





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ അവയിലെ മസ്ജിദുകളും, അവന് ഏറ്റവും വെറുപ്പുള്ള സ്ഥലങ്ങൾ അവയിലെ അങ്ങാടികളുമാണ്."
رواه مسلمഅല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങൾ അവന്റെ മസ്ജിദുകളാണ്; കാരണം അവ ആരാധനകളുടെയും നന്മകളുടെയും ഭവനങ്ങളാണ്; മസ്ജിദുകൾ പടുത്തുയത്തപ്പെടുന്നത് തഖ്വയുടെ (സൂക്ഷ്മതയുടെ) അടിത്തറക്ക് മുകളിലുമാണ്. അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള സ്ഥലങ്ങൾ ചന്തകളാണ്; കാരണം അവ സാധാരണയായി വഞ്ചനയുടെയും ചതിയുടെയും പലിശയുടെയും കള്ളസത്യങ്ങളുടെയും വാഗ്ദാനലംഘനങ്ങളുടെയും അല്ലാഹുവിന്റെ സ്മരണയിൽ നിന്നുള്ള അകൽച്ചയുടെയും കേന്ദ്രങ്ങളാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും തന്റെ സഹോദരനോട് അവന്റെ അഭിമാനത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ഒരു അക്രമം ചെയ്തതായുണ്ടെങ്കിൽ, ദീനാറോ ദിർഹമോ ഇല്ലാത്ത ഒരു ദിവസത്തിന് മുൻപ് -ഇന്ന് തന്നെ- അവനോട് പൊരുത്തം വാങ്ങട്ടെ. അവന് സൽകർമങ്ങൾ ഉണ്ടെങ്കിൽ, അവന്റെ അക്രമത്തിന്റെ അളവനുസരിച്ച് അതിൽ നിന്ന് എടുക്കപ്പെടും. അവന് സൽകർമങ്ങൾ ഇല്ലെങ്കിൽ, അക്രമിക്കപ്പെട്ടവന്റെ തിന്മകളിൽ നിന്ന് എടുത്ത് അവന്റെ മേൽ ചുമത്തപ്പെടും."
رواه البخاريഒരാൾ തൻ്റെ മുസ്ലിം സഹോദരനോട് അവൻ്റെ അഭിമാനത്തിലോ, സ്വത്തിലോ, രക്തത്തിലോ അതിക്രമം ചെയ്തിട്ടുണ്ടെങ്കിൽ, ദുനിയാവിലായിരിക്കുമ്പോൾ തന്നെ -സ്വർണ നാണയങ്ങളോ വെള്ളി നാണയങ്ങളോ ഉപകരിക്കാത്ത അന്ത്യനാൾ വരും മുൻപ്- താൻ അക്രമിച്ചവനോട് മാപ്പ് ചോദിക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. പരലോകത്ത് അക്രമിക്ക് സ്വന്തത്തെ രക്ഷപ്പെടുത്താൻ യാതൊന്നു കൊണ്ടും സാധിക്കുന്നതല്ല. കാരണം, ആ ദിവസം അതിക്രമങ്ങൾക്ക് പ്രതിക്രിയ ചെയ്യപ്പെടുക സൽകർമങ്ങളും തിന്മകളും കൊണ്ടായിരിക്കും. ദ്രോഹിക്കപ്പെട്ടവന് തനിക്ക് നേരിട്ട അക്രമത്തിന്റെ അളവനുസരിച്ച് അക്രമിയുടെ നന്മകളിൽ നിന്ന് നൽകപ്പെടും. അക്രമിയുടെ കയ്യിൽ നന്മകൾ ഇല്ലെങ്കിൽ, അക്രമിക്കപ്പെട്ടവന്റെ തിന്മകളിൽ നിന്ന് അക്രമത്തിന്റെ അളവനുസരിച്ച് എടുക്കുകയും, അത് അക്രമിയുടെ മേൽ ചുമത്തപ്പെടുകയും ചെയ്യും.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "ഖിയാമത്ത് നാളിൽ ജനങ്ങൾ നഗ്നപാദരായും വിവസ്ത്രരായും ചേലാകർമ്മം ചെയ്യാത്തവരായും ഒരുമിച്ചുകൂട്ടപ്പെടും." അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാകുമ്പോൾ അവർ പരസ്പരം നോക്കുമോ?" അപ്പോൾ നബി -ﷺ- പറഞ്ഞു: "ഓ ആഇശാ, അന്നത്തെ അവസ്ഥ പരസ്പരം നോക്കാൻ സാധിക്കുന്നതിനേക്കാൾ കഠിനമാണ്."
