





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മക്ക വിജയിച്ചടക്കിയ ദിവസം നബി -ﷺ- ജനങ്ങളോട് ഒരു പ്രഭാഷണം നടത്തി; അതിൽ അവിടുന്ന് ഇപ്രകാരം പറഞ്ഞു: "ജനങ്ങളേ! (ഇസ്ലാമിന് മുൻപുള്ള അജ്ഞതയുടെ കാലഘട്ടമായ) ജാഹിലിയ്യതിൻ്റെ അഹങ്കാരവും താൻപോരിമയും പിതാക്കന്മാരുടെ പേരിലുള്ള പൊങ്ങച്ചവും അല്ലാഹു നിങ്ങളിൽ നിന്ന് ഇല്ലാതെയാക്കിയിരിക്കുന്നു. ജനങ്ങൾ രണ്ടാലൊരു വ്യക്തിയാണ്. പുണ്യവാനും ധർമ്മിഷ്ഠനും അല്ലാഹുവിങ്കൽ ആദരണീയനുമായവനും, തെമ്മാടിയും ദൗർഭാഗ്യവാനും അല്ലാഹുവിങ്കൽ യാതൊരു വിലയുമില്ലാത്തവനും. ജനങ്ങളെല്ലാം ആദമിൻ്റെ സന്തതികളാണ്; ആദമിനെ അല്ലാഹു സൃഷ്ടിച്ചത് മണ്ണിൽ നിന്നുമാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: "ഹേ; മനുഷ്യരേ! തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു." (ഹുജുറാത്: 13)
رواه الترمذي وابن حبانമക്കാ വിജയദിവസം നബി -ﷺ- ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ഒരു പ്രഭാഷണം നടത്തി. അതിൽ അവിടുന്ന് പറഞ്ഞു: "ഹേ ജനങ്ങളേ! തീർച്ചയായും അല്ലാഹു നിങ്ങളിൽ നിന്ന് ജാഹിലിയ്യത്തിൻ്റെ (ഇസ്ലാമിന് മുൻപുള്ള അജ്ഞതയുടെ കാലഘട്ടം) അഹങ്കാരവും മാലിന്യങ്ങളും, തറവാടിൻ്റെ പേരിലുള്ള പൊങ്ങച്ചവും നീക്കിക്കളഞ്ഞിരിക്കുന്നു. ജനങ്ങൾ രണ്ട് തരക്കാർ മാത്രമാകുന്നു: ഒന്നല്ലെങ്കിൽ (അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിക്കുകയും, ധർമ്മനിഷ്ഠ പാലിച്ചു കൊണ്ട് അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവർ; അവർ -തറവാട്ടു മഹിമയോ ഉന്നതമായ കുടുംബപരമ്പരയോ ഉള്ളവരല്ല എങ്കിലും- അല്ലാഹുവിങ്കൽ ആദരണീയരാണ്. അതല്ലെങ്കിൽ (അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും) നിഷേധിക്കുകയും, തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്ന ദൗർഭാഗ്യവാനാണ്. ഇവൻ അല്ലാഹുവിങ്കൽ നിന്ദ്യനാണ്. അവന് വലിയ കുടുംബമഹിമയും പദവിയും അധികാരവുമുണ്ടെങ്കിലും അല്ലാഹുവിങ്കൽ ഒരു വിലയുമുണ്ടാവുകയില്ല. മനുഷ്യരെല്ലാം ആദമിൻ്റെ സന്താനങ്ങളാണ്. അല്ലാഹു ആദമിനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. അതിനാൽ മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരുവൻ അഹങ്കരിക്കുകയും, താൻപോരിമയുള്ളവനായി തീരുകയും ചെയ്യുന്നത് അനുയോജ്യമേയല്ല. ഈ പറഞ്ഞതിനുള്ള സാക്ഷ്യമെന്നോണം ഖുർആനിൽ അല്ലാഹു പറഞ്ഞിരിക്കുന്നു: "ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ വംശങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു." (ഹുജുറാത്ത്: 13)
സുബൈർ ബ്നുൽ അവ്വാം -رَضِيَ اللَّهُ عَنْهُ- നിവേദനം: "പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്." (തകാഥുർ: 8) എന്ന വചനം അവതരിച്ചപ്പോൾ സുബൈർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഏത് അനുഗ്രഹങ്ങളാണ് ചോദിക്കപ്പെടാനുള്ളത്? ഈത്തപ്പഴവും വെള്ളവും; ഈ രണ്ട് കറുത്ത വസ്തുക്കൾ മാത്രമല്ലേ ഉള്ളൂ." നബി -ﷺ- പറഞ്ഞു: "എന്നാലും (ചോദ്യംചെയ്യൽ) അതുണ്ടാകുന്നതാണ്."
