





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ സഈദ് അൽഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "(മരിച്ച വ്യക്തിയുടെ) ജനാസഃ വെക്കപ്പെടുകയും, ആളുകൾ തങ്ങളുടെ പിരടികളിൽ അവ വഹിക്കുകയും ചെയ്താൽ... ആ ജനാസഃ സൽകർമ്മിയുടേത് ആയിരുന്നെങ്കിൽ അത് പറയും: എന്നെ നിങ്ങൾ വേഗം മുന്നോട്ടു കൊണ്ടു പോകുവിൻ! അത് സൽകർമ്മിയല്ലാത്ത ഒരാളുടേതാണെങ്കിൽ 'തൻ്റെ നാശമേ! എങ്ങോട്ടാണ് തന്നെ കൊണ്ടു പോകുന്നത്?!" എന്നിങ്ങനെ അത് പറയും. എല്ലാ വസ്തുക്കളും അതിൻ്റെ ശബ്ദം കേൾക്കും; മനുഷ്യരൊഴികെ. മനുഷ്യൻ അത് കേട്ടിരുന്നെങ്കിൽ അവൻ ബോധരഹിതനായി വീഴുമായിരുന്നു."
رواه البخاريമരിച്ച വ്യക്തിയുടെ ജനാസഃ കട്ടിലിന് മേൽ വെക്കുകയും, ആളുകൾ അത് തങ്ങളുടെ ചുമലുകളിൽ വഹിക്കുകയും ചെയ്താൽ നടക്കുന്ന കാര്യമാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിക്കുന്നത്. സൽകർമ്മങ്ങൾ പ്രവർത്തിച്ച ഒരു വ്യക്തിയുടെ ജനാസയാണ് അത് എങ്കിൽ 'എന്നെ വേഗം മുന്നോട്ടു കൊണ്ട് പോകൂ' എന്നായിരിക്കും അത് പറയുക. കാരണം തൻ്റെ മുൻപിൽ സുഖാനുഗ്രഹങ്ങളായിരിക്കും അത് കാണുന്നുണ്ടാവുക. എന്നാൽ നന്മ ചെയ്യാത്ത ഒരു വ്യക്തിയുടെ ജനാസയാണ് അത് എങ്കിൽ അസഹ്യമായ ശബ്ദത്തിൽ അത് അട്ടഹസിച്ചു കൊണ്ടിരിക്കും. തൻ്റെ നാശമേ! എന്ന് അലറിവിളിക്കുകയും, തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് അട്ടഹസിക്കുകയുമാണ് അത് ചെയ്യുക. തൻ്റെ മുൻപിൽ കാണുന്ന കഠിനമായ ശിക്ഷ കാരണത്താലാണത്. അതിൻ്റെ അട്ടഹാസം മനുഷ്യനൊഴികെ എല്ലാ ജീവികളും കേൾക്കുന്നതാണ്. മനുഷ്യർ അത് കേട്ടിരുന്നുവെങ്കിൽ ആ ശബ്ദത്തിൻ്റെ കഠിനത കാരണത്താൽ അവർ ബോധരഹിതരായി വീഴുമായിരുന്നു.
മിഖ്ദാദ് ബ്നുൽ അസ്വദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "സൂര്യൻ അന്ത്യനാളിൽ സൃഷ്ടികൾക്ക് അടുത്തേക്ക് കൊണ്ടുവരപ്പെടും; അങ്ങനെ അവരിൽ നിന്ന് ഒരു മൈൽ ദൂരത്തിലാകും. (ഹദീഥിൻ്റെ നിവേദകരിൽ ഒരാളായ) സുലൈം ബ്നു ആമിർ പറയുന്നു: "അല്ലാഹു തന്നെ സത്യം! മൈൽ കൊണ്ട് ഉദ്ദേശ്യം എന്താണെന്ന് എനിക്ക് അറിയുകയില്ല. ഭൂമിയിലെ ദൂരത്തിൻ്റെ അളവാണോ, അതല്ല കണ്ണിൽ സുറുമയിടുന്ന കോലിൻ്റെ അളവാണോ എന്ന്?" നബി (ﷺ) പറയുന്നു: "അങ്ങനെ ജനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് വിയർപ്പിലായിരിക്കുന്നതാണ്. അവരിൽ ചിലരുടെ കണങ്കാൽ വരെയും, മറ്റു ചിലരുടെ കാൽമുട്ടുകൾ വരെയും, ഇനി ചിലരുടെ ഊര വരെയും (വിയർപ്പ്) എത്തിയിട്ടുണ്ടായിരിക്കും. മൂക്കറ്റം വിയർപ്പിൽ മുങ്ങിയവരും അക്കൂട്ടത്തിലുണ്ടാകും." അത് പറഞ്ഞു കൊണ്ട് നബി (ﷺ) തൻ്റെ വായിലേക്ക് വിരൽചൂണ്ടി.
رواه مسلمഅന്ത്യനാളിൽ സൂര്യൻ മനുഷ്യൻ്റെ അടുത്തേക്ക് കൊണ്ടുവരപ്പെടുകയും സമീപത്തേക്ക് എത്തിക്കപ്പെടുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവരുടെ തലക്കുമുകളിൽ ഒരു 'മീൽ' ദൂരത്തിലേക്ക് അത് കൊണ്ടുവരപ്പെടുന്നതാണ്. താബിഈങ്ങളിൽ പെട്ട സുലൈം ബ്നു ആമിർ (رحمه الله) പറയുന്നു: "അല്ലാഹു തന്നെ സത്യം! ഏത് മൈലാണ് നബി (ﷺ) ഉദ്ദേശിച്ചത് എന്ന് എനിക്കറിയില്ല. ഭൂമിയിലുള്ള ദൂരത്തിൻ്റെ അളവാണോ, കണ്ണിൽ സുറുമയിടാൻ ഉപയോഗിക്കുന്ന കോലിൻ്റെ വലുപ്പമാണോ എന്ന്?" അങ്ങനെ മനുഷ്യർ തങ്ങളുടെ പ്രവർത്തനങ്ങളുടെ തോതനുസരിച്ച് വിയർപ്പിൽ മുങ്ങുന്നതാണ്. അവരിൽ ചിലരുടെ കണങ്കാൽ വരെയും, മറ്റു ചിലരുടെ കാൽമുട്ടുകൾ വരെയും, ഇനി ചിലരുടെ കാര്യത്തിൽ അവർ മുണ്ട് എടുത്തു കുത്തുന്ന ഊര വരെയും (വിയർപ്പ്) എത്തിയിട്ടുണ്ടായിരിക്കും. വായിലേക്ക് വരെ വിയർപ്പ് എത്തുകയും, സംസാരിക്കാൻ സാധിക്കാത്ത വിധത്തിൽ വിയർപ്പിൽ അകപ്പെട്ടവരും അവരിലുണ്ടാകും. അതു പറയുമ്പോൾ നബി -ﷺ- തൻ്റെ വായിലേക്ക് വിരൽചൂണ്ടി.
അബൂ ബുർദഃ ബ്നു അബീ മൂസാ (رضي الله عنه) നിവേദനം: അബൂ മൂസക്ക് ഒരിക്കൽ കഠിനമായ വേദന ബാധിച്ചു. തൻ്റെ കുടുബത്തിൽ പെട്ട ഒരു സ്ത്രീയുടെ മടിയിൽ തലവെച്ചിരിക്കെ അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. ആ സ്ത്രീ അദ്ദേഹത്തിന് എന്തോ സംഭവിച്ചെന്ന് കരുതി നിലവിളിച്ചു കരഞ്ഞു. അവരോട് എന്തെങ്കിലും മറുപടി നൽകാൻ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല അദ്ദേഹം. ബോധം തിരിച്ചു വന്നപ്പോൾ അദ്ദേഹം പറഞ്ഞു: "നബി (ﷺ) ബന്ധവിഛേദനം നടത്തിയവരിൽ നിന്ന് ഞാനും ബന്ധവിഛേദനം നടത്തുന്നു. (വിപത്തുകൾ സംഭവിച്ചാൽ) അട്ടഹസിക്കുന്നവളിൽ നിന്നും, തല മുണ്ഡനം ചെയ്യുന്നവളിൽ നിന്നും, വസ്ത്രം വലിച്ചു കീറുന്നവളിൽ നിന്നും നബി -ﷺ- ബന്ധം വിഛേദിച്ചിരിക്കുന്നു.