متفق عليهഖിയാമത്ത് നാളിലെ ചില അവസ്ഥകളെക്കുറിച്ചാണ് ഈ ഹദീഥിൽ നബി -ﷺ- വിശദീകരിച്ചിരിക്കുന്നത്. ജനങ്ങൾ അവരുടെ ഖബ്റുകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിന് ശേഷം വിചാരണക്കായി ഒരുമിച്ചുകൂട്ടപ്പെടും. ചെരുപ്പുകളില്ലാതെ നഗ്നപാദരായും, വസ്ത്രങ്ങളില്ലാതെ നഗ്നരായും, മാതാക്കൾ അവരെ പ്രസവിച്ച ദിവസം പോലെ ചേലാകർമം ചെയ്യാത്തവരുമായിട്ടായിരിക്കും അവർ ഒരുമിച്ചുകൂടുക. ഇത് കേട്ടപ്പോൾ മുഅ്മിനീങ്ങളുടെ മാതാവായ ആഇശാ -رَضِيَ اللَّهُ عَنْهَا- ആശ്ചര്യത്തോടെ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാകുമ്പോൾ അവർ പരസ്പരം നോക്കുമോ?!" നബി -ﷺ- അവർക്ക് വിശദീകരിച്ചു നൽകി: മരണാനന്തരം ഉയിർത്തെഴുന്നേൽപ്പിന് ശേഷമുള്ള ആ മഹ്ശറിൻ്റെ കാഴ്ചകളും ഭയാനകതയും അത്രയേറെ വലുതായിരിക്കും. ആളുകൾക്ക് പരസ്പരം നഗ്നതയിലേക്ക് നോക്കാൻ തോന്നാത്ത വിധത്തിൽ, അവരുടെ ശ്രദ്ധയും കാഴ്ചയുമെല്ലാം അന്നത്തെ ഭീതിയിൽ മുഴുകിയിരിക്കും.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- അശജ്ജ് അബ്ദിൽ ഖയ്സിനോട് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്; വിവേകവും അവധാനതയുമാണവ."
رواه مسلمനബി -ﷺ- അബ്ദുൽ ഖൈസ് ഗോത്രത്തിലെ നേതാവായ മുൻദിർ ബ്നു ആഇദ് -رَضِيَ اللَّهُ عَنْهُ- വിനോട് പറഞ്ഞു: " തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്; ബുദ്ധിയും കാര്യങ്ങളുടെ യാഥാർഥ്യം അറിഞ്ഞതിനു ശേഷം മാത്രം പ്രതികരിക്കലും, ഗാംഭീര്യം നിറഞ്ഞ അവധാനതയുമാണവ."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു ഒരു ദാസനെ ഇഷ്ടപ്പെട്ടാൽ ജിബ്രീലിനെ വിളിച്ചു കൊണ്ട് പറയും: 'ഞാൻ ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നീയും അവനെ ഇഷ്ടപ്പെടുക.' അപ്പോൾ ജിബ്രീൽ അവനെ ഇഷ്ടപ്പെടും. പിന്നീട് അദ്ദേഹം ആകാശത്ത് വിളംബരം ചെയ്യും: "തീർച്ചയായും അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നിങ്ങളും അവനെ ഇഷ്ടപ്പെടുക.: അപ്പോൾ ആകാശത്തുള്ളവരെല്ലാം അവനെ ഇഷ്ടപ്പെടും. പിന്നീട് ഭൂമിയിൽ അവന് സ്വീകാര്യത നൽകപ്പെടും. അല്ലാഹു ഒരു അടിമയെ വെറുത്താൽ അവൻ ജിബ്രീലിനെ വിളിച്ചു കൊണ്ട് പറയും: 'ഞാൻ ഇന്ന വ്യക്തിയെ വെറുക്കുന്നു, അതിനാൽ നീയും അവനെ വെറുക്കുക.' അപ്പോൾ ജിബ്രീൽ അവനെ വെറുക്കും. പിന്നീട് ആകാശത്തുള്ളവരോട് വിളംബരം ചെയ്യും: 'തീർച്ചയായും അല്ലാഹു ഇന്ന വ്യക്തിയെ വെറുക്കുന്നു. അതിനാൽ നിങ്ങളും അവനെ വെറുക്കുക.' അപ്പോൾ അവരെല്ലാം അവനെ വെറുക്കും. പിന്നീട് ഭൂമിയിൽ അവന് വെറുപ്പ് നിശ്ചയിക്കപ്പെടും."