رواه الترمذي وابن ماجهസൂറത്തു തകാഥുറിലെ വചനം അവതരിച്ച സന്ദർഭമാണ് ഹദീഥിലുള്ളത്. "പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്." എന്ന വചനത്തിൽ അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിച്ചോ എന്ന് ചോദിക്കപ്പെടും എന്ന് കേട്ടപ്പോൾ സുബൈർ ബ്നുൽ അവ്വാം -رَضِيَ اللَّهُ عَنْهُ- എന്ന സ്വഹാബി പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഏത് അനുഗ്രഹങ്ങളെ കുറിച്ചാണ് ചോദ്യം ചെയ്യപ്പെടുക; ചോദ്യം ചെയ്യപ്പെടാൻ മാത്രമുള്ള അനുഗ്രഹമായി ഈത്തപ്പഴവും വെള്ളവും മാത്രമേ ഉള്ളുവല്ലോ!?" അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഈ അവസ്ഥയിലാണ് ജീവിക്കുന്നത് എങ്കിൽ പോലും നിങ്ങളോട് അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. കാരണം അവ രണ്ടും (ഈത്തപ്പഴവും വെള്ളവും) അല്ലാഹുവിൻ്റെ മഹത്തരമായ രണ്ട് അനുഗ്രഹങ്ങൾ തന്നെയാണ്."
സഈദ് ബ്നുൽ മുസയ്യിബ് തൻ്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: അബൂ ത്വാലിബിന് മരണം ആസന്നമായപ്പോൾ നബി -ﷺ- അദ്ദേഹത്തിൻ്റെ അരികിൽ വന്നു. അദ്ദേഹത്തിൻ്റെ അടുക്കൽ അബൂ ജഹ്ലും അബ്ദുല്ലാഹിബ്നു അബീ ഉമയ്യഃയും ഉണ്ടായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "എൻ്റെ പിതൃവ്യരേ, നിങ്ങള്‍ `ലാഇലാഹ ഇല്ലല്ലാഹു’ എന്ന് പറയുവിന്‍. അതെ, നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ എനിക്കു ന്യായം പറയുവാനുള്ള ഒരു വാക്ക്!’ ആ രണ്ടുപേരും പറഞ്ഞു: `താങ്കള്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മാര്‍ഗം വിട്ടുകളയുകയോ?!’ റസൂല്‍ ആ വാക്ക് അദ്ദേഹത്തിന് വെച്ചു കാട്ടിക്കൊണ്ടും, ആ രണ്ടുപേരും അവരുടെ വാക്ക് ആവര്‍ത്തിച്ചുകൊണ്ടുമിരുന്നു. അവസാനം അദ്ദേഹം അവരോട് സംസാരിച്ചത് `അബ്ദുല്‍ മുത്ത്വലിബിന്റെ മാര്‍ഗത്തില്‍’ എന്നായിരുന്നു.. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയാൻ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ നബി -ﷺ- പറഞ്ഞു: "അല്ലാഹു സത്യം! എന്നോട് വിലക്കപ്പെടുന്നത് വരെ ഞാൻ താങ്കൾക്ക് വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുന്നതാണ്." അപ്പോൾ അല്ലാഹു (ഖുർആനിലെ വചനം) അവതരിപ്പിച്ചു: "ബഹുദൈവാരാധകർക്ക് വേണ്ടി പാപമോചനം തേടുക എന്നത് നബി -ﷺ- ക്കോ വിശ്വാസികൾക്കോ അനുവദനീയമല്ല." (തൗബ: 113) അബൂ ത്വാലിബിൻ്റെ വിഷയത്തിൽ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു കൊണ്ട് നബി -ﷺ- യോട് പറഞ്ഞു: "താങ്കൾക്ക് ഇഷ്ടമുള്ളവരെ താങ്കൾക്ക് സന്മാർഗത്തിലാക്കുക സാധ്യമല്ല. പക്ഷേ, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ സന്മാർഗത്തിലാക്കുന്നു." (ഖസ്വസ്: 56)