متفق عليهഅബൂ ബുർദഃ (رضي الله عنه) തൻ്റെ പിതാവായ അബൂ മൂസാ (رضي الله عنه) യുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അബൂ മൂസാക്ക് (رضي الله عنه) ഒരിക്കൽ കഠിനമായ രോഗം ബാധിക്കുകയും അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. അദ്ദേഹത്തിൻ്റെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീയുടെ മടിയിൽ തലവെച്ചു കൊണ്ടായിരുന്നു ആ സമയം അദ്ദേഹം ഉണ്ടായിരുന്നത്. അപ്പോൾ അവർ വിലപിക്കുകയും അദ്ദേഹത്തിൻ്റെ പ്രയാസത്തിൽ ആർത്തലക്കുകയും ചെയ്തു. അദ്ദേഹം ബോധരഹിതനായിരുന്നു എന്നതിനാൽ ആ സമയം അവരെ തിരുത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ ബോധം തിരിച്ചു ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നബി (ﷺ) ബന്ധവിഛേദനം നടത്തിയവരിൽ നിന്ന് ഞാനും ബന്ധവിഛേദനം നടത്തുന്നു. നബി (ﷺ) ഈ പറയുന്നവരിൽ നിന്നെല്ലാം ബന്ധം മുറിച്ചിരിക്കുന്നു: സ്വാലിഖഃ : വിപത്തിൻ്റെ വേളയിൽ ശബ്ദം ഉയർത്തുന്നവരാണ് അക്കൂട്ടർ. ഹാലിഖഃ : വിപത്തുകൾ ബാധിച്ചാൽ തല മൊട്ടയടിക്കുന്ന സ്ത്രീകളാണ് അവർ. ശാഖ്ഖഃ : പ്രയാസങ്ങളുടെ വേളകളിൽ വസ്ത്രം വലിച്ചു കീറുന്നവളാണ് അവൾ. ഈ കാര്യങ്ങളെല്ലാം വിവരമില്ലാത്ത ജാഹിലിയ്യാ കാലഘട്ടത്തിൻ്റെ സ്വഭാവങ്ങളിൽ പെട്ടതാണെന്നതിനാലാണ് നബി (ﷺ) ഇപ്രകാരം പറഞ്ഞത്. വിപത്തുകളിൽ ക്ഷമ അവലംബിക്കാനും, അല്ലാഹുവിങ്കൽ അതിനുള്ള പ്രതിഫലം പ്രതീക്ഷിക്കാനുമാണ് അവിടുന്ന് കൽപ്പിച്ചിട്ടുള്ളത്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ ആറു കാര്യങ്ങളാണ്." ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?" നബി (ﷺ) പറഞ്ഞു: "അവനെ കണ്ടുമുട്ടിയാൽ നീ സലാം പറയുക. നിന്നെ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക. നിന്നോട് ഉപദേശം തേടിയാൽ അവന് സദുപദേശം നൽകുക. അവൻ തുമ്മുകയും 'അൽഹംദുലില്ലാഹ്' എന്ന് പറയുകയും ചെയ്താൽ അവന് വേണ്ടി കാരുണ്യത്തിനായി പ്രാർത്ഥിക്കുക. അവൻ രോഗിയായാൽ സന്ദർശിക്കുക. അവൻ മരണപ്പെട്ടാൽ (അവൻ്റെ ജനാസയെ) അനുഗമിക്കുക."
رواه مسلمഒരു മുസ്ലിമിന് മറ്റു മുസ്ലിംകളോടുള്ള ബാധ്യതകളിൽ പെട്ട ആറു കാര്യങ്ങളാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിക്കുന്നത്. ഒന്ന്: ഒരു മുസ്ലിമിനെ കണ്ടുമുട്ടിയാൽ അവനോട് സലാം പറയണം. 'അസ്സലാമു അലൈക്കും' എന്നാണ് അവൻ പറയേണ്ടത്. സലാം പറഞ്ഞാൽ 'വ അലൈക്കുമുസ്സലാം' എന്ന് അവൻ മറുപടി നൽകുകയും വേണം. രണ്ട്: അവൻ വിവാഹസദ്യക്കോ മറ്റോ ക്ഷണിച്ചാൽ അവൻ്റെ ക്ഷണം സ്വീകരിക്കണം. മൂന്ന്: ഉപദേശം തേടിയാൽ അവനെ ഗുണദോഷിക്കണം. സത്യം തുറന്നു ബോധിപ്പിക്കാതെ അവനോട് ഭംഗിവാക്കുകൾ പറയുകയോ, അവനെ വഞ്ചിക്കുകയോ ചെയ്യരുത്. നാല്: അവൻ തുമ്മുകയും, ശേഷം 'അൽഹംദുലില്ലാഹ്' എന്ന് പറയുകയും ചെയ്താൽ 'യർഹമുകല്ലാഹ്' (അല്ലാഹു നിനക്ക് കരുണ ചെയ്യട്ടെ) എന്ന് പറഞ്ഞു കൊണ്ട് അവനായി പ്രാർത്ഥിക്കണം. അതിന് മറുപടിയായി 'അല്ലാഹു നിങ്ങളെ നേർവഴിയിലാക്കുകയും നിങ്ങളുടെ കാര്യങ്ങൾ നന്നാക്കുകയും ചെയ്യട്ടെ' എന്ന് ആദ്യത്തെയാൾ മറുപടി പറയുകയും ചെയ്യണം. അഞ്ച്: അവൻ രോഗിയായാൽ സന്ദർശിക്കണം. ആറ്: അവൻ മരണപ്പെട്ടാൽ അവൻ്റെ ജനാസഃ നിസ്കരിക്കുകയും, അവനെ മറവു ചെയ്യുന്നത് വരെ അവൻ്റെ ജനാസഃയെ പിന്തുടരുകയും വേണം.
ആഇശാ (رَضيَ اللهُ عنها) നിവേദനം: നബി ﷺ യുടെ മരണം നടന്ന രോഗം ബാധിച്ച വേളയിൽ അവിടുന്ന് പറയുമായിരുന്നു: "യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! തങ്ങളുടെ നബിമാരുടെ ഖബ്റുകളെ അവർ ആരാധനാകേന്ദ്രങ്ങളാക്കി." ആഇശാ (رَضيَ اللهُ عنها) പറയുന്നു: ഇക്കാര്യം നബി (ﷺ) യുടെ കാര്യത്തിലും ഭയപ്പെട്ടില്ലായിരുന്നെങ്കിൽ അവിടുത്തെ ഖബ്ർ (ജനങ്ങൾക്ക് വീക്ഷിക്കാവുന്ന വിധത്തിൽ) പ്രകടമാകുമായിരുന്നു. എന്നാൽ അവിടുത്തെ ഖബ്ർ മസ്ജിദാക്കപ്പെടുമെന്ന ഭയമുണ്ടായിരുന്നു."
