





























Hadeeth Cards
Da'wa cards that highlight great meanings from the noble prophetic hadiths in a simple style and attractive display that helps the Muslim to have a deeper understanding of his religion in an easy way
All
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സ്വർഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ സംഘം പൂർണ്ണനിലാവുള്ള രാത്രിയിലെ ചന്ദ്രൻ്റെ രൂപത്തിലായിരിക്കും ഉണ്ടാവുക. പിന്നീടുള്ളവർ ഏറ്റവും ശക്തമായി തിളങ്ങുന്ന ആകാശത്തിലെ നക്ഷത്രത്തെ പോലെയും. (സ്വർഗത്തിൽ) അവർക്ക് മൂത്രമൊഴിക്കലോ വിസർജ്യം കളയലോ തുപ്പേണ്ടി വരുകയോ മൂക്കിള നീക്കുകയോ ചെയ്യേണ്ടി വരില്ല. അവരുടെ ചീർപ്പുകൾ സ്വർണ്ണത്തിൻ്റേതും, വിയർപ്പ് കസ്തൂരിയുമായിരിക്കും. അവരുടെ ധൂപക്കുറ്റി സുഗന്ധപൂരിതമായ ഊദായിരിക്കും. അവരുടെ ഇണകൾ ഹൂറുൽ ഈനും. അവരെല്ലാം ഒരേ സൃഷ്ടിപ്രകൃതത്തിലായിരിക്കും; അവരുടെ പിതാവായ ആദമിൻ്റെ രൂപത്തിൽ, അറുപതടി മുഴം നീളമുള്ളവരായി."
متفق عليهമുഅ്മിനീങ്ങളിലെ ആദ്യമായി സ്വർഗത്തിൽ പ്രവേശിക്കുന്ന കൂട്ടർ പൂർണ്ണനിലാവുള്ള രാത്രിയിലെ ചന്ദ്രൻ്റെ തിളക്കമുള്ള മുഖത്തോടെയായിരിക്കും സ്വർഗത്തിൽ പ്രവേശിക്കുക. അവർക്ക് ശേഷമുള്ളവർ ഏറ്റവും ശക്തിയായി പ്രകാശിപ്പിക്കുന്ന നക്ഷത്രത്തിൻ്റെ തിളക്കത്തോടെയും. എല്ലാ പൂർണ്ണതയുടെ വിശേഷണങ്ങളും അവരിലുണ്ടായിരിക്കും. അവർ മൂത്രമൊഴിക്കുകയോ വിസർജ്ജിക്കുകയോ ചെയ്യുന്നവരായിരിക്കില്ല. അവർക്ക് തുപ്പേണ്ടി വരികയോ മൂക്കിൽ നിന്ന് കഫം നീക്കേണ്ടി വരികയോ ഇല്ല. അവരുടെ ചീർപ്പുകൾ സ്വർണ്ണം കൊണ്ടുള്ളതും അവരുടെ വിയർപ്പുതുള്ളികൾ കസ്തൂരിയുടെ സുഗന്ധമുള്ളതുമായിരിക്കും. അവരുടെ ബുഖൂറിൻ്റെ (ധൂമക്കുറ്റി) ഉള്ളിൽ ഏറ്റവും പരിശുദ്ധവും അതിസുഗന്ധമുള്ളതുമായ ഊദായിരിക്കും പുകയ്ക്കുക. അവരുടെ ഇണകൾ ഹൂറുൽ ഈനുമായിരിക്കും. സ്വർഗവാസികളെല്ലാം ഒരു മനുഷ്യൻ്റെ സൃഷ്ടിപ്രകൃതത്തിലായിരിക്കും. അവരെല്ലാം രൂപത്തിലും നീളത്തിലും അവരുടെ പിതാവായ ആദം (അ) ൻ്റെ രൂപത്തിലായിരിക്കും. അവരുടെ ശരീരത്തിൻ്റെ നീളം അറുപത് മുഴവുമായിരിക്കും.
ഉബാദഃ ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്വർഗത്തിൽ നൂറ് പദവികളുണ്ട്; ഓരോ പദവികൾക്കും ഇടയിൽ ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളത്ര (അകലമുണ്ട്). ഫിർദൗസ് സ്വർഗത്തിൻ്റെ ഏറ്റവും ഉന്നതമായ പദവിയാണ്. അവിടെ നിന്നാണ് സ്വർഗത്തിലെ നാല് നദികൾ പൊട്ടിയൊഴുകുന്നത്. അതിനും മുകളിലാണ് അർശ് (അല്ലാഹുവിൻ്റെ സിംഹാസനം) ഉള്ളത്. നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ ഫിർദൗസ് ചോദിക്കുക."