متفق عليهഅബൂ ത്വാലിബ് മരണാസന്നനായ നിലയിൽ കിടക്കുമ്പോൾ നബി -ﷺ- അദ്ദേഹത്തിൻ്റെ അരികിൽ ചെന്നു. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: "എൻ്റെ പിതൃ സഹോദരാ! താങ്കൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; അല്ലാഹുവിങ്കൽ ഞാൻ താങ്കൾക്ക് ആ വാക്ക് പറഞ്ഞതായി സാക്ഷ്യം വഹിക്കാം. അപ്പോൾ അബൂ ജഹ്ലും അബ്ദുല്ലാഹി ബ്നു അബീ ഉമയ്യഃയും പറഞ്ഞു: "ഹേ അബൂത്വാലിബ്! താങ്കളുടെ പിതാവായ അബ്ദുൽ മുത്വലിബിൻ്റെ മാർഗം താങ്കൾ ഉപേക്ഷിക്കുകയാണോ?!" അതായത് വിഗ്രഹാരാധന താങ്കൾ വെടിയുകയാണോ എന്നർത്ഥം. അവർ രണ്ടു പേരും അബൂ ത്വാലിബിനോട് ഇക്കാര്യം പറഞ്ഞു കൊണ്ടേയിരിക്കുകയും, അവസാനം 'താൻ അബ്ദുൽ മുത്വലിബിൻ്റെ മാർഗത്തിലാണെന്ന് -ബഹുദൈവാരാധനയുടെയും വിഗ്രഹാരാധനയുടെയും വഴിയിലാണെന്ന്- പറഞ്ഞു കൊണ്ട് അബൂ ത്വാലിബ് അവസാനശ്വാസം വലിക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- പറഞ്ഞു: "എൻ്റെ രക്ഷിതാവ് എന്നോട് വിലക്കുന്നത് വരെ ഞാൻ താങ്കൾക്ക് വേണ്ടി പാപമോചനം തേടിക്കൊണ്ടിരിക്കുന്നതാണ്." ഈ സന്ദർഭത്തിൽ അല്ലാഹുവിൻ്റെ വചനം അവതരിച്ചു: "ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും നബിക്കും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല." അബൂത്വാലിബിൻ്റെ വിഷയത്തിലാണ് മറ്റൊരു വചനം കൂടി അവതരിച്ചത്: "തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്മാര്ഗം പ്രാപിക്കുന്നവരെപ്പറ്റി അവന് (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു." [അൽ ഖസ്വസ്വ്: 56] താങ്കൾ സന്മാർഗം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്മാർഗം നൽകാൻ താങ്കൾക്ക് സാധ്യമല്ല; മറിച്ച് അങ്ങയുടെ ബാധ്യത എത്തിച്ചു കൊടുക്കുക എന്നത് മാത്രമാണ്. അല്ലാഹു അവനുദ്ദേശിച്ചവരെ സന്മാർഗത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന മുഅ്മിനിൻ്റെ ഉപമ മാതളനാരങ്ങയുടെ ഉപമയാണ്. അതിന് സുഗന്ധവുമുണ്ട്; നല്ല രുചിയുമുണ്ട്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത മുഅ്മിനിൻ്റെ ഉപമ ഈത്തപ്പഴത്തിൻ്റെ ഉപമയാണ്. അതിന് സുഗന്ധമില്ല; (എന്നാൽ) രുചി മധുരമുള്ളതാണ്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസിയുടെ ഉപമ റയ്ഹാനയുടെ ഉപമയാണ്. അതിന് സുഗന്ധമുണ്ട്; രുചി കയ്പ്പുള്ളതാണ്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത കപടവിശ്വാസിയുടെ ഉപമ ഒട്ടങ്ങയുടെ ഉപമയാണ്. അതിന് മണവുമില്ല. രുചിയാകട്ടെ, കയ്പ്പുള്ളതും."
