





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഉമാമഃ അൽബാഹിലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക; കാരണം അത് അന്ത്യനാളിൽ അതിന്റെ ആളുകൾക്ക് ശുപാർശകനായി വരും. നിങ്ങൾ 'അസ്സഹ്റാവയ്ൻ' ആയ അൽ-ബഖറയും, ആലു ഇംറാനും പാരായണം ചെയ്യുക; കാരണം അവ രണ്ടും അന്ത്യനാളിൽ രണ്ട് മേഘങ്ങളെപ്പോലെയോ, അല്ലെങ്കിൽ രണ്ട് തണലുകൾ പോലെയോ, അല്ലെങ്കിൽ ചിറകുകൾ വിരിച്ച് നിരന്നുപറക്കുന്ന രണ്ട് പക്ഷിക്കൂട്ടങ്ങളെപ്പോലെയോ വരുന്നതാണ്. അവ രണ്ടും അതിന്റെ ആളുകൾക്കുവേണ്ടി വാദിക്കും. നിങ്ങൾ സൂറത്തുൽ ബഖറ പാരായണം ചെയ്യുക; കാരണം അത് പഠിച്ചെടുക്കുന്നത് അനുഗ്രഹീതമാണ്. അത് ഉപേക്ഷിക്കുന്നത് നഷ്ടകരവും. മാരണക്കാർക്ക് അതിനെ അതിജീവിക്കാൻ കഴിയില്ല."
رواه مسلمനബി -ﷺ- ഖുർആൻ നിരന്തരം പാരായണം ചെയ്യാൻ ഈ ഹദീഥിലൂടെ പ്രോത്സാഹനം നൽകുന്നു; കാരണം ഖുർആൻ പാരായണം ചെയ്യുന്നവർക്കും അതനുസരിച്ച് പ്രവർത്തിക്കുന്നവർക്കും അന്ത്യനാളിൽ അത് ശുപാർശകനായി വരും. പിന്നീട് അവിടുന്ന് സൂറത്തുൽ ബഖറയും ആലു ഇംറാനും പാരായണം ചെയ്യണമെന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞു. ഈ രണ്ട് സൂറത്തുകളെയും പ്രകാശം നൽകുന്ന രണ്ട് അദ്ധ്യായങ്ങൾ എന്നാണ് 'അസ്സഹ്റാവായ്ൻ' എന്ന പേരിലൂടെ അവിടുന്ന് വിശേഷിപ്പിച്ചത്. അവ പാരായണം ചെയ്യുന്നവർക്ക് ഈ സൂറത്തുകൾ പ്രകാശവും മാർഗ്ഗദർശനവും നൽകും എന്നതാണ് ഈ പേരിൻ്റെ പിന്നിലെ കാരണം. ഈ രണ്ട് സൂറത്തുകൾ പാരായണം ചെയ്യുന്നതിന്റെയും അവയുടെ അർത്ഥങ്ങൾ ചിന്തിക്കുന്നതിന്റെയും അതനുസരിച്ച് പ്രവർത്തിക്കുന്നതിന്റെയും പ്രതിഫലം അന്ത്യനാളിൽ രണ്ട് മേഘങ്ങളെപ്പോലെയോ, അല്ലെങ്കിൽ ചിറകുകൾ വിരിച്ചു പരസ്പരം ചേർന്നു നിരന്നു പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെയോ വരും. അവ രണ്ടും അതിന്റെ ആളുകൾക്ക് തണൽ നൽകുകയും അവർക്കു വേണ്ടി വാദിക്കുകയും ചെയ്യും. തുടർന്ന് നബി -ﷺ- സൂറത്തുൽ ബഖറ നിരന്തരമായി പാരായണം ചെയ്യാനും അതിന്റെ അർത്ഥങ്ങൾ ചിന്തിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും വീണ്ടും ഊന്നിപ്പറഞ്ഞു. ദുനിയാവിലും ആഖിറത്തിലും വലിയ ബറക്കത്തും അനുഗ്രഹവും പ്രയോജനവും നൽകുന്ന കാര്യമാണത്. അത് ഉപേക്ഷിക്കുന്നത് അന്ത്യനാളിൽ നഷ്ടവും ഖേദവുമാണ് നൽകുക. സൂറത്തുൽ ബഖറയുടെ ശ്രേഷ്ഠതകളിൽ പെട്ടതാണ്, അത് പാരായണം ചെയ്യുന്നവർക്ക് ദോഷം വരുത്താൻ മാരണക്കാർക്ക് കഴിയില്ല എന്നത്.
