





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഥാബിത് ബ്നു ഖയ്സിനെ (കാണാതെ വന്നപ്പോൾ അദ്ദേഹം) എവിടെയെന്ന് അന്വേഷിക്കുകയുണ്ടായി. അപ്പോൾ ഒരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ അദ്ദേഹത്തിൻ്റെ വിവരം അന്വേഷിച്ച് താങ്കളെ അറിയിക്കാം." അങ്ങനെ അദ്ദേഹം ഥാബിതിനെ സന്ദർശിച്ചപ്പോൾ അദ്ദേഹം തൻ്റെ വീട്ടിൽ തലതാഴ്ത്തി (ചടഞ്ഞിരിക്കുന്നതായാണ്) കണ്ടത്. അപ്പോൾ അന്വേഷകൻ ചോദിച്ചു: "താങ്കൾക്ക് എന്തു പറ്റി?" ഥാബിത് പറഞ്ഞു: "അപകടം തന്നെ!" താൻ നബി -ﷺ- യുടെ ശബ്ദത്തെക്കാൾ ശബ്ദമുയർത്താറുണ്ടായിരുന്നതിനാൽ തൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു എന്നും, താൻ നരകക്കാരിൽ പെട്ടിരിക്കുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്. അങ്ങനെ (അന്വേഷിച്ചു പോയ) വ്യക്തി നബി -ﷺ- യുടെ അരികിൽ വന്ന് ഥാബിത് -رَضِيَ اللَّهُ عَنْهُ- ഇപ്രകാരം പറഞ്ഞതായി അറിയിച്ചു. എന്നാൽ മഹത്തരമായ ഒരു സന്തോഷവാർത്തയുമായാണ് അവസാനം അദ്ദേഹം മടങ്ങിയത്. നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നീ ഥാബിതിൻ്റെ അടുത്ത് ചെല്ലുകയും, 'താങ്കൾ നരകക്കാരിൽ പെട്ടവനല്ല; മറിച്ച്, സ്വർഗക്കാരിൽ പെട്ടവനാണ്' എന്ന് അറിയിക്കുകയും ചെയ്യുക."
متفق عليهഥാബിത് ബ്നു ഖയ്സിനെ തൻ്റെ സദസ്സിൽ കാണാതെ വന്നപ്പോൾ നബി -ﷺ- അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ ഒരാൾ പറഞ്ഞു: "അദ്ദേഹം വരാതിരിക്കാനുള്ള കാരണമെന്താണെന്നും, അദ്ദേഹത്തിന് പറയാനുള്ളതെന്താണെന്നും ഞാൻ അന്വേഷിച്ച് അറിയിക്കാം." അങ്ങനെ ഥാബിതിൻ്റെ അരികിൽ ചെന്നപ്പോൾ അദ്ദേഹമതാ ദുഖിതനായി തലയും താഴ്ത്തി തൻ്റെ വീട്ടിൽ ഇരിക്കുന്നു. അന്വേഷകൻ ചോദിച്ചു: "താങ്കൾക്ക് എന്തു പറ്റി?!" ഥാബിത് തന്നെ ബാധിച്ച പ്രയാസത്തെ കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. താൻ നബി -ﷺ- യുടെ ശബ്ദത്തേക്കാൾ ശബ്ദം ഉയർത്താറുണ്ടായിരുന്നു എന്നും, അങ്ങനെ ശബ്ദം ഉയർത്തുന്നവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാകുമെന്നും, അവർ നരകക്കാരിൽ ഉൾപ്പെടുമെന്നും അല്ലാഹു അറിയിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നബി -ﷺ- യുടെ അരികിലേക്ക് അന്വേഷകൻ തിരിച്ചു വരികയും ഇക്കാര്യമെല്ലാം അവിടുത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ ഥാബിതിൻ്റെ അരികിലേക്ക് മടങ്ങിച്ചെല്ലാനും, അദ്ദേഹം നരകക്കാരിൽ പെട്ടവനല്ല എന്നും, മറിച്ച് സ്വർഗക്കാരിൽ പെട്ടവനാണെന്നും അദ്ദേഹത്തെ അറിയിക്കണമെന്നുമാണ് നബി -ﷺ- കൽപ്പിച്ചത്. കാരണം ഥാബിതിൻ്റെ പ്രകൃതം തന്നെ ഉയർന്ന ശബ്ദമുള്ളതായിരുന്നു. നബി -ﷺ- യുടെ പ്രാസംഗികനും, അൻസ്വാരികളുടെ ഖതീബ് എന്നും അറിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.
അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "മുഅദ്ദിൻ്റെ (ബാങ്ക് വിളിക്കുന്നയാൾ) ശബ്ദം കേട്ടാൽ അയാൾ പറയുന്നത് പോലെ നിങ്ങൾ പറയുക. ശേഷം എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. എൻ്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയവൻ്റെ മേൽ അല്ലാഹു അത് മുഖേന പത്ത് തവണ സ്വലാത്ത് നൽകുന്നതാണ്. ശേഷം എനിക്ക് വേണ്ടി നിങ്ങൾ 'വസീലഃ' (എന്ന സ്ഥാനം) ചോദിക്കുക. സ്വർഗത്തിലുള്ള ഒരു പദവിയാണത്; അല്ലാഹുവിൻ്റെ ദാസന്മാരിൽ ഒരാൾക്ക് മാത്രമേ അത് യോജിക്കുകയുള്ളൂ. അത് ഞാനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരെങ്കിലും എനിക്ക് വേണ്ടി 'വസീലഃ' ചോദിച്ചാൽ അവന് എൻ്റെ ശുപാർശ സാധ്യമായിരിക്കുന്നു."
رواه مسلمനിസ്കാരത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ബാങ്ക് വിളിക്കുന്ന മുഅദ്ദിൻ്റെ ശബ്ദം കേട്ടാൽ അദ്ദേഹം പറയുന്നത് പോലെ ആവർത്തിക്കാൻ നബി -ﷺ- ഉണർത്തുന്നു. രണ്ട് 'ഹയ്അലതുകളിൽ' (ഹയ്യാ എന്ന് തുടങ്ങുന്ന വാക്കുകൾ) മാത്രം 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയണം. ബാങ്ക് അവസാനിച്ചാൽ നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുകയും വേണം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അത് കാരണത്താൽ അല്ലാഹു അവൻ്റെ മേൽ പത്ത് സ്വലാത്ത് വർഷിക്കുന്നതാണ്. അല്ലാഹു അവൻ്റെ അടിമയുടെ മേൽ സ്വലാത്ത് വർഷിക്കും എന്നാൽ അതിൻ്റെ ഉദ്ദേശ്യം അവൻ്റെ ഉന്നതരായ മലക്കുകളുടെ സദസ്സിൽ അവനെ പ്രശംസിക്കും എന്നതാണ്. ശേഷം നബി -ﷺ- ക്ക് വേണ്ടി വസീലത്ത് എന്ന സ്ഥാനം ചോദിക്കാനും അവിടുന്ന് കൽപ്പിക്കുന്നു. സ്വർഗത്തിലുള്ള ഏറ്റവും ഉയർന്ന ഒരു പദവിയാണത്. അല്ലാഹുവിൻ്റെ എല്ലാ ദാസന്മാരിൽ നിന്നും ഒരാൾക്ക് മാത്രമേ അത് ലഭിക്കുകയും യോജിക്കുകയുമുള്ളൂ. അത് താനായിരിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു വിനയം കൊണ്ടാണ് ആഗ്രഹിക്കുന്നു എന്ന് പറഞ്ഞത്. കാരണം ഉന്നതമായ ഈ പദവി ഒരാൾക്ക് മാത്രമേ ഉണ്ടാകൂ; ആ ഒരേയൊരാൾ നബി -ﷺ- തന്നെയാണ്. കാരണം സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരാണ് അവിടുന്ന്. നബി -ﷺ- ക്ക് വേണ്ടി വസീലത്തിനായി തേടുന്നവർ അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ ശുപാർശക്ക് അർഹരായിരിക്കുന്നു എന്നും അവിടുന്ന് അറിയിച്ചു.
ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം നബി -ﷺ- യുടെ അരികിൽ ചെല്ലുകയും അവിടുത്തോട് പറയുകയും ചെയ്തു: "അല്ലാഹുവിൻ്റെ റസൂലേ! പിശാച് എനിക്കും എൻ്റെ നിസ്കാരത്തിനും അതിലെ പാരായണത്തിനും ഇടയിൽ അവ്യക്തത സൃഷ്ടിച്ചു കൊണ്ട് എനിക്ക് മറയിട്ടിരിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "ഖിൻസബ് എന്ന് പേരുള്ള ഒരു പിശാചാണത്. അവനെ നിനക്ക് അനുഭവപ്പെട്ടാൽ അല്ലാഹുവിനോട് അവനിൽ നിന്ന് നീ രക്ഷ തേടുക. നിൻ്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക." ഉഥ്മാൻ പറയുന്നു: "ഞാൻ അപ്രകാരം ചെയ്തതോടെ അല്ലാഹു അവനെ എന്നിൽ നിന്ന് നീക്കി."
رواه مسلمഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്ത് വന്ന് അവിടുത്തോട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! പിശാച് എനിക്കും എൻ്റെ നിസ്കാരത്തിനും ഇടയിൽ മറ സൃഷ്ടിക്കുകയും, നിസ്കാരത്തിൽ ഭയഭക്തി പാലിക്കുന്നതിൽ നിന്ന് എനിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. എനിക്ക് ഖുർആൻ പാരായണത്തിൽ അവൻ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സംശയം ജനിപ്പിക്കുകയും ചെയ്യുന്നു." അദ്ദേഹത്തോട് നബി -ﷺ- പറഞ്ഞു: "അത് ഖിൻസബ് എന്ന് പേരുള്ള ഒരു പിശാചാണ്. ഇനി ഈ പ്രയാസം നീ നേരിടുകയും, അവനെ നിനക്ക് അനുഭവപ്പെടുകയും ചെയ്താൽ നീ അല്ലാഹുവിൽ അഭയം തേടുകയും, അവനിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുകയും ചെയ്യുക. ശേഷം മൂന്ന് തവണ ചെറുതായി ഉമിനീർ തെറിപ്പിച്ചു കൊണ്ട് ഇടതു ഭാഗത്തേക്ക് നീ തുപ്പുകയും ചെയ്യുക." ഉഥ്മാൻ പറഞ്ഞു: "നബി -ﷺ- എന്നോട് കൽപ്പിച്ചതു പ്രകാരം ഞാൻ ചെയ്തപ്പോൾ അല്ലാഹു അവനെ എന്നിൽ നിന്ന് അകറ്റുകയുണ്ടായി."
അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്ലാമിനെ തൻ്റെ മതമായും, മുഹമ്മദ് നബിയെ -ﷺ- ദൂതനായും തൃപ്തിപ്പെട്ടവൻ ഈമാനിൻ്റെ (വിശ്വാസത്തിൻ്റെ) രുചി ആസ്വദിച്ചിരിക്കുന്നു."
