





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുമൈദ് അസ്സാഇദി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ബനൂ സുലൈം ഗോത്രത്തിൽ നിന്ന് സകാത്ത് ശേഖരിക്കാൻ ഇബ്നുല്ലുത്ബിയ്യ എന്ന് പേരുള്ള ഒരാളെ നിയമിച്ചു. അദ്ദേഹം (സകാത്തുമായി) വന്നപ്പോൾ നബി -ﷺ- അദ്ദേഹത്തോട് കണക്ക് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "ഇത് നിങ്ങളുടെ സ്വത്താണ്. ഇത് (എനിക്ക് ലഭിച്ച) സമ്മാനമാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ സത്യവാനാണെങ്കിൽ, നിന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ നിനക്ക് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് നോക്കാമായിരുന്നില്ലേ?" പിന്നീട് അവിടുന്ന് ഞങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹു എന്നെ ഏൽപ്പിച്ച കാര്യങ്ങളിൽ നിന്ന് ഞാൻ നിങ്ങളിൽ ഒരാളെ ഒരു ജോലിക്ക് നിയമിക്കുന്നു. എന്നിട്ട് അയാൾ വന്ന് പറയുന്നു: ഇത് നിങ്ങളുടെ സ്വത്താണ്, ഇത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്. തന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ അവന് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് അവന് നോക്കിക്കൂടായിരുന്നോ? അല്ലാഹു സത്യം! നിങ്ങളിൽ ആരെങ്കിലും അന്യായമായി എന്തെങ്കിലും എടുത്താൽ, ഖിയാമത്ത് നാളിൽ അത് ചുമന്നുകൊണ്ട് അവൻ അല്ലാഹുവിനെ കണ്ടുമുട്ടും. ഒച്ച വെക്കുന്ന ഒട്ടകത്തെയോ കരയുന്ന പശുവിനെയോ ശബ്ദമുണ്ടാക്കുന്ന ആടിനെയോ വഹിച്ചു കൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടിയ ഒരാളെ നിങ്ങളിൽ നിന്ന് ഞാൻ തിരിച്ചറിയുക തന്നെ ചെയ്യും." ശേഷം അവിടുന്ന് -തൻ്റെ കക്ഷത്തിന്റെ വെളുപ്പ് കാണാവുന്നതുവരെ- അവിടുത്തെ കൈകളുയർത്തി, അവിടുന്ന് പറഞ്ഞു: "അല്ലാഹുവേ, ഞാൻ എത്തിച്ചുകൊടുത്തിട്ടുണ്ടോ?" (അബൂ ഹുമൈദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു:) "(ഇക്കാര്യം) എന്റെ കണ്ണ് കൊണ്ട് ഞാൻ കാണുകയും, എൻ്റെ കാത് കൊണ്ട് ഞാൻ കേൾക്കുകയും ചെയ്തിരിക്കുന്നു."
متفق عليهനബി -ﷺ- ബനൂ സുലൈം ഗോത്രത്തിൽ നിന്ന് സകാത്ത് ശേഖരിക്കാൻ ഇബ്നുല്ലുത്ബിയ്യ എന്ന് പേരുള്ള ഒരാളെ നിയമിച്ചു. അദ്ദേഹം മദീനയിലേക്ക് തിരിച്ചെത്തിയപ്പോൾ, പിരിച്ചെടുത്തതും ചെലവഴിച്ചതുമായ കാര്യങ്ങളിൽ നബി -ﷺ- അദ്ദേഹത്തോട് കണക്ക് ചോദിച്ചു. അപ്പോൾ ഇബ്നുല്ലുത്ബിയ്യ പറഞ്ഞു: "ഞാൻ സകാത്തായി ശേഖരിച്ച നിങ്ങളുടെ സ്വത്താണിത്. ഈ സ്വത്ത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്." അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നീ സത്യവാനാണെങ്കിൽ നിന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ നിനക്ക് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് നിനക്ക് നോക്കിക്കൂടായിരുന്നോ? നീ പ്രവർത്തിച്ച നിൻ്റെ മേൽ ബാധ്യതയായ ജോലി നിർവ്വഹിച്ചു എന്നത് കൊണ്ടാണ് നിനക്ക് സമ്മാനം ലഭിച്ചത്. നീ നിന്റെ വീട്ടിൽ ഇരുന്നിരുന്നെങ്കിൽ നിനക്ക് ഒന്നും സമ്മാനമായി ലഭിക്കുമായിരുന്നില്ല. അതിനാൽ, സമ്മാനത്തിൻ്റെയും ഉപഹാരത്തിൻ്റെയും രൂപത്തിൽ ലഭിച്ചു എന്നതുകൊണ്ട് മാത്രം ആ സമ്പത്ത് നിനക്ക് അനുവദനീയമാണെന്ന് കരുതരുത്." പിന്നീട് നബി -ﷺ- കോപിഷ്ടനായ നിലയിൽ മിമ്പറിൽ കയറി നിന്നു കൊണ്ട് പ്രസംഗിച്ചു. അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹു എനിക്ക് കൈകാര്യം ചെയ്യാൻ അധികാരം നൽകിയിട്ടുള്ള സകാത്തുകൾ, ഗനീമത്ത് മുതലുകൾ തുടങ്ങിയ കാര്യങ്ങളിൽ ഞാൻ നിങ്ങളിൽ ഒരാളെ ഒരു ഉദ്യോഗസ്ഥനായി നിയമിക്കുന്നു. എന്നിട്ട് അവൻ തന്റെ ജോലിയിൽ നിന്ന് തിരികെ വന്നു കൊണ്ട് പറയുന്നു: 'ഇത് നിങ്ങൾക്കുള്ളതാണ്, ഇത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്!' അവൻ തന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ അവന് സമ്മാനം ലഭിക്കുമായിരുന്നോ? അല്ലാഹു സത്യം! അവകാശമില്ലാതെ ആരെങ്കിലും എന്തെങ്കിലും എടുത്താൽ, ഖിയാമത്ത് നാളിൽ അത് തന്റെ കഴുത്തിൽ ചുമന്നുകൊണ്ട് അവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അത് ഒച്ചവെക്കുന്ന ഒട്ടകമാണെങ്കിൽ ഒച്ച വെക്കുന്ന നിലയിൽ അതിനെ ചുമന്നു കൊണ്ട്, അല്ലെങ്കിൽ കരയുന്ന പശുവാണെങ്കിൽ അതിനെ ചുമന്നു കൊണ്ട്, അല്ലെങ്കിൽ ശബ്ദമുണ്ടാക്കുന്ന ആടാണെങ്കിൽ അതിനെ ചുമന്നു കൊണ്ട് അവൻ വന്നെത്തുന്നതാണ്." പിന്നീട് അവിടുന്ന് തന്റെ കൈകൾ ഉയർത്തി, അവിടെ ഇരുന്നവർക്ക് അവിടുത്തെ കക്ഷത്തിന്റെ വെളുപ്പ് കാണാവുന്നതുവരെ. എന്നിട്ട് അവിടുന്ന് പറഞ്ഞു: "അല്ലാഹുവേ! ഞാൻ ഇവരിലേക്ക് അല്ലാഹുവിന്റെ വിധി എത്തിച്ചില്ലേ?" അബൂഹുമൈദ് അസ്സാഇദീ -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഇത് എൻ്റെ കണ്ണ് കൊണ്ട് ഞാൻ കണ്ടതും എൻ്റെ കാത് കൊണ്ട് ഞാൻ കേട്ടതുമായ കാര്യങ്ങളിൽ പെട്ടതാണ്.
ഇയാസു ബ്നു അബ്ദില്ല ബിൻ അബീദുബാബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിന്റെ അടിയാത്തികളെ നിങ്ങൾ അടിക്കരുത്." അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്തുവന്ന് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർക്കെതിരെ ധിക്കാരം കാണിക്കുന്നു." അപ്പോൾ അവിടുന്ന് അവരെ അടിക്കാൻ അനുവാദം നൽകി. അങ്ങനെ നബി -ﷺ- യുടെ കുടുംബത്തിന്റെ അടുത്ത് നിരവധി സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ആവലാതികളുമായി വന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "മുഹമ്മദിന്റെ -ﷺ- കുടുംബത്തിന്റെ അടുത്ത് ധാരാളം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ആവലാതി അറിയിച്ചിരിക്കുന്നു; അവർ നിങ്ങളിലെ ഉൽകൃഷ്ഠരല്ല."