متفق عليهമുഅ്മിനീങ്ങളുടെ മാതാവായ ആഇശ (رَضيَ اللهُ عنها) നബി ﷺ തൻ്റെ വഫാത്തിൻ്റെ രോഗത്തിൽ പറയാറുണ്ടായിരുന്ന കാര്യമാണ് ഈ ഹദീഥിലൂടെ അറിയിക്കുന്നത്. നബി ﷺ പറയുമായിരുന്നു: "യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കുകയും അവൻ്റെ കാരുണ്യത്തിൽ നിന്ന് അവരെ അകറ്റുകയും ചെയ്യട്ടെ! കാരണം തങ്ങളുടെ നബിമാരുടെ ഖബ്റുകളെ അവർ ആരാധനാകേന്ദ്രങ്ങളാക്കിയിരിക്കുന്നു. ഖബ്റുകൾക്ക് മീതെ കെട്ടിടം പണിഞ്ഞു കൊണ്ടും, അവയുടെ അരികിലും അവയിലേക്ക് തിരിഞ്ഞു കൊണ്ടും ആരാധനകൾ നിർവ്വഹിച്ചുമാണ് അവർ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കിയത്. ശേഷം ആഇശാ (رَضيَ اللهُ عنها) പറഞ്ഞു: "നബി ﷺ വിലക്കുകയും അവിടുന്ന് താക്കീത് നൽകുകയും ചെയ്ത കാരണത്താലും, നബി ﷺ യുടെ ഖബ്റിൻ്റെ അടുക്കൽ യഹൂദനസ്വാറാക്കൾ ചെയ്തു കൂട്ടിയത് പോലുള്ള കാര്യങ്ങൾ സംഭവിക്കുമോ എന്ന ഭയം കാരണത്താലുമാണ് നബി ﷺ യുടെ ഖബ്ർ (ആഇശാ (رَضيَ اللهُ عنها) യുടെ മുറിക്കുള്ളിലായത്). അതല്ലായെങ്കിൽ, അവിടുത്തെ ഖബ്ർ ജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ ആകുമായിരുന്നു.
അബൂ സഈദ് അൽ-ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- ഊറയിട്ട ഒരു തോൽപാത്രത്തിൽ കുറച്ച് സ്വർണ്ണം യമനിൽ നിന്ന് നബി -ﷺ- ക്ക് കൊടുത്തയച്ചു. ആ സ്വർണ്ണം മണ്ണിൽ നിന്ന് പൂർണ്ണമായി വേർതിരിച്ചു കഴിഞ്ഞതായിരുന്നില്ല. നബി -ﷺ- നാല് പേർക്കായി ആ സ്വർണ്ണം വീതിച്ചു നൽകി; ഉയയ്നതു ബ്നു ബദ്ർ, അഖ്റഅ് ബ്നു ഹാബിസ്, സയ്ദുൽ ഖയ്ൽ എന്നിവർക്കും, നാലാമത് അൽഖമക്കോ ആമിർ ബ്നു ത്വുഫൈലിനോ ആയിരുന്നു അത് നൽകിയത്. അപ്പോൾ നബി -ﷺ- യുടെ അനുചരന്മാരിൽ ഒരാൾ പറഞ്ഞു: "ഇവരേക്കാൾ ഇതിന് അർഹതയുള്ളത് ഞങ്ങൾക്കായിരുന്നു." ഇക്കാര്യം അറിഞ്ഞപ്പോൾ നബി -ﷺ- പറഞ്ഞു: "ഉപരിയിലുള്ള റബ്ബിൻ്റെ വിശ്വസ്തനാണ് ഞാനെന്നിരിക്കെ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലേ?! രാവിലെയും വൈകുന്നേരവും എനിക്ക് ആകാശലോകത്ത് നിന്ന് സന്ദേശം എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു." അബൂ സഈദ് (رضي الله عنه) പറയുന്നു: "അപ്പോൾ ഒരാൾ എഴുനേറ്റു നിന്നു. അയാൾ കുഴിഞ്ഞ കണ്ണുകളും തള്ളിനിൽക്കുന്ന മേൽക്കവിളും ഉന്തിയ നെറ്റിയും തിങ്ങിയ താടിയും മുണ്ഡനം ചെയ്ത തലയും കയറ്റിയുടുത്ത വസ്ത്രവുമുള്ള ഒരുവനായിരുന്നു. എന്നിട്ട് അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ സൂക്ഷിക്കുക!" അവിടുന്ന് പറഞ്ഞു: "നിനക്ക് നാശം! ഭൂവാസികളിൽ അല്ലാഹുവിനെ സൂക്ഷിക്കാൻ ഏറ്റവും അർഹതയുള്ളവൻ ഞാനല്ലയോ?!" അബൂ സഈദ് പറയുന്നു: പിന്നീട് അയാൾ തിരിഞ്ഞു പോയി. അപ്പോൾ ഖാലിദ് ബ്നു വലീദ് (رضي الله عنه) ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അവൻ്റെ തല ഞാനെടുക്കട്ടെയോ?!" നബി -ﷺ- പറഞ്ഞു: "വേണ്ട! അവൻ ചിലപ്പോൾ നിസ്കരിക്കുന്നുണ്ടായിരിക്കാം." അപ്പോൾ ഖാലിദ് (رضي الله عنه) പറഞ്ഞു: "നിസ്കരിക്കുന്ന എത്ര പേരുണ്ട്; തൻ്റെ ഹൃദയത്തിലില്ലാത്തത് അവൻ നാവ് കൊണ്ട് പറയുന്നുവെന്ന് മാത്രം!" നബി -ﷺ- പറഞ്ഞു: "ജനങ്ങളുടെ ഹൃദയം പിളർത്തി നോക്കാനും, അവരുടെ വയറ് തുറന്നു നോക്കാനും ഞാൻ കൽപ്പിക്കപ്പെട്ടിട്ടില്ല." ശേഷം തിരിഞ്ഞു നടക്കുന്ന അവനെ നോക്കിക്കൊണ്ട് നബി -ﷺ- പറഞ്ഞു: "ഇവൻ്റെ മുതുകിൽ നിന്ന് ഒരു കൂട്ടർ പുറപ്പെടുന്നതാണ്. അല്ലാഹുവിൻ്റെ ഗ്രന്ഥം അവർ നനവോടെ പാരായണം ചെയ്യുമെങ്കിലും അവരുടെ തൊണ്ടക്കുഴിയിൽ നിന്ന് അത് താഴോട്ടിറങ്ങുകയില്ല. അമ്പ് വില്ലിൽ നിന്ന് തെറിക്കുന്നത് പോലെ, അല്ലാഹുവിൻ്റെ ദീനിൽ നിന്ന് അക്കൂട്ടർ പുറത്തു പോകുന്നതാണ്." അവിടുന്ന് ഇപ്രകാരം കൂടെ പറഞ്ഞുവെന്നാണ് എൻ്റെ ഓർമ്മ: "അക്കൂട്ടരെ ഞാനെങ്ങാനും കണ്ടുമുട്ടുകയാണെങ്കിൽ ഥമൂദ് ഗോത്രത്തെ നശിപ്പിച്ചത് പോലെ ഞാൻ അവരെ കൊന്നൊടുക്കുന്നതാണ്."