رواه مسلمതൻ്റെ വിശ്വാസത്തിൽ സത്യസന്ധത പുലർത്തുകയും, അതിൽ സമാധാനം കണ്ടെത്തുകയും ചെയ്യുന്ന യഥാർത്ഥ മുഅ്മിൻ തൻ്റെ ഹൃദയത്തിൽ വിശ്വാസത്തിൻ്റെ ഫലമായി ലഭിക്കുന്ന വിശാലതയും ആശ്വാസവും സന്തോഷവും മധുരവും അല്ലാഹുവിനോടുള്ള സാമീപ്യത്തിൻ്റെ ആസ്വാദനവും അനുഭവിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. പക്ഷേ ഈ അവസ്ഥയിൽ അവൻ എത്തിപ്പെടാൻ മൂന്ന് കാര്യങ്ങളിൽ അവൻ തൃപ്തിയടയേണ്ടതുണ്ട്. ഒന്ന്: അല്ലാഹുവിനെ അവൻ്റെ റബ്ബായും രക്ഷിതാവായും തൃപ്തിപ്പെടണം. അല്ലാഹുവാണ് അവൻ്റെ രക്ഷിതാവ് എന്നതിനാൽ അവൻ നൽകുന്ന ഉപജീവനത്തിൻ്റെ വിഹിതത്തിലും അവൻ വിധിച്ച വ്യത്യസ്ത അവസ്ഥകളിലും അവൻ തൃപ്തിയുള്ളവനായിരിക്കണം. അതിലൊന്നും യാതൊരു നിലക്കുമുള്ള എതിർപ്പ് അവൻ്റെ ഹൃദയത്തിൽ ഉണ്ടായിക്കൂടാ. അല്ലാഹുവിന് പുറമെ അവൻ മറ്റൊരു രക്ഷിതാവിനെയും തേടിപ്പോകുന്നവനുമായിക്കൂടാ. രണ്ട്: ഇസ്ലാമിനെ തൻ്റെ മതമായി തൃപ്തിപ്പെട്ടിരിക്കണം. ഇസ്ലാമിൽ പഠിപ്പിക്കപ്പെട്ടിട്ടുള്ള വിധിവിലക്കുകളിലും നിർബന്ധബാധ്യതകളിലും അവൻ തൃപ്തിയടഞ്ഞവനായിരിക്കണം. ഇസ്ലാമിൻ്റെ പാതയിലല്ലാതെ മറ്റൊരു പാതയിലും അവൻ സഞ്ചരിക്കുന്നവനായിക്കൂടാ. മൂന്ന്: മുഹമ്മദ് നബി -ﷺ- യെ തൻ്റെ ദൂതനായി അവൻ തൃപ്തിപ്പെട്ടിരിക്കണം. നബി -ﷺ- യിൽ നിന്ന് വന്നെത്തിയ എല്ലാ കാര്യത്തിലും ഒരു സംശയമോ ആശയക്കുഴപ്പമോ പോലും വന്നെത്താത്ത വിധത്തിൽ അവൻ തൃപ്തിയടഞ്ഞവനും സന്തോഷമുള്ളവനുമായിരിക്കണം. അവിടുത്തെ മാതൃകക്ക് യോജിക്കുന്ന വഴിയിൽ മാത്രമേ അവൻ പ്രവേശിക്കാനും പാടുള്ളൂ.
അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നാല് കാര്യങ്ങൾ ഒരാളിലുണ്ടെങ്കിൽ അവൻ ശരിയായ കപടവിശ്വാസിയാണ്. അതിൽ ഏതെങ്കിലുമൊരു കാര്യമാണ് അവനിലുള്ളത് എങ്കിൽ കപടവിശ്വാസത്തിൻ്റെ ഒരു സ്വഭാവം അവനിലുണ്ട്; അവനത് ഉപേക്ഷിക്കുന്നത് വരെ. സംസാരിച്ചാൽ കളവു പറയുക, കരാർ ചെയ്താൽ ചതിക്കുക, വാഗ്ദാനം നൽകിയാൽ ലംഘിക്കുക, തർക്കിച്ചാൽ അന്യായം പ്രവർത്തിക്കുക എന്നതാണവ."
