





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല) എന്ന വാക്കാകുന്നു. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കലാണ്. ലജ്ജ വിശ്വാസത്തിൻ്റെ ശാഖകളിൽ പെട്ടതാകുന്നു."
متفق عليهഇസ്ലാമിക വിശ്വാസത്തിന് അനേകം ശാഖകളും ഇനങ്ങളുമുണ്ട് എന്ന് നബി -ﷺ- അറിയിക്കുന്നു. അവ പ്രവർത്തനങ്ങളും വിശ്വാസങ്ങളും വാക്കുകളുമെല്ലാം ഉൾപ്പെടുന്നതാണ്. ഇസ്ലാമിക വിശ്വാസത്തിലെ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ഘടകം ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഈ വാക്കിൻ്റെ അർത്ഥം അറിഞ്ഞു കൊണ്ടും, അതിൻ്റെ ലക്ഷ്യങ്ങൾ നിറവേറ്റി കൊണ്ടുമാണ് ഈ വാക്ക് പറയേണ്ടത്. അല്ലാഹു മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ള ഒരേയൊരുവനും ഏകനായ ആരാധ്യനെന്നും, അവന് പുറമെ മറ്റാർക്കും അതിൽ യാതൊരു അർഹതയുമില്ല എന്നും അവൻ വിശ്വസിച്ചിരിക്കണം. ജനങ്ങൾക്ക് വഴികളിൽ പ്രയാസം സൃഷ്ടിക്കുന്ന ഏതൊരു കാര്യവും എടുത്തു നീക്കലാണ് ഈമാനിൻ്റെ ഏറ്റവും താഴെയുള്ള പ്രവർത്തനം. ലജ്ജ ഈമാനിൻ്റെ ഭാഗങ്ങളിൽ പെടുമെന്ന് നബി -ﷺ- അറിയിക്കുന്നു. ഒരാളുടെ വ്യക്തിത്വത്തിന് ഭംഗി നൽകുന്നത് മാത്രം പ്രവർത്തിക്കാനും, അവനെ മോശപ്പെടുത്തുന്ന കാര്യങ്ങൾ ഉപേക്ഷിക്കാനും പ്രേരിപ്പിക്കുന്ന സ്വഭാവഗുണമാണ് ലജ്ജ.
അബൂ ബശീർ അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം നബി -ﷺ- യോടൊപ്പം ഏതോ ഒരു യാത്രയിലുണ്ടായിരുന്നു. അങ്ങനെ ജനങ്ങൾ രാത്രി കിടക്കാനൊരുങ്ങുമ്പോൾ നബി -ﷺ- ഒരു ദൂതനെ അവരിലേക്ക് ഈ സന്ദേശവുമായി പറഞ്ഞയച്ചു: "ഒരു ഒട്ടകത്തിൻ്റെയും കഴുത്തിൽ വില്ലിൻ്റെ ചരട് കൊണ്ടുള്ളതോ അല്ലാത്തതോ ആയ ഉറുക്കുകൾ മുറിച്ചു നീക്കപ്പെടാതെ അവശേഷിക്കരുത്."
متفق عليهനബി -ﷺ- അവിടുത്തെ യാത്രകളിലൊന്നിലായിരുന്നു. അവിടുത്തോടൊപ്പമുള്ളവർ തങ്ങളുടെ കൂടാരങ്ങളിലും മറ്റുമായി ഉറങ്ങാനുള്ള സ്ഥലങ്ങളിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. അപ്പോൾ നബി -ﷺ- അവരിലേക്ക് ഒരു ദൂതനെ അയച്ചു: ഒട്ടകങ്ങളുടെ കഴുത്തിൽ കെട്ടാറുണ്ടായിരുന്ന വില്ലിൻ്റെ ഭാഗമായ ചരടോ അതല്ലാത്ത മണിയുള്ളതോ ചെരുപ്പിൻ്റെ വാറു കൊണ്ടുള്ളതോ ആയ ചരടുകളോ മുറിച്ചുകളയാൻ കല്പിച്ചുകൊണ്ടാണ് ആ ദൂതനെ അയച്ചത്. കണ്ണേറിൽ നിന്ന് രക്ഷ തേടാനായി ഇത്തരം കാര്യങ്ങൾ അവർ ഒട്ടകത്തിൻ്റെ കഴുത്തിൽ ബന്ധിക്കാറുണ്ടായിരുന്നു. നബി -ﷺ- അവയെല്ലാം മുറിച്ചു നീക്കാൻ അവരോട് കൽപ്പിച്ചു. കാരണം ഇത്തരം ചരടുകൾക്ക് എന്തെങ്കിലും ഉപദ്രവങ്ങൾ തടുക്കാൻ കഴിയില്ല. എല്ലാ ഉപകാരങ്ങളും ഉപദ്രവങ്ങളും അല്ലാഹുവിൻ്റെ തീരുമാനപ്രകാരം മാത്രമാണ് നടക്കുന്നത്; അവന് അതിൽ യാതൊരു പങ്കുകാരനും ഇല്ല.