صحيح مسلمഅല്ലാഹു ഒരു സത്യവിശ്വാസിയെ (മുഅ്മിനിനെ) - തന്റെ കൽപ്പനകൾ അനുസരിക്കുകയും വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്ന ഒരാളെ - ഇഷ്ടപ്പെട്ടാൽ ജിബ്രീലിനെ വിളിച്ചു കൊണ്ട് പറയും: "തീർച്ചയായും അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നീയും അവനെ ഇഷ്ടപ്പെടുക." അപ്പോൾ മലക്കുകളുടെ നേതാവായ ജിബ്രീൽ -عَلَيْهِ السَّلَامُ- അവനെ ഇഷ്ടപ്പെടും. പിന്നീട് ജിബ്രീൽ ആകാശത്തിലെ മലക്കുകളോട് വിളംബരം ചെയ്യും: "നിങ്ങളുടെ റബ്ബ് ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നിങ്ങളും അവനെ ഇഷ്ടപ്പെടുക." അപ്പോൾ ആകാശത്തുള്ളവരെല്ലാം അവനെ ഇഷ്ടപ്പെടും. പിന്നീട് ഭൂമിയിലുള്ള മുഅ്മിനുകളുടെ ഹൃദയങ്ങളിൽ അവനോടുള്ള സ്നേഹവും അടുപ്പവും തൃപ്തിയും നൽകപ്പെടുകയും, അവർക്കിടയിൽ അവന് സ്വീകാര്യത നൽകപ്പെടുകയും ചെയ്യും. അല്ലാഹു ഒരു അടിമയെ വെറുത്താൽ ജിബ്രീലിനെ വിളിച്ച് പറയും: "തീർച്ചയായും ഞാൻ ഇന്ന വ്യക്തിയെ വെറുക്കുന്നു, അതിനാൽ നീയും അവനെ വെറുക്കുക." അപ്പോൾ ജിബ്രീൽ അവനെ വെറുക്കും. പിന്നീട് ജിബ്രീൽ ആകാശത്തുള്ളവരോട് വിളംബരം ചെയ്യും: "നിങ്ങളുടെ റബ്ബ് ഇന്ന വ്യക്തിയെ വെറുക്കുന്നു, അതിനാൽ നിങ്ങളും അവനെ വെറുക്കുക." അപ്പോൾ അവരെല്ലാം അവനെ വെറുക്കും. പിന്നീട് ഭൂമിയിലുള്ള മുഅ്മിനുകളുടെ ഹൃദയങ്ങളിൽ അവന് വെറുപ്പും വിദ്വേഷവും നിശ്ചയിക്കപ്പെടും.
ഉമറുബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അടുത്തേക്ക് ഒരു കൂട്ടം യുദ്ധത്തടവുകാർ കൊണ്ടുവരപ്പെട്ടു. അവരിൽ ഒരു സ്ത്രീ (തടവുകാരിലെ) കുട്ടികൾക്ക് മുലപ്പാൽ നൽകുന്നുണ്ടായിരുന്നു. തടവുകാരുടെ കൂട്ടത്തിൽ ഒരു കുട്ടിയെ കണ്ടാൽ അവൾ അവനെ എടുത്ത് തൻ്റെ മാറോട് ചേർത്ത് പാൽ കൊടുക്കും. അപ്പോൾ നബി -ﷺ- ഞങ്ങളോട് ചോദിച്ചു: "ഈ സ്ത്രീ തന്റെ കുട്ടിയെ തീയിലിടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" ഞങ്ങൾ പറഞ്ഞു: "ഇല്ല, അവൾക്ക് തീർച്ചയായും അതിന് സാധിക്കില്ല." അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു അവന്റെ അടിമകളോട് ഈ സ്ത്രീക്ക് തന്റെ കുട്ടിയോടുള്ളതിനേക്കാൾ കരുണയുള്ളവനാണ്."