متفق عليهനാല് സ്വഭാവങ്ങളിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു; അവ ഒരാളിൽ ഒരുമിച്ചാൽ അവനിൽ കപടവിശ്വാസിയോട് കടുത്ത സാദൃശ്യമുണ്ട്. ഹദീഥിൽ പറയപ്പെട്ട ഈ സ്വഭാവങ്ങൾ ഒരാളുടെ പൊതുസ്വഭാവമായി മാറിയാലുള്ള കാര്യമാണ് ഇവിടെ പറയുന്നത്; അതല്ലാതെ എപ്പോഴെങ്കിലും ഒരാളിൽ നിന്ന് ഇത്തരം കാര്യം സംഭവിക്കുന്നതിനെ കുറിച്ചല്ല. ഒന്നാമത്തെ സ്വഭാവം: സംസാരിച്ചാൽ ബോധപൂർവ്വം കളവ് പറയുക എന്നതും, സംസാരത്തിൽ സത്യസന്ധത പാലിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. രണ്ടാമത്തേത്; കരാർ ചെയ്താൽ അത് പാലിക്കാതിരിക്കുക എന്നതും, കരാർ ചെയ്തവനെ വഞ്ചിക്കുക എന്നതുമാണ്. മൂന്നാമത്തേത്; വാഗ്ദാനം നൽകിയാൽ അത് പാലിക്കാതിരിക്കുക എന്നതും, വാഗ്ദാനം ലംഘിക്കുക എന്നതുമാണ്. നാലാമത്തേത്, തർക്കിക്കുകയും വാദപ്രതിവാദത്തിൽ ഏർപ്പെടുകയും ചെയ്താൽ കഠിനമായി തർക്കിക്കുകയും, സത്യത്തിൻ്റെ വഴിയിൽ നിന്ന് തെറ്റിപ്പോകുകയും, മറുപടി നൽകാൻ കുതർക്കവും അന്യായവും പ്രയോഗിക്കുകയും, കളവും അസത്യവും പറയുക എന്നതുമാണ്. കപടവിശ്വാസം (നിഫാഖ്) എന്നാൽ ഒരാൾ യാഥാർത്ഥ്യത്തിന് വിരുദ്ധമായത് പുറമേക്ക് പ്രകടിപ്പിക്കുക എന്നതാണ്. ഹദീഥിൽ പറയപ്പെട്ട നാല് സ്വഭാവങ്ങളിലും ഇത് പൊതുവായി കാണാം. സംസാരിക്കുമ്പോഴും വാഗ്ദാനം നൽകുമ്പോഴും വിശ്വസിച്ചേൽപ്പിക്കപ്പെടുമ്പോഴും, തർക്കിക്കുമ്പോഴുമെല്ലാം അവൻ തൻ്റെ എതിർപക്ഷത്ത് നിൽക്കുന്നവനോട് ഒരർത്ഥത്തിലുള്ള കപടതയാണ് പുലർത്തുന്നത്. എന്നാൽ ഇസ്ലാമിൽ വിശ്വാസമില്ലാതെ, ഉള്ളിൽ നിഷേധം ഒളിപ്പിച്ചു കൊണ്ട് പുറമേക്ക് മുസ്ലിമാണെന്ന് പ്രകടിപ്പിക്കുന്ന തരത്തിലുള്ള നിഫാഖും യഥാർഥ കപടവിശ്വാസവും അവനുണ്ട് എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. ആരിലെങ്കിലും ഈ ഹദീഥിൽ പറയപ്പെട്ട സ്വഭാവങ്ങളുണ്ടെങ്കിൽ മുനാഫിഖിൻ്റെ ആ വിശേഷണം അവൻ ഉപേക്ഷിക്കുന്നത് വരെ അവനിൽ അത് നിലനിൽക്കുന്നുണ്ട് എന്നു മാത്രം.