അബ്ദുല്ലാഹി ബ്നു ഉകൈം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും എന്തെങ്കിലും (ഏലസ്സ്) ബന്ധിച്ചാൽ അവൻ അതിലേക്ക് ഏൽപ്പിക്കപ്പെടുന്നതാണ്."
തുർമുദി ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്ആരെങ്കിലും അവന്റെ ഹൃദയം കൊണ്ടോ പ്രവർത്തനം കൊണ്ടോ അവ രണ്ടും കൊണ്ടോ എന്തെങ്കിലും കാര്യത്തിലേക്ക് പരിപൂർണ്ണമായി സ്വയം ബന്ധിച്ചാൽ - അവയിൽ നിന്ന് ഉപകാരം ലഭിക്കുമെന്നും, അവ ഉപദ്രവം തടുക്കുമെന്നും പ്രതീക്ഷ വെക്കുകയും ചെയ്താൽ - അല്ലാഹു ആ വസ്തുവിലേക്ക് അവനെ ഏൽപ്പിക്കുന്നതാണ്. എന്നാൽ ആരെങ്കിലും അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുകയാണെങ്കിൽ എല്ലാ കാര്യങ്ങളിലും അല്ലാഹു അവന് മതിയാകുന്നതാണ്. എല്ലാ പ്രയാസങ്ങളും അല്ലാഹു അവന് എളുപ്പമാക്കി നൽകുകയും ചെയ്യും. എന്നാൽ അല്ലാഹുവിന് പുറമെയുള്ളതിനോടാണ് അവന്റെ ബന്ധമെങ്കിൽ അല്ലാഹു അതിലേക്ക് അവനെ ഏൽപ്പിക്കുകയും, അവനെ പരാജയപ്പെടുത്തുകയും ചെയ്യും.
ത്വാരിഖ് ബ്നു അശ്യം അൽഅശ്ജഇ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താൽ അവൻ്റെ സമ്പാദ്യവും രക്തവും പവിത്രമായിരിക്കുന്നു. അവൻ്റെ വിചാരണ അല്ലാഹുവിങ്കലാണ്."
رواه مسلمആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് നാവ് കൊണ്ട് പറയുകയും സാക്ഷ്യം വഹിക്കുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും, ഇസ്ലാമിന് പുറമെയുള്ള എല്ലാ മതങ്ങളിൽ നിന്നും ബന്ധവിഛേദനം നടത്തുകയും ചെയ്താൽ അവൻ്റെ ജീവനും സമ്പാദ്യവും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പവിത്രമായിരിക്കുന്നു. ഈ വാക്ക് പറഞ്ഞവരുടെ പ്രത്യക്ഷമായ പ്രവർത്തനങ്ങളെ മാത്രമേ നാം പരിഗണിക്കേണ്ടതുള്ളൂ; അവൻ്റെ സമ്പത്ത് അവനിൽ നിന്ന് എടുക്കപ്പെടുകയോ അവൻ്റെ രക്തം ചിന്തപ്പെടുകയോ ചെയ്യാവതല്ല. എന്നാൽ ഇസ്ലാമിക രാജ്യത്തുള്ള ശിക്ഷാനടപടികൾക്ക് വിധേയമാകാൻ കാരണമാകുന്ന എന്തെങ്കിലും പ്രവർത്തിച്ചാൽ അതിൻ്റെ നടപടികൾ സ്വീകരിക്കപ്പെടുന്നതായിരിക്കും. അവൻ്റെ വിചാരണ അല്ലാഹുവിങ്കലായിരിക്കും; അവൻ സത്യസന്ധമായാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞതെങ്കിൽ അല്ലാഹു അതിന് പ്രതിഫലം നൽകുന്നതാണ്. അവൻ കപടവിശ്വാസിയായിരുന്നെങ്കിൽ അല്ലാഹുവിൻ്റെ ശിക്ഷ അവനെ ബാധിക്കുന്നതാണ്.