رواه أبو داود وابن ماجهനബി -ﷺ- ഭാര്യമാരെ അടിക്കുന്നത് വിലക്കി. അപ്പോൾ ഉമറുബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- വന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകൾ ഭർത്താക്കന്മാരോട് ധിക്കാരം കാണിക്കാൻ തുടങ്ങുകയും, അവരുടെ സ്വഭാവം മോശമാവുകയും ചെയ്തിരിക്കുന്നു." അപ്പോൾ നബി -ﷺ- അവരെ അടിക്കാൻ അനുവാദം നൽകി, എന്നാൽ അത് പരുക്കുണ്ടാക്കാത്ത അടിയായിരിക്കണം. ഭർത്താവിന്റെ അവകാശം നിർവഹിക്കുന്നതിൽ അവർ വിസമ്മതിക്കുകയോ അനുസരണക്കേട് കാണിക്കുകയോ ചെയ്യുന്നത് പോലുള്ള കാരണങ്ങളുണ്ടെങ്കിൽ മാത്രമാണ് അവളെ അടിക്കാൻ അനുവാദമുണ്ടായിരുന്നത്. അതിനുശേഷം നിരവധി സ്ത്രീകൾ നബി -ﷺ- യുടെ ഭാര്യമാരുടെ അടുത്ത് തങ്ങളുടെ ഭർത്താക്കന്മാർ ശക്തിയായി അടിക്കുന്നതിനെ കുറിച്ചും, നബി -ﷺ- അവർക്ക് നൽകിയ ഈ ഇളവ് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും പരാതിയുമായി വന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "തങ്ങളുടെ ഭാര്യമാരെ ശക്തിയായി മർദ്ദിക്കുന്ന ഈ പുരുഷന്മാർ നിങ്ങളുടെ കൂട്ടത്തിലെ ഉൽകൃഷ്ടരല്ല."
അബ്ദുല്ലാഹിബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "വസ്വിയ്യത്ത് (മരണാനന്തര നിർദേശം) പറയേണ്ട എന്തെങ്കിലുമൊന്ന് തൻ്റെ പക്കലുണ്ടായിട്ട് എഴുതപ്പെട്ട വസ്വിയ്യത്തില്ലാതെ മൂന്ന് രാത്രികൾ പിന്നിടുക എന്നത് ഒരു മുസ്ലിമിന് അനുയോജ്യമല്ല." അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) പറയുന്നു: "നബി (ﷺ) അത് പറഞ്ഞതായി കേട്ടതിന് ശേഷം എൻ്റെ വസ്വിയ്യത്ത് അടുത്തില്ലാതെ ഒരു രാത്രി പോലും എനിക്ക് കഴിഞ്ഞു പോയിട്ടില്ല."
متفق عليهമരണശേഷം ഓർമ്മിപ്പിക്കേണ്ടതായ സാമ്പത്തികമോ ബാധ്യതകളുമായി ബന്ധപ്പെട്ടതോ ആയ എന്തെങ്കിലും കാര്യങ്ങൾ -അത് എത്ര കുറവാണെങ്കിലും- ഒരാൾക്കുണ്ടായിരിക്കുകയും, ശേഷം അക്കാര്യത്തിൽ ഒരു വസ്വിയ്യത്ത് രേഖപ്പെടുത്തി വെക്കാതെ അവൻ മൂന്ന് രാത്രികൾ കഴിഞ്ഞു പോവുകയും ചെയ്യുക എന്നത് ഒരു മുസ്ലിമായ വ്യക്തിക്ക് അനുയോജ്യമല്ല എന്ന് നബി (ﷺ) അറിയിക്കുന്നു. അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) പറഞ്ഞു: "നബി (ﷺ) ഇത് പറഞ്ഞു കേട്ടതിന് ശേഷം എൻ്റെ അടുക്കൽ രേഖപ്പെടുത്തിയ വസ്വിയ്യത്തില്ലാതെ ഒരു രാത്രി പോലും ഞാൻ കഴിച്ചു കൂട്ടിയിട്ടില്ല."
ഉമ്മു അത്വിയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു: "ഒരു സ്ത്രീയും മരിച്ച വ്യക്തിക്ക് വേണ്ടി മൂന്ന് ദിവസത്തിൽ കൂടുതൽ ദുഃഖം ആചരിക്കരുത്. ഭർത്താവിനു വേണ്ടിയാണെങ്കിൽ ഒഴികെ. (ഭർത്താവ് മരണപ്പെട്ടാൽ) നാല് മാസവും പത്ത് ദിവസവും ഇദ്ദ ഇരിക്കണം. അവൾ ചായം പൂശിയ വസ്ത്രം ധരിക്കരുത്; (തുന്നുന്നതിന് മുൻപേ നിറം പുരട്ടുന്ന) 'അസ്ബ്' വസ്ത്രമൊഴികെ. അവൾ സുറുമയിടരുത്; സുഗന്ധദ്രവ്യങ്ങൾ പുരട്ടുകയുമരുത്; ആർത്തവത്തിൽ നിന്ന് ശുദ്ധിയാകുമ്പോൾ 'ഖുസ്തോ' 'അള്ഫാറോ' അൽപ്പം പുരട്ടുന്നത് ഒഴികെ."