അബൂ വാഖിദ് അൽ ഹാരിഥ് ഇബ്നു റൗഫ് (റ)വില നിന്നും, നബി(സ) ജനങ്ങളോടൊപ്പം പള്ളിയിൽ ഇരിക്കുകയായിരുന്നു, അപ്പോൾ മൂന്ന് ആൾക്കാർ അവിടേക്ക് കടന്നു വന്നു, അതിൽ രണ്ടുപേർ നബി(സ) യെ അഭിമുഖീകരിക്കുകയും മൂന്നാമൻ പോവുകയും ചെയ്തു, അങ്ങനെ ആ രണ്ടു പേർ നബി(സ)യുടെ അടുക്കൽ നിന്നു, എന്നാൽ അവരിൽ ഒന്നാമത്തെയാൾ നബി(സ)യുടെ സദസ്സിൽ ഒരു വിടവ് കാണുകയും അയാൾ അവിടെ ഇരിക്കുകയും ചെയ്തു, എന്നാൽ മറ്റേ ആൾ അവരുടെ പിറകിൽ ഇരിക്കുകയും ചെയ്തു, മൂന്നാമൻ പിന്തിരിഞ്ഞ് പോവുകയും ചെയ്തു. അങ്ങനെ നബി(സ) പിരിയവേ അവിടുന്ന് പറഞ്ഞു: <<മൂന്ന് ആൾക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ: അവരിൽ ഒന്നാമത്തെ ആൾ അവൻ അല്ലാഹുവിലേക്ക് അഭയം തേടുകയും അവന് അല്ലാഹു അഭയം നൽകുകയും ചെയ്യുന്നു, അടുത്ത ആൾ അല്ലാഹുവോട് ലജ്ജിക്കുന്നു, അപ്പോൾ അവനെ തൊട്ട് അല്ലാഹുവും ലജ്ജിക്കുന്നു, അടുത്ത ആൾ അല്ലാഹുവിനെ അവഗണിച്ചു, അപ്പോൾ അള്ളാഹു അവനെയും അവഗണിച്ചു>>.
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്ഹുദൈഫതുബ്നുൽ യമാൻ (رضي الله عنه) പറയുന്നു. അല്ലാഹുവിന്റെ റസൂൽ (ﷺ) ഞങ്ങൾക്ക് രണ്ടു ഹദീഥുകൾ പറഞ്ഞുതന്നു. അതിലൊന്ന് ഞാൻ കണ്ടുകഴിഞ്ഞു. രണ്ടാമത്തേതിന് ഞാൻ കാത്തിരിക്കുന്നു: "അമാനത് മനുഷ്യരുടെ ഹൃദയത്തിന്റെ അടിവേരിൽ അവതരിച്ചു. പിന്നീട് ക്വുർആൻ അവതരിച്ചു. അപ്പോൾ ക്വുർആനിൽ നിന്ന് അവർ പഠിച്ചു. സുന്നത്തിൽ നിന്നും അവർ പഠിച്ചു." ഇത് നബി(ﷺ) ഞങ്ങൾക്ക് പറഞ്ഞുതന്നു. അമാനത് എടുത്തുയർത്തപ്പെടുന്നതിനെക്കുറിച്ചും പിന്നീട് അവിടുന്ന് (ﷺ) ഞങ്ങൾക്ക് പറഞ്ഞുതന്നു. അവിടുന്ന് (ﷺ) പറയുകയുണ്ടായി: "ഒരാൾ ഒരു ഉറക്കം ഉറങ്ങുകയും അപ്പോഴേക്ക് അയാളുടെ ഹൃദയത്തിൽനിന്നും വിശ്വാസ്യത (അമാനത്) പിടിച്ചെടുക്കപ്പെടുകയും ചെയ്യും. പിന്നീട് തഴമ്പ് പോലെ അതിന്റെ അടയാളം ബാക്കിയാകും. നിന്റെ കാലിന് ഒരു തീക്കനൽ കൊണ്ട് പൊള്ളി കരിഞ്ഞാലുള്ളതുപോലെ. അത് പൊങ്ങിയതായി നിനക്ക് കാണാം. എന്നാൽ അതിനുള്ളിൽ ഒന്നുമുണ്ടാവുകയില്ല." എന്നിട്ട് അദ്ദേഹം ഒരു കല്ല് തന്റെ കാലിൽ കൊള്ളിച്ചു. "അങ്ങനെ ജനങ്ങൾ പരസ്പരം കച്ചവടത്തിലേർപെടും. എന്നാൽ ഒരാൾ പോലും വിശ്വാസ്യത പാലിക്കുകയില്ല. 