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്."
رواه أبو داود والترمذي وأحمدമറ്റുള്ളവരോട് കരുണ കാണിക്കുന്നവരോട് സർവ്വ വിശാലമായ കാരുണ്യമുള്ളവനായ റഹ്മാനായ അല്ലാഹു കരുണ ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് യോജിച്ച പ്രതിഫലമായിരിക്കും അത്. ശേഷം ഭൂമിയിലുള്ള സർവ്വരോടും കരുണ കാണിക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. അത് മനുഷ്യനോ മൃഗമോ പക്ഷിയോ മറ്റേതു സൃഷ്ടിവർഗമോ ആകട്ടെ. അവരോട് കരുണ കാണിക്കുന്നതിനുള്ള പ്രതിഫലം ആകാശങ്ങൾക്ക് മുകളിലുള്ള അല്ലാഹു നിങ്ങളോട് കരുണ കാണിക്കുമെന്നതാണ്.
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്ന വ്യക്തിയോട് അല്ലാഹു ചോദിക്കും: ഭൂമിയിലുള്ളതെല്ലാം നിൻ്റെ പക്കലുണ്ടായിരുന്നെങ്കിൽ (നരകത്തിൽ നിന്ന് രക്ഷപ്പെടാൻ) നീ അത് പ്രായശ്ചിത്തമായി നൽകുമായിരുന്നോ?!" അയാൾ പറയും: അതെ. അപ്പോൾ അല്ലാഹു അയാളോട് പറയും: അതിനേക്കാൾ നിസ്സാരമായ കാര്യമായിരുന്നു -നീ ആദമിൻ്റെ മുതുകിലായിരിക്കെ- നിന്നിൽ നിന്ന് ഞാൻ ആവശ്യപ്പെട്ടത്. നീ എന്നിൽ യാതൊന്നിനെയും പങ്കുചേർക്കരുത് എന്ന്; എന്നാൽ എന്നിൽ പങ്കുചേർക്കുക എന്നതേ നിനക്ക് തൃപ്തികരമായുള്ളൂ."
متفق عليهനരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയോട് -അയാൾ നരകത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ- അല്ലാഹു ചോദിക്കുന്നതാണ്: നിനക്ക് ഇഹലോകവും അതിലുള്ളതുമെല്ലാം ഉണ്ടായിരുന്നെങ്കിൽ ഈ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രായശ്ചിത്തമായി അത് നൽകാൻ നീ തയ്യാറാകുമായിരുന്നോ?! അയാൾ പറയും: അതെ. അപ്പോൾ അല്ലാഹു പറയും: എന്നാൽ അതിനേക്കാൾ നിസ്സാരവും ലളിതവുമായ ഒരു കാര്യമായിരുന്നു നീ ആദമിൻ്റെ മുതുകിലായിരിക്കെ ആദം സന്തതികളോട് ഞാൻ കരാർ വാങ്ങിയപ്പോൾ നിന്നോട് ഞാൻ ആവശ്യപ്പെട്ടതും കൽപ്പിച്ചതും. നീ എന്നിൽ യാതൊന്നിനെയും പങ്കുചേർക്കരുത് എന്നതായിരുന്നു അത്. എന്നാൽ നിന്നെ ഞാൻ ഭൂമിയിലേക്ക് അയച്ചപ്പോൾ നീ അത് വിസമ്മതിക്കുകയും ശിർക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ജനങ്ങളിൽ ചിലർ നബി -ﷺ- യോട് ജോത്സ്യന്മാരെ കുറിച്ച് ചോദിച്ചു. അപ്പോൾ അവിടുന്ന് അവരോട് പറഞ്ഞു: "അവർ യാതൊന്നുമല്ല." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അവർ പറയുന്ന ചില കാര്യങ്ങൾ സത്യമാകാറുണ്ടല്ലോ?!" നബി -ﷺ- പറഞ്ഞു: "അവർ പറയുന്ന സത്യമായ ആ ഒരു വാക്ക് ജിന്നുകൾ കട്ടെടുത്തതിൽ നിന്നുള്ളതാണ്; ജിന്ന് അത് തൻ്റെ കൂട്ടാളിക്ക് കോഴി കുറുകുന്നത് പോലെ ചെവിയിൽ കുറുകിക്കൊടുക്കും. അവരതിൽ നൂറുകണക്കിന് കളവുകൾ കൂട്ടിക്കലർത്തുകയും ചെയ്യും."