متفق عليهവിശുദ്ധ ഖുർആൻ പാരായണത്തിൻ്റെ കാര്യത്തിലും, അതിൽ നിന്ന് പ്രയോജനമെടുക്കുന്നതിലും ജനങ്ങൾ വ്യത്യസ്ത തരക്കാരാണെന്ന് നബി -ﷺ- വിവരിക്കുന്നു. ഒന്നാമത്തെ വിഭാഗം: ഖുർആൻ പാരായണം ചെയ്യുകയും, അതിൽ നിന്ന് പ്രയോജനം എടുക്കുകയും ചെയ്യുന്നവരാണ്. മാതളനാരങ്ങയുടെ ഉപമയാണ് അവർക്കുള്ളത്. നല്ല രുചിയും സുഗന്ധവും കാണാൻ ഭംഗിയും അനേകം പ്രയോജനങ്ങളുമുള്ള ഫലമാണത്. ഇതു പോലെയാണ് മുഅ്മിൻ; അവൻ ഖുർആൻ പാരായണം ചെയ്യുകയും, അതിലുള്ളത് പ്രാവർത്തികമാക്കുകയും അല്ലാഹുവിൻ്റെ ദാസന്മാർക്ക് പ്രയോജനമേകുകയും ചെയ്യുന്നു. രണ്ടാമത്തെ വിഭാഗം: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത മുഅ്മിനാണ്. അവൻ്റെ ഉപമ ഈത്തപ്പഴം പോലെയാണ്. അതിന് നല്ല രുചിയുണ്ടെങ്കിലും സുഗന്ധമില്ല. ഈത്തപ്പഴത്തിന് മധുരമുണ്ട് എന്നത് പോലെ, മുഅ്മിനിൻ്റെ ഹൃദയത്തിൽ ഈമാനുണ്ടെങ്കിലും ജനങ്ങൾക്ക് മണക്കാൻ സാധിക്കുന്ന വിധത്തിലുള്ള സുഗന്ധം അതിനില്ല. കാരണം അവനിൽ നിന്ന് ഖുർആൻ പാരായണം പുറത്തേക്ക് പ്രകടമാവുന്നില്ല. ജനങ്ങൾക്ക് അത് കേൾക്കാനോ ആസ്വദിക്കാനോ സാധിക്കുന്നില്ല. മൂന്നാമത്തെ വിഭാഗം: വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസികളാണ്. റയ്ഹാനഃ പോലെയാണ് അവർ. അതിന് നല്ല മണമുണ്ട്, എന്നാൽ രുചി കയ്പ്പാണ്. എന്തെന്നാൽ അവർ ഹൃദയം ഈമാൻ കൊണ്ട് നന്നാക്കുകയോ, ഖുർആൻ ജീവിതത്തിൽ പ്രാവർത്തികമാക്കുകയോ ചെയ്തിട്ടില്ല. ജനങ്ങൾക്ക് മുൻപിൽ അവൻ മുഅ്മിനായി പ്രത്യക്ഷപ്പെടുന്നു; അവൻ്റെ ഖുർആൻ പാരായണം സുഗന്ധത്തോട് സാദൃശ്യപ്പെടുന്നെങ്കിലും അവൻ്റെ മനസ്സിലെ അവിശ്വാസം കയ്പ്പുള്ള രുചിയോടാണ് സാദൃശ്യപ്പെട്ടിരിക്കുന്നത്. നാല്: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത. ഒട്ടങ്ങ പോലെയാണ് അവരുടെ ഉപമ. അതിന് സുഗന്ധമില്ല; രുചിയാകട്ടെ കയ്പ്പുള്ളതും. ഖുർആൻ പാരായണം അവൻ ഉപേക്ഷിച്ചിരിക്കുന്നു എന്നത് മണമില്ലായ്മക്ക് സമാനമായിരിക്കുന്നു. അതിൻ്റെ രുചി കയ്പ്പുള്ളതായിരിക്കുന്നു എന്നത് അവൻ്റെ അവിശ്വാസത്തിൻ്റെ കയ്പ്പിനുള്ള ഉപമയുമായിരിക്കുന്നു. അവൻ്റെ ഉള്ളിൽ ഈമാനില്ല. അവൻ്റെ പ്രത്യക്ഷരൂപം എന്തെങ്കിലും പ്രയോജനമുള്ളതുമല്ല. മറിച്ച്, ഉപദ്രവകരം മാത്രമാണ്.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "വിശുദ്ധ ഖുർആൻ നൈപുണ്യത്തോടെ പാരായണം ചെയ്യുന്നവൻ (മലക്കുകളിലെ) ദൂതന്മാരോടും (അല്ലാഹുവിങ്കൽ) ആദരിക്കപ്പെട്ടവരോടും പുണ്യവാന്മാരോടും ഒപ്പമായിരിക്കും. ഖുർആൻ പാരായണം ചെയ്യാൻ പ്രയാസമുണ്ടായിട്ടും ബുദ്ധിമുട്ടി പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്."