'ഇന്ന ഗോത്രത്തിൽ വിശ്വസ്തനായ ഒരാളുണ്ടത്രേ' എന്ന് പറയപ്പെടുന്ന അവസ്ഥയോളമെത്തും. 'എത്ര ശക്തനാണയാൾ! എത്ര സുന്ദരനാണയാൾ! എത്ര ബുദ്ധിമാനാണയാൾ!' എന്നിങ്ങനെ, ഒരാളെകുറിച്ച് പറയപ്പെടും. അയാളുടെ ഹൃദയത്തിലാകട്ടെ ഒരു തരിമണിയോളം പോലും വിശ്വാസ്യതയുണ്ടാവുകയില്ല." ആരുമായിട്ടാണ് ഞാൻ കച്ചവടം (പോലുള്ള കരാറുകൾ) നടത്തുന്നത് എന്ന കാര്യം ഞാൻ പരിഗണിക്കാത്ത (വിശ്വാസ്യത നിറഞ്ഞ) ഒരു കാലം എനിക്ക് കടന്നുപോയിട്ടുണ്ട്. അവനൊരു മുസ്ലിമാണെങ്കിൽ അവന്റെ ദീൻ (മതബോധം കാരണത്താൽ തരാനുള്ളത്) എനിക്ക് അവൻ തിരിച്ചുതരും. അവനൊരു ജൂതനോ നസ്രാനിയോ ആണെങ്കിൽ അവന്റെ ഭരണാധികാരി (എന്റെ അവകാശം) എനിക്ക് തിരിച്ചുതരും. എന്നാൽ ഇന്ന് നിങ്ങളുടെ കൂട്ടത്തിൽ ഇന്നയിന്ന (എനിക്ക് ബോധ്യമുള്ള) ആളുകളുമായിട്ടല്ലാതെ ഞാൻ കച്ചവടം (പോലുള്ള കരാറുകൾ) ചെയ്യുകയില്ല.
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: അത്വാഅ് ബ്നു അബീ റബാഹിനോട് അദ്ദേഹം പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരു സ്ത്രീയെ ഞാൻ താങ്കൾക്ക് കാണിച്ചു തരട്ടെയോ?!" അദ്ദേഹം പറഞ്ഞു: "അതെ." ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് അവൾ വന്നു കൊണ്ട് പറഞ്ഞു: "എനിക്ക് അപസ്മാരം ബാധിക്കുകയും എൻ്റെ വസ്ത്രം നീങ്ങിപ്പോവുകയും ചെയ്യുന്നു. അതിനാൽ എനിക്ക് വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." നബി -ﷺ- പറഞ്ഞു: "നീ ഉദ്ദേശിക്കുന്നെങ്കിൽ ക്ഷമ കൈക്കൊള്ളുക; നിനക്ക് സ്വർഗമുണ്ട്. ഇനി നീ ഉദ്ദേശിക്കുന്നത് (അസുഖം മാറാനാണെങ്കിൽ) നിന്നെ സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം." അവൾ പറഞ്ഞു: "ഞാൻ ക്ഷമിച്ചു കൊള്ളാം. എന്നാൽ എൻ്റെ വസ്ത്രം നീങ്ങിപ്പോകുന്നുണ്ട്; എൻ്റെ നഗ്നത വെളിപ്പെടാതിരിക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു.