ജുൻദുബ് ഇബ്നു അബ്ദില്ലാ (رضي الله عنه) നിവേദനം: "ഞങ്ങൾ പ്രായപൂർത്തിയടുത്ത ശക്തരായ യുവാക്കളായിരിക്കെ നബിയോടൊപ്പം (ﷺ) (ജീവിച്ചവരാണ്). ഖുർആൻ പഠിക്കുന്നതിന് മുമ്പ് ഞങ്ങൾ ഈമാൻ (വിശ്വാസം) പഠിക്കുകയാണ് ചെയ്തത്. പിന്നീട് ഞങ്ങൾ ഖുർആൻ പഠിക്കുകയും, അങ്ങനെ അത് (ഖുർആൻ) മുഖേന ഞങ്ങൾക്ക് ഈമാൻ വർദ്ധിക്കുകയും ചെയ്തു."
رواه ابن ماجهജുൻദുബ് ഇബ്നു അബ്ദില്ലാ (رضي الله عنه) പറഞ്ഞു: നബി (ﷺ) ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഞങ്ങൾ പ്രായപൂർത്തിയോട് അടുത്ത, ശക്തരായ യുവാക്കളായിരുന്നു. നബിയിൽ (ﷺ) നിന്ന് ഖുർആൻ പഠിക്കുന്നതിന് മുമ്പ് ഞങ്ങൾ ഈമാൻ പഠിക്കുകയാണ് ചെയ്തത്. പിന്നീട് ഞങ്ങൾ ഖുർആൻ പഠിച്ചു; അങ്ങനെ ഖുർആൻ പഠിച്ചതിലൂടെ ഞങ്ങൾക്ക് ഈമാൻ വർദ്ധിച്ചു.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മനുഷ്യർ വിശ്വസിക്കാൻ തക്കവണ്ണമുള്ള ഒരു ദൃഷ്ടാന്തം നൽകപ്പെടാത്ത ഒരു നബിയുമില്ല. എനിക്ക് നൽകപ്പെട്ടത് അല്ലാഹു എനിക്ക് നൽകിയ സന്ദേശമാണ്. അതുകൊണ്ട് ഖിയാമത്ത് നാളിൽ ഏറ്റവും കൂടുതൽ അനുയായികളുള്ളത് എനിക്കായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
متفق عليهഎല്ലാ നബിമാർക്കും അല്ലാഹു അവൻ്റെ പക്കൽ നിന്നുള്ള ദൃഷ്ടാന്തങ്ങൾ കൊണ്ട് പിന്തുണ നൽകിയിട്ടുണ്ടെന്നും, അവർ അല്ലാഹുവിൽ നിന്നുള്ള യഥാർത്ഥ ദൂതരാണെന്നതിനുള്ള തെളിവാകുന്ന ദൃഷ്ടാന്തങ്ങൾ (മുഅ്ജിസത്തുകൾ) അവർക്ക് നൽകിയിട്ടുണ്ടെന്നും നബി (ﷺ) അറിയിക്കുന്നു. ആ ദൃഷ്ടാന്തങ്ങൾ കാണുന്നവർക്ക് നബിമാരുടെ സത്യസന്ധത ബോധ്യപ്പെടാനും അവരിൽ വിശ്വസിക്കാനും ഈ ദൃഷ്ടാന്തങ്ങൾ കാരണമാകുന്നതാണ്. ആർക്കും നിഷേധിക്കാൻ കഴിയാത്ത വിധം വ്യക്തമായ വെല്ലുവിളിയോടെയായിരിക്കും ഇത്തരം ദൃഷ്ടാന്തങ്ങൾ അവതരിക്കുക. എന്നാൽ നിഷേധികളിൽ ചിലർ സത്യം ബോധ്യപ്പെട്ടതിന് ശേഷവും അതിനെ തള്ളിക്കളയുകയും ധിക്കാരം പ്രകടിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ നബിക്ക് (ﷺ) നൽകപ്പെട്ട ഏറ്റവും വലിയ ദൃഷ്ടാന്തവും മുഅ്ജിസത്തും അല്ലാഹു അവിടുത്തേക്ക് നൽകിയ പരിശുദ്ധ ഖുർആൻ ആണ്. എക്കാലത്തും നിലനിൽക്കുന്ന വ്യക്തമായ അത്ഭുതമാണത്. വിശുദ്ധ ഖുർആനിലുള്ള പ്രയോജനങ്ങൾ അത്യധികമുണ്ട്. അതിൽ ഇസ്ലാമിലേക്കുള്ള ക്ഷണവും ഇസ്ലാം സത്യമാണെന്നതിനുള്ള തെളിവുകളും ഭാവി കാര്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളുമെല്ലാം അടങ്ങിയിരിക്കുന്നു.നബിയുടെ (ﷺ) കാലത്തുള്ളവർക്കും, അല്ലാത്തവർക്കും, അന്ന് ജീവിച്ചിരുന്നവർക്കും, ഇനി വരാനിരിക്കുന്നവർക്കുമെല്ലാം ഖുർആൻ ആകുന്ന ദൃഷ്ടാന്തം കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നതാണ്. അതുകൊണ്ടാണ് "ഖിയാമത്ത് നാളിൽ ഏറ്റവും കൂടുതൽ അനുയായികൾ എനിക്കായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." എന്ന് അവിടുന്ന് പറഞ്ഞത്.