متفق عليهഅലി ബ്നു അബീ ത്വാലിബ് (رضي الله عنه) യമനിൽ നിന്ന് നബി -ﷺ- ക്ക് ഒരു സ്വർണ്ണക്കട്ടി അയച്ചു കൊടുത്തു. ഊറയിട്ട ഒരു തോൽ പാത്രത്തിലായിരുന്നു അത് അയച്ചത്. അതിലെ സ്വർണ്ണമാകട്ടെ, മണ്ണിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ട നിലയിലായിരുന്നുമില്ല. നബി -ﷺ- നാല് പേർക്കായി അത് വീതംവെച്ചു നൽകി. ഉയയ്നഃ ബ്നു ബദ്റിൽ ഫസാരീ, അഖ്റഉ ബ്നു ഹാബിസ് അൽഹന്ദ്വലി, സയ്ദുൽ ഖൈൽ അന്നബ്ഹാനീ, അൽഖമതു ബ്നു അലാഥഃ അൽആമിരീ എന്നിവർക്കായിരുന്നു അവിടുന്ന് അത് നൽകിയത്. അപ്പോൾ നബി -ﷺ- യുടെ സ്വഹാബിമാരിൽ പെട്ട ഒരാൾ പറഞ്ഞു: അവരേക്കാൾ ഞങ്ങൾക്കായിരുന്നു അതിന് അർഹതയുണ്ടായിരുന്നത്. ഈ വിവരം നബി -ﷺ- അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "ഉപരിയിലുള്ള റബ്ബിൻ്റെ വിശ്വസ്തനാണ് ഞാനെന്നിരിക്കെ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലേ?! രാവിലെയും വൈകുന്നേരവും എനിക്ക് ആകാശലോകത്ത് നിന്നുള്ള വിവരങ്ങൾ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു." അപ്പോൾ കണ്ണുകൾ ഉള്ളിലേക്ക് കുഴിഞ്ഞു പോയ, കവിളിൻ്റെ മുകൾ ഭാഗം ഉന്തിനിൽക്കുന്ന, ഉയർന്ന നെറ്റിയും, നീളമില്ലെങ്കിലും തിങ്ങിനിൽക്കുന്ന താടിയുള്ള, തലമുണ്ഡനം ചെയ്ത, തൻ്റെ കീഴ്മുണ്ട് കയറ്റിയുടുത്ത ഒരുവൻ പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരേ! അല്ലാഹുവിനെ സൂക്ഷിക്കുക! അപ്പോൾ നബി -ﷺ- പറഞ്ഞു: "നിനക്ക് നാശം! അല്ലാഹുവിനെ സൂക്ഷിക്കാൻ ഏറ്റവും അർഹതയുള്ള മനുഷ്യൻ ഞാനല്ലയോ?!" ശേഷം അയാൾ പിന്തിരിഞ്ഞു പോയി. അപ്പോൾ ഖാലിദ് ബ്നു വലീദ് (رضي الله عنه) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! അവൻ്റെ കഴുത്തിന് ഞാൻ വെട്ടട്ടെയോ?! നബി -ﷺ- പറഞ്ഞു: "വേണ്ട! അവൻ ചിലപ്പോൾ നിസ്കരിക്കുന്നുണ്ടായിരിക്കാം." അപ്പോൾ ഖാലിദ് (رضي الله عنه) പറഞ്ഞു: "തൻ്റെ ഹൃദയത്തിലില്ലാത്തത് നാവ് കൊണ്ട് പറയുന്ന എത്രയെത്ര നിസ്കാരക്കാരുണ്ട്?!" ഇത് കേട്ടപ്പോൾ നബി ﷺ പറഞ്ഞു: "ജനങ്ങളുടെ ഹൃദയം കുത്തിപ്പിളർന്നു നോക്കാനോ അവരുടെ വയറുകൾ കീറിനോക്കാനോ എന്നോട് കൽപ്പിച്ചിട്ടില്ല. മറിച്ച്, അവരുടെ പ്രത്യക്ഷമായ നടപടികളുടെ പേരിൽ മാത്രമേ അവരെ എനിക്ക് ശിക്ഷിക്കാനാകൂ." ശേഷം, തിരിഞ്ഞു നടക്കുന്ന ആ മനുഷ്യനെ നോക്കി നബി -ﷺ- പറഞ്ഞു: "ഇവൻ്റെ പിൻമുറക്കാരിൽ നിന്നും, ഇവൻ്റെ കൂട്ടരുടെയോ ഗോത്രക്കാരുടെയോ പിന്മുറക്കാരിൽ നിന്നും ഒരു വിഭാഗം പുറപ്പെടുന്നതാണ്. അല്ലാഹുവിൻ്റെ ഗ്രന്ഥം മനോഹരമായ ശബ്ദത്തോടെ പാരായണം ചെയ്യാൻ അവർക്ക് കഴിവുണ്ടായിരിക്കും. ധാരാളം ഖുർആൻ പാരായണം ചെയ്ത നനവും അവരുടെ നാവുകൾക്കുണ്ടായിരിക്കും. എന്നാൽ ഖുർആൻ അവരുടെ തൊണ്ടക്കുഴികളെ വിട്ട് അവരുടെ ഹൃദയത്തിലേക്ക് ഗ്രഹിച്ചിറങ്ങുകയോ, അവരുടെ മനസ്സുകളെ ശരിപ്പെടുത്തുകയോ ചെയ്തിരിക്കില്ല. അല്ലാഹുവിലേക്ക് അവരുടെ പാരായണം ഉയർന്നെത്തുകയോ അവനത് സ്വീകരിക്കുകയോ ചെയ്യില്ല. വില്ലിൽ നിന്ന് അമ്പ് തെറിച്ചു പോകുന്ന വേഗതയിൽ ക്ഷണനേരം കൊണ്ട് അവർ ഇസ്ലാമിൽ നിന്ന് തെറിച്ചു പോകുന്നതാണ്." ഹദീഥിൻ്റെ നിവേദകരിൽ ഒരാൾ പറയുന്നു: നബി -ﷺ- ഇത്ര കൂടി പറഞ്ഞുവെന്നാണ് എൻ്റെ ഓർമ്മ. "മുസ്ലിംകൾക്കെതിരെ ആയുധവുമായി ഇക്കൂട്ടർ പുറപ്പെടുന്നത് എൻ്റെ കാലഘട്ടത്തിലെങ്ങാനുമാണെങ്കിൽ അവരെ ഞാൻ നിശ്ശേഷം വധിച്ചു കളയുന്നതാണ്; ഥമൂദ് ഗോത്രത്തെ (അല്ലാഹു) നശിപ്പിച്ചതു പോലെ."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സ്വർഗത്തിൽ നിങ്ങളിലൊരാൾക്ക് നൽകപ്പെടുന്ന ഏറ്റവും ചെറിയ പദവിയെന്നാൽ അവനോട് ഇപ്രകാരം പറയപ്പെടലാണ്: നീ ആഗ്രഹിച്ചു കൊള്ളുക. അങ്ങനെ അവൻ ആഗ്രഹിക്കുകയും വീണ്ടും ആഗ്രഹങ്ങൾ അധികരിപ്പിക്കുകയും ചെയ്യും. (അവസാനം) അവനോട് ചോദിക്കപ്പെടും: "നീ ആഗ്രഹിച്ചു കഴിഞ്ഞോ?" അവൻ പറയും: "അതെ." അപ്പോൾ അവനോട് പറയും: "എങ്കിൽ നിനക്ക് നീ ആഗ്രഹിച്ചതും അതിനോടൊപ്പം അതിന് തുല്യമായതും ഉണ്ട്."