متفق عليهഹവാസിൻ ഗോത്രത്തിൽ നിന്നുള്ള ചില തടവുകാരെ നബിയുടെ -ﷺ- അടുക്കൽ കൊണ്ടുവരപ്പെട്ടു. അക്കൂട്ടത്തിൽ ഒരു സ്ത്രീ തന്റെ കുട്ടിയെ അന്വേഷിച്ച് നടക്കുകയായിരുന്നു. തടവുകാർക്കിടയിൽ ഏതൊരു കുട്ടിയെ കണ്ടാലും അവൾ പാൽ കൊടുക്കുന്നുണ്ടായിരുന്നു; കാരണം അവളുടെ മാറിടത്തിൽ പാൽ നിറഞ്ഞത് അവൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടായിരുന്നു. പിന്നീട് അവൾ തന്റെ സ്വന്തം കുട്ടിയെ തടവുകാരിൽ കണ്ടെത്തുകയും, അവനെ എടുത്ത് തന്റെ മാറോട് ചേർത്തു പാൽ കൊടുക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- സ്വഹാബികളോട് ചോദിച്ചു: "ഈ സ്ത്രീ തന്റെ കുട്ടിയെ തീയിലിടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" ഞങ്ങൾ പറഞ്ഞു: "അവൾ ഇഷ്ടത്തോടെ ഒരിക്കലും അത് ചെയ്യില്ല." അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു അവന് വഴിപ്പെട്ടവരായ മുസ്ലിംകളായ തൻ്റെ ദാസന്മാരോട്, ഈ സ്ത്രീക്ക് തന്റെ കുട്ടിയോടുള്ളതിനേക്കാൾ വലിയ കരുണയുള്ളവനാണ്."
മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അദാൻ (ബാങ്ക്) വിളിക്കുന്നവർ ഖിയാമത്ത് നാളിൽ ജനങ്ങളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും."
رواه مسلمനിസ്കാരത്തിനായി അദാൻ വിളിക്കുന്നവർ അന്ത്യനാളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും എന്ന് നബി (ﷺ) അറിയിക്കുന്നു. അവരുടെ പ്രവർത്തനത്തിൻ്റെ ശ്രേഷ്ഠതയും, നന്മകളുടെ ആധിക്യവും പ്രതിഫലത്തിൻ്റെ മഹത്വവും കാരണത്താലാണത്.
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്തവനായി അവനെ കണ്ടുമുട്ടിയാൽ, (അവൻ ചെയ്ത) ഒരു തെറ്റും അവന് ദോഷം വരുത്തുകയില്ല. ആരെങ്കിലും അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ട് മരണപ്പെട്ടാൽ, (അവൻ ചെയ്ത) ഒരു നന്മയും അവന് ഉപകരിക്കുകയില്ല."
رواه أحمدഅല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്ത ഏകദൈവവിശ്വാസിയായി (മുവഹ്ഹിദായി) മരണപ്പെടുകയും ആ അവസ്ഥയിൽ അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്യുന്നവൻ സ്വർഗ്ഗാവകാശിയാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ ചെയ്ത പാപങ്ങൾ കാരണം നരകത്തിൽ ശിക്ഷിക്കപ്പെട്ടാൽ പോലും (അവസാനം അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും). എന്നാൽ, അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ട് (ശിർക്ക്) ആരെങ്കിലും മരണപ്പെട്ടാൽ, ശിർക്കിനോടൊപ്പം ഒരു നന്മയും അവന് ഉപകരിക്കുകയില്ല. സ്വർഗ്ഗം അവന് നിഷിദ്ധവുമാണ്.
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) ഞങ്ങളുടെ ഇടയിൽ എഴുന്നേറ്റ് നിന്ന് (സുപ്രധാനമായ) അഞ്ച് കാര്യങ്ങൾ പറഞ്ഞു: "തീർച്ചയായും അല്ലാഹു ഉറങ്ങുകയില്ല; ഉറങ്ങുക എന്നത് അവന് യോജിക്കുകയില്ല. അവൻ തുലാസ് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. പകലിലെ കർമ്മങ്ങൾ രാത്രിയാകുന്നതിന് മുമ്പും, രാത്രിയിലെ കർമ്മങ്ങൾ പകലിന് മുമ്പും അവനിലേക്ക് ഉയർത്തപ്പെടുന്നു. അവന്റെ മറ പ്രകാശമാണ് -മറ്റൊരു നിവേദനത്തിൽ 'അഗ്നി' എന്നാണ്-. അവൻ അത് നീക്കിയാൽ, അവന്റെ കാഴ്ച എത്തുന്നിടത്തോളമുള്ള സൃഷ്ടികളെ അവന്റെ തിരുമുഖത്തിൻ്റെ ശോഭ കരിച്ചുകളയും."