ഖതാദഃ (رحمه الله) നിവേദനം: അനസ് (رضي الله عنه) വിനോട് ചോദിക്കപ്പെട്ടു: "നബിയുടെ (ﷺ) ഖുർആൻ പാരായണം എങ്ങനെയായിരുന്നു?" അപ്പോൾ അദ്ദേഹം പറഞ്ഞു: "അവിടുന്ന് നീട്ടിയാണ് പാരായണം ചെയ്തിരുന്നത്." ശേഷം അദ്ദേഹം "{بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ}" എന്ന് ഓതിക്കേൾപ്പിച്ചു. 'ബിസ്മില്ലാഹി' എന്നതിലും, 'അർ-റഹ്മാൻ' എന്നതിലും, 'അർ-റഹീം' എന്നതിലും അദ്ദേഹം നീട്ടിക്കൊണ്ടാണ് പാരായണം ചെയ്തത്."
رواه البخاريനബിയുടെ (ﷺ) ഖുർആൻ പാരായണരീതി എങ്ങനെയായിരുന്നുവെന്ന് അനസ് ബ്നു മാലികിനോട് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: അവിടുന്ന് പാരായണം ചെയ്യുമ്പോൾ ശബ്ദം നീട്ടുമായിരുന്നു. (ഉദാഹരണത്തിന്) 'അല്ലാഹു' എന്നതിലെ 'ഹ' ക്ക് മുമ്പുള്ള 'ലാം' അവിടുന്ന് നീട്ടിയിരുന്നു. 'അർ-റഹ്മാൻ' എന്നതിലെ 'നൂനി'ന് മുമ്പുള്ള 'മീമും', 'അർ-റഹീം' എന്നതിലെ 'ഹ' യും അവിടുന്ന് നീട്ടിപ്പാരായണം ചെയ്തിരുന്നു.
ഇബ്നു അബീ മുലൈക്ക (رحمه الله) നിവേദനം: നബിയുടെ (ﷺ) ഭാര്യമാരിൽ ഒരാളിൽ നിന്ന് - (അബൂ ആമിർ പറയുന്നു, നാഫിഅ് പറഞ്ഞു: അത് ഹഫ്സ (رضي الله عنها) ആണെന്നാണ് ഞാൻ കരുതുന്നത്) - അവർ നബിയുടെ (ﷺ) പാരായണത്തെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു: "നിങ്ങൾക്ക് അതുപോലെ ചെയ്യാൻ സാധിക്കില്ല." അപ്പോൾ അവരോട് പറയപ്പെട്ടു: "ഞങ്ങൾക്ക് അത് പറഞ്ഞു തന്നാലും." (നിവേദകൻ) പറയുന്നു: അങ്ങനെ അവർ സാവധാനം നിർത്തി നിർത്തിയുള്ള ഒരു പാരായണശൈലി ഓതിക്കൊടുത്തു. അബൂ ആമിർ പറയുന്നു, നാഫിഅ് പറഞ്ഞു: ഇബ്നു അബീ മുലൈക്ക അത് ഞങ്ങൾക്ക് വിവരിച്ചു തന്നു: അദ്ദേഹം {അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ} എന്ന് ഓതി, ശേഷം നിർത്തി. {അർറഹ്മാനീ റഹീം} എന്ന് ഓതി, ശേഷം നിർത്തി. {മാലിക്കി യൗമിദ്ദീൻ} എന്ന് ഓതി.