متفق عليهഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന ജോത്സ്യന്മാരെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ അവരെ പരിഗണിക്കേണ്ടതേയില്ല. അവരുടെ വാക്കുകൾ സ്വീകരിക്കുകയോ അവരെ കാര്യമായെടുക്കുകയോ ചെയ്യേണ്ടതില്ല. അപ്പോൾ അവർ ചോദിച്ചു: സംഭവിക്കുന്ന കാര്യങ്ങളോട് ചിലപ്പോഴെങ്കിലും അവരുടെ വാക്കുകൾ യോജിക്കുന്നുണ്ടല്ലോ? ഉദാഹരണത്തിന് ഇന്ന മാസത്തിൽ ഇന്ന ദിവസം ഇപ്രകാരം സംഭവിക്കുന്നതാണ് എന്ന് അവർ പറഞ്ഞാൽ അത് സംഭവിച്ചു കാണാറുണ്ടല്ലോ?! അപ്പോൾ നബി -ﷺ- പറഞ്ഞു: ജിന്നുകൾ ആകാശലോകത്ത് നിന്നുള്ള സംസാരം കട്ടുകേൾക്കുകയും, അവർ തങ്ങളുടെ കൂട്ടാളികളായ ജ്യോത്സ്യന്മാരുടെ അടുക്കൽ ചെല്ലുകയും കേട്ടകാര്യങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യും. ഈ കേട്ടതിനൊപ്പം ജോത്സ്യൻ നൂറ് കളവുകൾ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുകയും ചെയ്യും.
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ പിറകിൽ സഹയാത്രികനായി ഇരുത്തി പോകുന്ന വേളയിൽ നബി -ﷺ- പറഞ്ഞു: "ഹേ മുആദ് ബ്നു ജബൽ!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഉത്തരം നൽകി ഞാൻ സന്നിഹിതനായിരിക്കുന്നു." നബി -ﷺ- പറഞ്ഞു: "ഹേ മുആദ്!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഉത്തരം നൽകി ഞാൻ സന്നിഹിതനായിരിക്കുന്നു." മൂന്നു തവണ ഇപ്രകാരം ആവർത്തിച്ചു. ശേഷം നബി -ﷺ- പറഞ്ഞു: "ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), മുഹമ്മദുൻ റസൂലുല്ലാഹ് (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാകുന്നു) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരാൾക്ക് മേലും അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല." മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ ജനങ്ങൾക്ക് സന്തോഷമാകുന്നതിന് വേണ്ടി അവരെ ഈ വാർത്ത അറിയിക്കട്ടെയോ?" നബി -ﷺ- പറഞ്ഞു: "അതോടെ അവർ അതിൽ ഒതുങ്ങിക്കൂടും." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "മുആദ് തൻ്റെ മരണവേളയിൽ (വിജ്ഞാനം മറച്ചു വെക്കുന്നത്) തെറ്റാകുമോ എന്ന ഭയത്തിലാണ് ഇക്കാര്യം അറിയിച്ചത്."
