവിലക്കുകൾ പാലിക്കുക എന്നതും, അവർക്കെതിരെ അക്രമം നയിക്കുന്നവർക്കെതിരെ അവരെ സംരക്ഷിക്കുക എന്നതും, അവരുടെ അവകാശങ്ങൾ പാഴാക്കാതിരിക്കുക എന്നതുമെല്ലാം അവരുടെ ഉത്തരവാദിത്തങ്ങളാണ്. പുരുഷൻ അവൻ്റെ വീട്ടുകാരുടെ കാര്യത്തിൽ ഉത്തരവാദിത്തമുള്ളവനാണ്; അവരുടെ ചെലവുകൾ നടത്തുക എന്നതും, നല്ല ദാമ്പത്യബന്ധം കാത്തുസൂക്ഷിക്കുക എന്നതും, അവരെ പഠിപ്പിക്കുകയും നല്ല മര്യാദകളിൽ വളർത്തുക എന്നതും അവൻ്റെ ബാധ്യതയാണ്. സ്ത്രീ തൻ്റെ ഭർത്താവിൻ്റെ വീട്ടിലെ ഉത്തരവാദിത്തം ശ്രദ്ധിക്കേണ്ടവളാണ്. തൻ്റെ വീടിൻ്റെ നിയന്ത്രണം നന്നാക്കുക എന്നതും, കുട്ടികൾക്ക് നല്ല ശിക്ഷണം നൽകുക എന്നതും അവളുടെ ബാധ്യതയാണ്. അതിനെ കുറിച്ച് അവളും ചോദ്യം ചെയ്യപ്പെടുന്നതാണ്. അടിമയും വേലക്കാരനും തൊഴിലാളിയും തൻ്റെ മുതലാളിയുടെ സമ്പത്തിൻ്റെ കാര്യത്തിൽ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടവനാണ്. അവൻ്റെ കയ്യിൽ ഏൽപ്പിക്കപ്പെട്ട സമ്പത്ത് സംരക്ഷിക്കുകയും, അത് പരിചരിക്കുകയും ചെയ്യുക എന്നത് അവൻ്റെ ബാധ്യതയാണ്. അതിനെ കുറിച്ച് നാളെ അവനും ചോദ്യം ചെയ്യപ്പെടുന്നതാണ്. ചുരുക്കത്തിൽ എല്ലാവരും അവർക്ക് കീഴിലുള്ളവരുടെ കാര്യങ്ങൾ ഉത്തരവാദിത്തമായി ഏൽപ്പിക്കപ്പെട്ടവരാണ്. എല്ലാവരും തങ്ങൾക്ക് കീഴിലുള്ളതിനെ കുറിച്ച് നാളെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങളില് വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. ആർക്കെങ്കിലും അതിന് സാധിക്കില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ. അത് അവന് ഒരു പരിചയാണ്."
متفق عليهഇണയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും, വിവാഹത്തിൻ്റെ ചെലവുകൾ വഹിക്കാനും ശേഷിയുള്ളവരോട് വിവാഹം കഴിക്കാൻ നബി -ﷺ- പ്രേരിപ്പിക്കുന്നു. അവൻ്റെ കണ്ണുകളെ നിഷിദ്ധമായ കാഴ്ച്ചകളിൽ നിന്ന് സംരക്ഷിക്കാനും, അവൻ്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കാനും, വൃത്തികേടുകളിലേക്ക് വീഴുന്നതിൽ നിന്ന് അവനെ തടഞ്ഞു നിർത്താനും സഹായകമാണ് വിവാഹം. ദാമ്പത്യബന്ധം സാധിക്കുമെങ്കിലും വിവാഹത്തിൻ്റെ ചെലവുകൾ വഹിക്കാൻ കഴിയാത്തവരാണ് എങ്കിൽ അവർ നോമ്പ് എടുക്കുകയാണ് വേണ്ടത്; അത് ലൈംഗികതൃഷ്ണയെ നിയന്ത്രിക്കുകയും മോശമായ ചിന്തകളെ തടയാൻ സഹായിക്കുകയും ചെയ്യും.
ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്ത്രീകളുടെ അരികിൽ പ്രവേശിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക!" അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ 'ഹംവു'കളുടെ (ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ട അന്യപുരുഷന്മാരായ) കാര്യമെന്താണ്?" നബി -ﷺ- പറഞ്ഞു: "ഹംവുകളെന്നാൽ മരണമാണ്."
متفق عليهഅന്യസ്ത്രീകളുമായി കൂടിക്കലരുന്നതിൽ നിന്ന് നബി -ﷺ- താക്കീത് ചെയ്യുകയാണ് ഈ ഹദീഥിൽ. സ്ത്രീകളുടെ അടുത്തേക്ക് പ്രവേശിക്കുന്നതും, അവർ നിങ്ങളുടെ അടുത്ത് പ്രവേശിക്കുന്നതും നിങ്ങൾ ഏറെ കരുതിയിരിക്കണമെന്ന് നബി -ﷺ- താക്കീത് നൽകുന്നു. അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: ഭർത്താവിൻ്റെ കുടുംബാംഗങ്ങളുടെ കാര്യം എങ്ങനെയാണ് നബിയേ?! ഭർത്താവിൻ്റെ സഹോദരനും, സഹോദരപുത്രനും, ഭർത്താവിൻ്റെ പിതൃവ്യനും പിതൃവ്യൻ്റെ മകനും സഹോദരിയുടെ പുത്രനുമെല്ലാം ഉദാഹരണം. അവൾ വിവാഹിതയല്ലായിരുന്നെങ്കിൽ അവൾക്ക് വിവാഹം കഴിക്കാൻ അനുവാദമുള്ള എല്ലാവരും ഈ പറഞ്ഞതിൽ ഉൾപ്പെടും. അപ്പോൾ നബി -ﷺ- പറഞ്ഞു: "മരണത്തെ ഭയക്കുന്നത് പോലെ അതിനെ നിങ്ങൾ ഭയപ്പെടുക." കാരണം അവരുമായി ഒറ്റക്കാകുന്നത് കടുത്ത ഫിത്നയിലേക്കും ദീൻ നശിച്ചു പോകുന്നതിലേക്കും നയിക്കുന്നതാണ്. ഭർത്താവിൻ്റെ പിതാക്കളും, ഭർത്താവിൻ്റെ മക്കളും ഒഴികെയുള്ള -ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ട ഏതൊരു അന്യപുരുഷൻ്റെയും കാര്യം- അതല്ലാത്ത അന്യപുരുഷന്മാരുടെ കാര്യത്തേക്കാൾ ശ്രദ്ധിക്കണം. കാരണം ഇതര അന്യപുരുഷന്മാരുമായി ഒറ്റക്കാകുന്നതിനേക്കാൾ ഇവരുമായി ഒറ്റക്കാകാൻ സാധ്യത കൂടുതലാണ്. അതിനാൽ അവരെ കൊണ്ട് കുഴപ്പം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ആരും കുറ്റമോ തെറ്റോ കാണാത്ത വിധത്തിൽ അവരുമായി ഒറ്റക്കാകാനും, അവരിലേക്ക് എത്തിപ്പെടാനുമുള്ള അവസരവും അധികമുണ്ട്. ഇത്തരം വിഷയങ്ങളിൽ ജനങ്ങൾക്കിടയിലുള്ള അശ്രദ്ധ വ്യാപകമാണ് എന്നതിനാൽ തന്നെ ഈ സാഹചര്യങ്ങളെ തടയുക എന്നത് പ്രയാസകരമാണ്. അതിനാൽ ഇതു കൊണ്ടുണ്ടാകുന്ന ഉപദ്രവവും പ്രയാസവും മരണത്തിന് സമാനമാണ്. പുറമെയുള്ള അന്യപുരുഷന്മാരുടെ കാര്യത്തിൽ ജനങ്ങൾ പൊതുവെ ശ്രദ്ധ വെക്കാറുണ്ട് എന്നത് പോലെ ഇതിൽ ശ്രദ്ധയുണ്ടാകാൻ സാധ്യതയില്ല.