متفق عليهവിശുദ്ധ ഖുർആൻ നല്ല വിധത്തിൽ മനപാഠമാക്കി കൊണ്ടും, പാരായണത്തിൽ നൈപുണ്യം പുലർത്തി കൊണ്ടും പാരായണം ചെയ്യുന്നവർക്ക് അന്ത്യനാളിൽ ലഭിക്കുന്ന പുണ്യം അല്ലാഹുവിൻ്റെ പുണ്യവാന്മാരും ആദരണീയരുമായ മലക്കുകളുടെ സ്ഥാനത്തിന് തുല്യമായിരിക്കും. വിശുദ്ധ ഖുർആൻ മനപാഠമാക്കിയത് കുറവാണെന്നതിനാൽ ഖുർആൻ പാരായണം പ്രയാസകരമാകുന്നുണ്ട് എങ്കിലും, ഖുർആൻ പാരായണം ശ്രമപ്പെട്ട് നിർവ്വഹിക്കുകയും സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നവർക്ക് രണ്ട് പ്രതിഫലമുണ്ടായിരിക്കുന്നതാണ് എന്നും നബി -ﷺ- അറിയിക്കുന്നു. ഒന്ന് അവൻ്റെ ഖുർആൻ പാരായണത്തിൻ്റെ പ്രതിഫലമാണെങ്കിൽ രണ്ടാമത്തേത് അവൻ പാരായണത്തിൽ നേരിടുന്ന പ്രയാസം സഹിക്കുന്നതിനുള്ള പ്രതിഫലമാണ്.
അദിയ്യ് ബ്നു ഹാതിം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "യഹൂദർ കോപിക്കപ്പെട്ടവരും, നസ്വാറാക്കൾ അങ്ങേയറ്റം വഴിപിഴച്ചവരുമാണ്."
رواه الترمذيഅല്ലാഹു കോപിച്ച സമൂഹമാണ് യഹൂദർ എന്ന് നബി -ﷺ- അറിയിക്കുന്നു; കാരണം സത്യം അറിഞ്ഞതിന് ശേഷവും അതനുസരിച്ച് പ്രവർത്തിക്കാത്തവരാണ് അവർ നസ്വാറാക്കൾ വഴികേടിൽ അകപ്പെട്ടവരാണ്; കാരണം അറിവില്ലാതെ പ്രവർത്തിക്കുന്നവരാണവർ
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) എന്നോട് പറഞ്ഞു: "എനിക്ക് നീ ഓതിക്കേൾപ്പിക്കുക." ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ മേൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ ഞാൻ അങ്ങേക്ക് ഓതിക്കേൾപ്പിക്കുകയോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ഞാൻ സൂറത്തുന്നിസാഅ് ഓതി. അങ്ങനെ ഈ ആയത്ത് എത്തി: {فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ، وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا} "ഓരോ സമുദായത്തിൽ നിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരികയും, ഇക്കൂട്ടർക്ക് സാക്ഷിയായി താങ്കളെ നാം കൊണ്ടുവരികയും ചെയ്യുമ്പോൾ എന്തായിരിക്കും സ്ഥിതി?" (നിസാഅ്: 41) അവിടുന്ന് പറഞ്ഞു: "ഇപ്പോൾ ഇത്ര മതി." അപ്പോൾ ഞാൻ അവിടുത്തെ നോക്കി; അതാ അവിടുത്തെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നു.