متفق عليهമരിച്ച ഒരാൾക്കുവേണ്ടി ദുഃഖം ആചരിക്കുമ്പോൾ, സുഗന്ധവും സുറുമയും ആഭരണങ്ങളും ഭംഗിയുള്ള വസ്ത്രങ്ങളും മൂന്ന് ദിവസത്തിൽ കൂടുതൽ ഉപേക്ഷിക്കുന്നത് നബി -ﷺ- സ്ത്രീകളോട് വിലക്കിയിരിക്കുന്നു. മരിച്ച വ്യക്തി പിതാവോ, സഹോദരനോ, മകനോ, മറ്റാരെങ്കിലുമോ ആയാലും മൂന്ന് ദിവസത്തിൽ കൂടുതൽ ദുഃഖാചരണം പാടില്ല. എന്നാൽ ഭർത്താവിനു വേണ്ടിയാണെങ്കിൽ നാല് മാസവും പത്ത് ദിവസവുമാണ് ഇദ്ദഃ ഇരിക്കേണ്ടത്. ഈ കാലയളവിൽ അഴകിന് വേണ്ടി ചായം പൂശിയ വസ്ത്രങ്ങൾ ഒന്നും ധരിക്കരുത്, 'അസ്ബ്' വസ്ത്രമൊഴികെ; 'അസ്ബ്' എന്നത് നെയ്യുന്നതിന് മുമ്പ് ചായം പൂശുന്ന ഒരു യമനി വസ്ത്രമാണ്. ഭംഗിക്ക് വേണ്ടി കണ്ണിൽ സുറുമയിടുകയോ സുഗന്ധം പുരട്ടുകയോ ചെയ്യരുത്. എന്നാൽ ആർത്തവത്തിൽ നിന്ന് കുളിച്ച് ശുദ്ധിയാകുമ്പോൾ, 'ഖുസ്ത്' അല്ലെങ്കിൽ 'അള്ഫാർ' പോലുള്ളവ ഒരു ചെറിയ കഷ്ണം പുകച്ച് ദുർഗന്ധം നീക്കം ചെയ്യാൻ വേണ്ടി മാത്രം അത് ഉപയോഗിക്കാം. സുഗന്ധദ്രവ്യമായി കണക്കാക്കപ്പെടാത്ത 'ബുഖൂറിൽ; പെട്ടതാണ് ഇത്. ആർത്തവത്തിൽ നിന്ന് ശുദ്ധിയായ ശേഷം ശരീരത്തിലുള്ള ദുർഗന്ധം ഇല്ലാതാക്കുക എന്നതാണ് ഈ ഇളവിൻ്റെ പിന്നിലെ ഉദ്ദേശ്യം; അതൊരിക്കലും സുഗന്ധം പുരട്ടുക എന്ന ലക്ഷ്യത്തിലുള്ളതല്ല.
അബ്ദുല്ലാഹ് ഇബ്നു യസീദ് അൽ-ഖത്മി നിവേദനം: ബറാഅ് ഇബ്നു ആസിബ് എന്നോട് ഒരു ഹദീസ് പറഞ്ഞു; അദ്ദേഹം കളവ് പറയുന്ന ഒരാളേയല്ല. നബി (ﷺ) "സമിഅല്ലാഹു ലിമൻ ഹമിദഹു" എന്ന് പറഞ്ഞതിന് ശേഷം, അവിടുന്ന് സുജൂദിൽ വീഴുന്നത് വരെ ഞങ്ങളിൽ ആരും തങ്ങളുടെ മുതുകുകൾ വളക്കുമായിരുന്നില്ല. അതിന് ശേഷം മാത്രമായിരുന്നു ഞങ്ങൾ അവിടുത്തെ പിന്നിലായി സുജൂദിലേക്ക് പോയിരുന്നത്.
متفق عليهസത്യസന്ധനായ ബറാഅ് ഇബ്നു ആസിബ് (رضي الله عنه) പറയുന്നു: നബി (ﷺ) റുകൂഇൽ നിന്ന് തല ഉയർത്തുകയും "സമി അല്ലാഹു ലിമൻ ഹമിദഹു" എന്ന് പറയുകയും ചെയ്താൽ അവിടുത്തെ പിന്നിലുണ്ടായിരുന്നവരിൽ ഒരാളും സുജൂദിലേക്ക് പോകാൻ വേണ്ടി മുതുകുകൾ വളക്കുമായിരുന്നില്ല. നബി (ﷺ) തൻ്റെ നെറ്റിത്തടം നിലത്ത് വെച്ച് സുജൂദ് ചെയ്യുന്നത് വരെ അവരെല്ലാം നിന്ന നിലയിൽ തന്നെ തുടരും; അതിനുശേഷമായിരുന്നു അവരെല്ലാം സുജൂദിലേക്ക് പോയിരുന്നത്.