رواه الترمذيപരലോകത്തുള്ള സ്വർഗത്തിൽ നൂറ് പദവികളും സ്ഥാനങ്ങളും ഉണ്ടായിരിക്കും എന്ന് നബി ﷺ അറിയിക്കുന്നു. ഓരോ പദവികൾക്കും ഇടയിലുള്ള അകലം ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലം പോലെയായിരിക്കും. സ്വർഗത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം ഫിർദൗസ് എന്ന സ്ഥാനമാണ് .അവിടെ നിന്നാണ് സ്വർഗത്തിലെ നാല് നദികളും പൊട്ടിയൊഴുകുന്നത്. ഫിർദൗസിൻ്റെയും മുകളിലാണ് അല്ലാഹുവിൻ്റെ സിംഹാസനമായ അർശുള്ളത്. അല്ലാഹുവിനോട് സ്വർഗം ചോദിക്കുമ്പോൾ സ്വർഗത്തിൻ്റെ ഏറ്റവും മുകളിലുള്ള സ്ഥാനമായ ഫിർദൗസ് ചോദിക്കുക എന്ന് നബി ﷺ ഓർമ്മപ്പെടുത്തുന്നു.
മുഗീറതു ബ്നു ശുഅ്ബഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിലെ ഒരു വിഭാഗമാളുകൾ വിജയികളായി കൊണ്ടേയിരിക്കുന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നത് വരെ അവർ വിജയികളായി ഉണ്ടായിരിക്കും."
متفق عليهതൻ്റെ ഉമ്മത്തിൽ പെട്ട ഒരു വിഭാഗമാളുകൾ ജനങ്ങൾക്ക് മേൽ എന്നും വിജയികളായി നിലകൊള്ളുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവരെ എതിർക്കുന്നവർക്ക് മേൽ എന്നും ഈ വിഭാഗത്തിനായിരിക്കും വിജയമുണ്ടായിരിക്കുക. അവസാനകാലഘട്ടം എത്തുകയും, അന്ത്യനാൾ സംഭവിക്കുന്നതിന് മുൻപ് അവരുടെ ആത്മാക്കൾ പിടികൂടാനുള്ള അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുകയും ചെയ്യുന്നത് വരെ ഇക്കാര്യത്തിൽ മാറ്റമുണ്ടാവുകയില്ല.
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ഒരാൾ തൻ്റെ സഹോദരനെ 'ഹേ കാഫിർ' എന്ന് വിളിച്ചാൽ അവരിൽ ഒരാൾ അതുമായി മടങ്ങിയിരിക്കുന്നു. അവൻ വിളിച്ചതു പോലെത്തന്നെയാണ് കാര്യമെങ്കിൽ (വിളിക്കപ്പെട്ടവന് അത് ബാധകമായിരിക്കുന്നു). അതല്ലായെങ്കിൽ, അക്കാര്യം (വിളിച്ചവനിലേക്ക്) തന്നെ മടങ്ങുന്നതാണ്."
متفق عليهഒരു മുസ്ലിമായ വ്യക്തി തൻ്റെ സഹോദരനായ മറ്റൊരു മുസ്ലിമിനെ 'ഹേ കാഫിർ' എന്ന് വിശേഷിപ്പിക്കുന്നതിൽ നിന്ന് നബി (ﷺ) ശക്തമായി താക്കീത് ചെയ്യുന്നു. ഈ വാക്ക് രണ്ടിലൊരാൾക്ക് അർഹമാകുന്നതാണ് എന്ന് അവിടുന്ന് അറിയിക്കുന്നു. അയാൾ പറഞ്ഞതു പോലെ, അവൻ്റെ സഹോദരൻ യഥാർത്ഥത്തിൽ കാഫിറായിരുന്നെങ്കിൽ അത് ശരിയായ വാക്ക് തന്നെയായി പരിഗണിക്കപ്പെടും. അതല്ലായെങ്കിൽ, തൻ്റെ സഹോദരനെ കാഫിറാക്കിയത് അയാളിലേക്ക് തന്നെ തിരിച്ചു വരുന്നതാണ്.