متفق عليهനബി (ﷺ) അബ്ദുല്ലാഹി ബ്നു മസ്ഊദിനോട് ഖുർആനിൽ നിന്ന് അൽപ്പം ഓതിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ മേൽ അവതരിച്ച ഖുർആൻ ഞാൻ എങ്ങനെ അങ്ങേക്ക് ഓതിക്കേൾപ്പിക്കും?!" അപ്പോൾ നബി (ﷺ) പറഞ്ഞു: "എനിക്ക് മറ്റൊരാളിൽ നിന്ന് ഖുർആൻ കേൾക്കുന്നത് ഇഷ്ടമാണ്." അങ്ങനെ അദ്ദേഹം സൂറത്തുന്നിസാഅ് ഓതിത്തുടങ്ങുകയും ഈ ആയത്തിൽ എത്തുകയും ചെയ്തു: {فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ، وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا} "താങ്കളുടെ ഉമ്മത്തിലേക്ക് അവരുടെ റബ്ബിന്റെ സന്ദേശം എത്തിച്ചുവെന്നതിന് താങ്കളെ സാക്ഷിയായി കൊണ്ടുവരുമ്പോൾ, താങ്കളുടെയും താങ്കളുടെ ഉമ്മത്തിൻ്റെയും അവസ്ഥ എന്തായിരിക്കും?" ഇവിടെ എത്തിയപ്പോൾ നബി (ﷺ) പറഞ്ഞു: "ഇപ്പോൾ പാരായണം നിറുത്തുക." ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: "അപ്പോൾ ഞാൻ അവിടുത്തെ നോക്കി. അപ്പോൾ പ്രസ്തുത രംഗത്തെക്കുറിച്ചുള്ള ഭയം കൊണ്ടും തന്റെ ഉമ്മത്തിനോടുള്ള കാരുണ്യം കൊണ്ടും അവിടുത്തെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു."
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും."
متفق عليهവിശുദ്ധ ഖുർആൻ പഠിക്കുകയും അതിൻ്റെ പാരായണം സ്ഥിരമായി -മനപാഠത്തിൽ നിന്നോ മുസ്ഹഫ് നോക്കിക്കൊണ്ടോ- നിർവ്വഹിക്കുകയും ചെയ്യുന്ന ഒരാളെ കയറുകൊണ്ട് കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയോട് നബി ﷺ ഉപമിച്ചിരിക്കുന്നു. ഒട്ടകത്തിൻ്റെ കെട്ടിൻ്റെ കാര്യം ഇടക്കിടെ അയാൾ ശ്രദ്ധ വെച്ചാൽ അതിനെ അയാൾക്ക് പിടിച്ചു നിർത്താൻ സാധിക്കും. എന്നാൽ അതിൻ്റെ കെട്ടിൽ നിന്ന് അതിനെ അഴിച്ചു വിട്ടാൽ ആ ഒട്ടകം അകലുകയും ഓടിപ്പോവുകയും ചെയ്യും. ഇതു പോലെയാണ് ഖുർആൻ പഠിച്ച ഒരാളുടെ കാര്യവും; അയാൾ ഖുർആൻ പാരായണം നിർവ്വഹിക്കുകയും ചെയ്താൽ അത് അയാൾക്ക് ഓർമ്മയുണ്ടായിരിക്കും. അല്ലായെങ്കിൽ, അയാൾ ഖുർആൻ ക്രമേണ മറന്നു പോകും. ഖുർആൻ സ്ഥിരമായി ശ്രദ്ധിക്കുന്നവൻ്റെ മനപാഠവും നിലനിൽക്കുന്നതാണ്.