رواه مسلمനബി (ﷺ) തന്റെ അനുചരന്മാർക്കിടയിൽ എഴുന്നേറ്റ് നിന്ന് അഞ്ച് പരിപൂർണ്ണമായ വാചകങ്ങൾ അവരെ കേൾപ്പിച്ചു. അവ താഴെ പറയുന്നവയാണ്: ഒന്നാമത്തേത്: അല്ലാഹു ഉറങ്ങുകയില്ല. രണ്ടാമത്തേത്: ഉറക്കം അവന്റെ കാര്യത്തിൽ അസംഭവ്യമാണ്. കാരണം, അവന്റെ 'ഖയ്യൂമിയ്യത്ത്' (അവൻ സ്വയം നിലനിൽക്കുന്നവനും മറ്റെല്ലാ സൃഷ്ടികളെയും നിലനിർത്തുന്നവനുമാണ് എന്നത്) പരിപൂർണ്ണമാണ്. മൂന്നാമത്തേത്: അവൻ തുലാസ് (മീസാൻ) താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. അവനിലേക്ക് ഉയർത്തപ്പെടുന്ന അടിമകളുടെ കർമ്മങ്ങളും, സൃഷ്ടികൾക്ക് ഇറക്കപ്പെടുന്ന അവരുടെ ഉപജീവനവും അവനാണ് നിയന്ത്രിക്കുന്നത്. ഓരോ സൃഷ്ടിക്കുമുള്ള വിഹിതമാണ് 'ഖിസ്ത്വ്' (തുലാസ്) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചിലർക്ക് അല്ലാഹു അവരുടെ ഉപജീവനത്തിൽ കുറവ് വരുത്തുകയും താഴ്ത്തുകയും ചെയ്യുന്നു; മറ്റു ചിലർക്ക് അത് വിശാലമാക്കി നൽകിക്കൊണ്ട് ഉയർത്തുകയും ചെയ്യുന്നു. നാലാമത്തേത്: അടിമകളുടെ രാത്രിയിലെ കർമ്മങ്ങൾ പിറ്റേന്നത്തെ പകലിന് മുമ്പായും, പകൽ സമയത്തെ കർമ്മങ്ങൾ രാത്രിക്ക് മുമ്പായും അവനിലേക്ക് ഉയർത്തപ്പെടുന്നു. കാവൽക്കാരായ മലക്കുകൾ രാത്രി അവസാനിക്കുമ്പോൾ (പകലിന്റെ തുടക്കത്തിൽ) രാത്രിയിലെ കർമ്മങ്ങളുമായി ഉപരിയിലേക്ക് കയറിപ്പോകുന്നു. പകൽ അവസാനിക്കുമ്പോൾ (രാത്രിയുടെ തുടക്കത്തിൽ) പകലിലെ കർമ്മങ്ങളുമായും അവർ ഉപരിയിലേക്ക് കയറിപ്പോകുന്നു. അഞ്ചാമത്തേത്: അല്ലാഹുവിനെ കാണുന്നതിൽ നിന്ന് മറയിടുന്ന അവന്റെ മൂടുപടം (ഹിജാബ്) പ്രകാശമാണ്; അല്ലെങ്കിൽ തീ ആണ്. അവൻ ആ മൂടുപടം നീക്കിയാൽ, അവന്റെ കാഴ്ച എത്തുന്നിടത്തോളമുള്ള സൃഷ്ടികളെല്ലാം അവന്റെ തിരുവദനത്തിൻ്റെ ശോഭ (സുബുഹാത്ത്) കരിച്ചുകളയുന്നതാണ്. 'സുബുഹാത്ത്' എന്നാൽ അല്ലാഹുവിൻ്റെ പ്രകാശവും, പ്രതാപവും, ഭംഗിയുമാണ്. അല്ലാഹുവിനെ കാണുന്നതിൽ നിന്ന് മറയിടുന്ന ആ മൂടുപടം അവൻ നീക്കുകയും, സൃഷ്ടികൾക്ക് അവൻ വെളിപ്പെടുകയും ചെയ്താൽ, അവന്റെ കാഴ്ച എത്തുന്ന സർവ്വ ചരാചരങ്ങളെയും അവന്റെ തിരുമുഖത്തിൻ്റെ പ്രതാപം കരിച്ചുകളയും. ഈ പറഞ്ഞതിൽ സകല സൃഷ്ടികളും ഉൾപ്പെടും; കാരണം അല്ലാഹുവിന്റെ കാഴ്ച എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്നതാണ്.