رواه أحمدവിശ്വാസികളുടെ മാതാവായ ഹഫ്സയോട് (رضي الله عنها) നബിയുടെ (ﷺ) ഖുർആൻ പാരായണം എങ്ങനെയായിരുന്നുവെന്ന് ചോദിക്കപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു: "നിങ്ങൾക്ക് അതുപോലെ ചെയ്യാൻ സാധിക്കില്ല." അപ്പോൾ അവരോട് ചോദിക്കപ്പെട്ടു: "ഞങ്ങൾക്ക് അത് പറഞ്ഞുതന്നാലും." നാഫിഅ് പറയുന്നു: നബിയുടെ (ﷺ) പാരായണരീതി അവർക്ക് വിവരിച്ചുകൊടുക്കാൻ വേണ്ടി ഇബ്നു അബീ മുലൈക്ക ഞങ്ങൾക്ക് സാവധാനം ഓതിത്തന്നു. അദ്ദേഹം {അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ} എന്ന് ഓതി, ശേഷം പാരായണം നിർത്തി; എന്നിട്ട് {അർറഹ്മാനീ റഹീം} എന്ന് ഓതി. ശേഷം പാരായണം നിർത്തി; എന്നിട്ട് {മാലിക്കി യൗമിദ്ദീൻ} എന്ന് ഓതി.
അലി (رضي الله عنه) നിവേദനം: "നബി (ﷺ) എല്ലാ അവസ്ഥകളിലും ഞങ്ങൾക്ക് ഖുർആൻ ഓതിത്തരാറുണ്ടായിരുന്നു; അശുദ്ധിയുള്ള (ജുനുബ്) അവസ്ഥയിൽ ഒഴികെ."
رواه أبو داود والترمذي والنسائي وابن ماجه وأحمدനബി (ﷺ) തന്റെ സ്വഹാബികൾക്ക് ഖുർആൻ പഠിപ്പിക്കുകയും ഓതിക്കൊടുക്കുകയും ചെയ്യുമായിരുന്നു. വലിയ അശുദ്ധി (ജനാബത്ത്) ഉള്ള അവസ്ഥയിലൊഴികെ, മറ്റെല്ലാ സാഹചര്യങ്ങളിലും അവിടുന്ന് അപ്രകാരം ചെയ്തിരുന്നു.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: സൂറത്തുൽ ഇഖ്ലാസ് ഒരാൾ ആവർത്തിച്ചു പാരായണം ചെയ്യുന്നത് മറ്റൊരാൾ കാണാനിടയായി. അങ്ങനെ നേരം പുലർന്നപ്പോൾ അദ്ദേഹം നബിയുടെ (ﷺ) അടുത്ത് വന്ന് ഇക്കാര്യം അവിടുത്തെ ഉണർത്തി; അദ്ദേഹം ചെയ്തത് വളരെ കുറഞ്ഞ ഒരു കാര്യമാണെന്ന് മനസ്സിലാക്കിയത് പോലെ... അപ്പോൾ നബി (ﷺ) പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ആ അദ്ധ്യായം ഖുർആനിൻ്റെ മൂന്നിലൊന്നിന് സമമാണ്."