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ജിബ്രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ അടുത്തിരിക്കുമ്പോൾ, തൻ്റെ മുകളിൽ നിന്ന് ഒരു വാതിൽ തുറക്കുന്നത് പോലെയുള്ള ശബ്ദം കേട്ടു. അപ്പോൾ അദ്ദേഹം തലയുയർത്തി നോക്കി; ശേഷം പറഞ്ഞു: "ആകാശത്തുള്ള ഒരു വാതിൽ ഇന്ന് തുറക്കപ്പെട്ടിരിക്കുന്നു; ഇന്ന് മാത്രമാണ് അത് തുറക്കപ്പെട്ടത്. ഇതിനുമുമ്പ് ഒരിക്കലും ഇത് തുറക്കപ്പെട്ടിട്ടില്ല." അപ്പോൾ അതിൽ നിന്ന് ഒരു മലക്ക് ഇറങ്ങിവന്നു. ജിബ്രീൽ -عَلَيْهِ السَّلَامُ- പറഞ്ഞു: "ഭൂമിയിലേക്ക് ഒരു മലക്ക് ഇറങ്ങി വന്നിരിക്കുന്നു; ഇന്നേക്ക് മുൻപ് ഈ മലക്ക് ഒരിക്കലും ഭൂമിയിലേക്ക് ഇറങ്ങിയിട്ടില്ല." ആ മലക്ക് സലാം ചൊല്ലിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: "താങ്കൾക്ക് നൽകപ്പെട്ട രണ്ട് പ്രകാശങ്ങൾ കൊണ്ട് സന്തോഷിച്ചു കൊള്ളുക. താങ്കൾക്ക് മുമ്പ് ഒരു നബിക്കും അവ നൽകപ്പെട്ടിട്ടില്ല: ഫാത്തിഹ സൂറത്തും ബഖറ സൂറത്തിന്റെ അവസാന ഭാഗങ്ങളുമാണ് അവ. അവയിലെ ഓരോ അക്ഷരം താങ്കൾ പാരായണം ചെയ്യുമ്പോഴും, താങ്കൾക്ക് അത് നൽകപ്പെടാതിരിക്കില്ല."
رواه مسلمമലക്ക് ജിബ്രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ അടുത്തിരിക്കുമ്പോൾ, ഒരു വാതിൽ തുറക്കുന്നതു പോലുള്ള ഒരു ശബ്ദം ആകാശത്ത് നിന്ന് കേട്ടു. അപ്പോൾ ജിബ്രീൽ -عَلَيْهِ السَّلَامُ- തലയുയർത്തി ആകാശത്തേക്ക് നോക്കി. എന്നിട്ട് നബി -ﷺ- യോട് പറഞ്ഞു: ഇത് ആകാശത്ത് നിന്ന് ഇന്ന് തുറക്കപ്പെട്ട ഒരു വാതിലാണ്, ഇതിനുമുമ്പ് ഒരിക്കലും അത് തുറക്കപ്പെട്ടിട്ടില്ല. അപ്പോൾ അതിൽ നിന്ന് ഒരു മലക്ക് ഭൂമിയിലേക്ക് ഇറങ്ങിവന്നു, ഇതിനുമുമ്പ് ഈ മലക്ക് ഒരിക്കലും ഇറങ്ങിയിട്ടില്ല. ആ മലക്ക് നബി -ﷺ- യോട് സലാം അറിയിച്ച ശേഷം അവിടുത്തോട് പറഞ്ഞു: താങ്കൾക്ക് മുമ്പ് ഒരു നബിക്കും ലഭിക്കാത്ത രണ്ട് പ്രകാശങ്ങൾ കൊണ്ട് സന്തോഷിച്ചു കൊള്ളുക; സൂറത്തുൽ ഫാത്തിഹയും സൂറത്തുൽ ബഖറയിലെ അവസാന രണ്ട് ആയത്തുകളുമാണവ. പിന്നീട് മലക്ക് പറഞ്ഞു: അവയിലെ ഏതൊരു വാക്ക് ഒരാൾ പാരായണം ചെയ്താലും, അല്ലാഹു അവന് അതിലുള്ള നന്മയും പ്രാർത്ഥനയും അവൻ്റെ തേട്ടവും അവന് നൽകാതിരിക്കില്ല.