متفق عليهഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- ഒരിക്കൽ അത്വാഅ് ബ്നു അബീ റബാഹിനോട് പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ചു തരട്ടെയോ?!" അത്വാഅ് പറഞ്ഞു: "അതെ." ഇബ്നു അബ്ബാസ് പറഞ്ഞു: "അബ്സീനിയക്കാരിയായ ഈ കറുത്ത സ്ത്രീയാണത്. അവൾ ഒരിക്കൽ നബി -ﷺ- യുടെ അടുത്തു വന്നു കൊണ്ട് പറഞ്ഞു: എന്നെ ബാധിച്ച ഒരു രോഗം കാരണത്താൽ എനിക്ക് അപസ്മാരം പിടിപെടാറുണ്ട്. അങ്ങനെ എൻ്റെ വസ്ത്രം നീങ്ങുകയും ഞാനറിയാതെ എൻ്റെ ശരീരത്തിൽ നിന്ന് വസ്ത്രം നീങ്ങിപ്പോവുകയും ചെയ്യാറുണ്ട്. അതിനാൽ എൻ്റെ അസുഖം ഭേദമാക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ ഉദ്ദേശിക്കുന്നെങ്കിൽ ഈ പ്രയാസത്തിൽ ക്ഷമ കൈക്കൊള്ളുക; എങ്കിൽ നിനക്ക് സ്വർഗമുണ്ടായിരിക്കും. ഇനി ഞാൻ പ്രാർത്ഥിക്കണമെന്നാണ് നീ ഉദ്ദേശിക്കുന്നത് എങ്കിൽ നിൻ്റെ അസുഖം സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം." അപ്പോൾ ആ സ്ത്രീ പറഞ്ഞു: "എങ്കിൽ ഞാൻ ക്ഷമിച്ചു കൊള്ളാം." ശേഷം അവൾ പറഞ്ഞു: "എങ്കിൽ അപസ്മാരം ബാധിക്കുമ്പോൾ എൻ്റെ വസ്ത്രം നീങ്ങിപ്പോകാതിരിക്കാൻ അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- അവൾക്ക് വേണ്ടി അക്കാര്യം അല്ലാഹുവിനോട് പ്രാർത്ഥിച്ചു.
ഉമ്മുദ്ദർദാഅ് -അല്ലെങ്കിൽ അബുദ്ദർദാഅ്-(رضي الله عنهما) നിവേദനം: നബി (ﷺ) ഇപ്രകാരം പറയാറുണ്ടായിരുന്നു: "മുസ്ലിമായ ഒരു വ്യക്തി തൻ്റെ സഹോദരന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കുന്ന പ്രാർത്ഥന ഉത്തരം നൽകപ്പെടുന്നതാണ്. അവൻ തൻ്റെ സഹോദരന് വേണ്ടി നന്മക്കായി പ്രാർത്ഥിക്കുമ്പോഴെല്ലാം അവൻ്റെ ശിരസ്സിനരികിൽ ഒരു മലക്കുണ്ടായിരിക്കും; അവൻ്റെ കാര്യം ഏൽപ്പിക്കപ്പെട്ട ആ മലക്ക് പറയും: "ആമീൻ (ഈ പ്രാർത്ഥന സ്വീകരിക്കേണമേ). നിനക്കും തുല്യമായത് നൽകപ്പെടട്ടെ."
رواه مسلمഒരു മുസ്ലിമായ വ്യക്തി തൻ്റെ സഹോദരനായ മറ്റൊരു മുസ്ലിമിന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കുന്ന പ്രാർത്ഥനകൾ ഉത്തരം നൽകപ്പെടുന്ന പ്രാർത്ഥനകളിൽ പെട്ടതാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഈ പ്രാർത്ഥനകൾ കൂടുതൽ ഇഖ്ലാസുള്ളതായിരിക്കും. ഈ പ്രാർത്ഥിക്കുന്ന വ്യക്തിയുടെ തലക്കരികിൽ ഒരു മലക്ക് അവൻ തൻ്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കുമ്പോഴെല്ലാം ''ആ പ്രാർത്ഥന സ്വീകരിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, അവൻ പ്രാർത്ഥിച്ചതിന് തുല്യമായ നന്മ അവന് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ്' എന്നും നബി -ﷺ- അറിയിക്കുന്നു.