رواه مسلمസ്വർഗത്തിലെ ഏറ്റവും ചെറുതും താഴെയുള്ളതുമായ പദവി എന്താണെന്ന് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. ഈ പദവിയിലുള്ള വ്യക്തിയോട് പറയപ്പെടും: നീ ആഗ്രഹങ്ങളെല്ലാം മനസ്സിൽ വിചാരിച്ചു കൊള്ളുക. അങ്ങനെ അവൻ ആഗ്രഹങ്ങൾ ആലോചിക്കുകയും, വീണ്ടും ആഗ്രഹിക്കുകയും ചെയ്യും. അവസാനം ഒരു ആഗ്രഹവും ബാക്കിയില്ലാത്ത വിധം തൻ്റെ ആഗ്രഹങ്ങളെല്ലാം അവൻ ഓർക്കും. അപ്പോൾ അവനോട് ചോദിക്കപ്പെടും. നീ ആഗ്രഹിച്ചു കഴിഞ്ഞോ?! അവൻ പറയും: അതെ. അപ്പോൾ അവനോട് പറയും:"എങ്കിൽ നിനക്ക് നീ ആഗ്രഹിച്ചതും അതോടൊപ്പം അതിന് തുല്യമായതും ഉണ്ട്."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാളുടെ ക്ഷണം സ്വീകരിച്ചു വന്നെത്തിയ (സദസ്സിൽ) ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്നു. അങ്ങനെ അവിടുത്തേക്ക് (ആടിൻ്റെ) തുടയുടെ മാംസഭാഗം നൽകപ്പെട്ടു; നബി -ﷺ- ക്ക് അത് ഇഷ്ടമായിരുന്നു. അവിടുന്ന് തൻ്റെ മുൻപല്ലുകൾ കൊണ്ട് അത് ഒരു കടി കടിച്ചു; ശേഷം പറഞ്ഞു: "ഖിയാമത് നാളിൽ മനുഷ്യരുടെ നേതാവ് ഞാനായിരിക്കും. എന്തു കൊണ്ടാണത് എന്ന് നിങ്ങൾക്കറിയുമോ?! അല്ലാഹു മനുഷ്യരിൽ ആദ്യകാലക്കാരെയും അവസാനകാലക്കാരെയും ഒരൊറ്റ പ്രതലത്തിൽ ഒരുമിച്ചു കൂട്ടും; ഒരാൾ നോക്കിയാൽ എല്ലാവരെയും വീക്ഷിക്കാനും, ഒരാൾ വിളിച്ചാൽ ഏവർക്കും കേൾക്കാനും കഴിയുംവിധം. സൂര്യൻ അവരുടെ അടുത്തേക്ക് വന്നെത്തും; അങ്ങനെ ജനങ്ങൾ അവർക്ക് സഹിക്കാനോ താങ്ങാനോ കഴിയാത്ത തരത്തിലുള്ള ഇടുക്കത്തിലും പ്രയാസത്തിലും ആയിത്തീരും. അതോടെ ജനങ്ങൾ പറയും: "നിങ്ങൾ എത്തിപ്പെട്ടിരിക്കുന്ന ഈ കടുത്ത പ്രയാസം നിങ്ങൾ കാണുന്നില്ലേ? നിങ്ങളുടെ റബ്ബിനോട് നിങ്ങൾക്ക് വേണ്ടി ശുപാർശ പറയാൻ ഒരാളെ നോക്കുകയല്ലേ?!" അങ്ങനെ ജനങ്ങളിൽ ചിലർ മറ്റു ചിലരോട് പറയും: "നിങ്ങളുടെ പിതാവ് ആദമുണ്ട്." അവർ ആദമിൻ്റെ അരികിൽ ചെന്ന് അദ്ദേഹത്തോട് പറയും: "ഹേ ആദം! താങ്കൾ മനുഷ്യരുടെ പിതാവാണ്. അല്ലാഹു അവൻ്റെ കരം കൊണ്ട് താങ്കളെ സൃഷ്ടിക്കുകയും, (അവൻ സൃഷ്ടിച്ച) അവൻ്റെ ആത്മാവ് താങ്കളിൽ ഊതുകയും, മലക്കുകളോട് താങ്കൾക്ക് സാഷ്ടാംഗം ചെയ്യാൻ കൽപ്പിക്കുകയും, അങ്ങനെ അവർ താങ്കൾക്ക് (ആദരവിന്റെ) സുജൂദ് ചെയ്യുകയും ഉണ്ടായി. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് താങ്കൾ ശുപാർശ ചെയ്താലും. ഞങ്ങളുടെ അവസ്ഥയും ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന സ്ഥിതിയും താങ്കൾ കാണുന്നില്ലേ?!" ആദം -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ആ വൃക്ഷത്തിൽ നിന്ന് അവൻ എന്നെ വിലക്കിയിരുന്നു; പക്ഷേ ഞാൻ അവനോട് അനുസരണക്കേട് കാണിച്ചു; എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ നൂഹിൻ്റെ അരികിൽ പോവുക." അങ്ങനെ അവർ നൂഹിൻ്റെ (عليه السلام) അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ നൂഹ്! ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട റസൂലുകളിൽ ആദ്യത്തെയാൾ താങ്കളാണ്. നന്ദിയുള്ള അടിമ എന്ന് അല്ലാഹു താങ്കൾക്ക് പേര് നൽകിയിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് താങ്കൾ ശുപാർശ പറഞ്ഞാലും. ഞങ്ങളുടെ അവസ്ഥ താങ്കൾ കാണുന്നില്ലേ?! " നൂഹ് -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഉത്തരം നൽകപ്പെടുന്ന ഒരു പ്രാർത്ഥന എനിക്കുണ്ടായിരുന്നു; എൻ്റെ ജനതക്കെതിരെയാണ് ഞാൻ ആ പ്രാർത്ഥന നടത്തിയത്. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ ഇബ്റാഹീമിൻ്റെ (عليه السلام) അരികിൽ പോവുക." ജനങ്ങൾ ഇബ്റാഹീമിൻ്റെ (عليه السلام) അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ ഇബ്റാഹീം! താങ്കൾ അല്ലാഹുവിൻ്റെ നബിയും ഭൂമിയിൽ വസിച്ചവരിൽ നിന്ന് അവൻ ഖലീലായി സ്വീകരിച്ചവനുമാണ്. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" ഇബ്റാഹീം -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഞാൻ മൂന്നു കളവുകൾ പറഞ്ഞു പോയിരിക്കുന്നു. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മൂസായുടെ അരികിൽ പോവുക." ജനങ്ങൾ മൂസാ -عَلَيْهِ السَّلَامُ- യുടെ അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ മൂസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലാകുന്നു. അല്ലാഹു നുബുവ്വത് നൽകിക്കൊണ്ടും, അവൻ താങ്കളോട് സംസാരിച്ചു കൊണ്ടും ജനങ്ങൾക്ക് മേൽ താങ്കൾക്ക് ശ്രേഷ്ഠത നൽകിയിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" മൂസാ -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; ഇതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. എന്നോട് കൽപ്പിക്കപ്പെടാത്ത ഒരാളെ ഞാൻ വധിച്ചു പോയിരിക്കുന്നു. എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മർയമിന്റെ മകൻ ഈസായുടെ അരികിൽ പോവുക." ജനങ്ങൾ ഈസാ -عَلَيْهِ السَّلَامُ- ൻ്റെ അരികിൽ ചെന്നു കൊണ്ട് പറയും: "ഹേ ഈസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലും, മർയമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത അവൻ്റെ വചനവും, അവൻ സൃഷ്ടിച്ച ആത്മാവുമാകുന്നു. തൊട്ടിലിൽ ആയിരിക്കെ താങ്കൾ ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ റബ്ബിനോട് ശുപാർശ പറയുക! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" ഈസാ -عَلَيْهِ السَّلَامُ- പറയും: "എൻ്റെ റബ്ബ് ഇന്ന് കഠിനമായി കോപിച്ചിരിക്കുന്നു; അതു പോലെ അവൻ മുൻപ് കോപിച്ചിട്ടില്ല. ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല." അദ്ദേഹം ഏതെങ്കിലും തെറ്റു ചെയ്തതായി പറയുകയില്ല. "എൻ്റെ കാര്യം! എൻ്റെ കാര്യം! എൻ്റെ കാര്യം! നിങ്ങൾ ഞാനല്ലാത്ത മറ്റൊരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ മുഹമ്മദ് നബി -ﷺ- യുടെ അരികിൽ പോവുക." അങ്ങനെ ജനങ്ങൾ മുഹമ്മദ് നബി -ﷺ- യുടെ അരികിൽ വന്നു കൊണ്ട് പറയും: "ഹേ മുഹമ്മദ്! താങ്കൾ അല്ലാഹുവിൻ്റെ റസൂലും, നബിമാരിൽ അന്തിമനുമാകുന്നു. താങ്കളുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ തെറ്റുകളെല്ലാം അല്ലാഹു താങ്കൾക്ക് പൊറുത്തു തന്നിരിക്കുന്നു. താങ്കളുടെ റബ്ബിനോട് ഞങ്ങൾക്ക് വേണ്ടി ശുപാർശ പറയൂ! ഞങ്ങൾ അകപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" അങ്ങനെ ഞാൻ പുറപ്പെടുകയും, അല്ലാഹുവിൻ്റെ അർശിനു താഴെ എത്തുകയും ചെയ്യും. എന്നിട്ട് എൻ്റെ റബ്ബിന് മുൻപിൽ ഞാൻ സുജൂദിൽ വീഴും; ശേഷം എനിക്ക് മുൻപ് മറ്റൊരാൾക്കും അല്ലാഹു തുറന്നു കൊടുത്തിട്ടില്ലാത്ത സ്തുതികളും റബ്ബിനെ പുകഴ്ത്താനുള്ള മനോഹരമായ വചനങ്ങളും അല്ലാഹു എനിക്ക് തുറന്നു തരും. ശേഷം എന്നോട് പറയപ്പെടും: "ഹേ മുഹമ്മദ്! താങ്കളുടെ ശിരസ്സ് ഉയർത്തുക; താങ്കൾ ചോദിക്കുക; താങ്കൾ ചോദിക്കുന്നത് നൽകപ്പെടും. താങ്കൾ ശുപാർശ പറയുക; താങ്കളുടെ ശുപാർശ സ്വീകരിക്കപ്പെടും." അപ്പോൾ ഞാൻ എൻ്റെ തലയുയർത്തും; എന്നിട്ട് പറയും: "എൻ്റെ റബ്ബേ! എൻ്റെ ജനത! എൻ്റെ റബ്ബേ! എൻ്റെ ജനത! എൻ്റെ റബ്ബേ! എൻ്റെ ജനത!" അപ്പോൾ പറയപ്പെടും: "ഹേ മുഹമ്മദ്! താങ്കളുടെ ഉമ്മത്തിൽ നിന്ന് വിചാരണയില്ലാത്തവരെ സ്വർഗത്തിൻ്റെ വലതു ഭാഗത്തുള്ള വാതിലിൽ കൂടെ പ്രവേശിപ്പിക്കുക. അതിനു പുറമെയുള്ള സ്വർഗത്തിൻ്റെ വാതിലുകളിൽ അവർ ജനങ്ങളോട് പങ്കുചേരുന്നവരാണ്." ശേഷം നബി -ﷺ- പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! സ്വർഗകവാടങ്ങളുടെ രണ്ടു വശങ്ങൾക്കിടയിൽ മക്കയുടെയും ഹിംയറിൻ്റെയും ഇടയിലുള്ളതു പോലെ, അല്ലെങ്കിൽ മക്കയുടെയും ബുസ്റായുടെയും ഇടയിലുള്ളതു പോലെ വിസ്താരമുണ്ട്."
متفق عليهനബി -ﷺ- ഒരിക്കൽ തൻ്റെ അനുചരന്മാരായ സ്വഹാബികളോടൊപ്പം ഒരു വിരുന്നിൽ സംബന്ധിക്കുകയായിരുന്നു. അങ്ങനെയിരിക്കെ അവിടുത്തേക്ക് ആടിൻ്റെ തുടയുടെ മാംസഭാഗം കഴിക്കാനായി നൽകപ്പെട്ടു. ആടിൻ്റെ മാംസത്തിൽ അവിടുത്തേക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഭാഗമായിരുന്നു അത്. തൻ്റെ പല്ലുകളുടെ അറ്റം കൊണ്ട് അതിൽ നിന്ന് ഒരു കഷ്ണം കടിച്ചെടുത്തു കൊണ്ട് അവിടുന്ന് അവരോട് സംസാരിക്കാൻ ആരംഭിച്ചു. നബി -ﷺ- പറഞ്ഞു: ഖിയാമത്ത് നാളിൽ ഞാൻ ആദം സന്തതികളുടെ നേതാവായിരിക്കും. അല്ലാഹു നബി -ﷺ- ക്ക് നൽകിയ അനുഗ്രഹം എടുത്തു പറയുക എന്ന ഉദ്ദേശ്യത്തിലായിരുന്നു അവിടുന്ന് അത് പറഞ്ഞത്. ശേഷം നബി -ﷺ- പറഞ്ഞു: "എന്തു കൊണ്ടാണ് അപ്രകാരം എന്ന് നിങ്ങൾക്കറിയുമോ? ജനങ്ങൾ അന്ത്യനാളിൽ ഒരേ വിധത്തിൽ നീണ്ടുപരന്നു കിടക്കുന്ന ഒരു വിശാലമായ ഭൂപ്രദേശത്താണ് ഒരുമിച്ചു കൂട്ടപ്പെടുക. അവിടെ വിളംബരം നടത്തുന്നവൻ്റെ ശബ്ദം എല്ലാവർക്കും കേൾക്കാൻ കഴിയും; നിരീക്ഷകന്മാർക്ക് അവരിൽ ഒരാളെയും മറഞ്ഞു പോകാത്ത വിധം അവരെ കാണാനും കഴിയും. അവർ നിൽക്കുന്നത് പരന്ന ഒരു ഭൂപ്രദേശത്താണെന്നതിനാൽ ഒരാൾക്കും നിരീക്ഷകന്മാരിൽ നിന്ന് മറഞ്ഞു നിൽക്കാൻ കഴിയില്ല. അവരിൽ ഒരാൾ സംസാരിച്ചാൽ എല്ലാവർക്കും അവരെ കേൾക്കാനും, കാണാനും സാധിക്കും. സൂര്യൻ മറ്റു സൃഷ്ടികളോട് ഒരു മൈൽ ദൂരത്തിൽ അടുക്കുന്ന സന്ദർഭമാണത്. പ്രയാസവും കഠിനതയും അവർക്ക് താങ്ങാൻ കഴിയാത്ത വിധത്തിൽ അവരെ മൂടിക്കളയും. അങ്ങനെ ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്താൻ ശുപാർശകരായി ആരെയെങ്കിലും ലഭിക്കുമോ എന്നവർ അന്വേഷിക്കും. അങ്ങനെ അവരിൽ ഈമാനുള്ളവരായ ദാസന്മാർക്ക് മനുഷ്യപിതാവായ ആദമിൻ്റെ (عليه السلام) അരികിൽ പോകാൻ അല്ലാഹു