متفق عليهമുആദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വാഹനപ്പുറത്ത് അവിടുത്തെ പിറകിലിരുന്ന് യാത്ര ചെയ്യുന്ന വേളയിൽ നബി -ﷺ- അദ്ദേഹത്തെ മൂന്ന് തവണ വിളിച്ചു. ഇനി പറയാനിരിക്കുന്ന കാര്യത്തിൻ്റെ ഗൗരവം അദ്ദേഹത്തിൻ്റെ മനസ്സിൽ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ആവർത്തിച്ചുള്ള ഈ വിളികൾ. ഓരോ തവണയും നബി -ﷺ- തന്നെ വിളിച്ചപ്പോഴും മുആദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഞാൻ ആവർത്തിച്ചു ഉത്തരം നൽകുന്നു. അങ്ങയുടെ വിളിക്ക് ഉത്തരം നൽകുന്നതിൽ ഞാൻ എല്ലാ സൗഭാഗ്യവും കാണുന്നു." അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "ഏതൊരാൾ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്ന ആശയം പഠിപ്പിക്കുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്കിന് സാക്ഷ്യം വഹിക്കുകയും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്ന് അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ; അവൻ്റെ ഹൃദയത്തിൽ നിന്ന് സത്യസന്ധമായി കൊണ്ടാണ് അവനത് പറയുന്നതെങ്കിൽ... ആ അവസ്ഥയിൽ അവൻ മരണപ്പെട്ടാൽ അല്ലാഹു അവൻ്റെ മേൽ നരകം നിഷിദ്ധമാക്കുന്നതാണ്." താൻ കേട്ട കാര്യം ജനങ്ങളെ അറിയിക്കുകയും അവർക്ക് സന്തോഷകരമായ ഈ വാർത്ത എത്തിച്ചു നൽകുകയും ചെയ്യട്ടയോ എന്ന് നബി -ﷺ- യോട് മുആദ് -رَضِيَ اللَّهُ عَنْهُ- അനുവാദം ചോദിച്ചു. എന്നാൽ ജനങ്ങൾ ഈ വിവരം അറിഞ്ഞാൽ അതിൻ്റെ മേൽ പ്രതീക്ഷ വെക്കുകയും, അവരുടെ പ്രവർത്തനങ്ങൾ കുറയാൻ അത് കാരണമാവുകയും ചെയ്തേക്കുമോ എന്ന് നബി -ﷺ- പേടിച്ചു. അതിനാൽ മരണത്തിൻ്റെ തൊട്ടുമുൻപുള്ള സന്ദർഭത്തിലാണ് മുആദ് -رَضِيَ اللَّهُ عَنْهُ- ഈ വിവരം മറ്റുള്ളവരോട് പറഞ്ഞത്. അറിവ് മറച്ചു വെച്ചതിനുള്ള തെറ്റ് തന്നെ ബാധിക്കുമോ എന്ന ഭയം കൊണ്ടായിരുന്നു അത്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നമ്മുടെ രക്ഷിതാവ് രാത്രിയുടെ മൂന്നിലൊന്ന് ബാക്കിയുള്ളവേളയിൽ, എല്ലാ രാത്രികളിലും (ഭൂമിയോട്) ഏറ്റവുമടുത്ത ആകാശത്തിലേക്ക് ഇറങ്ങിവരുന്നതാണ്. അവൻ പറയും: "എന്നോട് പ്രാർത്ഥിക്കുന്നവൻ ആരുണ്ട്; അവന് ഞാൻ ഉത്തരം നൽകാം? എന്നോട് ചോദിക്കുന്നവൻ ആരുണ്ട്; ഞാൻ അവൻ്റെ ആവശ്യം നൽകാം. എന്നോട് പാപമോചനം തേടുന്നവൻ ആരുണ്ട്; ഞാൻ അവന് പൊറുത്തു നൽകാം."
متفق عليهഅല്ലാഹു എല്ലാ രാത്രികളിലും ഭൂമിയോട് അടുത്തുള്ള ആകാശത്തിലേക്ക് ഇറങ്ങി വരുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. രാത്രിയുടെ അവസാന മൂന്നിലൊരു ഭാഗം ബാക്കിയുള്ള സന്ദർഭത്തിലായിരിക്കും അതുണ്ടാവുക. തൻ്റെ ദാസന്മാരോട് തന്നെ വിളിച്ചു പ്രാർത്ഥിക്കുന്നതിന് അവൻ പ്രേരിപ്പിക്കുന്നു; അവൻ അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. തന്നോട് ആവശ്യമുള്ളത് ചോദിക്കാനും അവൻ അവർക്ക് പ്രോത്സാഹനം നൽകുന്നു; തന്നോട് ചോദിക്കുന്നവർക്ക് അവൻ നൽകുന്നതാണ് എന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അവനോട് പാപമോചനം തേടാനും അല്ലാഹു അവരെ പ്രേരിപ്പിക്കുന്നു; അവൻ വിശ്വാസികളായ തൻ്റെ ദാസന്മാരുടെ പാപങ്ങൾ പൊറുത്തു നൽകുന്നവനാണ്.