ഇംറാൻ ബ്നു ഹുസ്വൈൻ (رَضِيَ اللَّهُ عَنْهُمَا ) നിവേദനം: നബി ﷺ പറഞ്ഞു: "എൻ്റെ തലമുറയാണ് നിങ്ങളിൽ ഏറ്റവും ഉത്തമർ; പിന്നീട് അവർക്ക് ശേഷമുള്ളവരും, പിന്നീട് അവർക്ക് ശേഷമുള്ളവരും." ഇംറാൻ (رَضِيَ اللَّهُ عَنْهُ) പറയുന്നു: "നബി ﷺ രണ്ട് തലമുറകളെയാണോ മൂന്ന് തലമുറകളെയാണോ ശേഷം പറഞ്ഞത് എന്ന് എനിക്കറിയില്ല." പിന്നീട് നബി ﷺ പറഞ്ഞു: "നിങ്ങൾക്ക് ശേഷം ഒരു കൂട്ടർ വരും; അവർ വഞ്ചിക്കുന്നവരായിരിക്കും; വിശ്വസിക്കാൻ കഴിയുന്നവരാകില്ല. അവർ സാക്ഷ്യം പറയും; അവരോട് സാക്ഷ്യം ആവശ്യപ്പെടുകയില്ല. അവർ നേർച്ച നേരും; പക്ഷേ അത് നിറവേറ്റുകയില്ല. അവരിൽ അമിതവണ്ണം പ്രത്യക്ഷപ്പെടും."
متفق عليهഒരേ കാലഘട്ടത്തിൽ ഏറ്റവുമധികം നല്ലവരായ ജനങ്ങൾ ജീവിച്ചിരുന്നത് നബി ﷺ യുടെ കാലഘട്ടത്തിലാണെന്ന് അവിടുന്ന് അറിയിക്കുന്നു. അല്ലാഹുവിൻ്റെ ദൂതരും ﷺ സ്വഹാബികളുമുള്ള തലമുറയാണത്. ശേഷം ഏറ്റവും നല്ലവർ നബി ﷺ യെ കണ്ടിട്ടില്ലെങ്കിലും അവിടുത്തെ അനുചരന്മാരായ സ്വഹാബികളുമായി സന്ധിച്ച, സ്വഹാബികളുടെ കാലശേഷം വരുന്ന മുഅ്മിനീങ്ങളാണ് (താബിഈങ്ങൾ). അതിന് ശേഷം ഏറ്റവും നല്ലവർ അവരെ പിന്തുടർന്നു വരുന്നവരാണ് (അത്ബാഉത്താബിഈൻ). അതിന് ശേഷം നാലാമതൊരു തലമുറയെ കൂടെ നബി ﷺ എണ്ണിപ്പറഞ്ഞോ എന്നതിൽ ഹദീഥ് നിവേദനം ചെയ്ത സ്വഹാബിക്ക് സംശയമുണ്ട്. ശേഷം നബി ﷺ പറഞ്ഞു: "ഈ തലമുറകൾക്ക് ശേഷം വഞ്ചകരായ ഒരു ജനത ഉണ്ടാകുന്നതാണ്; ജനങ്ങൾക്ക് അവരിൽ വിശ്വാസമുണ്ടാകില്ല. അവരോട് സാക്ഷ്യം വഹിക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവർ സാക്ഷ്യം പറയാൻ ഇറങ്ങിത്തിരിക്കും. അവർ നേർച്ചകൾ നേരുമെങ്കിലും അവ പൂർത്തീകരിക്കുകയോ നിറവേറ്റുകയോ ഇല്ല. ഭക്ഷണപാനീയങ്ങളിൽ അതിരു കവിയുന്നതിനാൽ അവരിൽ അമിതവണ്ണം പ്രത്യക്ഷപ്പെടുന്നതായിരിക്കും."
അബൂ സഅ്ലബ അൽ-ഖുശനി (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: "നിശ്ചയം, അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ പാഴാക്കരുത്. അവൻ ചില അതിരുകൾ നിശ്ചയിച്ചിരിക്കുന്നു; അവയെ നിങ്ങൾ ലംഘിക്കരുത്. അവൻ ചില കാര്യങ്ങൾ നിഷിദ്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ ധിക്കരിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് അവൻ മൗനം പാലിച്ചിരിക്കുന്നു; -മറന്നുകൊണ്ടല്ല അത്-; മറിച്ച് നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ്. അതിനാൽ നിങ്ങൾ അവയെക്കുറിച്ച് അന്വേഷിക്കരുത്."
رواه الدارقطني في سننه وغيرهനബി (ﷺ) അറിയിക്കുന്നു: അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്; അവയെല്ലാം നിങ്ങൾ മുറുകെ പിടിക്കുക; അവ ഉപേക്ഷിക്കുകയോ അതിൽ അശ്രദ്ധ കാണിക്കുകയോ ചെയ്യരുത്. അല്ലാഹു തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്ന് നിങ്ങളെ തടയുകയും വിലക്കുകയും ചെയ്യുന്ന ചില അതിരുകളും നിങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നു; അതിനാൽ, ഇസ്ലാമിൽ കൽപ്പിച്ചതിനേക്കാൾ കൂടുതൽ നിങ്ങൾ അതിൽ വർദ്ധിപ്പിക്കരുത്. അവൻ ചില കാര്യങ്ങൾ ഹറാമാക്കുകയും ചെയ്തിരിക്കുന്നു; അതിനാൽ നിങ്ങൾ അവ പ്രവർത്തിക്കുകയോ അവയോട് അടുക്കുകയോ ചെയ്യരുത്. ഈ പറഞ്ഞതിൽ പെടാത്ത കാര്യങ്ങളെ കുറിച്ച് അവൻ മൗനം പാലിച്ചിരിക്കുന്നു; അത് അവന്റെ അടിമകളോടുള്ള കാരുണ്യം കൊണ്ടാണ്. അതിനാൽ അടിസ്ഥാനപരമായി കാര്യങ്ങളെല്ലാം അനുവദനീയമാണ് എന്ന നിയമത്തിൻ്റെ പരിധിയിൽ അവ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു; അതിനാൽ അവയെ കുറിച്ച് നിങ്ങൾ അന്വേഷിക്കരുത്.
അബൂ മുഹമ്മദ്, നബി -ﷺ- യുടെ പേരമകനും സ്നേഹഭാജനവുമായ ഹസൻ ബ്നു അലി ബ്നി അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- യിൽ നിന്ന് ഞാൻ മനപാഠമാക്കിയ കാര്യമാണ് അവിടുത്തെ ഈ വാക്ക്: "സംശയമില്ലാത്തത് ചെയ്തു കൊണ്ട്, സംശയകരമായത് നീ ഉപേക്ഷിക്കുക."
رواه الترمذي والنسائيവാക്കുകളിലോ പ്രവർത്തികളിലോ പെട്ട ഒരു കാര്യം ദീനിൽ വിലക്കപ്പെട്ടതാണോ അല്ലേ എന്നതിൽ സംശയമുണ്ടായാൽ... അതല്ലെങ്കിൽ അക്കാര്യം ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമുണ്ടായാൽ... അത് ഉപേക്ഷിക്കുകയും, സംശയമില്ലാത്തതും, നല്ലതാണെന്നും അനുവദനീയമാണെന്നും ഉറപ്പുള്ളത് സ്വീകരിക്കുകയും ചെയ്യുക എന്ന് നബി -ﷺ- ഹസൻ -رَضِيَ اللَّهُ عَنْهُ- വിനെ പഠിപ്പിക്കുന്നു.
അബൂ യഅ്ലാ, ശദ്ദാദ് ബ്നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും 'ഇഹ്സാൻ' (ഏറ്റവും നന്നാക്കുക) എന്നത് നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ (അനുവദിക്കപ്പെട്ട രംഗങ്ങളിൽ) വധിക്കുകയാണെങ്കിൽ നല്ല രൂപത്തിൽ വധിക്കുക. നിങ്ങൾ (മൃഗങ്ങളെ) അറുക്കുകയാണെങ്കിൽ നിങ്ങളുടെ അറവ് നന്നാക്കുകയും ചെയ്യുക. തൻ്റെ കത്തി അവൻ മൂർച്ചകൂട്ടുകയും, തൻ്റെ അറവുമൃഗത്തിന് അവൻ ആശ്വാസം പകരുകയും ചെയ്യട്ടെ."