رواه البخاريഅബൂ സഈദ് അൽഖുദ്രി (رضي الله عنه) പറഞ്ഞു: സൂറത്തുൽ ഇഖ്ലാസ് മാത്രമായി രാത്രി മുഴുവൻ പാരായണം ചെയ്യുന്ന ഒരു സ്വഹാബിയെ മറ്റൊരാൾ കണ്ടു. നേരം പുലർന്നപ്പോൾ നബിയോട് (ﷺ) അദ്ദേഹം ഇക്കാര്യം ഉണർത്തി. ചോദ്യകർത്താവ് ആ പ്രവൃത്തി വളരെ ചെറുതും നിസ്സാരവുമായി ഗണിക്കുന്നത് പോലെയുണ്ടായിരുന്നു അയാളുടെ ചോദ്യം. അപ്പോൾ നബി (ﷺ) അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട്, ഉറപ്പിച്ചു പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! തീർച്ചയായും ആ അദ്ധ്യായം ഖുർആനിൻ്റെ മൂന്നിലൊന്നിന് സമമാണ്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബിക്ക് (ﷺ) അല്ലാഹുവിൻ്റെ ഈ വചനം അവതരിച്ച സന്ദർഭം: "ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള് വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില് നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുകയും അവന് ഉദ്ദേശിക്കുന്നവരെ അവന് ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു." (ബഖറ: 284) സ്വഹാബികൾക്ക് ഇത് പ്രയാസകരമായി അനുഭവപ്പെട്ടു. നബിയുടെ (ﷺ) അടുത്ത് വന്ന് മുട്ടുകുത്തി ഇരുന്നു കൊണ്ട് അവർ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! നിസ്കാരവും നോമ്പും ജിഹാദും സ്വദഖയുമെല്ലാം പോലെ, ഞങ്ങൾക്ക് സാധിക്കുന്ന കർമ്മങ്ങൾ ചെയ്യാൻ ഞങ്ങളോട് കൽപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ താങ്കൾക്ക് അവതരിക്കപ്പെട്ട ഈ ആയത്ത് ഞങ്ങൾക്ക് പ്രാവർത്തികമാക്കാൻ സാധിക്കില്ല." അപ്പോൾ നബി (ﷺ) ചോദിച്ചു: "നിങ്ങൾക്ക് മുമ്പുള്ള വേദക്കാർ (യഹൂദരും ക്രൈസ്തവരും) പറഞ്ഞതുപോലെ 'ഞങ്ങൾ കേൾക്കുകയും, ശേഷം ധിക്കരിക്കുകയും ചെയ്തിരിക്കുന്നു' എന്ന് പറയാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? 'ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിൻ്റെ പാപമോചനത്തിനായി ഞങ്ങൾ അപേക്ഷിക്കുന്നു. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം' എന്നാണ് നിങ്ങൾ പറയേണ്ടത്. അപ്പോൾ അവർ പറഞ്ഞു: "ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിൻ്റെ പാപമോചനത്തിനായി ഞങ്ങൾ അപേക്ഷിക്കുന്നു. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം." ജനങ്ങൾ അത് പാരായണം ചെയ്യുകയും അവരുടെ നാവുകൾ അതിന് വഴങ്ങുകയും ചെയ്തപ്പോൾ, അല്ലാഹു ഈ വചനം അവതരിപ്പിച്ചു: "തന്റെ റബ്ബിങ്കൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില് റസൂല് വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്ന്ന്) ഈമാനുള്ളവരും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ റസൂലുകളിൽ ആര്ക്കുമിടയിലും ഒരു വിവേചനവും ഞങ്ങള് കല്പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവര് പറയുകയും ചെയ്തു: ഞങ്ങളിതാ കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം." (ബഖറ: 285). അവർ അത് പ്രാവർത്തികമാക്കിയപ്പോൾ അല്ലാഹു ആ വിധിയെ ദുർബലപ്പെടുത്തുകയും ശേഷം ഈ വചനം അവതരിപ്പിക്കുകയും ചെയ്തു: "അല്ലാഹു ഒരാളോടും അയാളുടെ കഴിവില് പെട്ടതല്ലാതെ ചെയ്യാന് നിര്ബന്ധിക്കുകയില്ല. ഓരോരുത്തരും പ്രവര്ത്തിച്ചതിന്റെ സത്ഫലം അവരവര്ക്കുതന്നെ.ഓരോരുത്തരും പ്രവര്ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല് തന്നെ. ഞങ്ങളുടെ റബ്ബേ, ഞങ്ങള് മറന്നുപോകുകയോ, ഞങ്ങള്ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില് ഞങ്ങളെ നീ ശിക്ഷിക്കരുതേ." അല്ലാഹു പറഞ്ഞു: "അതെ (ഞാൻ സ്വീകരിച്ചിരിക്കുന്നു)." "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ." അല്ലാഹു പറഞ്ഞു: "അതെ." "ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് കഴിയാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ." അല്ലാഹു പറഞ്ഞു: "അതെ." "ഞങ്ങൾക്ക് നീ മാപ്പുനൽകുകയും, ഞങ്ങൾക്ക് പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാൽ സത്യനിഷേധികളായ ജനതയ്ക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ." (ബഖറ: 286) അല്ലാഹു പറഞ്ഞു: "അതെ."