മനസ്സിൽ തോന്നിപ്പിക്കും. അവർ ആദം നബിയുടെ അരികിൽ (عليه السلام) ചെല്ലുകയും, അദ്ദേഹത്തിൻ്റെ ശ്രേഷ്ഠതകൾ എടുത്തു പറഞ്ഞു കൊണ്ട് തങ്ങൾക്കായി അല്ലാഹുവിങ്കൽ ശുപാർശ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. അവർ പറയും: താങ്കൾ മനുഷ്യരുടെ പിതാവാണ്. അല്ലാഹു അവൻ്റെ കരങ്ങൾ കൊണ്ട് താങ്കളെ സൃഷ്ടിച്ചിരിക്കുന്നു. മലക്കുകളെ താങ്കൾക്ക് മുൻപിൽ സുജൂദ് ചെയ്യിപ്പിച്ചിരിക്കുന്നു. എല്ലാ വസ്തുക്കളുടെയും നാമങ്ങളും അവൻ താങ്കൾക്ക് പഠിപ്പിച്ചു തന്നിരിക്കുന്നു. അവൻ്റെ പക്കൽ നിന്നുള്ള ആത്മാവ് അവൻ താങ്കളിൽ ഊതുകയും ചെയ്തിരിക്കുന്നു. അപ്പോൾ ആദം (عليه السلام) അവരോട് ഒഴിവുകഴിവ് ബോധിപ്പിച്ചു കൊണ്ട് പറയും: എൻ്റെ രക്ഷിതാവായ അല്ലാഹു ഇന്ന് ശക്തമായി കോപിച്ചിരിക്കുന്നു. ഇത് പോലെ അവൻ മുൻപൊരിക്കലും കോപിച്ചിട്ടില്ല. ഇതിന് ശേഷം ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ശേഷം തനിക്ക് സംഭവിച്ച അബദ്ധം അദ്ദേഹം എടുത്തു പറയും. അല്ലാഹു ആദമിനോട് ഭക്ഷിക്കരുതെന്ന് വിലക്കിയ വൃക്ഷത്തിൽ നിന്ന് അദ്ദേഹം ഭക്ഷിച്ചു എന്നതാണത്. എന്നിട്ട് അദ്ദേഹം പറയും: എൻ്റെ രക്ഷക്ക് തന്നെ ശുപാർശ വേണ്ട സ്ഥിതിയായിരിക്കുന്നു. നിങ്ങൾ ഞാനല്ലാത്ത ഒരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ നൂഹ് (عليه السلام) നബിയുടെ അരികിൽ പോവുക. അങ്ങനെ ജനങ്ങൾ നൂഹ് നബിയുടെ (عليه السلام) അരികിൽ ചെല്ലുകയും അദ്ദേഹത്തോട് ഇപ്രകാരം പറയുകയും ചെയ്യും: താങ്കൾ അല്ലാഹുവിൻ്റെ ദൂതന്മാരിൽ ആദ്യത്തെ റസൂലാണ്. അല്ലാഹു ഭൂമിയിലുള്ളവരിലേക്ക് താങ്കളെ നിയോഗിച്ചു. താങ്കളെ നന്ദിപാലിക്കുന്ന ദാസൻ എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്. എന്നാൽ നൂഹ് (عليه السلام) നബിയും ഒഴിവുകഴിവ് പറയും. അല്ലാഹു ഇന്ന് കോപിച്ചിരിക്കുന്നു എന്നും, ഇതു പോലെ മുൻപൊരിക്കലും അവൻ കോപിച്ചിട്ടില്ല എന്നും, ഇനിയൊരിക്കലും അവൻ ഇതുപോലെ കോപിക്കുകയില്ല എന്നും അദ്ദേഹം പറയും. തനിക്ക് സ്വീകരിക്കാമെന്ന് ഉറപ്പുള്ള ഒരു പ്രാർത്ഥന നൽകപ്പെട്ടിട്ട് തൻ്റെ ജനതക്ക് എതിരെയാണ് താൻ പ്രാർത്ഥിക്കുകയുണ്ടായതെന്ന് അദ്ദേഹം പറയും. തൻ്റെ രക്ഷക്ക് ശുപാർശ വേണ്ട സ്ഥിതിയിലാണ് താനുള്ളതെന്നും, നിങ്ങൾ ഞാനല്ലാത്ത ഒരാളിലേക്ക് ചെല്ലൂ എന്നും, ഇബ്രാഹീം നബിയെ (عليه السلام) സന്ദർശിക്കൂ എന്നും അദ്ദേഹം പറയും. അങ്ങനെ ജനങ്ങൾ ഇബ്റാഹീം നബിയുടെ (عليه السلام) അരികിൽ ചെല്ലും. അവർ പറയും: താങ്കൾ അല്ലാഹുവിൻ്റെ ഉറ്റമിത്രമായ ഖലീലുല്ലാഹ് ആണ്. താങ്കളുടെ റബ്ബിനോട് ഞങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്താലും. ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നുണ്ടല്ലോ?! അദ്ദേഹം പറയും: എൻ്റെ രക്ഷിതാവായ അല്ലാഹു ഇന്ന് ശക്തമായി കോപിച്ചിരിക്കുന്നു. ഇത് പോലെ അവൻ മുൻപൊരിക്കലും കോപിച്ചിട്ടില്ല. ഇതിന് ശേഷം ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ശേഷം തനിക്ക് സംഭവിച്ച അബദ്ധം അദ്ദേഹം എടുത്തു പറയും. താൻ മൂന്ന് തവണ കളവ് പറഞ്ഞിട്ടുണ്ട് എന്നതാണത്. മുശ്രിക്കുകളുടെ ആഘോഷത്തിന് വിളിച്ചപ്പോൾ 'ഞാൻ രോഗിയാണ്' എന്ന് പറഞ്ഞതും, വിഗ്രഹങ്ങളെ തകർത്ത ശേഷം അവയെ തകർത്തത് അവരിലെ ഏറ്റവും വലിയ വിഗ്രഹമാണെന്ന് പറഞ്ഞതും, അതിക്രമിയായ ഒരു രാജാവിൻ്റെ മുൻപിൽ രക്ഷപ്പെടാൻ തൻ്റെ ഭാര്യയായ സാറയോട് തന്നെക്കുറിച്ച് 'എൻ്റെ സഹോദരനാണെന്ന് പറഞ്ഞോളൂ' എന്ന് പറഞ്ഞതുമാണ് അദ്ദേഹം കളവുകൾ എന്നത് കൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ ഈ മൂന്ന് വാക്കുകളും യഥാർത്ഥത്തിൽ കളവുകളിൽ ഉൾപ്പെടുകയില്ല എന്നതാണ് സത്യം. മറിച്ച്, സത്യവും അസത്യവും ഉദ്ദേശിക്കപ്പെടാൻ ഒരേ പോലെ സാധ്യതയുള്ള ദ്വയാർത്ഥം അടങ്ങുന്ന പ്രയോഗങ്ങളായിരുന്നു അവ. പക്ഷേ, അവ ഒരർത്ഥത്തിൽ കളവിനോട് സാദൃശ്യമുള്ളതായതിനാൽ അദ്ദേഹം അവയുടെ കാര്യം ഭയപ്പെടുകയും, അല്ലാഹുവിൻ്റെ മുൻപിൽ ശുപാർശ പറയാൻ മാത്രം തനിക്ക് സ്ഥാനമില്ലെന്ന് വിനയം പ്രകടിപ്പിക്കുകയുമാണ് ചെയ്തത്. കാരണം അല്ലാഹുവിനെ കുറിച്ച് കൂടുതൽ അറിവും സ്ഥാനവുമുള്ളവർക്ക് അവനെ കുറിച്ചുള്ള ഭയം കഠിനമായിരിക്കും.അദ്ദേഹം പറയും: എൻ്റെ സ്വന്തം കാര്യത്തിൻ്റെ രക്ഷക്ക് ശുപാർശ വേണ്ട സ്ഥിതിയിലാണ് ഞാനുള്ളത്. നിങ്ങൾ മറ്റാരുടെയെങ്കിലും അടുത്ത് പോവുക. നിങ്ങൾ മൂസായുടെ (عليه السلام) അരികിൽ പോവുക. അങ്ങനെ അവർ മൂസാ നബിയുടെ (عليه السلام) അരികിൽ ചെല്ലും. അവർ പറയും: മൂസാ! അല്ലാഹുവിൻ്റെ റസൂലാണ് താങ്കൾ. അല്ലാഹു അവൻ്റെ പക്കൽ നിന്നുള്ള സന്ദേശം കൊണ്ടും താങ്കളോട് സംസാരിച്ചു കൊണ്ടും താങ്കളെ ആദരിച്ചിരിക്കുന്നു. അതിനാൽ താങ്കളുടെ രക്ഷിതാവിങ്കൽ ഞങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്താലും. ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നുണ്ടല്ലോ?! അപ്പോൾ മൂസാ (عليه السلام) പറയും: "എൻ്റെ രക്ഷിതാവായ അല്ലാഹു ഇന്ന് ശക്തമായി കോപിച്ചിരിക്കുന്നു. ഇത് പോലെ അവൻ മുൻപൊരിക്കലും കോപിച്ചിട്ടില്ല. ഇതിന് ശേഷം ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഞാൻ എന്നോട് കൽപ്പിക്കപ്പെടാതെ ഒരു മനുഷ്യനെ വധിച്ചു പോയിരിക്കുന്നു. എൻ്റെ സ്വന്തം കാര്യത്തിൻ്റെ രക്ഷക്ക് ശുപാർശ വേണ്ട സ്ഥിതിയിലാണ് ഞാനുള്ളത്. നിങ്ങൾ മറ്റാരുടെയെങ്കിലും അടുത്ത് പോവുക. നിങ്ങൾ മർയമിൻ്റെ മകൻ ഈസായുടെ (عليه السلام) അരികിൽ പോവുക." അങ്ങനെ അവർ ഈസായുടെ (عليه السلام) അടുത്തെത്തും. അവർ പറയും: ഈസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലാകുന്നു. അല്ലാഹു മർയമിലേക്ക് ഇട്ടുനൽകിയ അവൻ്റെ വചനവും അല്ലാഹുവിൽ നിന്നുള്ള (അവൻ സൃഷ്ടിച്ച) ആത്മാവുമാകുന്നു. തൊട്ടിലിൽ കിടക്കുന്ന കുട്ടിയായിരിക്കെ താങ്കൾ ജനങ്ങളോട് സംസാരിക്കുകയുണ്ടായി. അതിനാൽ താങ്കളുടെ രക്ഷിതാവിനോട് ഞങ്ങൾക്കായി ശുപാർശ പറഞ്ഞാലും. ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?! ഈസാ (عليه السلام) പറയും: "എൻ്റെ രക്ഷിതാവായ അല്ലാഹു ഇന്ന് ശക്തമായി കോപിച്ചിരിക്കുന്നു. ഇത് പോലെ അവൻ മുൻപൊരിക്കലും കോപിച്ചിട്ടില്ല. ഇതിന് ശേഷം ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. -അദ്ദേഹം തൻ്റെ തെറ്റായി യാതൊന്നും പറയുകയില്ല-. എൻ്റെ സ്വന്തം കാര്യത്തിൻ്റെ രക്ഷക്ക് ശുപാർശ വേണ്ട സ്ഥിതിയിലാണ് ഞാനുള്ളത്. നിങ്ങൾ മറ്റാരുടെയെങ്കിലും അടുത്ത് പോവുക. നിങ്ങൾ മുഹമ്മദിൻ്റെ ﷺ അരികിൽ പോവുക." അങ്ങനെ അവർ മുഹമ്മദ് നബി -ﷺ- യുടെ അരികിലെത്തും. അവർ പറയും: ഹേ മുഹമ്മദ്! അങ്ങ് അല്ലാഹുവിൻ്റെ റസൂലും നബിമാരിൽ അന്തിമനുമാണ്. അല്ലാഹു മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ തെറ്റുകളും താങ്കൾക്ക് പൊറുത്തു തന്നിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് ശുപാർശ പറഞ്ഞാലും. ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" അങ്ങനെ ഞാൻ (മുഹമ്മദ് നബി -ﷺ-) ശുപാർശ പറയാനായി പുറപ്പെടുകയും, അർശിൻ്റെ (അല്ലാഹുവിൻ്റെ സിംഹാസനം) താഴെ എത്തുകയും ചെയ്യും. ശേഷം എൻ്റെ റബ്ബിൻ്റെ മുൻപിൽ ഞാൻ സുജൂദിൽ വീഴും. ശേഷം അല്ലാഹു അവനെ സ്തുതിക്കുന്നതും മനോഹരമായി പ്രകീർത്തിക്കുന്നതുമായ സ്തുതിവാചകങ്ങൾ എനിക്ക് തുറന്നുനൽകും. എനിക്ക് മുൻപ് മറ്റൊരാൾക്കും നൽകപ്പെട്ടിട്ടില്ലാത്തവയായിരിക്കും അവ. ശേഷം എന്നോട് പറയപ്പെടും: ഹേ മുഹമ്മദ്! താങ്കളുടെ ശിരസ്സ് ഉയർത്തിക്കൊള്ളുക. താങ്കൾ ചോദിച്ചു കൊള്ളൂ; താങ്കൾക്ക് നൽകപ്പെടുന്നതാണ്. താങ്കൾ ശുപാർശ ചെയ്തോളൂ; താങ്കളുടെ ശുപാർശ സ്വീകരിക്കപ്പെടുന്നതാണ്. അങ്ങനെ ഞാൻ തലയുയർത്തുകയും 'എൻ്റെ റബ്ബേ! എൻ്റെ ഉമ്മത്ത്! എൻ്റെ റബ്ബേ! എൻ്റെ ജനത!" എന്നിങ്ങനെ പറയുകയും ചെയ്യും. അങ്ങനെ നബി -ﷺ- യുടെ ശുപാർശ സ്വീകരിക്കപ്പെടും. അവിടുത്തോട് പറയപ്പെടും: ഹേ മുഹമ്മദ്! താങ്കളുടെ ജനതയിൽ നിന്ന് വിചാരണയില്ലാതെ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരെ സ്വർഗത്തിൻ്റെ വലതുവശത്തുള്ള വാതിലിലൂടെ പ്രവേശിപ്പിക്കുക. അതല്ലാത്ത മറ്റു വാതിലുകൾ അവർക്കും മറ്റു ജനതകൾക്കും ഒരു പോലെയുള്ളതാണ്. ശേഷം നബി -ﷺ- പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! സ്വർഗത്തിൻ്റെ വാതിലുകളിൽ ഒന്നിൻ്റെ രണ്ട് അറ്റങ്ങൾക്കിടയിൽ മക്കക്കും യമനിലെ സ്വൻആഇനും ഇടയിലുള്ള ദൂരമുണ്ട്. അല്ലെങ്കിൽ, മക്കക്കും ശാമിലെ ബുസ്റാക്കും (ഹൗറാൻ പട്ടണം) ഇടയിലുള്ള അകലമുണ്ട്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും, പുരുഷൻ്റെ വേഷം ധരിക്കുന്ന സ്ത്രീയെയും നബി -ﷺ- ശപിച്ചിരിക്കുന്നു.
رواه النسائي في الكبرى وابن ماجه بمعناه وأحمدസ്ത്രീകൾക്ക് പ്രത്യേകമായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് അവരോട് സാദൃശ്യരാകാൻ ശ്രമിക്കുന്ന എല്ലാ പുരുഷന്മാരെയും അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടുകയും അകലെയാക്കുകയും ചെയ്യട്ടെ എന്ന് നബി -ﷺ- പ്രാർത്ഥിക്കുന്നു. സ്ത്രീകൾക്ക് മാത്രം പ്രത്യേകമായ വസ്ത്രത്തിൻ്റെ രൂപമോ നിറമോ രീതിയോ വസ്ത്രധാരണ ശൈലിയോ അലങ്കാരമോ മറ്റോ സ്വീകരിക്കുന്നതെല്ലാം ഈ പറഞ്ഞതിൻ്റെ പരിധിയിൽ ഉൾപ്പെടും. ഇതു പോലെ, പുരുഷന്മാർക്ക് പ്രത്യേകമായ വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്കെതിരെയും അവിടുന്ന് പ്രാർത്ഥിച്ചിരിക്കുന്നു. കബാഇറുകളിൽ പെട്ട, വൻപാപമായി എണ്ണപ്പെട്ട തിന്മയാണിത്.