മാലിക് ബ്നു ഔസ് ബ്നി ഹദഥാൻ നിവേദനം: (എൻ്റെ പക്കലുള്ള സ്വർണ്ണത്തിന് പകരം വെള്ളിയുടെ) ദിർഹമുകൾ കൈമാറ്റം ചെയ്യുന്ന ആരെങ്കിലുമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ത്വൽഹതു ബ്നു ഉബൈദില്ലാഹ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു -അദ്ദേഹം ആ സമയം ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുത്തായിരുന്നു-: "നിൻ്റെ പക്കലുള്ള സ്വർണ്ണം എനിക്ക് കാണിച്ചു തരിക. ശേഷം നീ എൻ്റെ അടുക്കൽ വരൂ; എൻ്റെ സേവകൻ വന്നെത്തിയാൽ നിനക്ക് ഞങ്ങൾ വെള്ളി തരാം." ഇത് കേട്ടപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "പറ്റില്ല! അല്ലാഹു സത്യം! അവന് താങ്കൾ അവനുള്ള വെള്ളി (ഇപ്പോൾ തന്നെ) കൊടുക്കുകയോ, അല്ലെങ്കിൽ അവൻ്റെ സ്വർണ്ണം മടക്കി നൽകുകയോ വേണം. കാരണം നബി -ﷺ- പറഞ്ഞിട്ടുണ്ട്: "വെള്ളി സ്വർണ്ണത്തിന് പകരം വാങ്ങൽ പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഗോതമ്പ് ഗോതമ്പിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ബാർളി ബാർളിക്ക് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഈത്തപ്പഴം ഈത്തപ്പഴത്തിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ."
متفق عليهതാബിഈങ്ങളിൽ പെട്ട മാലിക് ബ്നു ഔസ് -رَحِمَهُ اللَّهُ- തൻ്റെ പക്കലുള്ള സ്വർണ്ണത്തിൻ്റെ ദീനാറുകൾ വെള്ളിയുടെ ദിർഹമുകൾക്ക് പകരമായി കൈമാറ്റം ചെയ്യാൻ ശ്രമിച്ച കാര്യമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഈ ആവശ്യം കേട്ടപ്പോൾ സ്വഹാബിയായ ത്വൽഹതു ബ്നു ഉബൈദില്ലാഹ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നിൻ്റെ സ്വർണ്ണത്തിൻ്റെ ദീനാറുകൾ എനിക്ക് തരിക. ഞാൻ അവ പരിശോധിക്കട്ടെ." അവ വാങ്ങാമെന്ന് തീരുമാനമായപ്പോൾ അദ്ദേഹം പറഞ്ഞു: "എൻ്റെ സേവകൻ വന്നെത്തിയാൽ നീ എൻ്റെ അടുത്ത് വരിക. അപ്പോൾ നിനക്ക് വെള്ളിയുടെ ദിർഹമുകൾ ഞാൻ പകരം നൽകാം." ഈ സംഭവം നടക്കുമ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- ആ സദസ്സിൽ സന്നിഹിതനായിരുന്നു. അദ്ദേഹം ഈ കച്ചവടരീതിയെ ഉടൻ തന്നെ തിരുത്തി. ഒന്നുകിൽ വെള്ളി ഇപ്പോൾ തന്നെ മാലികിന് നൽകുകയോ, അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ സ്വർണ്ണം തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്ന് അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് ഉമർ -رَضِيَ اللَّهُ عَنْهُ- ത്വൽഹ -رَضِيَ اللَّهُ عَنْهُ- വിനോട് കൽപ്പിച്ചു. തൻ്റെ എതിർപ്പിനുള്ള കാരണം നബി -ﷺ- യുടെ ഹദീഥാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണ്ണത്തിന് പകരം വെള്ളിയോ -അതല്ലെങ്കിൽ മറിച്ചോ- കൈമാറ്റം ചെയ്യുമ്പോൾ ആ കച്ചവടം റൊക്കമായി -ഒരേ സമയം തന്നെ- നടന്നിരിക്കണമെന്ന് നബി -ﷺ- പഠിപ്പിച്ചിട്ടുണ്ട്. അതല്ലെങ്കിൽ നിഷിദ്ധമായ പലിശയിലാണ് ആ കച്ചവടം ഉൾപ്പെടുക. അതാകട്ടെ, നിഷിദ്ധവും അസാധുവുമായ കച്ചവടമാണ്. അതിനാൽ സ്വർണ്ണത്തിന് പകരം വെള്ളിയോ വെള്ളിക്ക് പകരം സ്വർണ്ണമോ കൈമാറ്റം ചെയ്യുന്നുവെങ്കിൽ അത് റൊക്കമായിരിക്കുകയും രണ്ടു പേരും തങ്ങൾക്ക് അവകാശപ്പെട്ടത് ഒരേ സമയം കൈമാറിയിരിക്കുകയും വേണം. ഗോതമ്പിന് പകരം ഗോതമ്പ് കൈമാറുന്നതും, ചോളത്തിന് പകരം ചോളം കൈമാറുന്നതും, ബാർളിക്ക് പകരം ബാർളി കൈമാറുന്നതും, ഈത്തപ്പഴത്തിന് പകരമായി ഈത്തപ്പഴം കൈമാറുന്നതിലും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്; ഇവയെല്ലാം ഒരേ സമയം റൊക്കമായി കൈമാറുകയും, ഒരേ അളവിൽ (ഉദാഹരണത്തിന് ഒരു കിലോക്ക് പകരം ഒരു കിലോ തന്നെ) കൈമാറ്റം ചെയ്യുകയും വേണം. അവയിൽ ഒന്ന് ഒരു സമയത്ത് നൽകുകയും, അതിന് പകരമുള്ളത് അതേ സമയം തന്നെ കൈമാറുകയും ചെയ്തിരിക്കണം. രണ്ടും കൈമാറ്റം ചെയ്യപ്പെടുന്നതിന് മുൻപ് കച്ചവടത്തിൽ നിന്ന് പിരിയാൻ പാടില്ല.
ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഇസ്ലാം സ്വീകരിച്ചതു മുതൽ അദ്ദേഹം അനുഭവിക്കുന്ന ഒരു ശാരീരിക വേദനയുടെ പ്രയാസം നബി -ﷺ- യോട് അദ്ദേഹം പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിൻ്റെ ശരീരത്തിൽ വേദനയുള്ള ഭാഗത്ത് കൈ വെച്ച ശേഷം മൂന്നു തവണ 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറയുക. ശേഷം ഏഴു തവണ ഈ ദുആ പറയുക: (സാരം) അല്ലാഹുവിൻ്റെ പ്രതാപവും അവൻ്റെ ശക്തിയും മുൻനിർത്തി കൊണ്ട് ഞാൻ അനുഭവിക്കുകയും ഭയക്കുകയും ചെയ്യുന്ന ഈ ഉപദ്രവത്തിൽ നിന്ന് ഞാൻ അവനോട് രക്ഷ ചോദിക്കുന്നു."
رواه مسلمഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- വിനെ മരണത്തിലേക്ക് എത്തിച്ചേക്കാവുന്ന വിധത്തിൽ ശക്തമായ ഒരു വേദന പിടികൂടി. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ സന്ദർശിക്കാൻ വന്നെത്തുകയും, അദ്ദേഹത്തെ ബാധിച്ചിരിക്കുന്ന രോഗം അല്ലാഹു നീക്കിക്കൊടുക്കാൻ വേണ്ടി ഒരു ദുആ അദ്ദേഹത്തിന് പഠിപ്പിക്കുകയും ചെയ്തു. തൻ്റെ കൈ വേദനയുള്ള ഭാഗത്ത് വെച്ചു കൊണ്ട് മൂന്ന് തവണ ബിസ്മില്ലാഹ് എന്ന് പറയുവാനും, ശേഷം ഈ ആശയം വരുന്ന ദുആ ചൊല്ലുവാനും നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിനെ കൊണ്ടും അവൻ്റെ ശക്തിയെ കൊണ്ടും എന്നെ നിലവിൽ ബാധിച്ചിരിക്കുന്ന ഈ വേദനയിൽ നിന്നും, അതു കാരണമായി ഭാവിയിൽ എന്നെ ബാധിച്ചേക്കാവുന്ന ഭയത്തിൽ നിന്നും ദുഃഖത്തിൽ നിന്നും, ഈ രോഗം തുടർന്നു പോയേക്കാവുന്നതിൽ നിന്നും അതിൻ്റെ വേദന ശരീരത്തിൽ വ്യാപിച്ചേക്കാവുന്നതിൽ നിന്നും ഞാൻ അഭയം തേടുകയും രക്ഷ ചോദിക്കുകയും ചെയ്യുന്നു.