رواه مسلم"ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവിന്റേതാണ്..." എന്ന് തുടങ്ങുന്ന വചനത്തിൽ, 'മനസ്സിലുള്ളത് വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അന്ത്യനാളിൽ അല്ലാഹു അത് വിചാരണ ചെയ്യുമെന്ന് അവൻ അറിയിച്ചു. അവൻ്റെ ഔദാര്യത്താലും കാരുണ്യത്താലും അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുമെന്നും, അവൻ്റെ നീതിയാൽ അവൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുമെന്നും, അവൻ എല്ലാത്തിനും കഴിവുള്ളവനാണെന്നും, അവനെ ഒന്നിനും പരാജയപ്പെടുത്താൻ സാധിക്കില്ലെന്നും ഈ ആയത്തിൽ അല്ലാഹു അറിയിച്ചു. ഈ ആയത്ത് കേട്ടപ്പോൾ സ്വഹാബികൾക്ക് അതിലെ കാര്യം വളരെ കഠിനമായി അനുഭവപ്പെട്ടു. മനസ്സിൽ വരുന്ന വിചാരങ്ങൾക്ക് പോലും വിചാരണ നേരിടേണ്ടി വരുമോ എന്ന് അവർ ഭയപ്പെട്ടു. അവർ നബിയുടെ (ﷺ) അടുത്ത് വന്ന് മുട്ടുകുത്തി നിന്ന് തങ്ങളുടെ പ്രയാസം അറിയിച്ചു. ശാരീരികമായ ആരാധനകൾ (നിസ്കാരം, നോമ്പ്, ജിഹാദ്, ദാനധർമ്മം മുതലായവ) ചെയ്യാൻ ഞങ്ങളോട് കൽപ്പിക്കപ്പെട്ടിട്ടുണ്ട്; അത് ഞങ്ങൾക്ക് സാധ്യമാണ്. എന്നാൽ താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഈ ആയത്തിൽ പറഞ്ഞ കാര്യം -മനസ്സിൻ്റെ വിചാരങ്ങളെ നിയന്ത്രിക്കുക എന്നത്- ഞങ്ങൾക്ക് സാധ്യമല്ല എന്ന് അവർ പരാതിപ്പെട്ടു. നബി (ﷺ) അവരോട് പറഞ്ഞു: "യഹൂദ നസ്വാറാക്കളെ പോലെ പറയാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? ഞങ്ങൾ കേൾക്കുകയും ധിക്കരിക്കുകയും ചെയ്തിരിക്കുന്നു എന്നായിരുന്നു അവർ പറഞ്ഞത്. 'ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; ഞങ്ങളുടെ റബ്ബേ, നിന്നോട് ഞങ്ങൾ പാപമോചനം തേടുന്നു; നിന്നിലേക്കാകുന്നു ഞങ്ങളുടെ മടക്കം.' - ഇങ്ങനെയാണ് നിങ്ങൾ പറയേണ്ടത്." സ്വഹാബികൾ അല്ലാഹുവിൻ്റെയും അവൻ്റെ റസൂലിൻ്റെയും ആ കൽപ്പന അനുസരിക്കുകയും അപ്രകാരം ഏറ്റു പറയുകയും ചെയ്തു. മുസ്ലിംകൾ ആ കൽപ്പന പൂർണ്ണമായി അനുസരിക്കുകയും അവരുടെ നാവും മനസ്സും അതിന് വഴങ്ങുകയും ചെയ്തപ്പോൾ, അല്ലാഹു നബിയെയും (ﷺ) അവിടുത്തെ ഉമ്മത്തിനെയും പ്രശംസിച്ചുകൊണ്ട് സൂറ. ബഖറയിലെ അടുത്ത വചനം അവതരിപ്പിച്ചു. 'തൻ്റെ റബ്ബിങ്കൽ നിന്ന് അവതരിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു; മുഅ്മിനീങ്ങളും അതിൽ വിശ്വസിച്ചിരിക്കുന്നു' എന്ന ആയത്തായിരുന്നു അത്. അങ്ങനെ അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് അവരുടെ നാവുകളും ഹൃദയങ്ങളും കീഴൊതുങ്ങി. "എല്ലാവരും അല്ലാഹുവിലും അവൻ്റെ മലക്കുകളിലും അവൻ്റെ ഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലുകളിൽ ഒരാൾക്കും ഇടയിൽ ഞങ്ങൾ വേർതിരിവ് കൽപ്പിക്കുന്നില്ല." മറിച്ച്, അവരിലെല്ലാവരിലും ഞങ്ങൾ വിശ്വസിക്കുന്നു. അവർ പറഞ്ഞു: നിൻ്റെ വചനം ഞങ്ങൾ കേട്ടിരിക്കുന്നു; നിൻ്റെ കൽപ്പന ഞങ്ങൾ അനുസരിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിന്നിൽ നിന്നുള്ള പാപമോചനവും വിട്ടുവീഴ്ച്ചയും ഞങ്ങൾ തേടുന്നു. വിചാരണ നാളിലുള്ള തിരിച്ചുപോക്ക് നിന്നിലേക്കാണ്. അങ്ങനെ അവർ അത് പ്രാവർത്തികമാക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ട് കൽപ്പിക്കപ്പെട്ട കാര്യം അവർ പറയുകയും ചെയ്തപ്പോൾ, അല്ലാഹു ഈ സമുദായത്തിന് ഇളവ് നൽകുകയും (ആദ്യം അവതരിച്ച) ആ വചനത്തിലെ വിധി ഭേദഗതി ചെയ്യുകയും (നസ്ഖ്) ചെയ്തു. അല്ലാഹു പറഞ്ഞു: "അല്ലാഹു ഒരാളോടും അയാളുടെ കഴിവിലുതകുന്നതല്ലാതെ കൽപിക്കുകയില്ല." അയാളുടെ ശേഷിക്കും സാദ്ധ്യതക്കും അപ്പുറമുള്ളത് അവൻ കൽപ്പിക്കില്ല. "അവൻ പ്രവർത്തിച്ചതിൻ്റെ ഫലം -അതായത്, അവൻ ചെയ്ത നന്മയുടെ പ്രതിഫലം- അവനുണ്ട്." അവൻ പ്രവർത്തിച്ചതിൻ്റെ ദോഷവും -അതായത്, അവൻ സമ്പാദിച്ച തിന്മയുടെയും പാപത്തിൻ്റെയും ശിക്ഷ- അവനുണ്ട്. ഒരാളെയും മറ്റൊരാളുടെ പാപത്തിൻ്റെ പേരിൽ അല്ലാഹു പിടികൂടുകയില്ല, മനസ്സ് മന്ത്രിക്കുന്ന കാര്യങ്ങളുടെ പേരിലും (ശിക്ഷിക്കില്ല). ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ നിൻ്റെ ശിക്ഷകൾ കൊണ്ട് പിടികൂടരുതേ. "ഞങ്ങൾ മറന്നുപോകുകയോ -ഓർക്കാതെ ചെയ്തു പോവുകയോ- അല്ലെങ്കിൽ ഞങ്ങൾക്ക് അബദ്ധം പിണയുകയോ -കരുതിക്കൂട്ടിയല്ലാതെ ഞങ്ങൾ തെറ്റു ചെയ്തുപോവുകയോ- ചെയ്താൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ!" അപ്പോൾ അല്ലാഹു അവർക്ക് ഉത്തരം നൽകിക്കൊണ്ട് പറഞ്ഞു: "അതെ, ഞാനത് ചെയ്തിരിക്കുന്നു." "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേൽ നീ ഭാരം -പ്രയാസങ്ങളും കടുപ്പമേറിയതുമായ കാര്യങ്ങൾ- ചുമത്തരുതേ." "ഞങ്ങളുടെ മുൻഗാമികളുടെ മേൽ -ബനൂ ഇസ്രായീല്യരുടെയും മറ്റും മേൽ- നീ അത് ചുമത്തിയതുപോലെ. അപ്പോൾ അല്ലാഹു ഉത്തരം നൽകിക്കൊണ്ട് പറഞ്ഞു: "അതെ, ഞാനത് ചെയ്തിരിക്കുന്നു." "ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് താങ്ങാൻ കഴിയാത്തത് -മതവിധികളിലും ഞങ്ങളെ ബാധിക്കുന്ന പരീക്ഷണങ്ങളിലും ഞങ്ങൾക്ക് വഹിക്കാൻ കഴിയാത്ത കാര്യങ്ങൾ- ഞങ്ങളെ നീ വഹിപ്പിക്കരുതേ." അല്ലാഹു പറഞ്ഞു: "അതെ, ഞാനത് ചെയ്തിരിക്കുന്നു." "ഞങ്ങൾക്ക് നീ മാപ്പുനൽകേണമേ. ഞങ്ങളുടെ പാപങ്ങൾ നീ മായ്ച്ചുകളയേണമേ. ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ." ഞങ്ങളുടെ തെറ്റുകൾ നീ മറച്ചുപിടിക്കുകയും അതിൽ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യേണമേ, "ഞങ്ങളോട് -നിൻ്റെ വിശാലമായ കാരുണ്യം കൊണ്ട്- നീ കരുണ കാണിക്കേണമേ. "നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാൽ സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ." പ്രമാണങ്ങൾ സ്ഥാപിച്ചുകൊണ്ടും യുദ്ധത്തിലും ജിഹാദിലും വിജയം നൽകിക്കൊണ്ടും ഞങ്ങളെ സഹായിക്കേണമേ! അപ്പോൾ അല്ലാഹു ഉത്തരം നൽകിക്കൊണ്ട് പറഞ്ഞു: "അതെ, ഞാനത് ചെയ്തിരിക്കുന്നു."
ഉമറുബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: യഹൂദരിൽ പെട്ട ഒരാൾ അദ്ദേഹത്തോട് (ഉമറിനോട്) പറഞ്ഞു: "അല്ലയോ അമീറുൽ മുഅ്മിനീൻ! നിങ്ങളുടെ ഗ്രന്ഥത്തിൽ (ഖുർആനിൽ) നിങ്ങൾ പാരായണം ചെയ്യുന്ന ഒരു വചനമുണ്ട്. അത് ഞങ്ങളുടെ മേൽ -യഹൂദരുടെ മേൽ- ആയിരുന്നു അവതരിച്ചിരുന്നതെങ്കിൽ, ആ ദിവസം ഞങ്ങൾ ഒരു ആഘോഷ ദിവസമായി ആചരിക്കുമായിരുന്നു." ഉമർ (رضي الله عنه) ചോദിച്ചു: "ഏതാണ് ആ വചനം?" അയാൾ പറഞ്ഞു: "'ഇന്നേദിവസം നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും, ഇസ്ലാമിനെ മതമായി നിങ്ങൾക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു." (മാഇദ: 3) അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ആ ദിവസം ഏതാണെന്നും അത് അവതരിച്ച സ്ഥലം ഏതാണെന്നും ഞങ്ങൾക്ക് നന്നായി അറിയാം. നബി (ﷺ) അറഫയിൽ നിൽക്കുമ്പോൾ, ഒരു വെള്ളിയാഴ്ച ദിവസമാണ് ആ വചനം അവിടുത്തേക്ക് അവതരിച്ചത്. "
متفق عليهയഹൂദരിൽ പെട്ട ഒരാൾ അമീറുൽ മുഅ്മിനീൻ ഉമർ (رضي الله عنه) വിന്റെ അടുത്ത് വന്ന് പറഞ്ഞു: "നിങ്ങളുടെ ഗ്രന്ഥമായ ഖുർആനിൽ നിങ്ങൾ പാരായണം ചെയ്യുന്ന ഒരു ആയത്തുണ്ട്. ഞങ്ങളുടെ മേൽ - യഹൂദർക്ക് മേൽ - ഞങ്ങളുടെ ഗ്രന്ഥമായ തൗറാത്തിൽ ആയിരുന്നു അത് അവതരിച്ചിരുന്നതെങ്കിൽ, ഈ മഹത്തായ വചനം ഇറക്കിക്കിട്ടിയ അനുഗ്രഹത്തിന് നന്ദിസൂചകമായി ആ ദിവസം ഞങ്ങൾ ഒരു പെരുന്നാൾ ദിവസമായി ആഘോഷിക്കുമായിരുന്നു." അപ്പോൾ ഉമർ (رضي الله عنه) ചോദിച്ചു: "ഏതാണ് ആ വചനം?" അയാൾ പറഞ്ഞു: "ഇന്നേദിവസം നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും, ഇസ്ലാമിനെ മതമായി നിങ്ങൾക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു." അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ആ ദിവസം ഏതാണെന്നും, ഈ മഹത്തായ വചനം അവതരിച്ച സ്ഥലം ഏതാണെന്നും ഞങ്ങൾക്ക് നന്നായി അറിയാം. അത് അവതരിച്ചത് ഒരു പെരുന്നാൾ ദിവസമാണ്. നബി (ﷺ) അറഫയിൽ നിൽക്കുമ്പോൾ ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അത്. (വെള്ളിയാഴ്ച ദിനം ആഴ്ചയിലെ ഈദാണ്). മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അറഫാ ദിനവും വെള്ളിയാഴ്ചയും ശ്രേഷ്ഠതയുള്ള രണ്ട് ദിവസങ്ങളാണ്."