رواه مسلمഎല്ലാ കാര്യങ്ങളിലും ഇഹ്സാൻ പുലർത്തണമെന്ന് അല്ലാഹു നമ്മോട് കൽപ്പിച്ചിരിക്കുന്നു എന്ന് നബി ﷺ അറിയിക്കുന്നു. എല്ലാ സ്ഥിതിയിലും അല്ലാഹു തന്നെ കാണുന്നുണ്ട് എന്ന ബോധ്യം കാത്തുസൂക്ഷിക്കലാണ് ഇഹ്സാൻ. ആരാധനകൾ നിർവ്വഹിക്കുമ്പോഴും, നന്മകൾ പ്രവർത്തിക്കുമ്പോഴും, മറ്റുള്ളവരിൽ നിന്ന് ഉപദ്രവങ്ങൾ തടുക്കുമ്പോഴുമെല്ലാം ഈ ബോധ്യം നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വധശിക്ഷ നടപ്പിലാക്കുമ്പോഴും മൃഗങ്ങളെ അറുക്കുമ്പോഴും നന്മ പുലർത്തൽ അതിൽ പെട്ടതത്രെ. വധശിക്ഷ നടപ്പിലാക്കുമ്പോൾ; ഏറ്റവും എളുപ്പമുള്ള വഴിയാണ് സ്വീകരിക്കേണ്ടത്. ഏറ്റവും വേഗത്തിൽ ജീവനെടുക്കുന്നതും, വധിക്കപ്പെടുന്ന വ്യക്തിക്ക് ഏറ്റവും എളുപ്പമുള്ളതുമായ വഴിയാണ് അതിൽ സ്വീകരിക്കേണ്ടത്. അറവ് നടത്തുമ്പോഴും ഇഹ്സാൻ പുലർത്തണം; തൻ്റെ കത്തിയുടെ വായ്ത്തല മൂർച്ച കൂട്ടിക്കൊണ്ടും, അറവ്മൃഗത്തിൻ്റെ മുൻപിൽ വെച്ച് കത്തി മൂർച്ച കൂട്ടാതെയും, അറുക്കാൻ പോകുന്ന മൃഗത്തിൻ്റെ മുൻപിൽ വെച്ച് മറ്റൊരു മൃഗത്തെ അറുക്കാതെയുമെല്ലാമാണ് ഈ ഇഹ്സാൻ പുലർത്തേണ്ടത്.
അബൂ മാലിക്, ഹാരിഥ് ബ്നു ആസ്വിം അൽഅശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം തെളിവാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്. ജനങ്ങളെല്ലാം രാവിലെ പുറപ്പെടുകയും എന്നിട്ട് സ്വന്തത്തെ വിൽക്കുകയും ചെയ്യുന്നു. അങ്ങനെ അതിനെ മോചിപ്പിക്കുന്നവരുണ്ട്! നാശത്തിൽ വീഴ്ത്തുന്നവരുമുണ്ട്!
رواه مسلمഒരു വ്യക്തിയുടെ പുറമേക്കുള്ള ശുദ്ധി വുദൂഅ് ചെയ്യുന്നതിലൂടെയും കുളിക്കുന്നതിലൂടെയുമാണ് നേടിയെടുക്കുക. നമസ്കാരത്തിൽ ശുദ്ധിയുണ്ടായിരിക്കുക എന്നത് നമസ്കാരം സ്വീകരിക്കപ്പെടാനുള്ള നിബന്ധനയാണ്. "അൽഹംദുലില്ലാഹ്' തുലാസ് നിറക്കുന്നതാണ്." അല്ലാഹുവിനെ സ്തുതിക്കുന്നതും പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ട് അവനെ വിശേഷിപ്പിക്കുന്നതുമായ വാക്കാണ് അൽഹംദുലില്ലാഹ് എന്നത്. ഈ വാക്ക് അന്ത്യനാളിൽ തൂക്കപ്പെടുമ്പോൾ കർമങ്ങൾ തൂക്കപ്പെടുന്ന മീസാനിനെ (തുലാസിനെ) അത് മുഴുവനായി നിറക്കുന്നതാണ്. "'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' എന്ന വാക്ക് - അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്." അല്ലാഹുവിനെ എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധപ്പെടുത്തലും അവനെ സ്നേഹിച്ചു കൊണ്ടും അവനോടുള്ള ആദരവ് നിറഞ്ഞ നിലയിലും അവൻ്റെ മഹത്വത്തിന് യോജിച്ച വിധത്തിലുള്ള സമ്പൂർണ്ണത അവനുണ്ടെന്ന് വിശേഷിപ്പിക്കലാണ് ഈ വാക്കിലൂടെ ചെയ്യുന്നത്. "നമസ്കാരം പ്രകാശമാണ്." കാരണം നമസ്കരിക്കുന്ന വ്യക്തിയുടെ ഹൃദയത്തിൽ അത് പ്രകാശം നിറക്കുകയും, അവൻ്റെ മുഖം പ്രകാശിതമാക്കുകയും, ഖബ്റിലും വിചാരണനാളിലും അവനത് പ്രകാശമേകുകയും ചെയ്യുന്നു. "ദാനധർമ്മം തെളിവാണ്." ഒരാളുടെ വിശ്വാസത്തിൻ്റെ സത്യസന്ധതക്കുള്ള തെളിവാണ് അവൻ ദാനം നൽകുന്നു എന്നത്. ദാനധർമത്തിന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലത്തിൽ വിശ്വസിക്കാത്തതിനാൽ ദാനധർമ്മങ്ങളിൽ നിന്ന് അകലം പാലിക്കുന്ന കപടവിശ്വാസിയിൽ നിന്ന് അവനെ വേറിട്ടു നിർത്തുന്ന കാര്യം കൂടിയാണത്. "ക്ഷമ വെളിച്ചമാണ്." നിരാശയിൽ നിന്നും അരിശം ബാധിച്ചവനാകുന്നതിൽ നിന്നും സ്വന്തത്തെ പിടിച്ചു വെക്കുക എന്നതാണ് ക്ഷമ കൊണ്ട് ഉദ്ദേശം. അതിനെ സൂര്യനിൽ നിന്നുണ്ടാകുന്ന വെളിച്ചത്തോടാണ് നബി -ﷺ- ഉപമിച്ചത്; സൂര്യവെളിച്ചത്തിൽ ചൂടും ഉഷ്ണവും ഉണ്ടായിരിക്കുന്നത് പോലെ ക്ഷമയും പ്രയാസകരമാണ്; സ്വന്തത്തിനെതിരെയുള്ള കടുത്ത പരിശ്രമവും അതിൻ്റെ ആഗ്രഹങ്ങളിൽ നിന്നുള്ള വിടുതലും അതിന് അനിവാര്യവുമാണ്. അതിനാൽ ക്ഷമ പാലിക്കുന്നവൻ എപ്പോഴും പ്രകാശം ലഭിക്കുന്നവനും, സത്യമാർഗത്തിലൂടെ ചരിക്കുന്നവനുമായിരിക്കും. അല്ലാഹുവിനെ അനുസരിക്കുന്നതിലും, അല്ലാഹുവിനെ ധിക്കരിക്കാതിരിക്കുന്നതിനും ജീവിതത്തിൽ ബാധിക്കുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ക്ഷമിക്കാൻ ഒരാൾക്ക് സാധിക്കേണ്ടതുണ്ട്. "ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്." ഖുർആൻ പാരായണം ചെയ്യുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്ക് അനുകൂലമായ തെളിവും, ഖുർആൻ പാരായണം ചെയ്യാതെയും അതിലുള്ളത് പ്രാവർത്തികമാക്കാതെയും ഉപേക്ഷിക്കുന്നവർക്ക് എതിരായ തെളിവുമായിരിക്കും. "ജനങ്ങളെല്ലാം രാവിലെ പുറപ്പെടുന്നു; എന്നിട്ട് സ്വന്തത്തെ വിറ്റുകൊണ്ട് അതിനെ മോചിപ്പിക്കുകയോ നാശത്തിൽ വീഴ്ത്തുകയോ ചെയ്യുന്നു." അതായത് ജനങ്ങൾ രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും നാടുകളിൽ വ്യാപിക്കുകയും, പിന്നീട് (തിരിച്ചു വന്ന് ഉറങ്ങുകയും) ശേഷം എഴുന്നേറ്റ് വീടുകളിൽ നിന്ന് പുറത്തിറങ്ങി വ്യത്യസ്തങ്ങളായ ജോലികളിൽ വ്യവഹരിക്കുകയും ചെയ്യുന്നു. അവരിൽ ചിലർ അല്ലാഹുവിനെ അനുസരിക്കുന്നതിൽ ഉറച്ചു നിൽക്കുകയും, അതിലൂടെ നരകത്തിൽ നിന്ന് തങ്ങളെ രക്ഷപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു. മറ്റു ചിലർ നേരായ മാർഗത്തിൽ നിന്ന് തെറ്റിപ്പോവുകയും തിന്മകളിൽ ആപതിക്കുകയും, അതിലൂടെ സ്വദേഹങ്ങളെ നരകത്തിലേക്ക് ആപതിപ്പിച്ചു കൊണ്ട് നശിപ്പിക്കുകയും ചെയ്യുന്നു.