അസ്വദ് ബ്നു യസീദ് -رَحِمَهُ اللَّهُ- നിവേദനം: ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു: "നബി -ﷺ- തന്റെ വീട്ടിൽ എന്താണ് ചെയ്യാറുണ്ടായിരുന്നത്?" അവർ പറഞ്ഞു: "അവിടുന്ന് തന്റെ കുടുംബത്തിന്റെ കാര്യങ്ങളിൽ -അഥവാ തന്റെ കുടുംബത്തെ സേവിക്കുന്നതിൽ- വ്യാപൃതനാകുമായിരുന്നു. നിസ്കാരത്തിന്റെ സമയമായാൽ അവിടുന്ന് നിസ്കാരം നിർവ്വഹിക്കാൻ പോവുകയും ചെയ്യുമായിരുന്നു."
رواه البخاريവിശ്വാസികളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهُ- യോട് നബി -ﷺ- യുടെ വീട്ടിലെ അവസ്ഥയെക്കുറിച്ചും അവിടുന്ന് എന്തായിരുന്നു വീട്ടിൽ ചെയ്യാറുണ്ടായിരുന്നത് എന്നും ചോദിക്കപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു: അവിടുന്ന് എല്ലാ മനുഷ്യരെയും പോലെയായിരുന്നു; പുരുഷന്മാർ തങ്ങളുടെ വീടുകളിൽ ചെയ്യുന്ന കാര്യങ്ങളെല്ലാം അവിടുന്ന് ചെയ്തിരുന്നു. അവിടുന്ന് തന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ ശ്രദ്ധിക്കുമായിരുന്നു. തന്റെ ആടിനെ കറക്കുകയും, വസ്ത്രം തുന്നുകയും, ചെരിപ്പ് നന്നാക്കുകയും, വെള്ളം കോരുന്ന പാത്രം ശരിയാക്കുകയുമെല്ലാം ചെയ്യുമായിരുന്നു. നിസ്കാരത്തിന് ഇഖാമത്ത് കൊടുക്കാനുള്ള സമയമായാൽ, താമസമേതുമില്ലാതെ അവിടുന്ന് നിസ്കാരത്തിനായി പുറപ്പെടുമായിരുന്നു.
ബുസ്റുബ്നു സഈദ് നിവേദനം: സൈദുബ്നു ഖാലിദ് അൽ-ജുഹനി -رَضِيَ اللَّهُ عَنْهُ- അബൂ ജുഹൈം -رَضِيَ اللَّهُ عَنْهُ- ന്റെ അടുത്തേക്ക് അദ്ദേഹത്തെ അയച്ചു. നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടന്നുപോകുന്നതിനെക്കുറിച്ച് നബി -ﷺ- യിൽ നിന്ന് എന്താണ് കേട്ടതെന്ന് ചോദിക്കാനായിരുന്നു അത്. അബൂ ജുഹൈം പറഞ്ഞു: നബി -ﷺ- പറഞ്ഞു: "നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടന്നുപോകുന്നവൻ തനിക്കുള്ള ശിക്ഷയെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ, നാല്പത് കാലം നിൽക്കുന്നതാണ് അവന്റെ മുന്നിലൂടെ കടന്നുപോകുന്നതിനേക്കാൾ തനിക്ക് ഉത്തമം എന്ന് (അവന് മനസ്സിലാകുമായിരുന്നു)." അബു ന്നദ്ർ പറഞ്ഞു: നാല്പത് ദിവസം എന്നാണോ മാസം എന്നാണോ വർഷം എന്നാണോ പറഞ്ഞതെന്ന് എനിക്കറിയില്ല.
متفق عليهഫർദ്വോ സുന്നത്തോ നിസ്കരിക്കുന്ന ഒരാളുടെ മുന്നിലൂടെ നടന്നു പോകുന്നതിനെക്കുറിച്ച് നബി -ﷺ- ഈ ഹദീഥിലൂടെ താക്കീത് നൽകുന്നു. നിസ്കരിക്കുന്ന വ്യക്തിയുടെ മുന്നിലൂടെ മനഃപൂർവ്വം നടക്കുന്നതിലൂടെ ലഭിക്കുന്ന പാപത്തിൻ്റെ ഗൗരവത്തെ കുറിച്ച് ഒരാൾ അറിഞ്ഞിരുന്നെങ്കിൽ, നാല്പത് കാലം കാത്തുനിൽക്കുന്നതാണ് നിസ്കരികുന്ന ഒരാളുടെ മുന്നിലൂടെ കടന്നുപോകുന്നതിനേക്കാൾ അവന് നല്ലത് എന്ന് അയാൾക്ക് മനസ്സിലാകുമായിരുന്നു. ഹദീഥ് നിവേദനം ചെയ്ത അബുന്നദ്ർ പറഞ്ഞു: നാല്പത് ദിവസം എന്നാണോ മാസം എന്നാണോ വർഷം എന്നാണോ പറഞ്ഞതെന്ന് എനിക്കറിയില്ല.
ലഖീത്വ് ബ്നു സ്വബിറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അടുത്തേക്കുള്ള ബനുൽ മുന്തഫിഖ് ഗോത്രത്തിന്റെ പ്രതിനിധിയായിരുന്നു ഞാൻ -അല്ലെങ്കിൽ ബനൂൽ മുന്തഫിഖ് ഗോത്രത്തിന്റെ പ്രതിനിധി സംഘത്തിൽ ഞാൻ ഉണ്ടായിരുന്നു-. അദ്ദേഹം പറയുന്നു: ഞങ്ങൾ നബി -ﷺ- യുടെ അടുത്ത് എത്തിയപ്പോൾ അവിടുത്തെ വീട്ടിൽ കണ്ടില്ല. വിശ്വാസികളുടെ മാതാവ് ആഇശാ -رَضِيَ اللَّهُ عَنْهَا- യാണ് അവിടെ ഉണ്ടായിരുന്നത്. അവർ ഞങ്ങൾക്ക് വേണ്ടി 'ഖസീറ' ഉണ്ടാക്കാൻ കൽപ്പിക്കുകയും, അങ്ങനെ അത് ഞങ്ങൾക്കായി പാചകം ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ഞങ്ങൾക്ക് ഈന്തപ്പഴങ്ങളുള്ള ഒരു തളിക കൊണ്ടുവന്നു. ശേഷം നബി -ﷺ- വന്നപ്പോൾ അവിടുന്ന് ഞങ്ങളോട് ചോദിച്ചു: "നിങ്ങൾക്ക് വല്ലതും ലഭിച്ചോ? അതല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി (ഭക്ഷണത്തിന്) വല്ലതും പറഞ്ഞിരുന്നോ?" ഞങ്ങൾ പറഞ്ഞു: "അതെ, അല്ലാഹുവിന്റെ റസൂലേ." അദ്ദേഹം (ലഖീത്വ്) പറയുന്നു: അങ്ങനെ ഞങ്ങൾ നബി -ﷺ- യോടൊപ്പം ഇരിക്കുമ്പോൾ, ഒരു ആട്ടിടയൻ തന്റെ ആടുകളെ തൊഴുത്തിലേക്ക് തെളിച്ചുവന്നു. കൂടെ ഒച്ചവെക്കുന്ന ഒരു ആട്ടിൻകുട്ടിയും ഉണ്ടായിരുന്നു. അവിടുന്ന് ചോദിച്ചു: "ഹേ മനുഷ്യാ! (ആട്) എന്താണ്/എത്രയാണ് പ്രസവിച്ചത്?" അവൻ പറഞ്ഞു: "ഒരു ആട്ടിൻകുട്ടിയെ." അവിടുന്ന് പറഞ്ഞു: "എങ്കിൽ അതിന് പകരം നമുക്ക് വേണ്ടി ഒരു ആടിനെ അറുക്കുക." പിന്നീട് അവിടുന്ന് പറഞ്ഞു: "ഞങ്ങൾ താങ്കൾക്ക് വേണ്ടി അതിനെ അറുത്തതാണെന്ന് വിചാരിക്കേണ്ട. നമുക്ക് നൂറ് ആടുകളുണ്ട്; ആടുകളുടെ എണ്ണം അതിൽ കൂടുതലാകാൻ നാം ആഗ്രഹിക്കുന്നില്ല. അതിനാൽ, ആട്ടിടയൻ ഒരു ആടിൻ്റെ പ്രസവമെടുത്താൽ, ഞങ്ങൾ അതിനുപകരമായി ഒരു ആടിനെ അറുക്കാറുണ്ട്." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! എനിക്കൊരു ഭാര്യയുണ്ട്; അവളുടെ നാവിന് ഒരു കുഴപ്പമുണ്ട് —അതായത് അശ്ലീലം സംസാരിക്കും—." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ വിവാഹമോചനം ചെയ്യുക." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അവൾ എന്നോടൊപ്പം കാലങ്ങളായി. അവളിൽ നിന്ന് എനിക്ക് കുട്ടികളുമുണ്ട്." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളോട് കൽപ്പിക്കുക —അഥവാ അവളെ ഉപദേശിക്കുക—. അവളിൽ നന്മയുണ്ടെങ്കിൽ അവൾ കൽപ്പിച്ചത് പ്രകാരം ചെയ്യും. നിന്റെ അടിമയെ അടിക്കുന്നത് പോലെ നിന്റെ ഭാര്യയെ നീ അടിക്കരുത്." അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, വുദൂഇനെക്കുറിച്ച് എനിക്ക് പറഞ്ഞുതരേണമേ." അവിടുന്ന് പറഞ്ഞു: "വുദൂഅ് നീ പൂർണ്ണമായി നിർവ്വഹിക്കുക! വിരലുകൾക്കിടയിൽ കോർത്തു കഴുകുകയും, മൂക്കിൽ വെള്ളം കയറ്റി ശക്തിയായി ചീറ്റുകയും ചെയ്യുക; നോമ്പുകാരനല്ലെങ്കിൽ."
رواه أبو داود والترمذي والنسائي وابن ماجهലഖീത് ബ്നു സബിറ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു: താൻ ബനുൽ മുന്തഫിഖ് ഗോത്രത്തിൽ നിന്നുള്ള ഒരു സംഘത്തോടൊപ്പം നബി -ﷺ- യെ സന്ദർശിക്കാൻ ചെന്നു. അദ്ദേഹം പറയുന്നു: ഞങ്ങൾ ചെന്നെത്തിയപ്പോൾ നബി -ﷺ- യെ ഞങ്ങൾ വീട്ടിൽ കണ്ടില്ല. വിശ്വാസികളുടെ മാതാവ് ആഇശാ -رَضِيَ اللَّهُ عَنْهَا- യാണ് അവിടെ ഉണ്ടായിരുന്നത്. അവർ ഞങ്ങൾക്ക് മാവും നെയ്യും ചേർത്ത ഒരുതരം കഞ്ഞി ഉണ്ടാക്കാൻ കൽപ്പിച്ചു. പിന്നീട് ഈത്തപ്പഴം വെച്ച ഒരു തളിക ഞങ്ങൾക്ക് നൽകപ്പെട്ടു. ശേഷം നബി -ﷺ- വന്നപ്പോൾ അവിടുന്ന് ചോദിച്ചു: "നിങ്ങൾക്ക് വല്ല ഭക്ഷണവും നൽകപ്പെട്ടോ?" ഞങ്ങൾ പറഞ്ഞു: "അതെ." ലഖീത്വ് പറയുന്നു: അങ്ങനെ ഞങ്ങൾ നബി -ﷺ- യോടൊപ്പം ഇരിക്കുമ്പോൾ, നബി -ﷺ- യുടെ ആട്ടിടയൻ ആടുകളെ അവക്ക് രാത്രി തങ്ങാനുള്ള സ്ഥലത്തേക്ക് തെളിച്ചുകൊണ്ട് വന്നു. അവന്റെ കൂടെ കരയുന്ന ഒരു ആട്ടിൻകുട്ടിയും ഉണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു: "ആട് എന്തിനെയാണ് (അതായത് ആൺകുട്ടിയോ പെൺകുട്ടിയോ, അല്ലെങ്കിൽ ഒറ്റയേയോ ഇരട്ടകളെയോ ആണോ) പ്രസവിച്ചത്?" അവൻ പറഞ്ഞു: "ഒരു പെൺകുട്ടിയെ." അവിടുന്ന് പറഞ്ഞു: "അതിന് പകരം നമുക്ക് ഒരു വലിയ ആടിനെ അറുക്കുക." ശേഷം നബി -ﷺ- പറഞ്ഞു: "നാം നിങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ട് അതിനെ അറുത്തതാണെന്ന് നിങ്ങൾ വിചാരിക്കരുത്. നമുക്ക് നൂറ് ആടുകളുണ്ട്; ഈ എണ്ണത്തിൽ കൂടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ, ഒന്ന് ജനിച്ചാൽ ഞങ്ങൾ അതിന് പകരം ഒന്നിനെ അറുക്കും." ലഖീത് പറയുന്നു: ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, എന്റെ ഭാര്യയുടെ നാവിന് കുറച്ചു നീളമുണ്ട്; അതായത് ദുഷിച്ച വാക്കുകൾ പറയും. ഞാൻ അവളോട് എങ്ങനെ പെരുമാറണം?" അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ നീ വിവാഹമോചനം ചെയ്തേക്കുക." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, അവളുമായി എനിക്ക് നീണ്ട ദാമ്പത്യബന്ധമുണ്ട്. എനിക്ക് അവളിൽ മക്കളുമുണ്ട്." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ ഉപദേശിക്കുക. അവളിൽ നന്മയുണ്ടെങ്കിൽ അവൾ നിന്റെ ഉപദേശം സ്വീകരിക്കും. അവൾ അനുസരിച്ചില്ലെങ്കിൽ, വേദനയില്ലാത്ത വിധത്തിൽ അവളെ അടിക്കുക. നിന്റെ അടിമകളെ അടിക്കുന്നത് പോലെ അവളെ അടിക്കരുത്." പിന്നീട് ലഖീത് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, വുദൂഇനെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നാലും." അവിടുന്ന് പറഞ്ഞു: "വുദൂഅ് ചെയ്യുമ്പോൾ വെള്ളം അതിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക. ഓരോ അവയവവും അതിന് അർഹമായ വിധത്തിൽ കഴുകുകയും ചെയ്യുക; അതിന്റെ ഫർളുകളോ സുന്നത്തുകളോ ഒന്നും വിട്ടുപോകാതെ ശ്രദ്ധിക്കുക എന്നർത്ഥം. അതോടൊപ്പം കൈവിരലുകളും കാൽവിരലുകളും കഴുകുമ്പോൾ അവയ്ക്കിടയിൽ വിരലുകൾ കോർത്തു കൊണ്ട് വിരലുകൾ വേർപ്പെടുത്തി കഴുകുക. വുദൂഇനിടയിൽ മൂക്കിലേക്ക് വെള്ളം ശക്തിയായി വലിച്ചുകയറ്റി പുറത്തേക്ക് ചീറ്റുകയും ചെയ്യുക; നീ നോമ്പുകാരനാണെങ്കിൽ ഒഴികെ. വെള്ളം വയറ്റിൽ പ്രവേശിച്ചേക്കാമെന്നതിനാൽ നോമ്പുള്ളപ്പോൾ മൂക്കിൽ ശക്തിയായി വെള്ളം കയറ്റി ചീറ്റരുത്."
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. അപ്പോൾ അവിടുന്ന് തന്റെ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനായി പോയി. അപ്പോഴാണ് ഞങ്ങൾ ഒരു ചെറിയ പക്ഷിയെ കണ്ടത്; അതിൻ്റെ കൂടെ രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്നു. ഞങ്ങൾ അതിൻ്റെ ആ രണ്ട് കുഞ്ഞുങ്ങളെ എടുത്തു. അപ്പോൾ ആ പക്ഷി ചിറകുകൾ അടിച്ചു വിഷമം കാണിച്ചു. നബി -ﷺ- തിരിച്ചെത്തിയപ്പോൾ അവിടുന്ന് ചോദിച്ചു: "ഈ പക്ഷിയെ അതിന്റെ കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് വിഷമിപ്പിച്ചത് ആരാണ്? അതിന്റെ കുഞ്ഞുങ്ങളെ അതിന് തിരികെ നൽകുക." അവിടുന്ന് ഞങ്ങൾ തീ വെച്ച് കരിച്ച ഒരു ഉറുമ്പിൻ കൂട് കണ്ടപ്പോൾ ഞങ്ങളോട് ചോദിച്ചു: "ഇത് കത്തിച്ചത് ആരാണ്?" ഞങ്ങൾ പറഞ്ഞു: "ഞങ്ങളാണ്." അവിടുന്ന് പറഞ്ഞു: "തീയുടെ രക്ഷിതാവിനല്ലാതെ തീ കൊണ്ട് ശിക്ഷിക്കാൻ പാടില്ല."
رواه أبو داودഅബ്ദുല്ലാഹ് ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: അവർ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. നബി -ﷺ- തന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ പോയപ്പോൾ, സ്വഹാബികൾ ഒരു പക്ഷിയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും കണ്ടു. അവർ കുഞ്ഞുങ്ങളെ എടുത്തു. അപ്പോൾ ആ പക്ഷി തന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതിലുള്ള ദുഃഖത്താൽ ചിറകുകൾ വിരിച്ച് വിഷമിക്കാൻ തുടങ്ങി. നബി -ﷺ- തിരികെ വന്നപ്പോൾ അവിടുന്ന് ചോദിച്ചു: "ഈ പക്ഷിയെ അതിന്റെ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് ദുഃഖിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തത് ആരാണ്?!" എന്നിട്ട് അവിടുന്ന് അതിൻ്റെ കുഞ്ഞുങ്ങളെ അതിന് തിരികെ നൽകാൻ കൽപ്പിച്ചു. മറ്റൊരിക്കൽ, തീ വെച്ചു കരിച്ച ഒരു ഉറുമ്പിൻ കൂട് കണ്ടപ്പോൾ നബി -ﷺ- ചോദിച്ചു: "ഇത് കത്തിച്ചത് ആരാണ്?" ചില സ്വഹാബികൾ പറഞ്ഞു: "ഞങ്ങളാണ്." അപ്പോൾ അവിടുന്ന് അവരോട് പറഞ്ഞു: "അഗ്നിയുടെ സ്രഷ്ടാവായ അല്ലാഹുവിനല്ലാതെ ഒരു ജീവിയെയും തീ കൊണ്ട് ശിക്ഷിക്കാൻ അനുവാദമില്ല."